June 17, 2026 |
Avatar
അമർനാഥ്‌
Share on

നോവലുകള്‍ വായിക്കാന്‍ കുട്ടികളെ പഠിപ്പിച്ച ഒരാള്‍: കെ. രാധാകൃഷ്ണന്‍

ഞാന്‍ ഏറ്റവും ആദരിക്കുന്ന മൂന്നുപേരുടെ കൃതികള്‍ എഴുതണമെന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ

നാല് പതിറ്റാണ്ടായി കുട്ടികളുടെ മലയാള പുസ്തക വായനയില്‍ കെ.രാധാകൃഷ്ണന്റെ കൃതികള്‍ സജീവമാണ്. മൊബൈലും, സമൂഹമാധ്യമങ്ങളും കുട്ടികളെ പിടികൂടും മുന്‍പ് വായനയുടെ വസന്തകാലമായിരുന്ന നാളുകളില്‍, പൂമ്പാറ്റ, ബാലരമ എന്നീ പ്രസിദ്ധീകരണങ്ങള്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു. ആ പ്രസിദ്ധീകരണങ്ങളിലൊക്കെ കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ഇഷ്ടപ്പെട്ട നോവലുകള്‍ എഴുതിയ രാധാകൃഷ്ണന്‍ രണ്ട് തലമുറയിലെ കുട്ടികളുടെ വായനാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പ്രസിദ്ധനായ നോവലിസ്റ്റാണ്… ‘മനുപ്രതാപ്, അമര്‍ജിത്ത് സിംങ്ങ്, തച്ചോളി അമ്പാടി, കോലത്തിരി, കടല്‍ച്ചെന്നായ തുടങ്ങിയ രാധാകൃഷ്ണന്റെ നോവലുകള്‍ ഇപ്പോഴും പല പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. 1985 ഏപ്രിലില്‍ പൂമ്പാറ്റയില്‍ പ്രസിദ്ധീകരിച്ച രാധാകൃഷ്ണന്റെ ആദ്യ നോവല്‍ ‘മനുപ്രതാപ്’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് തകഴി പ്രകാശനം ചെയ്തു. പ്രകാശനം കഴിഞ്ഞ് അമ്പത് ദിവസം കൊണ്ട് 5,000 കോപ്പിയാണ് മനുപ്രതാപ് വിറ്റുപോയത്. 80 കളുടെ ആദ്യം ‘പൂമ്പാറ്റ’യില്‍ രാധാകൃഷ്ണന്‍ എഴുതിയ നോവലുകള്‍ കുട്ടികളെ മാത്രമല്ല ആ വീടുകളിലെ മുതിര്‍ന്ന വായനക്കാരെ പോലും ആകാംക്ഷാഭരിതരാക്കുന്നവയായിരുന്നു. രാധാകൃഷ്ണന്റെ ‘ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്’ 2011 ല്‍ മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി.

പതിനഞ്ച് വര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് നേടിയത് കെ. രാധാകൃഷ്ണനായിരുന്നു. വിവാദമൊന്നും അതിലില്ലെങ്കിലും ‘സാഹിത്യതല്‍പ്പരരും അതിന്റെ ചുറ്റുവട്ടത്തിലുള്ളവരും ചോദിച്ചു: ഇതേത് രാധാകൃഷ്ണന്‍?’ എഴുത്തുകാരുടെ ഇടയില്‍ അങ്ങനെയൊരു പേര് ആരും അത്ര കേട്ടിരുന്നില്ല. അവരൊക്കെ കേട്ടിട്ടുള്ളത് ‘കെ.രാധാകൃഷ്ണന്‍’ എന്ന എഴുത്തുകാരനെയാണ്, ‘നഹുഷ പുരാണവും’ ‘ ശമനതാളവും’ എഴുതിയ അകാലത്തില്‍ അന്തരിച്ച കെ. രാധാകൃഷ്ണന്‍. പിന്നെയുള്ളത് സാഹിത്യലോകത്തെ പ്രശസ്തരായ സി. രാധാകൃഷ്ണന്‍ മേതില്‍ രാധാകൃഷ്ണന്‍, തൊട്ട് പായിപ്ര രാധാകൃഷ്ണന്‍ വരെയാണ് അവരൊന്നുമല്ലാത്ത ഈ രാധാകൃഷ്ണന്‍ ആരാണ്?

കെ.രാധാകൃഷ്ണൻ

അവര്‍ അറിഞ്ഞോ അറിയാതെയോ പോയ ആ രാധാകൃഷ്ണന്‍ അതിപ്രശസ്തനായിരുന്നു. മറ്റൊരു സാഹിത്യലോകത്താണെന്ന് മാത്രം. നാലു പതിറ്റാണ്ടിലധികം മലയാളം വായിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ഇടയില്‍ അറിയപ്പെടുന്ന, ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു കെ. രാധാകൃഷ്ണന്‍. 80 കളില്‍ മലയാള സാഹിത്യത്തില്‍ പുതിയൊരു ശൈലി സൃഷ്ടിച്ചുകൊണ്ട് കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ തരംഗം സൃഷ്ടിച്ച പൂമ്പാറ്റയിലൂടെ വന്ന രാധാകൃഷ്ണന്‍ കുട്ടികളുടെ സാഹിത്യമേഖലയില്‍ നാല് പതിറ്റാണ്ടായി, ഇപ്പോഴും സജീവമാണ്.

നവീന ശൈലിയിലുള്ള കഥകളിലൂടേയും ചിത്രങ്ങളിലൂടേയും, സൗന്ദര്യത്തിന്റെയും മൂല്യങ്ങളുടെയും അതിശയകരവും ആകര്‍ഷകവുമായ ഒരു ലോകത്തേക്ക് പൂമ്പാറ്റ കുട്ടികളെ കൊണ്ടുപോയി. കഥകള്‍ ചിത്രങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിലെ, അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും ധാര്‍മ്മികതയുടേയും നിലാവെളിച്ചം ലക്ഷക്കണക്കിന് കുട്ടികളുടെയും വായനക്കാരുടെയും മനസ്സില്‍ പ്രസരിപ്പിച്ചു. പൂമ്പാറ്റ മാസികയുടെ വായന കുറെ തലമുറകള്‍ക്കെങ്കിലും ആഹ്ലാദകരമായിരുന്നു. അത് വെറും കുട്ടികളുടെ പ്രസിദ്ധീകരണം മാത്രമായിരുന്നില്ല. സംസ്‌കാരത്തിന്റെയും, അറിവിന്റെയും, പഠനത്തിന്റെയും ഒരു ലോകം കൂടിയായിരുന്നു.

പൂമ്പാറ്റയുടെ സ്ഥാപകൻ പി.എ.വാര്യർ

എഴുത്തുകാരനും വിവര്‍ത്തകനും ആകാശവാണിയിലെ ഉദ്യോഗസ്ഥനുമായിരുന്ന യശഃശ്ശരീരനായ പി.എ. വാര്യരാണ് 1964ല്‍ ‘പൂമ്പാറ്റ’ മാസിക ആരംഭിച്ചത്. മലയാള ആധുനിക ആനുകാലിക ബാലമാസികകളില്‍ പൂമ്പാറ്റയാണ് ഒരു ഗൗരവമുള്ള സാഹിത്യ ശാഖയായി ആദ്യം മുന്നോട്ട് വന്നത്. പിന്നീട് മലയാള മനോരമ ഗ്രൂപ്പിന്റെ 1972 ല്‍ ആരംഭിച്ച ബാലരമ അത് മുന്നോട്ട് കൊണ്ടു പോയി- പിന്നീട് മലയാളത്തില്‍ മിക്ക ദിനപത്രങ്ങളും തങ്ങളുടേതായി ബാലമാസികകള്‍ ആരംഭിച്ചു. ജനയുഗത്തിന്റെ ബാലയുഗം, മനോരാജ്യത്തിന്റെ ലാലു ലീലാ, മംഗളത്തിന്റെ ബാലമംഗളം, കുങ്കുമം ഗ്രൂപ്പിന്റെ മുത്തശ്ശി, ബാലഭൂമി, അന്യഭാഷാ പ്രസിദ്ധീകരണങ്ങളായ അമ്പിളി അമ്മാവന്‍, ചംപക് തുടങ്ങിയവ മലയാളത്തില്‍ വേറെയും, ഇതിന്റെ തുടര്‍ച്ചയായി വന്നു.

