June 26, 2026 |
Avatar
അമർനാഥ്‌
Share on

ആരായി മാറാനും കഴിയുന്ന ഒരാള്‍; മലയാള സിനിമയിലെ ഒരേയൊരു ശ്രീനി

സാഹിത്യത്തില്‍ വി.കെ. എന്‍. നടത്തിയ ഒരു വിപ്ലവമാണ് സിനിമയില്‍ ശ്രീനി സാധിച്ചത്

‘ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്ന് നേരത്തെ അറിഞ്ഞ് വന്നെങ്കില്‍ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവ ബഹുലവുമാക്കുമായിരുന്നു. എന്തായാലും അതിന് കഴിഞ്ഞില്ലല്ലോ‘- ശീനിവാസന്‍.

”മറക്കണം. മറന്നേ പറ്റൂ. ഓര്‍മ്മിക്കാന്‍ വേണ്ടി ഞാനിപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്തുകൊടുക്കാറില്ല’ എന്ന് ‘പൊന്‍മുട്ടയിടുന്ന താറാവില്‍’ ശ്രിനിവാസന്‍ അവതരിപ്പിച്ചു തട്ടാന്‍ ഭാസ്‌കരന്‍ പറഞ്ഞത് ഇന്നും സിനിമ കാണുന്ന മലയാളികളുടെ ഹൃദയത്തിലും മനസ്സിലുമുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാല്‍ കുറച്ച് നാളായി സിനിമയില്‍ സജീവമല്ലാത്ത ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭ വിടവാങ്ങുമ്പോള്‍, ശ്രീനിവാസന്‍ ചെയ്ത ചില വേഷങ്ങളും ഡയലോഗുകളും മലയാളിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനശ്വരമായിക്കഴിഞ്ഞു. എല്ലാ മഹാന്മാരുടെ കാര്യം എഴുതുമ്പോള്‍ അവരുടെ ജീവിതം ഒരു സന്ദേശമാണ് എന്നൊക്കെ എഴുതുമ്പോള്‍ ശ്രീനിവാസന്റെ കാര്യത്തില്‍ അത് അങ്ങനെയെല്ലെന്ന് തെളിയുന്നു. അദ്ദേഹം എഴുതിയ ”സന്ദേശം” എന്ന സിനിമ ട്രോളര്‍മാരുടെ മെയിന്‍ സെര്‍വറായിക്കഴിഞ്ഞു. സന്ദേശത്തിലെ ഡയലോഗില്ലാതെ ഒരു ട്രോളെങ്കിലും ഇല്ലാതെ ഒരു നാള്‍ സോഷ്യല്‍ മീഡിയ കടന്നു പോകാറില്ല. കാലത്തിനപ്പുറത്ത് എഴുതപ്പെട്ട സിനിമ എന്ന് ‘സന്ദേശം’ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.

ശ്രീനിവാനുമായി ഏറ്റവും മികച്ച സിനിമകള്‍ ചെയ്ത സത്യന്‍ അന്തിക്കാട് പറയുന്നു. ‘സിനിമയിലേക്ക് നമ്മള്‍ പെരുമാറുന്ന ജീവിതത്തിന്റെ സ്ഥലങ്ങള്‍ അയാള്‍ കൊണ്ടുവരുന്നു. പത്മരാജനും അങ്ങനെയായിരുന്നു. പരിചിതമായ ഇടങ്ങളിലെ അപരിചിതമായ കഥകള്‍ അയാള്‍ പറഞ്ഞു. ശ്രീനിവാസന്‍ ഈ അര്‍ത്ഥത്തില്‍ പത്മരാജനെപ്പോലെ മനസ്സുവായിക്കാന്‍ കഴിവുള്ള ഒരു ഫിലിം മേക്കറാണ്. പ്രയാസമുള്ളകാര്യങ്ങള്‍ കൂടുതല്‍ ഹ്യൂമറായിട്ട് പറയാന്‍ ശ്രീനിവാസന് സാധിക്കുന്നു.

