July 05, 2026 |
Avatar
അമർനാഥ്‌
Share on

വൈക്കം മുഹമ്മദ് ബഷീര്‍:മലയാളത്തിലും, ഇംഗ്ലീഷിലും,സ്‌നേഹത്തിലും ഒപ്പിട്ട ഒരാള്‍

മലയാള കഥാലോകത്തിലെ ‘ഇമ്മിണി വല്യ ഒന്ന്, എന്ന് സ്നേഹാദരവോടെ എല്ലാവരും വിളിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിവസമാണ് ഇന്ന്

‘സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചു തന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം… അനന്തം അനന്തമായ സമയം.’

ബഷീര്‍ മുന്‍പേ എഴുതിവെച്ച
തന്റെ ചരമ കുറിപ്പില്‍ നിന്ന്.

മലയാള കഥാലോകത്തിലെ ‘ഇമ്മിണി വല്യ ഒന്ന്, എന്ന് സ്നേഹാദരവോടെ എല്ലാവരും വിളിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിവസമാണ് ഇന്ന് .

സ്വാതന്ത്ര്യസമര സേനാനി പാചകക്കാരന്‍, ജാലവിദ്യക്കാരന്‍, വഴിവാണിഭക്കാരന്‍, കൈനോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, കപ്പലിലെ ഖലാസി, കാവല്‍ക്കാരന്‍, ഗുമസ്തന്‍, ട്യൂഷന്‍ മാഷ്, പത്രവില്‍പ്പനക്കാരന്‍,
കമ്പൗണ്ടര്‍, പത്രാധിപര്‍ തുടങ്ങി ജീവിതത്തില്‍ ഒട്ടനവധി വേഷങ്ങള്‍ അണിഞ്ഞ ശേഷമാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ രംഗത്ത് സജീവമായി എഴുത്ത് തുടങ്ങിയത്. ആ അനുഭവങ്ങളായിരുന്നു ബഷീര്‍ സാഹിത്യം.

ബേപ്പൂർ സുൽത്താൻ തൻ്റെ ഗ്രാമഫോൺ പാട്ടുപെട്ടിയുമായി മരച്ചുവട്ടിൽ

സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞ ശേഷം പത്തു വര്‍ഷത്തോളം നാടോടിയായി ബഷീര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഹിന്ദു സന്യാസിയായും സൂഫി സന്യാസിയായും ഗംഗാതീരങ്ങളിലും ഹിമാലയത്തിലുമൊക്കെ കഴിച്ചുകൂട്ടി. അതിന് ശേഷം ആഫ്രിക്കയിലും അറേബ്യയിലുമൊക്കെയായി അനന്തമായ യാത്രകള്‍. ഇക്കാലങ്ങളില്‍ ബഷീര്‍ ചെയ്യാത്ത ജോലികളില്ല. അലച്ചിലുകളും അതിലൂടെ നേടിയ അനുഭവങ്ങളും തന്നെയായിരുന്നു ബഷീറിന്റെ ഏറ്റവും വലിയ സമ്പാദ്യം. ഒരു സാധാരണ എഴുത്തുകാരന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഇത്തരം ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ അസാധാരണ എഴുത്തുകാരനാക്കിതീര്‍ത്തത്.

വൈക്കം മുഹമ്മദ് ബഷീറിന് എന്നോ കിട്ടേണ്ട പത്മ അവാര്‍ഡ് വൈകിയ വേളയില്‍ പ്രഖ്യാപിച്ചപ്പോള്‍ ക്ഷുഭിതനായി ഒ.വി.വിജയന്‍ എഴുതിയത് ഇങ്ങനെയാണ്..

‘ഡല്‍ഹിയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കും തെരുവുരാഷ്ട്രീയത്തിലെ
കൂത്താടികള്‍ക്കുമൊക്കെ നിര്‍ലോഭം തരമാവുന്ന ഒരു പുരസ്‌കാരമാണ് പദ്മശ്രീ. ബഷീറിനെ എനിക്ക് നേരിട്ടു പരിചയമില്ല. എങ്കിലും ആ വാര്‍ത്തയുടെ ക്ഷോഭത്തില്‍ ഞാന്‍ ബഷീറിനൊരു കത്തെഴുതി, പുരസ്‌കാരം സ്വീകരിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട്.

അതിന് മറുപടി വന്നു. ഒരു ബഷീറിയന്‍ മിസ്റ്റിക് മറുപടി.
‘പ്രിയപ്പെട്ട ഒ.വി. വിജയന്‍, ഞാന്‍ നാനാവിധ രോഗങ്ങളുടെ പിടിയിലാണ്. അടുത്ത് തന്നെ മരണവും ഉണ്ടാകും. നിങ്ങള്‍ക്ക് മംഗളം.’ എന്ന് വൈക്കം മുഹമ്മദ് ബഷീര്‍.’

ഒ.വി.വിജയന്‍ തുടര്‍ന്നെഴുതി ‘ബഷീര്‍ പദ്മശ്രീ സ്വീകരിച്ചു. ഏതാണ്ട് ഈ സമയത്തു തന്നെ മറ്റൊരു കേരളീയ കലാകാരന്‍ പുരസ്‌കാരം നേടി. പ്രേംനസീര്‍, പുരസ്‌കാരം പദ്മഭൂഷണം. ബഷീറിന് ഭാവിയുണ്ട്; എഴുതിത്തെളിഞ്ഞാല്‍ പ്രേംനസീറിനെപ്പോലെ ആയിത്തീരാം’.

പലരും കഥകള്‍ എഴുതിയപ്പോള്‍ ബഷീര്‍ കഥ പറയുകയായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരുടേയും ഹൃദയത്തെ തൊടുന്ന കഥകള്‍ പറയാന്‍ ബഷീര്‍ എന്ന കഥാകാരന് കഴിഞ്ഞു .

