ചായം സിനിമ പകുതി കണ്ട പ്രേക്ഷകര്‍ അക്രമാസക്തരായി, കൂവിക്കൊണ്ട് തീയെറ്ററിലെ കസേരകള്‍ തല്ലിപ്പൊളിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു മലയാള സിനിമയായിരുന്നു 50 വര്‍ഷം പിന്നിട്ട ‘ചായം’. ഇനിയും ഒരിക്കല്‍ കൂടി ആരും സിനിമയാക്കാന്‍ ധൈര്യപ്പെടാത്ത പ്രമേയമാണ് 1972 ല്‍ പുറത്ത് വന്ന ചായത്തിന്റെ പ്രമേയം.
പി. എന്‍. മേനോന്റെ ചരമ വാര്‍ഷികമാണ് ഇന്ന്.
ധീര കൃത്യങ്ങള്‍ ഐതിഹാസികമാകുന്നത് അവയെ തിരഞ്ഞെടുക്കാന്‍ വേണ്ട സ്വാതന്ത്ര്യം ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ മാത്രമാണ്. സംവിധാനത്തില്‍ ആ സ്വാതന്ത്ര്യം തിരഞ്ഞെടുത്ത സംവിധായകനായിരുന്നു പി.എന്‍. മേനോന്‍. തൃശൂര്‍ വടക്കാഞ്ചേരിയിലെ എങ്കങ്കാട്കാരന്‍ പാലിശേരി നാരായണന്‍ കുട്ടി പണ്ടേ തല തിരിഞ്ഞവനായിരുന്നു. നാരായണന്‍ കുട്ടി എന്ന കഥാപാത്രം തൃശൂരില്‍ അവസാനിച്ച് മദിരാശിയില്‍ പി.എന്‍ മേനോന്‍ എന്ന സംവിധായകനായപ്പോഴും കാര്യങ്ങള്‍ മാറിയില്ല. മറ്റുള്ളവര്‍ക്ക് മേനോന്‍ ചെയ്തത് തലതിരിഞ്ഞതായി ആദ്യം തോന്നും. അരനൂറ്റാണ്ട് മുന്‍പ് അങ്ങനെ ഐതിഹാസികമായ ധീരകൃത്യം ചെയ്ത സാഹസികനായിരുന്നു മലയാള ചലചിത്ര സംവിധായകന്‍ പി എന്‍ മേനോന്‍. മകന്‍ സ്വന്തം അമ്മയെ പ്രാപിക്കുന്ന കഥ പറയുന്ന ‘ചായം’ എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്താണ് മലയാള ചലചിത്ര രംഗത്തെയും പ്രേക്ഷകരെയും 53 വര്‍ഷം മുന്‍പ് അദ്ദേഹം ഞെട്ടിച്ചത്.