സാഹിത്യത്തില്‍ വി.കെ. എന്‍. നടത്തിയ ഒരു വിപ്ലവമാണ് സിനിമയില്‍ ശ്രീനി സാധിച്ചത്.

ശ്രീനിവാസന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിക്കാറുണ്ട്. അവരെ പരിഹസിക്കുന്ന ചില രംഗങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല, മലയാളികളുടെ ചില പൊങ്ങച്ചങ്ങളെ മൊത്തത്തില്‍ പരിഹസിച്ചതായിരുന്നു. തന്നെക്കാളും നന്നായി ഈ പരിഹാസ വിമര്‍ശനം ശ്രദ്ധിക്കപ്പെടുക ഈ സൂപ്പര്‍താരങ്ങളിലൂടെയാണ് എന്ന തിരിച്ചറിവാണ് അത്. അത് തന്നെയാണ് ശ്രീനിവാസനെ വ്യത്യസ്തനാക്കുന്ന സാമൂഹിക വിമര്‍ശകനാക്കുന്നത്.
തന്റെ അഭിനയ ജീവിതത്തിന്റെ അവസാനത്തില്‍ പ്രേംനസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ ആദ്യം എത്തിയത് ശ്രീനിവാസന്റെയടുത്തായിരുന്നു.
ഈ ചെറുപ്പക്കാരന്റെ നാളുകളാണ് ഇനി മലയാള സിനിമയില്‍ എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. ഇയാള്‍ ഭാവിയിലെ മികച്ച സംവിധായകനാകുമെന്ന് ദീര്‍ഘകാലത്തെ തന്റെ അനുഭവ സമ്പത്തു കൊണ്ട് നസീറിന് അറിയാമായിരുന്നു. പ്രേം നസീറിനൊടൊപ്പം ശ്രീനിവാസന്‍ അഭിനയിച്ച ചിത്രമാണ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പ്രേംനസീറിനെ കാണ്‍മാനില്ല(സിനിമയില്‍ യഥാര്‍ത്ഥ നസീറായി അഭിനയിക്കുന്ന പ്രേം നസീര്‍ ജനല്‍ കമ്പി വളച്ച് അതില്‍ തന്നെ തട്ടിക്കൊണ്ട് പോയവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ തട്ടിക്കൊണ്ട് പോയ സംലത്തിലെ ഒരു ചെറുപ്പക്കാരന്‍ പറയുന്നുണ്ട്, ‘അത് സിനിമയിലെ കമ്പിയല്ല, വളയില്ല’. പടത്തിന്റെ കഥ ലെനിന്റെയാണെങ്കിലും കഥാ ചര്‍ച്ചകളില്‍ സജിവമായി ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. ആ ഡയലോഗ് ഒരു ശ്രിനിവാസന്‍ ടച്ചാണ്.

ഇത്തരം ഹ്യൂമറുകള്‍ക്ക് മലയാളത്തില്‍ തുടക്കമിട്ടത് ശ്രീനിവാസനാണ്. നിര്‍ഭാഗ്യവശാല്‍ പ്രേം നസീറിന്റെ അകാലമരണം നസീര്‍ – ശ്രീനിവാസന്‍ പടമെന്ന ആ പദ്ധതിയെ ഇല്ലാതാക്കി. പ്രതിഫലം വാങ്ങാതെ താന്‍ എഴുതാമെന്ന് പ്രേംനസീറിനോടുള്ള ആദരവ് സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ പറഞ്ഞു. നസീറിനെ എറെ വികാരഭരിതനാക്കിയ ഒന്നായിരുന്നു അതെന്ന് ഡെന്നിസ് ജോസഫ് എഴുതിയിട്ടുണ്ട്. അന്നത്തെ ഏറ്റവും തിരക്കേറിയ സിനിമാ എഴുത്തുകാരനായ ഡെന്നീസ് ജോസഫിനെയും നസീര്‍ തനിക്ക് വേണ്ടി തിരക്കഥ എഴുതാന്‍ സമീപിച്ചിരുന്നു.