വൈക്കം മുഹമ്മദ് ബഷീറിനെ മലയാള കഥാലോകത്തിലെ ‘ഇമ്മിണി വല്യ ഒന്ന്’ എന്ന് വിശേഷിപ്പിച്ചത് എം. ഗോവിന്ദനായിരുന്നു. ജ്ഞാന പീഠം പുരസ്‌കാരക്കാരം നല്‍കാതെ അവഗണിച്ച ബഷീറിന് കേന്ദ്രസാഹിത്യ അക്കാഡമി വിശിഷ്ടാഗത്വമെങ്കിലും നല്‍കിയത്.
എം. ഗോവിന്ദന്‍ കേന്ദ്ര സാഹിത്യ അക്കാഡമി അംഗമായിരിക്കുന്ന കാലത്താണ്.

മനുഷ്യന്‍ എന്ന മനോഹരമായ പദത്തിന്റെ അര്‍ത്ഥം അന്വേഷിച്ചു നടന്നിരുന്ന ക്രാന്തദര്‍ശിയായ എം. ഗോവിന്ദന്റെ മുമ്പില്‍ ആര്‍ക്കും പിടികൊടുക്കാത്ത ബഷീര്‍ എത്തിപ്പെടുകയായിരുന്നു. ബഷീറിലെ മനുഷ്യനെ ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ എം. ഗോവിന്ദനാണ്. മദ്രാസില്‍ നിന്നും എറണാകുളത്തെത്തിയ ബഷീറിന്റെ വാടകമുറിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ അനുഭവക്കുറിപ്പാണ് എം. ഗോവിന്ദന്റെ ‘ബഷീറിന്റെ പുന്നാരമൂഷികന്‍’ എന്ന കഥ. ബഷീര്‍ ഇല്ലാത്ത ഒരുദിവസം രാത്രിയില്‍ ഗോവിന്ദന്‍ അദ്ദേഹത്തിന്റെ മുറിയില്‍ താമസിച്ചു. ബഷീറിന്റെ ഗുരുവും ചങ്ങാതിയുമായ ഒരു ചുണ്ടലിയെ എം. ഗോവിന്ദന്‍ അവിടെ കണ്ടെത്തി. ചുണ്ടെലി ബഷീറിനെ ഉസ്താദ് എന്നാണ് സംബോധന ചെയ്തിരുന്നത്. ആ നിലയില്‍ ബഷീറിന്റെ ശിഷ്യനായിരുന്നു ചുണ്ടെലി. ആ ചുണ്ടെലി എം. ഗോവിന്ദനുമായി നടത്തുന്ന സംവാദമാണ് ‘ബഷീറിന്റെ പുന്നാര മൂഷികന്‍’ എന്ന കഥയുടെ ഉള്ളടക്കം.

തന്റെ സര്‍ഗ്ഗാത്മകമായ സൗഹൃദബന്ധങ്ങളിലൂടെ മലയാളി എഴുത്തുകാരില്‍ ചിന്താപരമായ നവീകരണം ഉണ്ടാക്കിയ, ഒട്ടേറെ എഴുത്തുകാരെ കണ്ടെത്തിയ ആചാര്യനായ എം. ഗോവിന്ദന്റെ നേതൃത്വത്തിലാണ് നവസാഹിതി, ഗോപുരം, സമീക്ഷ എന്ന ആധുനിക ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രവര്‍ത്തിച്ചത്. 1957-ല്‍ അദ്ദേഹം തിരുവനന്തപുരത്തുനിന്നു തുടങ്ങിയ ‘ഗോപുര’ത്തിലാണ് ബഷീറിന്റെ ‘പാത്തുമ്മായുടെ ആട് ആദ്യം പ്രസിദ്ധീകരിച്ചത്. . ‘ഗോപുര’ത്തിന്റെ ഒന്നാം ലക്കം മുതല്‍ ഈ നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. മനുഷ്യന്‍ – സാഹിത്യകാരന്‍ എന്ന നിലയില്‍ വൈക്കം മുഹമ്മദ് ബഷീറില്‍ അളവറ്റ സ്വാധീനം ചെലുത്തിയ ഒരാളായിരുന്നു എം. ഗോവിന്ദന്‍.

ബഷീര്‍ ജീവിതത്തിന് നല്‍കിയിട്ടുള്ള ഉപദേശം ജീവിതം ഒരനുഗ്രഹമാക്കുക എന്നതായിരുന്നു. ആ അനുഗ്രഹം ആവോളം ആസ്വദിച്ചു ജീവിച്ച ഒരു വ്യക്തി എന്ന നിലയില്‍ ബഷീര്‍ സമൂഹത്തിന് നല്‍കിയ ഉപദേശം സത്യം എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയും. സത്യാന്വേഷി ആയിരുന്നു ബഷീര്‍. ജീവിതാന്ത്യംവരെ സത്യത്തിനുമാത്രം സ്വന്തം ചിന്തയില്‍ ഇടം നല്‍കിയ മനുഷ്യന്‍. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും സഹാനുഭുതി പുലര്‍ത്തിയ വിശാല വീക്ഷണവും സൂഷ്മ നിരീക്ഷണവുള്ള ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഈ പ്രപഞ്ചത്തില്‍ മനുഷ്യനും ആടും, കോഴിയും, എലിയും പാമ്പുമൊക്കെ ഒരുമിച്ച് സ്‌നേഹത്തോടെ കഴിയണം എന്ന സനാതന സത്യത്തില്‍ വിശ്വസിച്ച എഴുത്തുകാരനായിരുന്നു ബഷീര്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചില കഥകളുടെ ശീര്‍ഷകങ്ങള്‍ ഓര്‍ക്കുക. ടൈഗര്‍, എട്ടുകാലി മമ്മൂഞ്ഞ്, ആനപ്പൂട, മൂട്ടസന്ദേശം, കൊതുകിനെ കൊല്ലാമോ, ഒരു കരിമൂര്‍ഖന്‍, പാമ്പും കണ്ണാടിയും, മാന്ത്രികപ്പൂച്ച, പാത്തുമ്മായുടെ ആട്, പ്രേം പാറ്റ, ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’, ആന വാരിയും പൊന്‍കുരിശും. ജീവജാലങ്ങളോടുള്ള സ്‌നേഹമാണ് ഈ ശീര്‍ഷകങ്ങളിലൂടെ ബഷീര്‍ വെളിപ്പെടുത്തിയത്.

