കർണാടകയിലെ ഒരു ഗുഹയിൽ റഷ്യൻ വംശജയായ അമ്മയോടൊപ്പം കണ്ടെത്തിയ കുട്ടികളുടെ പിതാവായ ഇസ്രായേൽ പൗരൻ ഡ്രോർ ഗോൾഡ്‌സ്റ്റീന് മക്കളെ കാണാൻ അനുമതി നിഷേധിച്ച് അധികൃതർ. തൻ്റെ അഭിഭാഷക ബീന പിള്ള വഴിയാണ് ഗോൾഡ്‌സ്റ്റീൻ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് 40 വയസ്സുള്ള റഷ്യൻ യുവതി നിന കുട്ടിനയെയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് പെൺമക്കളെയും പോലീസ് ഗോകർണത്തിനടുത്തുള്ള ഒരു ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
നിലവിൽ, നിനയും കുട്ടികളും തുംകുരു ജില്ലയിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ്. മക്കളെ കാണുക എന്നതാണ് തൻ്റെ ഏറ്റവും വലിയ മുൻഗണനയെന്ന് പറഞ്ഞ ഡ്രോർ, വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ കാത്തുനിന്നെങ്കിലും അദ്ദേഹത്തെ കാണാൻ അധികൃതർ അനുവദിച്ചില്ല. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (FRRO) നിന്ന് അനുമതി വാങ്ങാൻ അധികൃതർ ഡ്രോറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിന ഡ്രോറിനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതോടെ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
“അദ്ദേഹത്തിന് തൻ്റെ കുട്ടികളെ കണ്ടാൽ മാത്രം മതി. അതിനുശേഷം ഒരു ഒത്തുതീർപ്പിന് ശ്രമിക്കാം,” എന്ന് ഗോൾഡ്‌സ്റ്റീൻ്റെ അഭിഭാഷക ബീന പിള്ള പറഞ്ഞു. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഡ്രോർ ബെംഗളൂരുവിലേക്ക് മടങ്ങി. നിനയുടെ ഒരു മകൾ യുക്രെയ്നിൽവച്ച് 2018 ജൂണിലും മറ്റൊരു മകൾ ഇന്ത്യയിൽ വച്ച് 2020 മേയിലുമാണ് ജനിച്ചതെന്ന് നിന ഇവരെ കാണാനില്ലെന്നു കാട്ടി ഗോവയിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇസ്രയേൽ പൗരനായ ഡ്രോർ പറയുന്നുണ്ട്.
നാൽപ്പതുകാരിയായ നിന തനിക്കുനേരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും അതുകൊണ്ടാണ് അവരുമായി അകന്നുനിൽക്കുന്നതെന്നും ഡ്രോർ വ്യക്തമാക്കി. എങ്കിലും നിനയ്ക്കും മക്കൾക്കും സാമ്പത്തിക പിന്തുണ നൽകിയിരുന്നുവെന്നും ഡ്രോർ കൂട്ടിച്ചേർത്തു. ‘‘എന്നെ പണത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നു തോന്നിയിരുന്നു. നിനയും മക്കളും ഗോവയിൽ കഴിഞ്ഞപ്പോൾ കാണാൻ പലവട്ടം എത്തിയിരുന്നു. എന്നാൽ എന്നെ നിന ഒഴിവാക്കാൻ നോക്കുകയായിരുന്നു. ദിവസങ്ങളോളം എന്നോടു പറയാതെ മാറിനിൽക്കും. നിനയോടും മക്കളോടും അടുക്കാൻ പലവട്ടം ശ്രമം നടത്തി. പക്ഷേ, അവർ സമ്മതിച്ചില്ല.
യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന് കാണിച്ച് ഡ്രോർ കഴിഞ്ഞ വർഷം ഗോവയിലെ പനാജി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 2017-ൽ ഗോവയിൽ വെച്ചാണ് നിനയെ കണ്ടുമുട്ടിയതെന്നും തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ബന്ധത്തിൽ പല പ്രശ്നങ്ങളും വേർപിരിയലുകളും ഉണ്ടായി. പലപ്പോഴും തന്നെ അറിയിക്കാതെ നിന അപ്രത്യക്ഷയാകുമായിരുന്നെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.
കുട്ടികളുടെ ഔദ്യോഗിക വിദ്യാഭ്യാസ കാര്യത്തിൽ നിനയ്ക്ക് ഒരു താൽപര്യവുമില്ലെന്നും, അവരെ സ്കൂളിലയക്കുന്നതിനോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നതിനോ അവൾ എതിരായിരുന്നു എന്നും ഡ്രോർ പരാതിയിൽ പറയുന്നു. “എൻ്റെ പെൺമക്കളുടെ ആരോഗ്യത്തിലും വൈകാരികമായ ക്ഷേമത്തിലും എനിക്ക് ആശങ്കയുണ്ട്. അവർ സ്കൂളിൽ പോകുന്നില്ല, അവരുടെ പ്രായത്തിലുള്ള കുട്ടികളുമായി ഇടപെഴകാതെ അമ്മയോടും അവരുടെ ചില സുഹൃത്തുക്കളോടുമൊപ്പം മാത്രമാണ് സമയം ചെലവഴിക്കുന്നത്,” എന്നും ഡ്രോർ പരാതിയിൽ പറഞ്ഞു. “എൻ്റെ പെൺമക്കളുടെ ജീവിതത്തിൻ്റെ ഭാഗമാകാനും അവർക്ക് സാമ്പത്തികമായും വൈകാരികമായും പിന്തുണ നൽകാനും ഞാൻ ആഗ്രഹിക്കുന്നു,” എന്നും ഡ്രോർ കൂട്ടിച്ചേർത്തു.
ജൂലൈ 11നാണ് ഗോകർണത്തെ വനമേഖലയിലെ രാമതീത്ഥ മലയിലുള്ള അപകടകരമായ ഗുഹയിൽ നിന്ന് നിന കുട്ടിനയെയും ആറും നാലും വയസ്സുള്ള രണ്ടു പെൺമക്കളെയും ഗോകർണ പോലീസ് കണ്ടെത്തിയത്. യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പട്രോളിങ് നടത്തിയത്. എന്നാൽ, യാദൃശ്ഛികമായി ഗുഹയിൽ ആളനക്കം ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഗുഹയ്ക്കുള്ളിൽ ഒരു സ്ത്രീയും രണ്ടുകുട്ടികളും കഴിയുന്നുണ്ടെന്ന് മനസ്സിലായത്.
മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള മേഖലയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തങ്ങൾ ധ്യാനത്തിലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഗോവയിൽനിന്നാണ് തങ്ങൾ ഗോകർണത്തിലെത്തിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. 2017-ൽ ബിസിനസ് വിസയിലാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നാണ് പാസ്പോർട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത്. 2018- ഏപ്രിലിൽ ഇവർ തിരിച്ചുപോകേണ്ടതായിരുന്നു. അന്ന് നേപ്പാളിലേക്ക് പോയ ഇവർ പിന്നീട് 2018- സെപ്റ്റംബറിൽ തിരിച്ചെത്തുകയായിരുന്നു. Father of children rescued from Karnataka cave denied permission to meet them
content summary: Father of children rescued from Karnataka cave denied permission to meet them
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.