പി എന്‍ മേനോന്‍
മലയാളത്തില്‍ സമാന്തര സിനിമയെന്ന് വിളിച്ച ചലചിത്രങ്ങള്‍ ആദ്യം ചെയ്ത സംവിധായകനായിരുന്നു പി.എന്‍ മേനോന്‍. 1965 ലെ തന്റെ ആദ്യ ചിത്രമായ ‘റോസി’ യിലൂടെ സ്റ്റുഡിയോയില്‍ നിന്ന് മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് ഔട്ട് ഡോറിലേക്ക് ആദ്യമായി കൊണ്ടുവന്നത് പി.എന്‍ മേനോനാണ്. അക്കാലത്തെ മലയാള ചിത്രങ്ങളിലെ മനം മടുപ്പിക്കുന്ന സെറ്റുകളിലെ കൃത്രിമത്വം അതോടെ അവസാനിച്ചു. മലയാളത്തനിമ പടങ്ങളില്‍ കണ്ട് തുടങ്ങിയെന്നത് പിന്നീടുള്ള ചരിത്രം. നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവായ മണി സ്വാമിയായിരുന്നു റോസിയുടെ നിര്‍മ്മാതാവ്. മലയാള സിനിമയിലെ എക്കാലത്തെ മികച്ച നടന്‍ പി.ജെ. ആന്റണി കൊച്ചിയിലെ നാടകരംഗത്ത് പുതിയ ചലനം സൃഷ്ടിച്ച നാടകൃത്തും, നടനും, എഴുത്തുകാരനും സ്വതന്ത്ര ചിന്താഗതിക്കാരനുമായിരുന്നു. നിഷേധിയായ ആന്റണിയും മറ്റൊരു കലാപകാരിയായ പി.എന്‍. മേനോനും ചേര്‍ന്ന രസതന്ത്രം ഉഗ്രനായിരുന്നു. നടപ്പ് സിനിമാ താര സങ്കല്‍പ്പങ്ങളെ ശക്തമായി എതിര്‍ത്തവരായിരുന്നു ഇവരും. ചാലക്കുടിയില്‍ വൈകീട്ട് റോസിയുടെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ രണ്ട് പേരും കള്ളു ഷാപ്പില്‍ കയറും. കള്ളുഷാപ്പ് സിനിമാക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ കിട്ടുന്ന സ്ഥലമാണ് എന്നാണ് രണ്ട് പ്രതിഭകളുടെയും കണ്ടു പിടുത്തം. ചാലക്കുടിയിലെ ഷാപ്പ് കുടിയന്മാര്‍ക്ക് അത്ഭുതം. സിനിമാക്കാര്‍ തങ്ങളുടെ പോലെ വന്ന് ഇരുന്ന് കള്ളടിക്കുന്നു. മാനത്ത് ഇരിക്കുന്ന സിനിമാക്കാര്‍ സാധാരണ ഭൂമിയിലേക്ക് ഇറങ്ങി വരാറില്ലല്ലോ. അത്ഭുതം തന്നെ!
സന്ദര്‍ശനം പതിവായപ്പോള്‍ ഷാപ്പില്‍ വെച്ച് ഒരു കുടിയന്‍ കാര്‍ന്നോര്‍ സ്‌നേഹത്തോടെ ആന്റണിയോട് ചോദിച്ചു.” ആശാനേ കള്ളടിച്ച് കഴിഞ്ഞാല്‍ ഉടനെ ഉറങ്ങുമോ?
ആന്റണി: ‘ ഇല്ല. കട്ടില് കണ്ടു പിടിക്കാന്‍ രണ്ടു മണിക്കൂര്‍ എടുക്കും’.
റോസി മികച്ച പടമായെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. പ്രേംനസീര്‍. പി.ജെ. ആന്റണി, വിജയനിര്‍മ്മല. കവിയൂര്‍ പൊന്നമ്മ, മുത്തയ്യ തുടങ്ങിയവരും ചില പുതുമുഖങ്ങളുമായിരുന്ന റോസിയില്‍ അഭിനയിച്ചത്. തുടര്‍ന്ന് എംടിയുടെ ഓളവും തീരവും, കുട്ട്യേടത്തി, മാപ്പ് സാക്ഷി, തോപ്പില്‍ ഭാസിയുടെ പണിമുടക്ക്. ഇത്രയും പടങ്ങള്‍ സംവിധാനം ചെയ്തതോടെ മലയാള ചലചിത്ര രംഗത്തെ എറ്റവും മികച്ച സംവിധായകനായി പി.എന്‍ മേനോന്‍ മാറി. കുറഞ്ഞ ചിലവിലെടുത്ത മികച്ച കലാരൂപങ്ങളായ ചലചിത്രങ്ങളായിരുന്നു ഇതെന്നും മലയാള സിനിമാ ലോകമംഗീകരിച്ചു. പക്ഷേ , മേനോന്റെ പടങ്ങള്‍ സാമ്പത്തികമായി നേട്ടമില്ല എന്ന ദുഷ്‌പേര് നേടി.