1973 ല്‍ പൂമ്പാറ്റ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പിന്നീട് പി.എ. വാര്യരില്‍ നിന്ന് ‘പൂമ്പാറ്റ’യുടെ പ്രസിദ്ധീകരണ അവകാശം വാങ്ങി എറണാകുളത്തു നിന്ന് പി. മധു (മാധവന്‍ നായര്‍) ‘സിതാര’ പബ്ലിക്കേഷനുവേണ്ടി ‘പൂമ്പാറ്റ’ 1973 ജൂണ്‍ മുതല്‍ പ്രസിദ്ധീകരണമാരംഭിച്ചു. അത് നിലച്ചപ്പോള്‍ അവരില്‍ നിന്ന് 1978 ജൂണ്‍ മാസത്തില്‍ എറണാകുളം ‘പൈ & കമ്പനി’യുടെ (പൈക്കോ) പ്രസിദ്ധീകരണമായി ‘പൂമ്പാറ്റ’യുടെ പുനഃപ്രസിദ്ധീകരണം ആരംഭിച്ചു.

പഞ്ചതന്ത്രം മുതല്‍ കഥാസരിത് സാഗരം വരെ പ്രശസ്തമായ കൃതികള്‍ മലയാളത്തില്‍ ആദ്യകാലം മുതലേ പല പതിപ്പുകള്‍ വന്നിട്ടുണ്ട്. എങ്കിലും മലയാളത്തില്‍ ബാലസാഹിത്യ മേഖലയില്‍ വിജയിച്ചവര്‍ കുറവാണ്. പ്രത്യേകിച്ച് ബാലമാസികകളില്‍. ഉള്ളൂര്‍, ജി.ശങ്കരക്കുറുപ്പ് മുതല്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയവരാണ്. നന്തനാര്‍ തൊട്ട് എംടി വരെയുണ്ട്. പക്ഷേ അവരൊന്നും അത് ഗൗരവമായി തുടര്‍ന്നില്ല. മലയാളത്തില്‍ മാലി, സുമംഗല, പി നരേന്ദ്രനാഥ്, വി.പി. മുഹമ്മദ്, പി.എ ശങ്കര നാരായണന്‍, കെ. രാമനാഥന്‍ സിപ്പി പള്ളിപ്പുറം, ബിമല്‍ കുമാര്‍ രാമങ്കരി തുടങ്ങിയവരാണ് ബാലമാസികളില്‍ എഴുതി വിജയിച്ച അപൂര്‍വം എഴുത്തുകാര്‍.

പി.എ. വാര്യരുടെ പൂമ്പാറ്റയിലെ ആദ്യ ലക്കങ്ങളിലെ ഒരു പേജ്

കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്ത് കുട്ടിക്കളിയല്ല എന്നതാണ് കാരണം. ഇന്ത്യയിലെ എല്ലാ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും തങ്ങളുടെ പത്രങ്ങളിലും മാസികകളിലും കുട്ടികളുടെ പങ്തിയോ, കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത് ഫീച്ചര്‍ സിന്‍ഡിക്കേറ്റുകളെയാണ്. ബാലമാസികകള്‍ വലിയ ചലനവും പ്രചാരവും സൃഷ്ടിക്കാത്ത ഒരു കാലം, 80 കളുടെ തുടക്കം – ആ ശൂന്യതയിലേക്കോണ് പൂമ്പാറ്റയെന്ന അത്ഭുത വിളക്ക് കുട്ടികള്‍ക്കായി അവതരിച്ചത്. അതിലെ പ്രധാന അത്ഭുതമായി, തന്റെ നോവലുകളുമായി രാധാകൃഷ്ണനും എത്തി. ‘പൂമ്പാറ്റ’യില്‍ രാധാകൃഷ്ണന്‍ എഴുതിത്തുടങ്ങിയ നോവലുകള്‍ കുട്ടികളായ വായനക്കാരെ മാത്രമല്ല വീടുകളിലെ മുതിര്‍ന്ന വായനക്കാരെ പോലും ആകാംക്ഷാഭരിതരാക്കുന്നവ ആയിരുന്നു. ‘പൂമ്പാറ്റ’ പത്രാധിപരായിരുന്ന എന്നോട് അന്ന് എഴുപതു വയസുകാരന്‍ പോലും നോവലിന്റെ കഥാന്ത്യത്തെക്കുറിച്ച് മുന്‍കൂട്ടി ചോദിച്ചിട്ടുണ്ട്. പൂമ്പാറ്റയുടെ എഡിറ്റര്‍ ആയിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു.

സ്‌കോട്ടിഷ് എഴുത്തുകാരിയായ ഷീല ബേണ്‍ഫോര്‍ഡിന്റെ An incredible journey എന്ന വിഖ്യാതനോവലിന്റെ പുനരാഖ്യാനം പൂമ്പാറ്റയില്‍ ‘ഒന്നാണ് നമ്മള്‍’ എന്ന പേരില്‍ ആദ്യഘട്ടത്തില്‍ എഴുതിയത് 70 കളുടെ മധ്യത്തില്‍ വേറിട്ട ശൈലിയില്‍ ചെറുകഥകള്‍ എഴുതിയ ശ്രദ്ധേയനായ കഥാകാരന്‍ വിക്ടര്‍ ലീനസ് ആയിരുന്നു. കബീര്‍ എന്ന പേരിലാണ് വിക്ടര്‍ ലീനസ് അത് എഴുതിയത്. രണ്ട് ലക്കത്തിന് ശേഷം രാധാകൃഷ്ണനാണ് അത് തുടര്‍ന്ന് എഴുതി പൂര്‍ത്തിയാക്കിയത്.

‘ഒരു ചരിത്ര പശ്ചാത്തലമെടുത്ത് കുട്ടികളെ കഥാസന്ദര്‍ഭങ്ങള്‍ അനുഭവിപ്പിക്കുകയും ആകാംക്ഷ നിലനിര്‍ത്തി മുന്നോട്ടു നയിക്കുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ ആഖ്യാന വൈഭവം – അതൊന്ന് വേറെ തന്നെയാണ്.’ പൂമ്പാറ്റയുടെ എഡിറ്ററായിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ പറയുന്നു. നാല് പതിറ്റാണ്ടായി ബാല പ്രസിദ്ധീകരണത്തില്‍ ഉറച്ചുനിന്ന ഒറ്റയാനാണ് രാധാകൃഷ്ണന്‍. മറ്റുള്ളവര്‍ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍ രാധാകൃഷ്ണന്‍ അതില്‍ തന്നെ ഉറച്ചുനിന്നു. ‘പൂമ്പാറ്റ’ മാസികയിലൂടെയാണ് രാധാകൃഷ്ണന്റെ ആദ്യകാലത്തെ പ്രമുഖ, സൂപ്പര്‍ ഹിറ്റുകളായ, നോവലുകള്‍ എല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്: 1980-ല്‍ ‘മനുപ്രതാപി’ല്‍ തുടങ്ങിയ ജൈത്രയാത്ര, ‘തച്ചോളി അമ്പാടി’, ‘അമര്ജിത് സിംഗ്’, ‘ഭൂപതിക്കോട്ട’, ‘കോലത്തിരി’, ‘സുവര്‍ണഭ്രദ’ ഇങ്ങനെ പലതും… ചില നോവലുകള്‍ കെ. ബാബു എന്നപേരിലും രാധാകൃഷ്ണന്‍ എഴുതി.