പ്രതിഭകള്‍ക്ക് വേണ്ടി തുറന്നിട്ടിരുന്ന മഹാ സ്ഥാപനമായിരുന്നു കൗമുദി വാരിക. വിഖ്യാതനായ കെ. ബാലകൃഷ്ണന്‍ പത്രാധിപരായ കൗമുദി വാരിക മലയാള സാഹിത്യ രംഗത്ത് പുതിയൊരു പാത വെട്ടിത്തുറന്ന് ജ്വലിക്കുന്ന കാലത്താണ് ബഷീര്‍ തന്റെ ക്ലാസിക്ക് സൃഷ്ടിയായ മതിലുകള്‍ എഴുതുന്നത്. ബഷീര്‍ കഥ പോലെ തന്നെ രസകരമാണ് മതിലുകള്‍ പണിത കഥ.

1964-ലെ കൗമുദി ഓണം വിശേഷാല്‍ പ്രതിയിലാണ് ‘മതിലുകള്‍’ ആദ്യമായി പ്രസിദ്ധീകരിച്ചത്. ടി.കെ.പരീക്കുട്ടിയുടെ ചന്ദ്രതാര ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീ നിലയം’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ കൗമുദിയില്‍ അച്ചടിക്കാന്‍ ബഷീര്‍ അറിയാതെ കൗമുദി പത്രാധിപരായ കെ.ബാലകൃഷ്ണന്‍ കൈവശപ്പെടുത്തിയതാണ് ഈ കഥക്ക് പിന്നിലെ കഥയുടെ ആരംഭം.

1964 ലെ ഓണം വിശേഷാല്‍പ്രതിക്ക് വിഭവങ്ങള്‍ തേടി കെ.ബാലകൃഷ്ണന്‍ ആവശ്യമായ മാറ്റര്‍ തേടി പുറപ്പെടുന്നു. കൗമുദിയും എഴുത്തുകാരുമായുള്ള ബന്ധത്തിലെ കണ്ണിയാണ് ഈ പതിവുയാത്ര. ഏതാണ്ട് കേരളം മുഴുവന്‍ ഒരു സര്‍ക്കീട്ടാണ്.
അന്നത്തെ പ്രധാനികളായ വക്കം പുരുഷോത്തമനും പി.സി.സുകുമാരന്‍നായരും മിനര്‍വാ കൃഷ്ണന്‍കുട്ടിയും തുടങ്ങിയ ഒരു സംഘം ബാലകൃഷ്ണനോടൊപ്പം ഉണ്ടാകും . അങ്ങനെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രകഴിഞ്ഞ് സംഘം തിരിച്ചെത്തുന്നു. കെ.ബാലകൃഷ്ണന്‍ കൗമുദിയിലെ എഡിറ്റോറിയല്‍ പ്രധാനിയായ പഴവിള രമേശന് മാറ്റര്‍ കൊടുത്തു പറഞ്ഞു
‘ബഷീറിന്റെ സ്‌ക്രിപ്റ്റാണ്. നോക്കാനൊന്നുമില്ല. ഇന്നുതന്നെ പ്രസില്‍ കൊടുത്തു തുടങ്ങണം.’

ഭാർഗവി നിലയം സിനിമയുടെ തിരക്കഥാ ചർച്ചയിൽ സംവിധായകൻ എ.വിൻസെൻ്റ്, നിർമ്മാതാവ് ടി.കെ. പരീക്കുട്ടി, തിരക്കഥാകൃത്ത്
വൈക്കം മുഹമ്മദ് ബഷീർ.(1964)

‘പ്രഭാതം’ ദിനപത്രത്തിന്റെ വിശേഷാല്‍ പ്രതിയില്‍ ‘നീലവെളിച്ചം’ എന്ന പേരില്‍ വന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ‘ഭാര്‍ഗവീനിലയം.’ പ്രശസ്ത ക്യാമറാമാനായ എ. വിന്‍സെന്റ്‌റ് ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ തിരക്കഥയാണ് കൗമുദി ഓണപതിപ്പില്‍ വരാന്‍ പോകുന്നത്.

ആ കാലത്തു സിനിമ ഇറങ്ങുന്നതിനു മുമ്പു തിരക്കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പതിവില്ലായിരുന്നു. തിരക്കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ചിത്രം കാണാനാളുണ്ടാവുകയില്ലെന്ന നിര്‍മാതാക്കളുടെ വിശ്വാസമായിരുന്നു അതിനു കാരണം. വിശേഷാല്‍ പ്രതിയുടെ നാല്‍പതോളം പേജ് വരുന്ന
ഭാര്‍ഗവീ നിലയത്തിന്റെ തിരക്കഥയുടെ പണികള്‍ ഗംഭീരമായി നടന്നു.

ഒരു ദിവസം വൈകുന്നേരം സബ് എഡിറ്റര്‍മാരായ പഴവിള രമേശനും ചന്ദ്ര ചൂഡനും ‘ഭാര്‍ഗവീനിലയ’ത്തിന്റെ പേജുകള്‍ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു.
പഴവിള ഫോണ്‍ എടുത്തപ്പോള്‍ പരുഷമായ ഒരു ശബ്ദം. ‘ഞാന്‍ വൈക്കം മുഹമ്മദ് ബഷീര്‍’
പഴവിള ഞെട്ടിപ്പോയി. പിന്നെ ചോദിച്ചു: ‘എവിടെനിന്നാണു വിളിക്കുന്നത്?’

‘ഇവിടെ തിരുവനന്തപുരത്തുനിന്നുതന്നെ, ദാ, ഇവിടെ.’ കുറച്ചു നേരത്തേക്കു നിശ്ശബ്ദദം. ‘ഇവിടെ പാളയത്ത്, ശിവറാം സ്റ്റുഡിയോയില്‍നിന്നാണ്. ‘ഇപ്പോള്‍ വന്നു. ബാലനെവിടെ?’