എസ്. കെ. നായർ, വയലാർ രാമവർമ്മ, മലയാറ്റൂർ രാമകൃഷ്ണൻ, രവി, പി. എൻ. മേനോൻ.
അങ്ങനെ ആരും മേനോനെ സംവിധാനം ചെയ്യാന്‍ വിളിക്കാതെയായി. പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ മേനോനെ ഭാഗ്യം വയലാര്‍ രാമവര്‍മ്മയുടെ രൂപത്തില്‍ തേടിയെത്തി. വയലാറിനെ നേരത്തെ പരിചയമുണ്ട് പണിമുടക്കിലെ ഗാനങ്ങള്‍ എഴുതിയത് വയലാര്‍ ആണ്. വയലാര്‍ പറഞ്ഞു ‘ ഒരു വലിയ ബിസിനസ്സുകാരന്‍ നിങ്ങളെ ഒരു പടം ചെയ്യാന്‍ ഏല്‍പ്പിക്കാന്‍ പോവുകയാണ്. അങ്ങനെ കൊല്ലത്തെ മുതലാളി എസ്.കെ. നായര്‍ ”ചെമ്പരത്തി” യെന്ന പടം നിര്‍മിക്കുന്നു. ധാര്‍ഷ്ട്യവും അഹങ്കാരവും ഈഗോയുമൊക്കെ പരണത്ത് മാറ്റി വച്ച് പുതുമുഖങ്ങളെ വെച്ച് മേനോന്‍ ചെമ്പരത്തി സംവിധാനം ചെയ്തു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥ. ഗാനങ്ങള്‍ വയലാര്‍ – ദേവരാജന്‍ – പടം സൂപ്പര്‍ ഹിറ്റ്. 25 നാള്‍ തിയേറ്റര്‍ നിറഞ്ഞ് ഓടിക്കഴിഞ്ഞപ്പോള്‍ എസ്.കെ. നായര്‍ മേനോന് ഒരു സമ്മാനം നല്‍കി. ഒരു ഫിയറ്റ് കാര്‍. പടം സംവിധാനം ചെയ്തതിന് നിര്‍മ്മാതാക്കള്‍ പ്രതിഫലം ശരിക്ക് കൊടുക്കാത്ത കാലത്താണ് എസ്.കെ. കാറ് സമ്മാനിച്ചത്. മലയാള സംവിധായകരുടെ അന്തസ്സ് അന്ന് ഉയര്‍ന്നു. അതോടെ മേനോന് ആത്മവിശ്വാസം വന്നു. എസ്. കെ നായര്‍ അടുത്ത പടം നിര്‍മിക്കുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഒരു ചെറുകഥയാണ് ‘എണ്ണച്ചായം’ അതാണ് സിനിമയുടെ പ്രമേയം. രമേശന്‍ എന്നൊരു അനാഥനായ ചിത്രകാരന്റെ കഥയാണത്. ഒരു സുഹൃത്തിന്റെ തറവാട്ടില്‍ താമസിക്കുമ്പോള്‍ സുഹൃത്തിന്റെ അമ്മയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഒരു നഗ്‌ന ചിത്രം ഈ ചിത്രകാരന്‍ അവിടെ നിന്ന് കണ്ടെത്തി. അത് അയാള്‍ വെളിപ്പെടുത്തും മുന്‍പ് ആ വീട്ടില്‍ വെച്ച് അയാള്‍ കൊല്ലപ്പെടുന്നു. ആ സ്ത്രീക്ക് പൂര്‍വ കാലത്തില്‍ ഒരു അവിഹിത ബന്ധമുണ്ടായിരുന്നെന്ന് മരണത്തിന് മുന്‍പ് ചിത്രകാരന്‍ മനസിലാക്കിയിരുന്നു.