‘ശ്രീനിവാസനും എന്നോട് അങ്ങനെത്തന്നെ പറഞ്ഞു. നിങ്ങള്‍, പുതിയ ആള്‍ക്കാര്‍, എന്നെപ്പോലെ ഒരാള്‍ വരുമ്പോള്‍ അതായത്, ഞാന്‍ സജീവമല്ലാതെ നില്‍ക്കുമ്പോള്‍ എന്നോട് നല്ല രീതിയില്‍ പെരുമാറുമോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ശ്രീനിവാസനും എന്നോട് എപ്പോള്‍ വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞു. എന്റെ സന്തോഷം എനിക്ക് മറയ്ക്കാന്‍ പറ്റുന്നില്ല” പ്രേം നസീര്‍ ഡെന്നീസ് ജോസഫിനോട് പറഞ്ഞു.

”ബൂര്‍ഷ്വാസി കം സലിം എന്നുപറയുന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഡൗണ്‍ട്രോഡന്‍, എ ക്വസ്റ്റ്യന്‍ മാര്‍ക്ക്. ആല്‍ഡസ് ഹക്‌സിലിയുടെ പുസ്തകം. അതുമല്ലെങ്കില്‍ ദാസ് ക്യാപ്പിറ്റല്‍? ”എന്ന് പെണ്ണ് കാണല്‍ ചടങ്ങില്‍ ചോദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രഭാകരന്‍ എന്ന കഥാപാത്രത്തെ എഴുതാനും അവതരിപ്പിക്കാനും ശ്രീനിവാസനേ കഴിയൂ.

ശ്രീനിവാസന്റെ നിരീക്ഷണങ്ങള്‍ സൂഷ്മവും അപാരവുമായിരുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് സിനിമ എഴുതുന്നതിലും പ്രതൃക്ഷപ്പെട്ടത്. അത്തരം നിരീക്ഷണങ്ങള്‍ പുതിയ പ്രതിഭകളെയും മലയാള സിനിമയില്‍ കൊണ്ടുവന്നു. ഒരു സിനിമക്ക് വേണ്ട ആകാരമൊന്നുമില്ലാത്ത മാമുക്കോയയെ ആദ്യം സിനിമയില്‍ അഭിനയിപ്പിക്കുന്നത് ശ്രിനിവാസന്റെ നിര്‍ദേശത്തിലായിരുന്നു.

വടക്കുനോക്കിയന്ത്രത്തിന് അവാർഡ് സ്വീകരിക്കുന്നു

തനിക്ക് ആഗ്രഹമുള്ളത് മാത്രം അയാള്‍ ചെയ്തു തനിക്ക് ആവശ്യള്ളത് മാത്രം സ്വീകരിച്ചു. സന്ദേശം എന്ന ചിത്രത്തിന് ശ്രീനിവാസന് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയി എന്ന് പടത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാടിന് തോന്നിയപ്പോള്‍ അത് നിര്‍മ്മാതാവിനോട് പറഞ്ഞു. അയാള്‍ ശരിയെന്ന് പറയുകയും കൂടുതല്‍ തുക ശ്രീനിവാസന് കൊടുക്കാന്‍ തയാറായി. എന്നാല്‍ ശ്രീനിവാസന്‍ അത് വാങ്ങാന്‍ തയ്യാറായില്ല. ‘ഞാന്‍ ചെയ്ത ജോലിക്ക് ഇത്രയേ വേണ്ടു. അതെന്റെ തീരുമാനമാണ്.’ ശ്രീനിവാസന്‍ സത്യനോട് പറഞ്ഞു.

കോടമ്പാക്കത്തെ താമസക്കാലത്ത് സിനിമയിലെ നീതിയും നീതികേടും ഏറെ കണ്ടതും അനുഭവിച്ചതുമാണ് ഇത്തരമൊരു പക്വത കാണിക്കാന്‍ ശ്രീനിവാസനായത്. ‘മറ്റുള്ളവര്‍ എന്തു വാങ്ങുന്നു. എന്നു നോക്കി സ്വന്തം പ്രതിഫലം ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ ഒരിക്കലുമുണ്ടായിട്ടില്ല’, സത്യന്‍ അന്തിക്കാട് പറയുന്നു.