‘ഉടന്‍ തന്നെ സ്റ്റുഡിയോയിലെത്തി കൂട്ടിക്കൊണ്ടു വന്നോളാം. ഒരു പത്തു മിനിട്ട്.’ പഴവിള പറഞ്ഞു.
പഴവിള വണ്ടിയില്‍ ശിവറാം സ്റ്റുഡിയോയുടെ മുമ്പിലെത്തി . പഴവിളയെ കണ്ട ബഷീര്‍ കനത്ത സ്വരത്തില്‍ ബഷീര്‍ ചോദിച്ചു:
‘ബാലനെവിടെപ്പോയെന്നാ പറഞ്ഞത്? അവന്‍ എന്നോട് ഒരു കടുംകൈ കാണിച്ചിട്ടാ പോന്നത്. ഞാന്‍ പരീക്കുട്ടിക്കുവേണ്ടി എഴുതിയ തിരക്കഥ എടുത്തുകൊണ്ടു പോയതു പോകട്ടെ, വിശേഷാല്‍ പ്രതിയില്‍ അതു പ്രസിദ്ധപ്പെടുത്താന്‍ പോകുന്നതായി പരസ്യവും ചെയ്തിരിക്കുന്നു. കൗമുദി വാരികയിലെ പരസ്യം കണ്ട ഒരാള്‍ ഇന്നലെ ഫോണ്‍ ചെയ്തപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇവന്‍ എന്തൊരുത്തന്‍? പരീക്കുട്ടി എന്നെ വെറുതെ വിടില്ല. ഞാന്‍ സ്‌ക്രിപ്റ്റ് വാങ്ങിക്കൊണ്ടു പോകാനാണ് വന്നത്. ഇന്നുതന്നെ പോവുകയും വേണം.’

സംഗതിയുടെ കിടപ്പ് അവര്‍ക്ക് മനസ്സിലായി. പ്രശ്‌നമായി. ഗൗരവം മനസിലാക്കി കെ.ബാലകൃഷ്ണന്‍ പ്രശ്നം പരിഹരിക്കുമെന്നുമൊക്കെ പറഞ്ഞ് ബഷീറിനെ സമാധാനിപ്പിക്കാന്‍ പഴവിളയും ചന്ദ്രചൂഢനും ശ്രമിച്ചു.

പേട്ടയിലെ കൗമുദി ഓഫീസിന്റെ മുന്നിലെത്തിയപ്പോള്‍ സാക്ഷാല്‍
കെ. ബാലകൃഷ്ണന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ബഷീറിനെ കാറില്‍നിന്ന് സ്വീകരിക്കുന്നതിനിടയില്‍ മുഖംതിരിച്ച് അടുത്തു നിന്ന കൗമുദി ഓഫീസ് മാനേജര്‍ പി.ബാലകൃഷ്ണനോടായി ഗൗരവം വിടാതെ കെ ബാലകൃഷ്ണന്‍ പറഞ്ഞു:
‘മാസ്‌കറ്റിലോ അരിസ്റ്റോയിലോ ‘ ഹോട്ടലില്‍ നല്ല സൗകര്യമുള്ള ഒരു റൂം ബുക്ക് ചെയ്യ്’.
ഈ നിര്‍ദേശം കേട്ട ബഷീര്‍ പറഞ്ഞു :
‘എന്തിന്? എനിക്കാണോ? പറ്റില്ല. എനിക്ക് ഇന്നുതന്നെ പോകണം. എറണാകുളത്തു ചെന്നിട്ട് പിടിപ്പതു ജോലിയുണ്ട്. എന്നാലും ബാലാ, നീയിങ്ങനെ പറ്റിച്ചല്ലോ. ആ പരീക്കുട്ടിയും വിന്‍സെന്റുമൊക്കെ എത്ര ബേജാറിലാണെന്നറിയ്വോ?’

തിരുവനന്തപുരത്ത് അന്ന് കൊള്ളാവുന്ന രണ്ട് ഹോട്ടലുകളേയുള്ളൂ. മാസ്‌കറ്റും അരിസ്റ്റോയും. അരിസ്റ്റോയുടെ അനക്‌സില്‍ സ്യൂട്ട് സൗകര്യങ്ങളുള്ള വിശാലമായ മുറിയുണ്ട്, അത് ബുക്ക് ചെയ്തു.

ബഷീര്‍ വന്നത് ഭാര്‍ഗവീനിലയം മാറ്റര്‍ വാങ്ങിക്കൊണ്ടു
പോകാനാണെന്നു അറിഞ്ഞപ്പോള്‍ എല്ലാവരും കടുത്ത നിരാശയിലായി
കൗമുദിയുടെ എഡിറ്ററായ കെ. ബാലകൃഷ്ണന്‍ ബഷീറിന്റെ മാറ്റര്‍ ചേര്‍ക്കേണ്ടെന്നും പ്രസ്സില്‍ നിന്ന് ഷീറ്റുകള്‍ അടുക്കി തന്റെ മുറിയിലെത്തിക്കാന്‍ ഉത്തരവ് നല്‍കി.
ദുഃഖത്തോടെ. മഷിപുരണ്ട ഷീറ്റുകള്‍ അടുക്കി പത്രാധിപരുടെ മുറിയിലേക്കു ചെന്ന പഴവിളയോടും കൂട്ടരുടേയും . മുഖഭാവം കണ്ട് പത്രാധിപര്‍ പറഞ്ഞു:
‘വിഷമിക്കാനൊന്നുമില്ല. ഇതിനേക്കാള്‍ ഉഗ്രന്‍ ഒരു സാധനം ഇവിടെ ഇരുന്ന് എഴുതിത്തരാമെന്ന് ബഷീര്‍ ഏറ്റിട്ടുണ്ട്. അതു സമ്മതിച്ചതിനു ശേഷമാണ് ഭാര്‍ഗവീ നിലയം മാറ്റര്‍ തിരിച്ചു നല്‍കാമെന്നേറ്റത്. ‘ അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി.