പൂമ്പാറ്റ എറ്റെടുത്ത പൈക്കോയുടെ ഉടമ എസ്.വി. പൈ

പൂമ്പാറ്റ, ബാലരമ, പിന്നെ ബാലഭൂമി എന്നീ പ്രസിദ്ധീകരണങ്ങളുടെ സുവര്‍ണ്ണ കാലത്ത് അവയുടെ പ്രചാരം ഉയര്‍ത്തുന്നതിലും മാസിക വിജയിപ്പിക്കുന്നതിലും രാധകൃഷ്ണന്റെ നോവലുകള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പഴയ പൂമ്പാറ്റ വായനക്കാരുടെ ആവശ്യമനുസരിച്ച് ആ നോവലുകള്‍ പുസ്തക രൂപത്തില്‍ ഇപ്പോഴും പുറത്ത് വരുന്നു. മിക്ക നോവലുകളും പല പതിപ്പായി. 2011 ല്‍ ‘ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്’ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം രാധാകൃഷ്ണന്‍ നേടി. അതിന്റെ പത്താം പതിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നത്.

മലയാള മനോരമയില്‍ നിന്ന് വിരമിച്ച് സ്വദേശമായ ആറ്റിങ്ങലില്‍ വിശ്രമജീവിതം നയിക്കുന്ന 75 കാരനായ രാധാകൃഷ്ണന്‍ കുട്ടികള്‍ക്കായുള്ള എഴുത്തില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ആഴ്ചയാണ് രാധാകൃഷ്ണന്റെ 25-ാംമത്തെ പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ‘ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ കുട്ടികള്‍ക്ക്’ എന്ന പുസ്തകം നാല്‍പ്പത് വര്‍ഷത്തെ തന്റെ കുട്ടികളുടെ പ്രസിദ്ധീകരണ എഴുത്തനുഭവങ്ങള്‍ ഇതാദ്യമായി കെ. രാധാകൃഷ്ണന്‍ അഴിമുഖത്തിനോട് പങ്കുവെയ്ക്കുന്നു.

സ്‌കൂള്‍ സിലബസ് അടിസ്ഥാനപ്പെടുത്തിയ ഉള്ളടക്കം ബാലപ്രസിദ്ധീകരണങ്ങള്‍ ചിന്തിക്കാത്ത കാലത്ത് ഈ മേഖലയില്‍ എഴുതി തുടങ്ങിയ എഴുത്തുകാരനാണ് താങ്കള്‍. ബാലസാഹിത്യത്തിലേക്ക് തിരിയാന്‍ എന്താണ് കാരണം? ആദ്യം എഴുതിയ ബാലസാഹിത്യം ഏതാണ്? ബാലപ്രസിദ്ധീകരണങ്ങളില്‍ എഴുതിയ നോവലുകളില്‍ ഏറ്റവും വ്യത്യസ്തമായി തോന്നിയത് ഏതാണ്? കാരണം?

ബാലസാഹിത്യത്തിലേക്കു ഞാന്‍ തിരിഞ്ഞതല്ല. എന്നെ തിരിച്ചുവിട്ടതാണ്. 80 കളുടെ ആദ്യം പൂമ്പാറ്റയുടെ എഡിറ്ററായിരുന്ന എന്‍. എം. മോഹനനാണ് അത് ചെയ്തത്. അതിനു മുന്‍പ് ഞാന്‍ തിരുവനന്തപുരം പ്രസിദ്ധീകരണങ്ങളില്‍ കഥയും ലേഖനവുമൊക്കെ എഴുതുമായിരുന്നു. 1979 ലാണ് ഞാന്‍ മലയാള മനോരമ ദിനപത്രത്തില്‍ ജോലികിട്ടി എറണാകുളത്ത് എത്തുന്നത്. സുഹൃത്തുക്കളൊന്നും ആ പട്ടണത്തില്‍ എനിക്കില്ലായിരുന്നു. എറണാകുളത്ത് തികഞ്ഞ അപരിചിതത്വത്തിലേക്കാണ് ചെന്നിറങ്ങിയത്.

രാധാകൃഷ്ണന്റെ 25-ാംമത്തെ പുസ്തകം

അവിടെ ഒരു പിടിവള്ളിയായി എനിക്കു കിട്ടിയതാണ് മോഹനന്‍ എന്ന ബുദ്ധിമാനായ എഡിറ്ററെ. പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്‌നേഹിതനായ എന്റെ അളിയന്‍ യദുവണ്ണനാണ്. കേരള കൗമുദിയില്‍ ഉണ്ടായിരുന്ന പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജി. യദുകുലകുമാര്‍. പൂമ്പാറ്റയില്‍ എത്തിയ എന്നെ കര്‍ക്കശനായ മോഹനന്‍ കാര്യമായി സ്വീകരിച്ചൊന്നുമില്ല. എന്നാലും അദ്ദേഹത്തിന് പിന്നില്‍ ഒരു മറയ്ക്ക് അപ്പുറം അതിവിശാലമായ ഒരു ലൈബ്രറി കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആകൃഷ്ടനായി. അതില്ലായിരുന്നെങ്കില്‍ പിന്നെ ഒരിക്കല്‍ക്കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നില്ല.

അന്നു മുതല്‍ എല്ലാദിവസവും ഞാന്‍ പൂമ്പാറ്റയില്‍ എത്തി. കഴിയുന്നതും ആരോടും സംസാരിക്കാത്ത ഞാനും മോഹനനുമായുള്ള ബന്ധം ഒരു ചിരിയില്‍ ഒതുങ്ങുന്നതായിരുന്നു. അദ്ദേഹത്തെ മറികടന്ന് ലൈബ്രറിയില്‍ എത്തി അവിടിരുന്ന് വായിക്കുന്ന എന്റെ സാന്നിധ്യം മോഹനന്‍ അറിഞ്ഞിരുന്നോ എന്നു തന്നെ എനിക്കു സംശയമാണ്. ഒരു പുസ്തകം തുടര്‍വായനയ്ക്കായി ലോഡ്ജിലേക്ക് കൊണ്ടുപോകാനുള്ള ധൈര്യം മോഹനന്‍ എനിക്കു തന്നിട്ടുമില്ല.