ചിദംബരത്തിന്റെ സമയത്ത് സംവിധായകന്‍ അരവിന്ദന്‍ ശ്രീനിവാസനുമായി അടുത്ത സൗഹൃദം ആരംഭിച്ചപ്പോള്‍ തന്റെ ‘ഒരിടത്ത്” എന്ന സിനിമക്ക് ശ്രീനിവാസന്‍ തിരക്കഥയെഴുതണമെന്ന് അരവിന്ദന്‍ നേരിട്ട് പറഞ്ഞു. എന്നാല്‍ ശ്രീനിവാസന്‍ ഒഴിഞ്ഞ് മാറി. ‘ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ സിനിമ എഴുതാന്‍ എനിക്ക് കഴിയില്ല’ എന്നാണ് ശ്രീനിവാസന്‍ കാരണമായി പറഞ്ഞത്. അരവിന്ദിനെപ്പോലെ ഒരു സംവിധായകന്റെ ആവശ്യം നിരാകരിക്കുക!. മലയാള സിനിമാ ലോകത്ത് കാണാത്ത ഔചിത്യങ്ങളിലൊന്നാണ് ഇത്.

കെ.ജി. ജോര്‍ജുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീനിവാസന്‍
ജോര്‍ജിന്റെ ‘ഇനി അവള്‍ ഉറങ്ങട്ടെ’ എന്ന സിനിമയുടെ സഹായിയായി ജോലി ചെയ്തിരുന്നു.

രജനികാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന അപൂര്‍വം മലയാളി ചലചിത്രകാരനായിരുന്നു ശ്രീനിവാസന്‍. അഡയാറിലെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ അവര്‍ സഹപാഠികളായിരുന്നു. ഒരു മുന്‍ ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവുവിന് (രജനി കാന്തിന്റെ യഥാര്‍ത്ഥ നാമം) കൂടെ ജോലി ചെയ്ത കണ്ടക്ടര്‍മാര്‍ അയക്കുന്ന മണിയോര്‍ഡര്‍ വരും. പോസ്റ്റുമാന്‍ വന്നാല്‍ രജനികാന്ത് അയാളെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകും, കാരണം ഒരുപാട് മണിയോഡറുകളുണ്ടാവും. എല്ലാം തീരെ ചെറിയ തുകകള്‍.

”ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനസമയത്ത് സ്‌ക്രീന്‍ ടെസ്റ്റിനുവേണ്ടി ഒരു ഫിലിം എടുക്കും. ക്ലാസ്സ് തുടങ്ങിയശേഷം ഫിലിം ചേമ്പര്‍ തിയേറ്ററില്‍ അത് പ്രദര്‍ശിപ്പിക്കും. എന്റെ പടം കണ്ടു രജനീകാന്ത് എന്നെ അഭിനന്ദിച്ചു. അങ്ങനെ ഞങ്ങള്‍ സ്‌നേഹിതരായി തീര്‍ന്നു. നല്ല കറുപ്പാണെങ്കിലും നല്ല അഴകായിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയുടെ ആരാധകനായിരുന്നു. നിലക്കണ്ണാടിയുടെ മുമ്പില്‍ നിന്ന് ആക്ഷന്‍ കാണിക്കുക പതിവായിരുന്നു. ഗ്ലാസ്സ് കറക്കിവെക്കുക, സിഗരറ്റ് എറിഞ്ഞ് ചുണ്ടില്‍ പിടിക്കുക തുടങ്ങിയവയൊക്കെ അന്നേ രജനി പ്രാക്ടീസ് ചെയ്യുമായിരുന്നു.” ശ്രീനിവാസന്‍ തന്റെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് അനുഭവം പങ്കു വെച്ചു.