ഈ കഥ മലയാറ്റൂര്‍ സിനിമ രീതിയില്‍ മാറ്റിയെഴുതി. അതാണ് ‘ചായം’ എന്ന, മലയാളികളുടെ സദാചാര ബോധത്തെ കടന്നാക്രമിച്ച ആദ്യത്തെ മലയാള ചലചിത്രം. മകനാണെന്നറിയാത്ത അമ്മ. അമ്മയാരെന്നറിയാത്ത മകന്‍. ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തില്‍ കടും ചായം കലര്‍ത്താതെ അനാവരണം ചെയ്യുന്നതാണ് ‘ചായ’ത്തിന്റെ തിരക്കഥ.
എസ് കെ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍
അര നൂറ്റാണ്ട് മുന്‍പ് ഇത്തരമൊരു പ്രമേയം മലയാളത്തില്‍ സിനിമയാക്കാന്‍ ചിന്തിക്കാന്‍ പോലും പറ്റില്ല. ‘പ്രാണനാഥനെനിക്ക് നല്‍കിയ…’ എന്ന ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്ത വരികള്‍ ‘ഏണിപ്പടികള്‍’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് അശ്ലീലമാണെന്ന് വിധിച്ച് ആകാശവാണി പ്രക്ഷേപണം ചെയ്യാതിരുന്ന കാലമാണ്. ‘ചെമ്പരത്തി’ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന്റെ അസാമാന്യ വിജയത്തില്‍ മതിമറന്ന നിര്‍മ്മാതാവായ എസ്.കെ. നായര്‍ തന്റെ രണ്ടാമത്തെ പടത്തിന് ഈ കഥ തന്നെ മതിയെന്ന് തീരുമാനിച്ചു. കഥ കൊള്ളാം. പക്ഷേ, ഈ ആശയം എങ്ങനെ സിനിമാ രൂപമാക്കും? ചര്‍ച്ചയില്‍ പി എന്‍. മേനോന്‍ സംശയിച്ചു, പ്രേക്ഷകര്‍ സ്വീകരിക്കുമോ? അവിടെയുണ്ടായിരുന്ന വയലാര്‍ രാമവര്‍മ്മ മേനോന് ധൈര്യം കൊടുത്തു. നല്ലൊരു വിഷയമാണ്. മേനോന്റെ പേര് കേട്ടാല്‍ തന്നെ ജനം തീയറ്ററില്‍ ഇടിച്ച് കേറിക്കോളും. ‘സമൂഹത്തിനോടുള്ള വെല്ലുവിളിയാണ് ഈ ചിത്രം’. നിനച്ചാല്‍ എന്തും നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് മലയാള നാട് മാസികയുടെ ഉടമയും അക്കാലത്ത് കൊല്ലത്തെ പ്രധാന ദിവ്യനുമായ എസ്.കെ.നായര്‍. ഇതു പോലെ ഒരു വിഷയം സിനിമയാക്കാന്‍ ധൈര്യം കാണിക്കാന്‍ അന്ന് എസ്.കെ. നായര്‍ക്കെ പറ്റൂ. പടം സംവിധാനം ചെയ്യുന്നത് മലയാള ചലചിത്രത്തില്‍ ചെമ്പരത്തിയിലൂടെ പുതിയ തരംഗം സൃഷ്ടിച്ച പി.എന്‍. മനോനും. പോരെ!