ബഷീര്‍ സ്വാതന്ത്രസമരകാലത്ത് ജയില്‍ പല തവണ കിടന്നിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തന്റെ അക്കാലത്തെ ജീവിതത്തെപറ്റിയും അന്നത്തെ രസകരങ്ങളായ സംഭവങ്ങളെപ്പറ്റിയും ഒരു കഥയുടെ അടുക്കുംചിട്ടയോടും കൂടി ബഷീര്‍ സംസാരത്തിനിടയില്‍ അവതരിപ്പിച്ചു. ഈ പറയുന്ന കാര്യങ്ങളില്‍ എതെങ്കിലുമൊന്ന് ‘ഇമ്മിണി വലിയ ഒന്നാക്കി’ തന്നാല്‍ മതിയെന്നായി കെ. ബാലകൃഷ്ണന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും, ഹോട്ടലില്‍ നിന്ന് ഫോണ്‍ ബഷീറിന് എഴുതാന്‍ വേണ്ടി ക്വാര്‍ട്ടര്‍ഷീറ്റ് കടലാസ് ഭംഗിയായി കട്ടുചെയ്ത് ഉടന്‍ ഹോട്ടല്‍ അരിസ്റ്റോയില്‍ എത്തിക്കണം.

ഹോട്ടല്‍ അരിസ്റ്റോയില്‍ പഴവിളയും സംഘവും എത്തുമ്പോള്‍ മുറിയില്‍ ബഷീറില്ല. കുളിക്കാന്‍ കയറിയിരിക്കുകയാണ്. പത്രാധിപര്‍ കെ. ബാലകൃഷ്ണനും സംഘവും ലേശം ഉത്തേജനത്തിലാണ്. അതിനുവേണ്ടി അടുത്ത മുറി സജ്ജമാക്കിയിരുന്നു. ബാലകൃഷ്ണന് അടക്കാനാവാത്ത സന്തോഷം. അദ്ദേഹം പറഞ്ഞു:

‘ടാ, നീയൊക്കെ എന്നെക്കുറിച്ച് എന്തു ധരിച്ചു? ഉഗ്രന്‍ ഒരു സാധനമാണ് നമുക്കു കിട്ടാന്‍ പോകുന്നത്. പൂജപ്പുര ജയിലിന്റെ പശ്ചാത്തലത്തില്‍ ഒരു ഉഗ്രന്‍ സാധനം. എന്റെ സജഷനാണ്.’

ബഷീര്‍ പുതിയ കഥയുടെ രചന അന്നു രാത്രിതന്നെ ആരംഭിച്ചിരുന്നു. എഴുതി കീറിക്കളഞ്ഞ ഒരു കുന്ന് കടലാസ് ചവറ്റുകൊട്ടയില്‍ കിടന്നിരുന്നു. ഭംഗിയായി എഴുതിത്തീര്‍ത്ത മൂന്നു നാലു ഷീറ്റ് കടലാസ് മേശപ്പുറത്തുണ്ട്. കഥയുടെ എഴുതി തീര്‍ന്ന ഭാഗമാണ്. അത്രയും ഭാഗം .രാവിലെ ഹോട്ടലില്‍ എത്തിയ പത്രാധിപര്‍ കെ.ബാലകൃഷ്ണനേയും പഴവിളയെയും. എഴുത്തിനു ശല്യമുണ്ടാക്കാതെ ഉടന്‍തന്നെ പിരിഞ്ഞു പോയ്‌ക്കൊള്ളാം എന്ന മുഖവുരയോടെ താന്‍ എഴുതിത്തീര്‍ത്ത ഭാഗം ബഷീര്‍ വായിച്ചുകേള്‍പ്പിച്ചു. വായിച്ച ഭാഗം കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഗംഭീര തൃപ്തി. ഒരു രാത്രിയും പകലും കൊണ്ട് ഇതിനകം ഹോട്ടല്‍ അരിസ്റ്റോയിലെ ജീവനക്കാരെ മുഴുവന്‍ ബഷീര്‍ കയ്യിലെടുത്തു കഴിഞ്ഞിരുന്നു.

ഇടയ്ക്ക് പഴവിളയോ ചന്ദ്രചൂഡനോ അരിസ്റ്റോയില്‍ ചെല്ലുമ്പോഴും എഴുതിയിടത്തോളം ഭാഗങ്ങള്‍ ബഷീര്‍ അവരെ കാണിക്കും. ഒരു പ്രാവശ്യം ചെല്ലുമ്പോള്‍ എഴുതിത്തീര്‍ത്തത് പത്തു പേജായിരിക്കും. പിന്നീടത് ഇരുപത്തഞ്ച് പേജാകും. ഇനിയൊരിക്കലാകട്ടെ ഈ ഇരുപത്തിയഞ്ചു പേജ് അപ്രത്യക്ഷമായി പകരം ഏഴെട്ടു പേജായി ചുരുങ്ങിയിരിക്കും. ഇങ്ങനെ നീട്ടിയും കുറുക്കിയും പിന്നെയും നീട്ടിയുമുള്ള ഈ രചനാരീതി, എത്ര ബോധപൂര്‍വമുള്ള രചന. സാഹിത്യത്തെ എത്ര കണ്ട് ഗൗരവത്തോടെ സമീപിക്കുന്ന ഒരു എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്നും അദ്ദേഹത്തിന്റെ കൃതികളുടെ അപൂര്‍വതയ്ക്ക് അസ്വാരസ്യങ്ങളുടെ എല്ലാ പഴുതുമടച്ചുകൊണ്ടുള്ള ബോധപൂര്‍വമുള്ള ഈ രചനാരീതിയാണതെന്ന് അവര്‍ക്കൊക്കെ ബോധ്യമായി. ഇങ്ങനെ നീട്ടിയും കുറുക്കിയുമുള്ള ബഷീറിന്റെ രചന നാലാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ പരിസമാപ്തിയിലെത്തി. എഴുതുന്ന കഥ പൂര്‍ണ്ണമായി വായിച്ചു കേട്ടപ്പോള്‍ , കേട്ടുകൊണ്ടിരുന്നവര്‍ വിസ്മയഭരിതരായി. എത്ര മനോഹരമായ കഥ . എന്തൊരപൂര്‍വ്വ ചാരുത. കഥ കേട്ടിരുന്നവരെല്ലാം നിശ്ശബ്ദരോ നിസ്തബ്ദരോ ആയിരിക്കെ. ആ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട്. ബഷീര്‍ ശബ്ദമുയര്‍ത്തി പറഞ്ഞു

‘മാന്യമഹാജനങ്ങളെ കഥ നിങ്ങള്‍ക്കു ബോധ്യപ്പെട്ടെന്നു തോന്നുന്നു. ഇതിനെ നാം കെ.ബാലകൃഷ്ണന്‍ എന്ന കൂശ്മാണ്ടത്തെ, നിങ്ങളെ സാക്ഷിനിര്‍ത്തി ഏല്‍പ്പിക്കുന്നു. അവന്‍ കൊണ്ടുപോയി എന്തും ചെയ്തു കൊള്ളട്ടെ.’

