UPDATES

സയന്‍സ്/ടെക്നോളജി

ചാറ്റ് ജിപിടി ഇനി വാർത്തയും നൽകുമോ ?

ന്യൂസ് കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ഓപ്പൺ എഐ

                       

പൊതുവായി ലഭിക്കുന്ന സ്വതന്ത്ര ഡാറ്റകളും, ലൈസൻസ്ഡ് ഡാറ്റകളുമാണ് ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് നൽകുന്ന വിവരത്തിന്റെ സ്രോസ്തസ്. ഇപ്പോഴിതാ ചാറ്റ് ജിപിടി ലഭ്യമാകുന്ന വിവരങ്ങളുടെ തോത് കൂട്ടാൻ പ്രശസ്ത മാധ്യമ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഓപ്പൺ എഐ. വാർത്താ ഉള്ളടക്കങ്ങൾ  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ചാറ്റ്ജിപിടിയുടെ ഡെവലപ്പറായ ഓപ്പൺ എഐയുമായി വാൾസ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് പോസ്റ്റ്, ടൈംസ്, സൺഡേ ടൈംസ് എന്നി സ്ഥാപനങ്ങൾ കരാറിലെത്തിയതായി റിപോർട്ടുകൾ. എത്ര തുകയാണ് കരാറിന് വേണ്ടി മാറ്റിവച്ചെതെന്ന് കാര്യം വ്യക്തമല്ല.OpenAI News Corp deal 

കരാറിൽ ഒപ്പുവച്ചതോടെ ന്യൂസ് കോർപ്പിൻ്റെ എല്ലാ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കങ്ങളും, ആർക്കൈവിലേക്കും ഓപ്പൺഎഐക്ക് പ്രവേശിക്കാൻ സാധിക്കും. വാൾസ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് പോസ്റ്റ്, ടൈംസ്, സൺഡേ ടൈംസ് തുടങ്ങിയവ ന്യൂസ് കോർപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളാണ്.

എഐ മോഡലുകളുടെ വികസനത്തിനായി ഫിനാൻഷ്യൽ ടൈംസുമായി കഴിഞ്ഞ ആഴ്ച്ച ഓപ്പൺ എഐ കരാർ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ മാധ്യമസ്ഥാപനങ്ങളുമായുള്ള കരാറിൽ ഒന്നിച്ച് ഒപ്പിടുന്നത്. ഈ വർഷമാദ്യം, ബിസിനസ് ഇൻസൈഡറിൻ്റെയും പൊളിറ്റിക്കോയുടെയും മാതൃ കമ്പനിയായ ആക്‌സൽ സ്പ്രിംഗറുമായി ഓപ്പൺ എഐ സമാനമായ കരാർ ഉണ്ടാക്കിയിരുന്നു.

ഒരു വശത്ത് തങ്ങളുടെ പ്രസിദ്ധീകരിച്ച വാർത്ത ഉള്ളടക്കങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ വികസിപ്പിക്കാനായി നൽകുമ്പോൾ, മറുവശത്ത് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മറ്റ് പ്രസിദ്ധീകരണങ്ങൾ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ജനറേറ്റീവ് എഐ, വലിയ ഭാഷാ മോഡൽ സിസ്റ്റങ്ങൾ എന്നിവയെ പരിശീലിപ്പിക്കുന്നതിന് തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതായി ചൂണ്ടിക്കാണിച്ച് ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും എതിരെ കേസ് നൽകിയിരിക്കുയാണ് ഈ സ്ഥാപനങ്ങൾ.

ന്യൂസ് കോർപ്പറേഷനെ നയിക്കുന്നത് ലാച്ലൻ മർഡോക്കാണ്. അദ്ദേഹത്തിൻ്റെ പിതാവ് റൂപർട്ട് മർഡോക്ക് ചുമതല വഹിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞു. ഇപ്പോൾ, റൂപർട്ട് ഓണററി ചെയർമാൻ പദവിയാണ് വഹിക്കുന്നത്. കരാറിൽ ഒപ്പിട്ട ശേഷം ഓപ്പൺഎഐയുടെ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാൻ ഈ നീക്കം വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രസ്താവിച്ചു. “ന്യൂസ് കോർപ്പുമായി ഓപ്പൺ എഐയുടെ പങ്കാളിത്തം പത്രപ്രവർത്തനത്തിനും സാങ്കേതികവിദ്യയ്ക്കും അഭിമാനകരമായ നിമിഷമാണ്. ലോകമെമ്പാടുമുള്ള ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടുചെയ്യുന്ന പ്രമുഖ വാർത്ത മാധ്യമമെന്ന നിലയിൽ ന്യൂസ് കോർപ്പറേഷൻ്റെ ചരിത്രത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. കൂടാതെ ഞങ്ങളുടെ ഉപയോക്താക്കൾക്ക് വസ്തുനിഷ്ടമായ വിവരങ്ങൾ എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഉയർന്ന നിലവാരമുള്ള പത്രപ്രവർത്തനത്തെ കൂടുതലായി എഐ ഉപയോഗപ്പെടുത്തുന്ന ഒരു ഭാവിയിലേക്കാണ് ഞങ്ങൾ ഈ കൂട്ടായ പ്രവർത്തനത്തിലൂടെ അടിവരയിടുന്നത്. ” ആൾട്ട്മാൻ പറഞ്ഞു.

“ചരിത്രപരമായ ഈ കരാറിലൂടെ ഡിജിറ്റൽ യുഗത്തിൽ വസ്തുതക്കും, ഗുണത്തിനും മൂല്യത്തിനും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന് ന്യൂസ് കോർപ്പറേഷൻ്റെ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് തോംസൺ പറഞ്ഞു. മാധ്യമപ്രവർത്തനത്തിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാക്കുന്ന സാം ആൾട്ട്‌മാനിലും അദ്ദേഹത്തിന്റെ ടീമിനൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

Content summary; OpenAI has signed a content deal with News Corp to bring news to its AI platform OpenAI News Corp deal 

Share on

മറ്റുവാര്‍ത്തകള്‍