അതിനിടയ്ക്കാണ് എന്റെ കോണ്‍ടിക്കി എന്ന പുസ്തക പുനരാഖ്യാനം പ്രസിദ്ധീകരിച്ചത്. പുസ്തക രൂപത്തിലുള്ള എന്റെ ആദ്യത്തെ രചന. അതുപോലും ഞാന്‍ മോഹനനെ കാണിച്ചില്ല. പക്ഷേ, എങ്ങനെയോ അത് അദ്ദേഹത്തിന്റെ കൈകളില്‍ എത്തി. അത് വായിച്ച് അദ്ദേഹത്തിന് എന്റെ രചനാ രീതിയില്‍ മതിപ്പ് തോന്നിയിരിക്കണം. എന്റെ ആദ്യപുസ്തകമായ ‘കോണ്‍ടിക്കി’ പ്രസിദ്ധീകരിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. തോര്‍ ഹെയര്‍ദാലിന്റെ സാഹസികമായ, ഒരു ചങ്ങാട സമുദ്രയാത്രയാണ് വിഷയം. 1979 ല്‍, അതായത് നാല്‍പ്പത്തേഴ് വര്‍ഷം മുന്‍പാണ് അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

ഒന്നു രണ്ടു നാള്‍ കഴിഞ്ഞ് ഒരു ദിവസം, മോഹനന്‍ ഒരു ഇംഗ്ലീഷ് കഥ തന്നിട്ട് അതൊന്ന് മലയാളത്തില്‍ ആക്കിക്കൊടുക്കാന്‍ പറഞ്ഞു. അത്യാഗ്രഹിയുടെ തലയില്‍ ചക്രം വീഴുന്ന പ്രശസ്തമായ പഞ്ചതന്ത്ര കഥയായിരുന്നു അത്. അത് വിവര്‍ത്തനം ചെയ്യുന്നതിനു പകരം ഞാനതു മറ്റൊരു തരത്തില്‍ പുനരാഖ്യാനം ചെയ്തു. അതു വായിച്ച അദ്ദേഹം പിന്നെ നിരന്തരം എനിക്ക് ഇംഗ്ലീഷ് കഥകള്‍ തരാന്‍ തുടങ്ങി. അക്കാലത്ത് തന്നെ ഇംഗ്ലീഷിലെ ബാലസാഹിത്യത്തോട് എനിക്കൊരു ബഹുമാനവും തോന്നിയിട്ടില്ല. അതുകൊണ്ട് എല്ലാംതന്നെ ഞാന്‍ മലയാള ശൈലിയില്‍ എന്റെ സ്വന്തം ശൈലിയില്‍ പുനരാഖ്യാനം നടത്തുകയാണു ചെയ്തത്.

ഏറെ താമസിയാതെ, പൂമ്പാറ്റ മാസിക ദ്വൈവാരികയായി. അന്ന് മുതല്‍ മോഹനന്‍ അതില്‍ ഒരു നോവല്‍ ആരംഭിച്ചു. ആദ്യമായി അതില്‍ അച്ചടിച്ച നോവല്‍ അദ്ദേഹത്തിനു തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മറ്റൊരു നോവല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഒരു നോവല്‍ പുനരാഖ്യാനത്തിന് അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ഒരു പരീക്ഷണമായിരുന്നു അതിനായി എനിക്ക് തന്ന പുസ്തകം. അത് എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഞാന്‍ ഒരു ദിവസം മനോരമയില്‍ നിന്നു ലീവെടുത്ത് രാവിലെ മുതല്‍ ഒരു സ്വതന്ത്ര നോവല്‍ എഴുതിത്തുടങ്ങി. രാത്രി പന്ത്രണ്ടോടെ അതെഴുതിത്തീര്‍ത്തു. അതാണ് എന്റെ ആദ്യ ബാലനോവലായ മനുപ്രതാപ്. അതു മുഴുവന്‍ വായിച്ചതോടെ മോഹനന്‍ ആ ലക്കത്തില്‍ തന്നെ മനുപ്രതാപ് നോവലിന്റെ പരസ്യം നല്‍കി. അച്ചടിച്ചുകൊണ്ടിരുന്ന നോവല്‍ അദ്ദേഹം വെട്ടിച്ചുരുക്കി അവസാനിപ്പിച്ചു. പിറ്റേ ലക്കം മുതല്‍ മനുപ്രതാപ് ആരംഭിച്ചു. മനുപ്രതാപ് വായനക്കാര്‍ ഇരുകൈ നീട്ടി സ്വീകരിച്ചതോടെ എന്റെ നോവലെഴുത്തില്‍ എനിക്ക് ആത്മവിശ്വാസം വന്നു.

പൂമ്പാറ്റയുടെ എഡിറ്ററായിരുന്ന എൻ.എം. മോഹനൻ

അന്നു മുതല്‍ ഞാന്‍ ബാലസാഹിത്യത്തില്‍ സ്വീകരിച്ചുവരുന്ന ഒരു നിലപാടുണ്ട്. ‘പണ്ടു പണ്ട്…’ എന്നു തുടങ്ങുന്ന ഇംഗ്ലീഷ് ശൈലിയിലെ ബാലനോവലുകളെ ഞാനൊരിക്കലും മാനിച്ചിരുന്നില്ല. ആരും നിര്‍ബന്ധിക്കാതെ കുട്ടികള്‍ സ്വയം വായിക്കുന്ന ചടുലമായ നോവലുകളാണ് എന്നും എന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെയുള്ളതേ ഞാന്‍ എഴുതിയിട്ടുമുള്ളൂ. ആ കാലത്ത് അത് അംഗീകരിക്കാന്‍ മോഹനനല്ലാതെ മറ്റൊരു എഡിറ്റര്‍ക്കും കഴിയുമായിരുന്നില്ല.

ഓടിച്ചാടി തിമിര്‍ത്തു നടക്കുന്ന കുഞ്ഞുങ്ങളെ ബോറടിപ്പിക്കുന്ന സാരോപദേശങ്ങള്‍ അവരുടെ വായിലേക്ക് തള്ളിക്കൊടുക്കുന്ന ഒരു പ്രക്രിയയാണ് എല്ലായ്‌പ്പോഴും മലയാളത്തിലെ ബാലസാഹിത്യം. അതല്ല വേണ്ടതെന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചു. അതു മോഹനനും ശരിവച്ചു. അതിന്റെ പേരില്‍ താത്വികരായ, പരമ്പരാഗത ബാലസാഹിത്യകാരന്മാര്‍ ഞങ്ങളെ വലിയൊരു അളവുവരെ പുച്ഛിക്കുകയും ചെയ്തു.

ഇന്നും എന്റെ വീക്ഷണം തന്നെയായിരുന്നു ശരിയെന്ന് ഞാന്‍ കരുതുന്നു. പരക്കെ വായിക്കപ്പെട്ട എന്റെ നോവലുകളില്‍ മുഖ്യസ്ഥാനം ഞാനും നന്മയ്ക്കു തന്നെയാണു നല്‍കിയിരുന്നത്. കുട്ടികള്‍ വായിക്കുന്നില്ലെങ്കില്‍ നാം എത്ര സാരോപദേശം വിളമ്പിയിട്ടും കാര്യമില്ല എന്ന് നമ്മുടെ ബാലസാഹിത്യ മഹാരഥന്മാര്‍ ചിന്തിക്കുന്നില്ല. കുട്ടികള്‍ക്കു വേണ്ടതാണ് ഞാന്‍ കൊടുത്തുകൊണ്ടിരുന്നത്. അതിലൂടെ ഞാനും അവര്‍ക്കു നല്‍കിയിരുന്നത് സാഹിത്യ വിശാരദന്മാര്‍ നല്‍കിയിരുന്ന അതേ സാരോപദേശം തന്നെയാണ്. നന്മയേ വിജയിക്കൂ എന്നും സത്യത്തിന് മാത്രമേ സ്ഥാനമുള്ളൂ എന്നും ഞാനവരെ എന്നും പഠിപ്പിച്ചു. സാരോപദേശം മാത്രം വിളമ്പിയവര്‍ക്ക് അതൊന്നും ഒരിക്കലും കുട്ടികളില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഞാനോര്‍ക്കുന്നു.