മതിലുകളുടെ രചനക്ക് സാക്ഷ്യം വഹിച്ച പഴവിള രമേശൻ

കെ.ബാലകൃഷ്ണന്‍ അതു വാങ്ങി. ഒരു വലിയ നേട്ടത്തിന്റെ മുഴുവന്‍ പ്രകാശവും ആ മുഖത്തുണ്ടായിരുന്നു. ഒരു കൈക്കുഞ്ഞിനെയെന്ന പോലെ മാറ്റര്‍ ചന്ദ്രചൂഡനെ ഏല്‍പിച്ചു. എന്നിട്ട് ബഷീറിന്റെ രണ്ടു കവിളിലും മാറി മാറി ചുംബിച്ചു. ‘കഥ ഏറ്റുവാങ്ങുമ്പോള്‍ ജീവിതത്തില്‍ എല്ലാകാലത്തും ഓര്‍മിച്ചോമനിക്കാന്‍ കഴിയുന്ന ഒരു വലിയ മുഹൂര്‍ത്തം ഞങ്ങള്‍ക്ക് കൈവരികയായിരുന്നു. അലക്ഷ്യവും അനാഥവുമായിരുന്ന ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ ആശ്വാസം ഇത്തരം മുഹൂര്‍ത്തങ്ങളായിരുന്നല്ലോ.’ പഴവിള രമേശന്‍ പിന്നീട് എഴുതി.

ബഷീര്‍ തിരികെ പോകുമ്പോള്‍ പ്രതിഫലമായി കെ ബാലകൃഷ്ണന്‍ ഒരു ബ്ലാങ്ക് ചെക്ക് നല്‍കി. . ഏറ്റവും വലിയ കഥാകാരന് നല്‍കിയ മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകളിലാത്ത ഏറ്റവും വലിയ പ്രതിഫലമായിരുന്നു അത്.

രണ്ടു ദിവസത്തിനുശേഷം, കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കത്ത് വന്നു. കത്തു വായിച്ചശേഷം പഴവിള രമേശനെ വിളിച്ച്. പതിവില്ലാത്ത ഒരു മന്ദഹാസത്തോടെ കെ. ബാലകൃഷ്ണന്‍ ഒപ്പിട്ട ആ ബ്ലാങ്ക് ചെക്കും അതിനോടു പിന്‍ചെയ്തു ചേര്‍ത്ത കത്തും പഴവിളയുടെ കയ്യില്‍ കൊടുത്തു. കത്ത് ഇങ്ങനെയായിരുന്നു!

‘തിരുവനന്തപുരത്ത് പേട്ട എന്ന മഹാരാജ്യത്ത് ചന്ദ്രിക എന്നു പേരുള്ള ഒരു പെണ്‍കുട്ടി വസ്ത്രം വാങ്ങാന്‍ വശമില്ലാതെ അലയുന്നതായി നാം അറിയുന്നു. അവള്‍ക്ക് ഒരു സാരി വാങ്ങിക്കൊടുക്കാന്‍ ഈ കുത്തോടൊപ്പം പിന്‍ചെയ്തു ചേര്‍ത്തിട്ടുള്ള ചെക്ക് ഉപയോഗപ്പെടുത്തുക.’സ്വന്തം ബഷീര്‍. കത്തിലെ പ്രസക്തമായ ഉള്ളടക്കം ഇതായിരുന്നു

കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ

പത്രാധിപര്‍ കെ. ബാലകൃഷ്ണന്റെ ഭാര്യയാണ് ചന്ദ്രിക.
കൗമുദി ഓണം വിശേഷാല്‍ പ്രതി പുറത്തുവന്നു. ‘മതിലുകള്‍’ പ്രസിദ്ധീകരിച്ചത് കൊണ്ടുതന്നെ കൗമുദി വിശേഷാല്‍ പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അച്ചടിക്കേണ്ടിവന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ അത് ഒരപൂര്‍വ്വസംഭവമായി ഇന്നും നിലനില്‍ക്കുന്നു. പിന്നീട് മതിലുകള്‍ വിഖ്യാതമായ ചലചിത്രവുമായി.

വിശപ്പും ഭക്ഷണവും ബഷീറിന്റെ കഥകളിലെ പ്രിയപ്പെട്ട വിഷയമായിരുന്നു . ജന്മദിനം എന്ന കഥ വായിച്ചവരാരും ആ കഥയിലെ വിശപ്പും ചോറും മറക്കില്ല. നാടോടി ജീവിതകാലത്തെ അനുഭിച്ച വറുതികളാകാം ബഷീറിയന്‍ കഥകളില്‍ വിശപ്പും ഭക്ഷണവും നിത്യ സാന്നിധ്യമാകാന്‍ കാരണം .

കോഴിക്കോട് ഒരിക്കല്‍ എഴുത്തുകാരന്‍ എന്‍.പി. മുഹമ്മദിനടുത്ത് ഒരാള്‍ എത്തി. അമ്പത് വര്‍ഷം മുന്‍പ് താന്‍ ഖലാസിയായിരുന്ന കപ്പലില്‍ ഒരു വൈക്കത്തുകാരന്‍ ബഷീറുണ്ടായിരുന്നു. നല്ല തമാശക്കാരന്‍. നന്നായി ബിരിയാണി വെയ്ക്കും. നല്ല ചങ്ങാതിയായിരുന്നു. അയാള്‍ എവിടെയാണ് എന്നറിയാന്‍ അന്വേഷിച്ച് വന്നതാണ്. തന്റെ പഴയ സ്‌നേഹിതന്‍ ഖലാസി ബഷീര്‍ എഴുത്തുകാരനാണെന്ന് അയാള്‍ക്കറിയില്ല.