എം ടി വാസുദേവന്‍ നായര്‍, പി എന്‍ മേനോന്‍
ലോക സിനിമയില്‍ ആദ്യമായി ഈ വിഷയം- തീബ്‌സിലെ ഈഡിപ്പസ് രാജാവിന്റെ ദുരന്ത കഥ ആസ്പദമാക്കി ഒരു സിനിമ പുറത്ത് വരുന്നത് 1967ലാണ്. ഇറ്റാലിയന്‍ സംവിധായകന്‍ പിയര്‍ പൗലോ പസോളിനി സംവിധാനം ചെയ്ത ഒരു ഇറ്റാലിയന്‍ ചലച്ചിത്രമായ ‘ഈഡിപ്പസ് റെക്‌സ്’. 428 ബി.സി.യില്‍ രചിച്ച സോഫോക്ലിസിന്റെ ഈഡിപ്പസ് റെക്സ് എന്ന ഗ്രീക്ക് ദുരന്ത നാടകം അടിസ്ഥാനമാക്കി പസോളിനി തിരക്കഥ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ കളര്‍ ചിത്രമായിരുന്നു അത്. സ്വന്തം പിതാവിനെ അറിയാതെ വധിച്ച് അമ്മയെ വിവാഹം കഴിച്ച തീബ്‌സിലെ രാജാവായ ഈഡിപ്പസിന്റെ ദുരന്ത കഥ. ആ മനോവികാരങ്ങളെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ എന്ന വിഖ്യാതമായ ഗ്രന്ഥത്തിലൂടെ സിഗ്മണ്ട് ഫ്രോയിഡ് വിശകലനം ചെയ്തതോടെയാണ് ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനഃശാസ്ത്ര സിദ്ധാന്തം ലോകപ്രശസ്തമായത്. കുട്ടികള്‍ക്ക് അവരുടെ എതിര്‍ലിംഗക്കാരനായ രക്ഷിതാക്കളോട് ഉണ്ടാകുന്ന ലൈംഗികാഭിലാഷങ്ങളെയാണ് ഈ സിദ്ധാന്തത്തിലൂടെ ഫ്രോയിഡ് വിശകലനം ചെയ്തത്.
‘ചെമ്പരത്തി’യിലൂടെ പ്രശസ്തനായ നടന്‍ സുധീറിനെ തന്നെ പി.എന്‍. മേനോന്‍ നായകനാക്കി. അനശ്വരനായ സത്യന് ശേഷം മികച്ച നടന്‍ സുധീറാകുമെന്നൊരു പ്രവചനം അക്കാലത്ത് പ്രചരിച്ചിരുന്നു. പ്രശസ്തനായ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘കലിയുഗം’ എന്നൊരു ചിത്രം സുധീറിനെ നായകനാക്കി സത്യനെപ്പോലെ അവതരിപ്പിച്ചിരുന്നു. ഇത്തരമൊരു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നായികയായി അഭിനയിക്കാന്‍ സാധാരണ മുന്‍നിര നടിമാര്‍ തയ്യാറാവില്ല. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മലയാളത്തിലെ എക്കാലത്തെയും നായിക ഷീല തയ്യാറായി. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ വിഖ്യാത ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ച ഷീലയെ വെല്ലാന്‍ സൗന്ദര്യത്തിലും അഭിനയത്തിലും മലയാള സിനിമയില്‍ അക്കാലത്ത് ഒരു നടിയുമില്ലായിരുന്നു. പി.എന്‍ മേനോന്റെ ഒരു ചിത്രത്തിലും അന്ന് വരെ അഭിനയിക്കാത്ത ഷീല ഇത്തരമൊരു വേഷം ഇപ്പോള്‍ അഭിനയിക്കാന്‍ മറ്റൊരു കാരണമുണ്ടായിരുന്നു. അക്കാലത്ത് പ്രേംനസീറിന്റെ നേതൃത്വത്തില്‍ മലയാള സിനിമ നിയന്ത്രിച്ചിരുന്ന ഒരു ലോബിയുണ്ടായിരുന്നു. ഷീല നസീറുമായി തെറ്റിപ്പിരിഞ്ഞ് ഇനി ഞാന്‍ നസീറിന്റെ കൂടെ അഭിനയിക്കുകയില്ലായെന്ന് പ്രഖ്യാപിച്ച കാലവുമായിരുന്നു. തുടര്‍ന്ന് അവരെ മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ഈ കൂട്ടര്‍ ശ്രമമാരംഭിച്ചു. ‘ചെമ്പരത്തി’യുടെ ഗംഭീര വിജയത്തിന് ശേഷം പി. എന്‍. മേനോന്‍ പ്രേംനസീറിനെ സിനിമയില്‍ നിന്ന് ഔട്ടാക്കുമെന്ന് പരസ്യമായി ഒരു വേദിയില്‍ പ്രഖ്യാപിച്ചു. അതോടെ പി.എന്‍. മേനോനെ ആ ലോബി ശത്രുവായി പ്രഖ്യാപിച്ചു. മേനോന്‍ പുതിയ താരങ്ങളെ അവതരിപ്പിച്ചത് സ്വാഭാവികമായും അവര്‍ക്ക് രസിച്ചില്ല. ഇത് മനസിലാക്കിയ ബുദ്ധിമതിയായ നടി ഷീല തന്റെ ഭാവിക്ക് നല്ലത് പി എന്‍. മേനോനെ പിന്‍താങ്ങുന്നതാണെന്ന് മനസിലാക്കി ആ പക്ഷത്തു ചേര്‍ന്നു.