എസ്. രമേശൻ നായരുടെ കവിത പൂമ്പാറ്റയിൽ

എത്രയോ കാലം നോവല്‍ രംഗത്ത് ബാലപ്രസിദ്ധീകരണങ്ങളില്‍ എന്റെ മാത്രം നോവല്‍ എന്ന ഒരു അവസ്ഥയിലേക്ക് എത്തപ്പെട്ടു. അങ്ങനെ അവിചാരിതമായി ബാലസാഹിത്യത്തില്‍ എഡിറ്റര്‍ എന്‍.എം. മോഹനന്‍ എന്നെ അവരോധിച്ചു. അതില്ലെങ്കില്‍ ഞാന്‍ ഒരു ബാലസാഹിത്യകാരനേ ആകുമായിരുന്നില്ല. അതു ഗുണമാണോ ദോഷമാണോ എനിക്കു ചെയ്തതെന്ന് ഇന്നും അറിയില്ല.
എന്‍.എം. മോഹനനു ശേഷം പൂമ്പാറ്റയില്‍ വന്ന എഡിറ്റര്‍ ആര്‍. ഗോപാലകൃഷ്ണനും മോഹനന്റെ അതേ പാത പിന്തുടര്‍ന്നു. അതുകൊണ്ട് അപ്പോഴും പഴയതുപോലെ ആ രംഗത്തു ഞാന്‍ തുടര്‍ന്നു.

കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ നോവലുകളില്‍ ഏറ്റവും വ്യത്യസ്തമായി തോന്നിയത് ഏതാണ്? കാരണം?

എഴുതിയതെല്ലാം വിജയിപ്പിച്ച ഒരാളോട് ഏതു നോവലിനെയാണ് വിലമതിക്കുന്നത് എന്ന ചോദ്യം ചോദിച്ചാല്‍ മറുപടി പറയാന്‍ സമയം എടുക്കും. ഇംഗ്ലീഷ് ശൈലിയും കഥാപാത്രങ്ങളും ഒക്കെ നിറയുന്ന, ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘നഷ്ടപ്പെട്ട നിധി’ ആണ് ശരിക്കും വ്യത്യസ്തമായി എനിക്കു തോന്നിയിട്ടുള്ളത്. കാര്യമായ റിസര്‍ച്ച് ഇല്ലാതെ ഒരു നോവലും ഞാന്‍ എഴുതിയിട്ടില്ല. മൂന്ന് തലമുറയുടെ കഥയാണ് ‘നഷ്ടപ്പെട്ട നിധി’ റോബര്‍ട്ട് ക്ലൈവിനെപ്പോലുള്ള ഒരുപാട് ചരിത്രനായകരും അതില്‍ അണിനിരക്കുന്നുണ്ട്. ഡൈനോസര്‍ ഫോസിലുകളും അതിന്റെ കരിഞ്ചന്തയും കള്ളക്കടത്തുമൊക്കെ കുട്ടികള്‍ ആദ്യം വായിച്ച് മനസിലാക്കിയത് അതിലാണ്. അതിന്റെ ഓരോ ലക്കത്തിലും ഓരോരോ കാര്യങ്ങള്‍ വിശദീകരിക്കുന്ന ബോക്‌സുകള്‍ നല്‍കാന്‍ ബാലഭൂമിയുടെ അന്നത്തെ എഡിറ്ററായ കെ.എസ്. രാമന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാലഭൂമിയിലാണ് അത് അച്ചടിച്ചു വന്നത്. നോവലിന്റെ വിശേഷങ്ങള്‍ അറിയാന്‍ വടക്കന്‍ കേരളത്തില്‍ നിന്ന് എത്രയോ ഫോണ്‍ കോളുകളാണ് ആ കാലത്ത് എനിക്കു ദിവസേന കിട്ടിക്കൊണ്ടിരുന്നത്.

പൂമ്പാറ്റയുടെ എഡിറ്റായിരുന്ന ആർ. ഗോപാല കൃഷ്ണൻ

1978 ല്‍ ജൂണ്‍ മാസം മുതല്‍ എസ്.വി. പൈയുടെ കമ്പനിയായ പൈകോ പൂമ്പാറ്റ ഏറ്റെടുത്ത് പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. പിന്നീട് ബാലപ്രസിദ്ധീകരണ രംഗത്ത് ഒരു പുതിയ ശൈലിയും മാതൃകയും വഴികാട്ടിയുമായി പൂമ്പാറ്റയെ മാറ്റുന്നതില്‍ പൈകോ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്തായിരുന്നു അന്നത്തെ പൂമ്പാറ്റയുടെ എഡിറ്റോറിയല്‍ സംവിധാനം ?

ഞാന്‍ പൂമ്പാറ്റയില്‍ എത്തുമ്പോള്‍ അവിടെ ഒരു എഡിറ്ററേ ഉള്ളൂ. രാത്രി പതിനൊന്നു മണി വരെയൊക്കെ ഇരുന്നു ജോലി ചെയ്യുന്ന കഠിനാദ്ധ്വാനിയായ എഡിറ്റര്‍ എന്‍.എം. മോഹനന്‍. പേജുകള്‍ പോലും മോഹനന്‍ തന്നെയാണ് രൂപകല്‍പന ചെയ്തിരുന്നത്. മാറ്റര്‍ മുഴുവന്‍ പ്രിന്റ് ഔട്ട് എടുക്കും. ബ്രോമൈഡ് ആക്കി മാറ്റി ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കും.

ഓരോ പേജിലും അതു വെട്ടിയൊട്ടിക്കും. ചിത്രങ്ങള്‍ വരയ്ക്കുന്ന ആര്‍ട്ടിസ്റ്റുകളെയും മോഹനന്‍ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഓരോ പേജിലും വേണ്ട ചിത്രങ്ങള്‍ക്ക് പുസ്തകങ്ങളില്‍ നിന്ന് ലോകോത്തര മാതൃകകള്‍ നല്‍കി അതു പെന്‍സില്‍ സ്‌കെച്ചുകളാക്കി കണ്ട് അദ്ദേഹം അപ്രൂവ് ചെയ്തശേഷം മാത്രമേ ആര്‍ട്ടിസ്റ്റിന് ചിത്രം വരയ്ക്കാന്‍ കഴിയൂ. മഹത്തായ ആ അര്‍പ്പണബോധമാണ് തൊട്ടതെല്ലാം വിജയിപ്പിക്കാന്‍ എന്‍.എം. മോഹനന്‍ എന്ന എഡിറ്ററെ സഹായിച്ചത്.

ആദ്യമായി മോഹനനെ സഹായിക്കാന്‍ എത്തിയതു ഞാനാണ്. ചെറിയ കഥകള്‍ മുതല്‍ നോവല്‍ വരെ ഞാന്‍ ചെയ്തു. 1980 ഏപ്രിലില്‍ പൂമ്പാറ്റ അമര്‍ ചിത്രകഥകള്‍ തുടങ്ങിയപ്പോള്‍ ആദ്യ ലക്കങ്ങള്‍ ഞാന്‍ പരിഭാഷപ്പെടുത്തി. പക്ഷേ, ആ വിവര്‍ത്തനമെല്ലാം മോഹനന്‍ മാറ്റിയെഴുതുമായിരുന്നു. അതിലൂടെ അതിനു വരുന്ന രൂപപരിണാമം കണ്ട് ഞാന്‍ അന്തംവിട്ടു നിന്നു പോയിട്ടുണ്ട്. പിന്നാലെ എം.ജി. ഇന്ദുചൂഡനും തുടര്‍ന്ന് ആര്‍.ഗോപാലകൃഷ്ണനും വന്നു. അതോടെ അതിപ്രഗത്ഭരുടെ ഒരുനിര തന്നെ എഡിറ്റോറിയലില്‍ എത്തി. അതില്‍പ്പിന്നെ ഞാന്‍ നോവല്‍ രചനയിലേക്കു മാത്രം ഒതുങ്ങി. ആ നിരയെ ഭേദിക്കാന്‍ കഴിയുന്ന മറ്റൊരു എഡിറ്റോറിയല്‍ നിരയും ഞാന്‍ പിന്നെ കണ്ടിട്ടില്ല. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ നല്ല കഴിവുണ്ടായിരുന്ന ഇന്ദുചൂഡന്‍ പിന്നീട് മലയാള മനോരമയില്‍ ചേര്‍ന്നു.