പരിപ്പടവയെ കുറിച്ചും സാമ്പാര്‍ ഉണ്ടാക്കുന്നതിനെ കുറിച്ചും ബഷീര്‍ എഴുതിയിട്ടുണ്ട്. കല്‍ച്ചട്ടിയില്‍ സാമ്പാര്‍ പാകം ചെയ്തതു ഞാനാണ്. അറിയാം. സംശയമുണ്ടെങ്കില്‍ കെ. എ. രാജന്‍ ആന്‍ഡ് പാര്‍ട്ടി എന്ന നായരോടു ചോദിക്കുക. അല്ലെങ്കില്‍ എം. പി. കൃഷ്ണപിള്ള എന്ന നായരോട് ചോദിക്കുക. ഞാന്‍ സാമ്പാര്‍ പാകം ചെയ്ത് ഹരംപിടിച്ചു കടുക് വറുത്തു. ഉണക്ക മുളകിന്‍ കഷണങ്ങളും. ഉണക്കമുളക് കറുത്തു തുടങ്ങിയപ്പോഴാണു കടുക് വറുത്തത്. ശറപറാ പൊട്ടിത്തുടങ്ങിയപ്പോള്‍ കറിവേപ്പിലയും കൊത്തമല്ലിച്ചെപ്പും ഇട്ട സാമ്പാര്‍ എടുത്തു ചീനച്ചട്ടിയില്‍ ഒഴിച്ചു. എന്നിട്ടത് കല്‍ച്ചട്ടിയില്‍ കമഴ്ത്തി. അങ്ങനെ ഹരം പിടിച്ച ഗന്ധം എങ്ങും വ്യാപിച്ചപ്പോള്‍ ഗേററില്‍ രണ്ടു മൂന്നും ഉശിരന്‍ മുട്ടലുകള്‍ !
(നേരും നുണയും,1969)

ബഷിറിൻ്റെ ചോദ്യോത്തര പംക്തി പുസ്തകമായപ്പോൾ (1969)

കോഴിക്കോട് പുതിയറയിലെ എസ്. കെ. പൊറ്റെക്കാടിന്റെ പ്രശസ്തമായ വീട് ചന്ദ്രകാന്തത്തില്‍ കുറച്ച് കാലം ബഷീര്‍ താമസിച്ചു. പൊറ്റെക്കാട് എവിടയോ യാത്രയിലാണ്.
കോഴിക്കോട്ടെ സാഹിത്യ കൂട്ടായ്മയെ ബഷീര്‍ അവിടെക്ക് ക്ഷണിച്ചു. ഒരു പ്രഖ്യാപനവും നടത്തി. ‘ഉച്ചക്ക് വന്നാല്‍ നല്ല തിരുത മീന്‍ കറിയുണ്ടാക്കി നല്ല ചോറ് തരാം. ആവശ്യമുള്ളവര്‍ വന്നോളുക. പിന്നെ വേറൊരു കാര്യമുണ്ട് കാലത്തെ വന്നവര്‍ ഊണ് വേണം എന്നു പറയണം. അധികം വെച്ചു കളയാന്‍ ഞങ്ങള്‍ അത്ര വലിയ പണക്കാരൊന്നുമില്ല. പിന്നെ വരുന്നതിനോടൊപ്പം ചില്ലറ ജോലി കളൊക്കെയുണ്ട്. തേങ്ങ ചിരകുക, മീന്‍വെട്ടാന്‍ അറിയുന്നവരാണെങ്കില്‍ അത് ചെയ്യുക.’

ബഷീർ അന്തരിച്ചപ്പോൾ എം.ടി എഴുതിയ അനുസ്മരണം

അക്കാലത്തെ കുറിച്ച് എം. ടി. എഴുതി. ‘പിന്നെ കുറെ നാള്‍ ‘ചന്ദ്രകാന്ത’ത്തിലാണ് പാതിരവരെ ഞങ്ങള്‍. ബഷീറിന്റെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ എം.വി. ദേവന്‍ ദിവസവും വരും. കലാസമിതി നേതാക്കളായ എം. അബ്ദുറഹിമാന്‍, വി. അബ്ദുള്ള തുടങ്ങിയവരാണ് ബഷീറിന്റെ കുടിയിരുപ്പിന്റെ മേല്‍നോട്ടം. ധാരാളം സന്ദര്‍ശകര്‍. കൂട്ടത്തില്‍ പയ്യനായ എനിക്കാണ് ജോലികള്‍ കൂടുതല്‍. ഇടയ്ക്ക് പുറത്തേക്കോടണം. പപ്പടം വളരെ ചെറിയ കഷണങ്ങളായി അരിഞ്ഞ് എരിവുള്ള ഒരു ഉപദംശമുണ്ടാക്കുന്ന ‘റെസിപ്പി’ ആദ്യദിവസം തന്നെ ഗുരു പഠിപ്പിച്ചു’ . ഗുരു എന്നാണ് എം.ടി. ബഷീറിനെ വിളിച്ചിരുന്നത്.

ബഷീറിൻ്റെ വീട്ടിലെ പ്രശസ്തമായ സുഹൃദ് സദസ്സിൽ എസ്. കെ. പൊറ്റെക്കാട്

ചന്ദ്രകാന്തത്തില്‍ താമസിക്കുമ്പോഴാണ് ബഷീറിനെക്കൊണ്ട് ഒരു കല്യാണം കഴിപ്പിക്കുക എന്നൊരു മഹത്തായ ആശയം കൂട്ടുകാര്‍ക്ക് തോന്നുന്നത്. ബഷീറിനോട് വയസെത്രയായി എന്നു ചോദിച്ചാല്‍ പറയും. ഒരു നൂറോ അമ്പതോ അതിനൊക്കെ ഇടയിലായിരിക്കും. കൃത്യമായ
വയസൊന്നും എനിക്കറിയില്ല. എന്തായാലും നൂറിന് താഴെയായിരിക്കും അതിന് അനുസരിച്ചുള്ള ഒരു പെണ്ണായിരിക്കണം.’