പി.എൻ. മേനോൻ ചായത്തിൻ്റെ ഷൂട്ടിംഗിൽ
പസ്സോളനിയേപ്പോലെ കറുത്ത കണ്ണട ധരിച്ച് പി.എന്‍. മേനോന്‍ ‘ചായം’ചിത്രീകരണം ആരംഭിച്ചു. നായകനായി സുധീര്‍, അമ്മയായി ഷീല, ചെമ്പരത്തിയിലെ നായിക ശോഭന, അടൂര്‍ പങ്കജം. പി. കെ. എബ്രഹാം. വയലാര്‍ മലയാള ചലചിത്ര ഗാനങ്ങളിലെ അനശ്വരമായ ഒരു ഗാനം ഇതിലെഴുതി. ‘അമ്മേ അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര്…’ ദേവരാജന്‍ മാസ്റ്റര്‍ ആയിരൂര്‍ സദാശിവന്‍ എന്ന ഒരു പുതിയ ഗായകനെ അവതരിപ്പിച്ചു. അങ്ങനെ യേശുദാസിനും ജയചന്ദ്രനും ബ്രഹ്‌മാനന്ദനും ശേഷം വ്യത്യസ്തമായ ഒരു പുരുഷ ശബ്ദം മലയാളത്തിനു ലഭിച്ചു. ‘ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ’ എന്നൊരു മനോഹരമായ ഗാനവും സദാശിവന്‍ അതില്‍ നന്നായി പാടി.
തമിഴിലെ വയലാറിന്റെ ആത്മ മിത്രമായ, ഏറ്റവും നല്ല ഗാനരചയിതാവും തമിഴിലെ വയലാറുമായ കണ്ണദാസന്‍ ഒരു തമിഴ് ഗാനം ചായത്തിന് വേണ്ടി എഴുതി. ‘മാരിയമ്മേ തായെ’ എന്ന കരകാട്ടക്കാരുടെ ഗാനം. തമിഴിലെ പ്രശസ്തനായ ടി.എം. സൗന്ദര്‍ രാജന്റെ ആദ്യ മലയാള ഗാനം. മാധുരിയാണ് ഒപ്പം പാടിയത്. അങ്ങനെ ഗാനവിഭാഗം വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ട് മനോഹരമാക്കി. ശരിക്ക് പറഞ്ഞാല്‍ ‘ചായം’ എന്ന സിനിമ ഇപ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നത് അതിലെ ഗാനങ്ങളിലൂടെയാണ്. ന്യൂ ഇന്ത്യാ ഫിലിംസിന്റെ ‘ചായം’ സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരത്ത് ന്യൂ തിയറ്ററില്‍ നടത്തി. കേരളത്തിലെ അക്കാലത്തെ കലാ സാംസ്‌കാരിക രംഗത്തെ അവസാന വാക്കായ കെ.