എം.ജി. ഇന്ദുചൂഡൻ

മലയാളത്തിലെ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളെ ഏറ്റവും പ്രചാരമുള്ളവയാക്കിയ ബാലരമ, പൂമ്പാറ്റ എന്നിവയുടെ എഡിറ്ററായ എന്‍.എം മോഹനനെ ബാലപ്രസിദ്ധീകരണങ്ങള്‍ വിജയിപ്പിച്ച ഫോര്‍മുലയുടെ ഉപജ്ഞാതാവ് എന്നാണ് ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത് – 1980 മുതല്‍ 1995 വരെ ആദ്യം പുമ്പാറ്റ, പിന്നെ ബാലരമ എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്റര്‍ എന്‍.എം. മോഹനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന താങ്കള്‍ ആ കാലത്തെ കുറിച്ച് പറയാമോ?

പൂമ്പാറ്റ ഉള്ളടക്കത്തിന്റെ പ്രത്യേകത ഞാന്‍ നേരത്തേ പറഞ്ഞതു തന്നെ കുട്ടികളെ കാത്തിരുന്നു വായിപ്പിക്കുന്ന ശൈലി. വിരസമായ ഇംഗ്ലീഷ് ശൈലിയില്‍ നിന്നു തികച്ചും വ്യത്യസ്തമായി മലയാളത്തില്‍ രൂപപ്പെടുത്തിയ ശൈലി. ഉത്തമ ഇംഗ്ലീഷ് രചനകള്‍ മലയാളത്തില്‍ എത്തുമ്പോഴും അതിനു നല്‍കുന്ന മലയാള പരിവേഷം. ഏതൊരു വിദേശ ലേഖനം നല്‍കുമ്പോഴും അതിനു സമാനമായി മലയാളത്തിലുള്ള എന്തെങ്കിലും കണ്ടുപിടിച്ചു നല്‍കാതെ മോഹനന്‍ അടങ്ങുമായിരുന്നില്ല. മുപ്പതു ശതമാനം വരെ റിട്ടയേര്‍ഡ് നിര വായനക്കാര്‍ പൂമ്പാറ്റ വായിക്കാറുണ്ടായിരുന്നു. എന്റെ നോവലിന്റെ അടുത്ത ലക്കത്തെക്കുറിച്ച് അറിയാന്‍ അവര്‍ നിരന്തരം വിളിക്കുമായിരുന്നു. അത് ഇനിയും എഴുതിയിട്ടില്ലെന്നും എഴുതിക്കിട്ടിയാലേ മറുപടി പറയാനാകൂവെന്നും പത്രാധിപസമിതി സത്യസന്ധമായി മറുപടി നല്‍കുമായിരുന്നു. കാരണം ഞാന്‍ ഓരോ ലക്കവും അപ്പപ്പോള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. പൂമ്പാറ്റയിലൂടെ വ്യത്യസ്തമായ വിഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ മോഹനന്‍ എന്നും ശ്രമിച്ചിരുന്നു.

എന്റെ അളിയനായ യദുകുലകുമാറിനെപ്പോലെ പത്രരംഗത്തെയും ബുദ്ധിജീവികളുടെയും വലിയൊരു സുഹൃദ് വലയം മോഹനനുണ്ടായിരുന്നു. അവരെല്ലാം എറണാകുളത്തെ ജ്യൂ സ്ട്രീറ്റിലുള്ള പൂമ്പാറ്റയുടെ ഓഫീസില്‍ സമ്മേളിക്കുമായിരുന്നു. വൈകുന്നേരത്തോടെ മനോരമ ഓഫീസില്‍ ജോലിക്ക് പോകേണ്ടതിനാല്‍ എനിക്ക് അവരെയൊന്നും അങ്ങനെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവരില്‍ നിന്നൊക്കെ പുതിയ പുതിയ ആശയങ്ങള്‍ മോഹനന് ലഭിച്ചത് പൂമ്പാറ്റയുടെ വളര്‍ച്ചയ്ക്ക് സഹായകരമായി.

2011 ൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ രാധാകൃഷ്ണൻ്റെ പുസ്തകം

തച്ചോളി അമ്പാടി പൂമ്പാറ്റയില്‍ വന്ന താങ്കളുടെ നോവല്‍ ഏറെ പ്രസിദ്ധമായിരുന്നു. പൈക്കോ അത് പുസ്തക രൂപത്തില്‍ പിന്നീട് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് വന്ന, കെ. രാധാകൃഷ്ണന്റെ നോവലുകള്‍ പൂമ്പാറ്റയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല പങ്ക് അന്ന് വഹിച്ചിരുന്നു എന്നത് അതിശയോക്തിയല്ല – അന്നത്തെ പൂമ്പാറ്റ വിശേഷങ്ങള്‍ എന്താണ് ?

പൂമ്പാറ്റയില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രസിദ്ധമായ ചിത്രകഥയും മറ്റ് ഇനങ്ങളും ബോംബെയിലെ ഇംഗ്ലീഷ് മാസിക ടിങ്കിളില്‍ നിന്നായിരുന്നു. അതിന്റെ എഡിറ്ററായ അനന്ത പൈക്കും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കും വലിയ വിലയാണ് മോഹനനും ആര്‍ ജി ഗോപാലകൃഷ്ണനും നല്‍കിയിരുന്നത്. കുട്ടികളുടെ മാസികളുടെ പള്‍സ് അറിയാവുന്ന അവര്‍ അതിനെ വിലമതിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം അത്രയ്ക്ക് വലുതായിരുന്നിരിക്കണം. പല തവണ അനന്ത പൈ പൂമ്പാറ്റ ഓഫീസുകളില്‍ വന്നിട്ടുമുണ്ട്. അതിലെ ചിത്രീകരണങ്ങളുടെ കാര്യത്തില്‍ മോഹന്‍ദാസിന്റെ സ്വാധീനം ഇന്നും വളരെ വലുതാണല്ലോ. മോഹന്‍ദാസ് വന്നതും അനന്ത പൈ മാഗസിനുകളിലൂടെയാണ്. തീര്‍ച്ചയായും മോഹന്‍ ദാസ് വരച്ചിരുന്ന കപീഷിന് അന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അതെത്രയുണ്ടെന്ന് കണ്ടറിയണം. അന്നത്തെ മാഗസിന്റെ മൊത്തം പ്രതിച്ഛായയാണ് കപീഷിനെ ഉന്നതിയില്‍ എത്തിച്ചിരുന്നത്. അതെത്രയോ കാലമായി മലയാളത്തിന് നഷ്ടപ്പെട്ടല്ലോ. എന്റെ നോവലുകള്‍ ചിത്രീകരിച്ചിരുന്ന പൂമ്പാറ്റ ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ ചൂലിശ്ശേരി എന്ന ചിത്രകാരനും പൂമ്പാറ്റയുടെ വരകളെ മനോഹരമാക്കുന്നതില്‍ നല്ല പങ്കുവഹിച്ചിരുന്നു.

പൂമ്പാറ്റയില്‍ നിന്ന് ബാലരമയിലേക്ക് എഴുത്ത് മാറ്റിയപ്പോള്‍ കെ. രാധാകൃഷ്ണന്റെ നോവലുകള്‍ വീണ്ടും പ്രതൃക്ഷപ്പെട്ടു. 1996 ല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമായി ബാലരമ. മൂന്നുലക്ഷത്തി അറുപതിനായിരത്തിലധികം കോപ്പികള്‍ ബാലരമ പ്രചാരം കൈവരിച്ചപ്പോഴും രാധാകൃഷ്ണന്റെ നോവലുകള്‍ തുടര്‍ച്ചയായി അതില്‍ വന്നിരുന്നു. പൂമ്പാറ്റ – ബാലരമ അതേ എഡിറ്റര്‍- ഈ താരതമ്യം എങ്ങനെ വിലയിരുത്താം?