ഷൂട്ടിങ്ങിനിടയിലെ ഒരൊഴിവു സമയത്ത് നടനും എഴുത്തുകാരനുമായ പി.കെ ശ്രീരാമന്‍ വെറുതെയൊരു കൗതുകത്തിനു ഒരു നിരീക്ഷണം നടത്തി. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്നീ രംഗത്തുള്ളവരുടെ ശരീരഭാഷ അനുസരിച്ച് അവര്‍ ആരാകുമായിരുന്നു? മോഹന്‍ലാല്‍ തൊട്ട് തന്നെ വരെ അതനുസരിച്ച് വിലയിരുത്തിയ വി.കെ. ശ്രീരാമന്‍ ശ്രീനിവാസനെക്കുറിച്ചുള്ള തന്റെ വേറിട്ട കാഴ്ച പറഞ്ഞു.

ശ്രീനിവാസന് ഒന്നല്ല ഒരുപാട് സാദ്ധ്യതകളുണ്ട്. നാട്ടിന്‍പുറത്ത് കള്ളുഷാപ്പിനടുത്തുള്ള ചെറിയ പെട്ടിക്കടയില്‍ ബീഡിയും സിഗരറ്റും മുറുക്കാനും വില്‍ക്കാനിരിക്കുന്ന ഒരാളാകാം. നുകം വെച്ച കാളകളുമായി ചെളി നിറഞ്ഞ പാടത്ത് പണിക്കിറങ്ങുന്ന ഉഴവുകാരനാകാം. സ്‌കൂള്‍ മാഷാകാം, ചെത്തുകാരനാകാം, കള്ളനും പോലീസുമാകാം. ഗ്രാമത്തില്‍ നിത്യവും കാണുന്ന ഏതു കഥാപാത്രവും ശ്രീനിയിലേക്ക് സന്നിവേശിപ്പിക്കാം. അങ്ങനെ മലയാള സിനിമയില്‍ ഒരേയൊരാള്‍ മാത്രമേയുള്ളൂ ശ്രീനിവാസന്‍.

ശ്രീനിവാസന്റെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മലയാളികള്‍ വി.കെ. ശ്രീരാമന്റെ നിരീക്ഷണം ശരിയാണെന്ന് കണ്ട് ബോധ്യപ്പെട്ടു, ഇഷ്ടപ്പെട്ടു. പിന്‍ഗാമിയില്ലാതെ ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭ ഒട്ടെറെ സ്മരണകള്‍ നല്‍കിയിട്ടാണ് യാത്രയാകുന്നത്. ശ്രീനിവാസന് പകരക്കാരന്‍ ഒരിക്കലും മലയാളത്തില്‍ വന്നില്ല. ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല.

ഡിസംബര്‍ 19, ഇന്നലെ കിഴക്കന്‍ യുറോപ്പില്‍ നിന്ന് ഒരു പ്രധാന വാര്‍ത്ത മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോളണ്ട് രാജ്യത്ത് നിരോധിച്ചു; രാഷ്ട്രീയ പാര്‍ട്ടിയെന്ന പദവിയും റദ്ദാക്കി. ഇന്ന് യാത്രയായ ശ്രീനിവാസന്‍ ഈ വാര്‍ത്ത വായിച്ച് അറിഞ്ഞിരുന്നോ ആവോ?

ഒരിക്കല്‍ കുടി കോട്ടപ്പള്ളി പ്രഭാകരന്‍ നമ്മുടെ മനസില്‍ കേറി വരുന്നു. ”പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല.”

ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്, മലയാള പ്രേക്ഷകരെ ഒരിക്കല്‍ കുടി ഓര്‍മിപ്പിക്കുകയാണ്;

‘നല്ലതല്ലെന്ന കാരണത്താല്‍ ചെയ്തിട്ടില്ലാത്ത അഞ്ഞൂറു സിനിമകളാണ് ഞാന്‍ മലയാള സിനിമക്ക് നല്‍കിയ സംഭാവന”.

Content Summary; The impact Sreenivasan made on Malayalam cinema and the audience as a writer, director, and actor.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×