ബാലകൃഷ്ണന്‍ പടം കണ്ട് മലയാറ്റൂരിനെ അഭിനന്ദിച്ചു, ‘കൊള്ളാമെടെ’. വന്‍ പബ്ലിസിറ്റിയാണ് എസ്.കെ.നായര്‍ ‘ചായം’ ത്തിന് ഒരുക്കിയത്. വമ്പിച്ച പരസ്യം പത്രങ്ങളിലും, മതിലുകളില്‍ പോസ്റ്ററുകളും. പോസ്റ്റര്‍ ഡിസൈന്റെ ആശാനായ പി.എന്‍. മേനോന്‍ തന്നെ ഒരുക്കിയ പരസ്യങ്ങള്‍ ജനശ്രദ്ധ നേടി. ‘ചെമ്പരത്തി’ക്ക് ശേഷം വന്ന പി.എന്‍ മേനോന്‍ ചിത്രം കാണാന്‍ ജനം തിയറ്ററില്‍ ഇടിച്ചു കയറി. ടൈറ്റിലില്‍ പി.എന്‍. മേനോന്റെ പേര് തെളിഞ്ഞപ്പോള്‍ ഉഗ്രന്‍ കയ്യടി, നിര്‍മ്മാണം എസ്.കെ. നായര്‍ എന്ന് വന്നപ്പോഴും ഉയര്‍ന്നു കരഘോഷം.
പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ മകന് അമ്മയോട് പ്രേമം തുടങ്ങിയതോടെ പ്രേക്ഷകര്‍ കൂവാന്‍ തുടങ്ങി. പട്ടച്ചാരയമടിച്ച് ലഹരിയില്‍ അമ്മിണിയെന്ന കഥാപാത്രം ‘ചായം കറുത്ത ചായം’ എന്ന് മാധുരിയുടെ മാദക ശബ്ദത്തില്‍ പാട്ട് പാടുന്ന രംഗം കണ്ട പ്രേക്ഷകര്‍ കൂവലിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. ചിത്രകാരനായ സുധീര്‍ സ്വന്തം അമ്മയായ ഷീലയെ ബലാല്‍ക്കാരത്തിന് ശ്രമിക്കുന്ന രംഗമെത്തിയപ്പോഴക്കും പ്രേക്ഷകര്‍ അക്രമാസക്തരായി. സ്വന്തം അമ്മയാണ് ഷീല എന്ന് സുധീറിന് അറിയില്ലെങ്കിലും പ്രേക്ഷകര്‍ക്കറിയാമല്ലോ. അവര്‍ കൂവിക്കൊണ്ട് തിയറ്ററിലെ കസേരകള്‍ തല്ലിപ്പൊളിച്ചു. മതിലുകളില്‍ പതിച്ച ചായത്തിന്റെ പോസ്റ്റ്റ്റുകളിലേക്ക് അവര്‍ ചാണകം വാരിയെറിഞ്ഞു. പി.എന്‍. മേനോന്‍ എന്ന നാറിയെ കയ്യില്‍ കിട്ടിയാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചു. തിയേറ്റര്‍ പരിസരത്ത് പി.എന്‍ . മേനോന്‍ ഇല്ലാത്തതിനാല്‍ തല്ല് കിട്ടാതെ രക്ഷപ്പെട്ടു.