പൂമ്പാറ്റയിലെ എന്റെ വന്‍കിട ക്യാന്‍വാസുകള്‍ എനിക്കു ബാലരമയില്‍ തുടരാനായില്ല. അതിനു കാരണം മനോരമയ്ക്ക് മുതിര്‍ന്നവരുടെ ഒത്തിരി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടെന്നും ആയതിനാല്‍ ചെറിയ നോവലുകള്‍ മതിയെന്നും എന്‍.എം. മോഹനന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതില്‍ ഗവേഷണം നടത്തി ആ വിഷയം കുട്ടികളെ പഠിപ്പിക്കുന്ന ഒരു ശൈലിയാണ് ഞാന്‍ അതുവരെ പിന്തുടര്‍ന്നു വന്നത്. അത് വളരെ ഇഫക്ടീവും ആയിരുന്നു. ഇംഗ്ലീഷിലെ വന്‍കിട നോവലിസ്റ്റുകളുടെ ഒരു രീതിയായിരുന്നു അത്. ആര്‍തര്‍ ഹെയ്‌ലി, ഡാന്‍ ബ്രൗണ്‍ തുടങ്ങിയവരുടെ ശൈലിയും രീതിയും. ബാലരമയില്‍ പക്ഷേ, എനിക്കതിനു പറ്റിയില്ല. അതുകൊണ്ട് ഞാനും എഡിറ്ററും എന്ന താരമ്യത്തിനു വലിയ പ്രസക്തിയില്ല.

പൂമ്പാറ്റ വിവിധ കാലഘട്ടങ്ങളിൽ

മലയാള മനോരമയുടെ ശക്തമായ പിന്‍ബലം ഉണ്ടായിട്ടാണ് ബാലരമ പ്രസിദ്ധീകരണങ്ങള്‍ വിജയിച്ചത് എന്ന് പറയാമോ? പക്ഷേ, പൈക്കോ പോലെ ഒരു ചെറുകിട കമ്പനിയുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റയുടെ വിജയവുമായി തട്ടിച്ച് നോക്കുമ്പോള്‍ പൂമ്പാറ്റ ബാലരമയേക്കാള്‍ ഗുണത്തിലും പ്രചാരത്തിലും ഒരു ചുവട് മുന്നില്‍ എന്ന് പറയാന്‍ കഴിയുമോ?

മനോരമയുടെ ശക്തമായ പിന്തുണ ഇപ്പോഴുമുണ്ടല്ലോ. അപ്പോള്‍ അതാണ് പണ്ട് സഹായിച്ചത് എന്ന് എങ്ങനെ പറയാനാവും. മോഹനന്‍ പൂമ്പാറ്റ വളര്‍ത്തുമ്പോഴും ആര്‍. ഗോപാലകൃഷ്ണന്‍ അതു ശക്തമായി നിലനിര്‍ത്തുമ്പോഴും എതിര്‍വശത്ത് മനോരമയുടെ ശക്തിയുണ്ടായിരുന്നു. അതും ഓര്‍ക്കാം. പൂമ്പാറ്റയാണ് കുട്ടികളുടെ പ്രസിദ്ധീകരണ രംഗത്ത് പരക്കെ കാലുറപ്പിച്ചത്. മോഹനന്‍ സൃഷ്ടിച്ച ഒരു വിജയമാതൃക തന്നെ ആയിരുന്നു അത്. അദ്ദേഹം ബാലരമയിലേക്ക് ചേക്കേറിയപ്പോഴും അദ്ദേഹം അതേ മാതൃക തന്നെ തുടര്‍ന്നു. പില്‍ക്കാലം സ്വന്തം നീചബുദ്ധിയിലൂടെ പൂമ്പാറ്റയുടെ അടിത്തറ തകര്‍ക്കും വരെ അദ്ദേഹത്തിന് ബാലരമയെ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുമില്ല.

ബാലപ്രസിദ്ധീകരണത്തിന്റെ കാലം കഴിഞ്ഞു. ബാലരമ, ബാലഭൂമിയൊഴികെ മിക്കവാറും മാസികകള്‍ പൂട്ടി. എല്ലാം കൂടിയാല്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ ഒരു ലക്ഷം കോപ്പികള്‍ പ്രചാരം കാണും ഇന്ന് – പ്രിന്റ് മീഡിയയെ ബാധിച്ച അവശതയ്ക്ക് മുന്‍പ് തന്നെ ബാലപ്രസിദ്ധീകരണങ്ങളുടെ തളര്‍ച്ച തുടങ്ങി. ബാല പ്രസിദ്ധീകരണങ്ങളുടെ കാലം കഴിയുകയാണോ ? കഴിഞ്ഞ നാല്‍പ്പതാണ്ട് ഈ മേഖലയില്‍ എഴുതുന്ന ഒരാളെന്ന നിലയില്‍ എന്താണ് അഭിപ്രായം?

ബാലപ്രസിദ്ധീകരണങ്ങളുടെ കാലം കഴിഞ്ഞെന്നു കരുതാനാവില്ല. കുട്ടികള്‍ക്കു വേണ്ടിയുള്ള എത്രമാത്രം പുസ്തകങ്ങളാണ് ഈ രംഗത്ത് വിറ്റഴിയുന്നത്. ആ നിലയില്‍ എവിടെയോ പിഴച്ചു എന്നല്ലാതെ കാലമൊന്നും കഴിഞ്ഞിട്ടില്ല. മോഹനന്റെ തലമുറയിലെപ്പോലെ അര്‍പ്പണബോധത്തോടെ ഇത്തരം മാഗസിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇനിയും ബാലപ്രസിദ്ധീകരണങ്ങള്‍ക്ക് പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. എന്റെ പുസ്തകം ‘ഗാന്ധിജിയുടെ ആത്മകഥ – കുട്ടികള്‍ക്ക്’ ഒന്‍പതാമത്തെ എഡിഷന്‍ ഇറങ്ങിക്കഴിഞ്ഞു. പഞ്ചതന്ത്രം ഇറങ്ങി ഉടനെ, മൂന്നാമത്തെ എഡിഷനായി. പറയിപെറ്റ പന്തിരുകുലവും അങ്ങനെ തന്നെ. മറ്റുള്ള എന്റെ പുസ്തകങ്ങളൊക്കെ രണ്ടോ മൂന്നോ എഡിഷനിലാണ്. അതൊക്കെ വിറ്റുപോകുന്നത് ‘ബാല’ അഥവാ കുട്ടികള്‍ക്ക് എന്ന ഒറ്റ ലേബലിലാണ്.

കെ. രാധാകൃഷ്ണൻ്റെ ഏറ്റവും പ്രശസ്തമായ കൃതി (1985)

പൊതുവെ കുട്ടികള്‍ക്ക് എഴുതുന്നവര്‍ കുറവാണ് ? വലിയ ഗ്ലാമര്‍ ഇല്ലാത്തതാണോ കാരണം?

ഈ ചോദ്യത്തിന് ഉത്തരം യഥാര്‍ഥത്തില്‍ എന്റെ കയ്യില്‍ ഇല്ല. കാരണം ഏതൊരു സാഹിത്യവും സമൂഹത്തെ മാറ്റിമറിക്കുന്നത് പ്രത്യക്ഷമായി കാണാന്‍ നമുക്കാവില്ലല്ലോ. പക്ഷേ, പഴയ പല വിപ്ലവങ്ങളും പുസ്തകങ്ങളുടെ സംഭാവനയാണെന്നു നമുക്കറിയാം. കുട്ടികളിലാകുമ്പോള്‍ അതിന് ഒരു ബീജരൂപം കൈവരും. കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ അവര്‍ ആര്‍ജിക്കുന്ന നന്മയുടെ സംസ്‌കാരം കരുപ്പിടിക്കപ്പെടുകയും ചെയ്താല്‍ അതാണ് ബാല മാഗസിനുകളുടെ ഇംപാക്ട്.

ഗാന്ധിയുടെ ആത്മകഥ കുട്ടികള്‍ക്ക്, സര്‍ദാര്‍ പട്ടേല്‍, ഇപ്പോള്‍ ഏറ്റവും പുതിയ പുസ്തകം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ, കുട്ടികളുടെ സരോജിനി നായിഡു ദേശീയ രംഗത്തെ പ്രമുഖരെ കുറിച്ച് പുസ്തകങ്ങള്‍ ഇപ്പോള്‍ എഴുതി. ഇത്തരം ദേശീയനേതാക്കളുടെ പുസ്തകങ്ങളിലേക്ക് എഴുത്ത് തിരിയാന്‍ പ്രത്യേകിച്ച് കാരണം വല്ലതുമുണ്ടോ?

ഞാന്‍ ഏറ്റവും ആദരിക്കുന്ന മൂന്നുപേരുടെ കൃതികള്‍ എഴുതണമെന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. കാരണം അവര്‍ എന്റെ പിതാവിന്റെ ഹീറോകളായിരുന്നു. ഗാന്ധിജിയും പട്ടേലും നെഹ്രുവും. അച്ഛന്‍ എന്റെ ഹീറോ ആയിരുന്നു. അവരെയൊക്കെ കുറിച്ചെഴുതാന്‍ മാതൃഭൂമി ബുക്‌സ് ആണ് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ അതു ചെയ്തു. പിന്നെയുള്ളതും മാതൃഭൂമിയുടെ മിന്നാമിന്നിയിലൂടെയാണ് ഇറങ്ങിയത്.

രാധാകൃഷ്ണൻ്റെ പ്രശസ്തമായ കൃതികൾ

സ്വാധീനിച്ച ഗ്രന്ഥങ്ങള്‍, ഇഷ്ടപ്പെട്ട സാഹിത്യകാരന്‍മാര്‍ ?

പരക്കെ ഒരു വായന എന്നല്ലാതെ വ്യക്ത്യധിഷ്ഠിതമായ ഒരു വായന എനിക്കുണ്ടായിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ തന്നെ മിക്കവാറും ഉള്ള ലോക ക്ലാസിക്കുകള്‍ മുഴുവന്‍ ഞാന്‍ വായിച്ചു കഴിഞ്ഞിരുന്നു. ടോള്‍സ്റ്റോയിയുടെ ഗ്രന്ഥങ്ങള്‍, അലക്‌സാണ്ടര്‍ ഡ്യൂമയുടെ കൃതികള്‍, മിഖായേല്‍ ഷൊളോഖോവ് കൃതികള്‍ ഇതൊക്കെ ആവേശത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. അതിന്റെയൊക്കെ സ്വാധീനം ഇന്നും എന്റെ വരികളില്‍ വന്നു നിറയും. മലയാളത്തിലാണെങ്കില്‍ ഒരു വ്യായാമം പോലെ ഞാന്‍ സി. വി. രാമന്‍ പിള്ളയുടെ കൃതികള്‍ വായിക്കുമായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ ഒരു ശരാശരി വിദ്യാര്‍ഥിയായിരിക്കേയാണ് ഞാനിതൊക്ക വായിച്ചു തീര്‍ത്തത്. പിന്നെ ഒ.വി. വിജയന്‍, ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ക്കും മുകളില്‍ ഞാന്‍ വിലയിരുത്തുന്ന അപൂര്‍വ വ്യക്തിത്വം. അദ്ദേഹത്തിന്റെ കവിത പോലെയുള്ള മലയാള ശൈലി എനിക്കൊരിക്കലും വായിച്ചു മതിവന്നിട്ടില്ല. ഓരോ തവണയും അതെന്നെ അദ്ഭുതപ്പെടുത്തുന്നു.

മലയാളമായാലും ഇംഗ്ലീഷിലായാലും കുട്ടികള്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഏതെല്ലാം?

കുട്ടികള്‍ക്കായി ഒരു പുസ്തകവും എനിക്ക് നിര്‍ദേശിക്കാനില്ല. കയ്യിലെടുത്താല്‍ വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന ഏതൊരു പുസ്തകവും അവര്‍ക്ക് സ്വീകരിക്കാം. അല്ലാത്തൊരു പുസ്തകം വായിക്കേണ്ടി വന്നാല്‍ അതവരുടെ വായനാരുചിയെ വ്രണപ്പെടുത്തും. അത്തരം നാല് ആധുനിക സാരോപദേശ കൃതികള്‍ വായിക്കേണ്ടി വന്നാല്‍ അതോടെ അവര്‍ വായന മതിയാക്കും. അതുകൊണ്ട് നമ്മുടെ സാരോപദേശവും രക്ഷപ്പെടില്ല, കുട്ടികളും രക്ഷപ്പെടില്ല.

2011 ൽ മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം പെരുമ്പടവം ശ്രീധരനിൽ നിന്ന് സ്വീകരിക്കുന്നു

പൂമ്പാറ്റ, ബാലരമ അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ മലയാള ബാലസാഹിത്യത്തിന് നല്‍കിയ സംഭാവന എന്താണ്?

പണ്ട് കാലത്ത് കുട്ടികളുടെ ഒരേയൊരു ആശ്വാസം മുത്തശ്ശിമാരാണ്. അത്താഴം കഴിഞ്ഞാല്‍ അവര്‍ കുട്ടികള്‍ക്കായി കഥയുടെ നിധികുംഭം തുറക്കും. ചില തിരുത്തലുകളും പ്രോത്സാഹനവുമൊക്കെയായി മുത്തച്ഛനും ഒപ്പം കൂടും. കൂട്ടുകുടുംബത്തിലെ ഒട്ടേറെ കുട്ടികളാണ് അവര്‍ക്ക് ചുറ്റും സ്ഥലം പിടിച്ചിരിക്കുന്നത്. ചോദ്യങ്ങളും മറുചോദ്യങ്ങളുമായി അത് സദസ്സ് സജീവമാക്കും. ദിവസം തെറ്റാതെ ഇത് എവിടുത്തെയും കാഴ്ചയാണ്. കാലം മാറി. കൂട്ടുകുടുംബം പോയി, അണുകുടുംബങ്ങളായി. മിക്കവാറും കുട്ടികള്‍ക്ക് മുത്തശ്ശിക്കഥകള്‍ എന്തെന്ന് തന്നെ അറിയില്ല. അവരുടെ അമ്മമാര്‍ക്കും വശമില്ല. ആ ഇടത്തേക്കാണ് ബാലകഥകളുമായി പൂമ്പാറ്റയും ബാലരമയുമൊക്കെ കടന്നുവന്നത്. ആദ്യം അതു മാസത്തിലൊന്നായിരുന്നു. പിന്നെ രണ്ട്. ഇന്നിപ്പോള്‍ അത് നാലായി. കുട്ടികളെ പിടിച്ചിരുത്താനും, അവരെ നന്മയിലേക്കു നയിക്കാനും കേരളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കു കഴിഞ്ഞിരുന്നു. അതു തന്നെയാണ് ഇവയുടെ മഹത്തായ സംഭാവന.

Content Summary: The man who taught generations to read: the legacy of K. Radhakrishnan and ‘Poompatta’

Leave a Reply

Your email address will not be published. Required fields are marked *

×