ചായം സിനിമയുടെ പോസ്റ്ററുകള്‍
ഇത്രയൊക്കെയായിട്ടും ചായം കാണാന്‍ രണ്ടാഴ്ച ജനക്കൂട്ടമുണ്ടായി. വിവാദം എന്താണെന്ന് അറിയാന്‍ വന്നവരും അതിലുണ്ടായിരുന്നു. വാസ്തവത്തില്‍ പി.എന്‍. മേനോന്റെ ചിത്രങ്ങളില്‍ സാങ്കേതികമായി മുന്നിട്ടു നിന്ന ഏറ്റവും നല്ല ചിത്രം ചായമായിരുന്നു. തെലുങ്കിലടക്കം ഇതര ഭാഷകളില്‍ ഈ ചിത്രം എടുക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പി.എന്‍. മേനോനെ പോലെ ധൈര്യമുള്ള സംവിധായകന്റെ അഭാവം കാരണം അത് നടന്നില്ല. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച സോവ്യറ്റ് സിനിമാ സംവിധായകന്‍ അലി ഹംറോയേവ് കേരളത്തില്‍ വന്നു മലയാള സിനിമ സംവിധായകരുമായി സംസാരിച്ചു. ആ കൂട്ടത്തില്‍ പി.എന്‍. മേനോനുമായി സംസാരിച്ചു. ‘ചായം’ കാണുകയും ചെയ്തു. റഷ്യക്കാരന്‍ ഈ പടം നല്ലതാണെന്നും ഈ പടം റഷ്യയിലേക്ക് ഫെസ്റ്റിവലിന് അയക്കണം എന്നും പറഞ്ഞപ്പോള്‍ മേനോന് സന്തോഷമായി. അവിടേയും ഇതേ പ്രമേയത്തില്‍ ഒരു പടം വന്നിരുന്നെന്നും അത് കണ്ട് ജനം തിയറ്റര്‍ തല്ലിത്തകര്‍ത്തെന്നും അയാള്‍ പറഞ്ഞപ്പോള്‍ പി.എന്‍. മേനോന്‍ ഞെട്ടി. അപ്പോള്‍ ഒരു കാര്യം മേനോന് മനസിലായി. സംഭവം എല്ലായിടത്തും ഒരു പോലെയാണ്. മകന്‍ അമ്മയെ പ്രേമിക്കുന്ന സിനിമ വിദേശികള്‍ക്കും ഇഷ്ടപ്പെടില്ല.
ചായത്തിന്റെ വ്യത്യസ്തമായ അഭിപ്രായം സാഹിത്യകാരന്‍ ഉറൂബിന്റെതായിരുന്നു .ഈ പടം കണ്ട് വന്ന ഉറൂബിനോട് ചോദിച്ചു ‘ചായം എങ്ങനെ ?’ ഉറൂബു പറഞ്ഞു, ‘ഒരക്ഷരം വിട്ട് പോയി – ‘ചാരായം’ ആണ്. ഇടവേളയ്ക്ക് ശേഷം ചിത്രം ആരംഭിക്കുന്നു. ഞാന്‍ ചിത്രം കാണുന്നു. ഞെട്ടുന്നു. വിറയ്ക്കുന്നു. ഇത് എന്റെ സ്‌ക്രിപ്റ്റ് അല്ല. അമ്മയും മകനും പരസ്പരം അറിഞ്ഞു കൊണ്ടു തന്നെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നു എന്നാണ് രണ്ടാം പകുതി കാണികളെ ധരിപ്പിച്ചത്.” കോപ്പി റൈറ്റ് നാരായണന്‍ കുട്ടിക്ക്’ ചായത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പറഞ്ഞു.
അര നൂറ്റാണ്ടു മുന്‍പ് പി.എന്‍ മേനോന്‍ ചായം സംവിധാനം ചെയ്യാന്‍ കാണിച്ച ധൈര്യം പിന്നിട് ആവര്‍ത്തിക്കാന്‍ മലയാളത്തില്‍ ഒരു സംവിധായകനും ഉണ്ടായില്ല. എങ്കങ്കാട്കാരന്‍ പാലിശേരി നാരായണന്‍ കുട്ടിയെന്ന പി. എന്‍. മേനോന്‍ കാലത്തിന് മുന്‍പേ ചിന്തിച്ച കലാകാരനായിരുന്നു. Chayam movie controversy and PN Menon
Content Summary; Chayam movie controversy and PN Menon
This post was last modified on September 9, 2025 12:29 pm
Leave a Comment