അങ്ങനെ അബ്ദുള്‍ റഹിമാന്‍ സാഹിബ് ഒരു പെണ്ണിനെ കണ്ടുപിടിച്ചു. പെണ്ണ് കാണാന്‍ പോണം. കൂടെ ബഷീറിന്റെ ബന്ധുക്കളാരെങ്കിലും വേണ്ട എന്ന് പെണ്ണിന്റെ വീട്ടുകാര്‍ ചോദിച്ചു. അപ്പോള്‍ ബഷീര്‍ പറഞ്ഞു. ‘ഇവരൊക്കെ എന്റെ ബന്ധുക്കള്‍ തന്നെയാണ്.”
വി. അബ്ദുല്ല, എം.വി ദേവന്‍ , അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് തുടങ്ങിയ പ്രമുഖര്‍. ‘ഇവരൊക്കെ എന്റെ ബന്ധുക്കളാണ് നാട്ടീന്ന് ഇതിന് വേണ്ടി വരാന്‍ ആരുമില്ല.’

അങ്ങനെ പെണ്ണുകാണാന്‍ ബഷീറും കൂട്ടുകാരും ഫറോക്കില്‍ പോയി. അബ്ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ ചേട്ടന്‍ ഒരു ഡോക്ടററാണ് . അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ്. വൈകുന്നേരം പെണ്ണ് കാണല്‍. ബഷീറിനെപറ്റി ആദ്യം വധു ഫാബിയുടെ അടുത്ത് പറഞ്ഞപ്പോള്‍ ഫാബിയുടെ പ്രതികരണം വളരെ രസമായിരുന്നു. ഫാബിയുടെ ബാപ്പ ബഷീറിന്റെയൊരു ഫോട്ടോ കൊണ്ടു വന്ന് കാണിച്ച് ഇതാണ് പുതിയാപ്ല എന്നു പറഞ്ഞു:
അപ്പോള്‍ ഫാബി ചോദിച്ചു.
”ഈ കിളവനോ? ഇയാള് മരിച്ചിട്ട് കുറേകാലമായില്ലെ?’
അപ്പോള്‍ അബ്ദുള്‍ റഹിമാന്‍ സാഹിബ് ഫാബിയോട് പറഞ്ഞു.
”അങ്ങേരെങ്ങാനും കേട്ടാല്‍ നിന്നെ കശാപ്പ് ചെയ്തു കളയും ‘
ഫാബി പറഞ്ഞു ”അയ്യോ പടച്ചോനെ ഞാന്‍ പറഞ്ഞുന്നൊന്നും പറയണ്ട.’
അങ്ങനെ ആ കല്യാണം നിശ്ചയിച്ചു.

ബഷീർ ഫാബിയെ പെണ്ണു കാണാൻ പോയപ്പോൾ എം.വി. ദേവൻ വരച്ച പോർട്ട് റൈറ്റ്

ഫാബിയെ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ബഷീര്‍ എം.വി. ദേവന്റെയടുത്ത് പറഞ്ഞു.
‘ദേവനൊരു കാര്യം ചെയ്യ്, ഞങ്ങള്‍ രണ്ടുപേരും അടുത്തടുത്ത് നില്‍ക്കും ഞങ്ങളെ വരക്കണം. ആ പടം വരച്ച് അതില്‍ ഈ കാണികളായി വന്നിട്ടുള്ള നിങ്ങള്‍ ഒപ്പിടണം അതിന്റെ അടിയില്‍. അതാണ് ഇതിന്റെ ഒരു രേഖ.’,
അബ്ദുള്‍ റഹിമാന്‍ സാഹിബ്, വി അബ്ദുല്ല തുടങ്ങിയ സാക്ഷികള്‍ അങ്ങനെ ആ എം.വി. ദേവന്‍ വരച്ച പടത്തില്‍ ഒപ്പിട്ടു.

ബഷീറും ഭാര്യ ഫാബിയും

വിവാഹത്തിന് ശേഷം ബഷീര്‍ ബേപ്പൂരില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങി വീടുവച്ചു. അങ്ങനെ അദ്ദേഹം കുടുംബസമേതം ‘വൈലാലില്‍’ വീട്ടില്‍ താമസമായി. ബേപ്പൂരിലെ രണ്ടേക്കര്‍ സ്ഥലത്ത് താനൊരു സുല്‍ത്താനായി വാഴുന്നു എന്ന് അദ്ദേഹം ഒരു കത്തില്‍ എഴുതി. ആ ‘ടൈറ്റില്‍’ അങ്ങനെ ബഷീറിന് സ്വന്തമാവുകയും ചെയ്തു. അങ്ങനെ ബഷീര്‍ ബേപ്പൂര്‍ സുല്‍ത്താനായി അറിയപ്പെട്ടു.

1964-ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയ’മാണ് ചലച്ചിത്രമായ ആദ്യ ബഷീര്‍ കൃതി. ബഷീറിന്റ -‘നീലവെളിച്ചം’ എന്ന കഥയാണ് എ. വിന്‍സെന്റ് ഭാര്‍ഗവീനിലയം എന്ന പേരില്‍ സിനിമയാക്കിയത്. പ്രേംനസീര്‍, മധു, വിജയ നിര്‍മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഭാർഗവി നിലയം സിനിമ ഷൂട്ടിംഗിനിടയിൽ നടൻ മധു പി ജെ ആൻ്റണി എന്നിവരൊത്ത് ബഷീർ

രണ്ട് തവണ ചലച്ചിത്രമായ ബഷീര്‍ കൃതി യാണ് ‘ബാല്യകാലസഖി’. ആത്മകഥാപാരമായ ഈ നോവല്‍ ആദ്യം സിനിമയാകുന്നത് 1967-ലാണ്. ശശികുമാറായിരുന്നു സംവിധായകന്‍. പ്രേം നസീറും ഷീലയുമായിരുന്നു മജീദിനെയും സുഹ്‌റയെയും അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം, 2014-ല്‍ പ്രമോദ് പയ്യന്നൂര്‍ ബാല്യകാലസഖി വീണ്ടും സിനിമയാക്കിയപ്പോള്‍ മമ്മൂട്ടി മജീദായി അഭിനയിച്ചു.

മാമ്മുക്കോയ എന്ന നടനെ ചലചിത്രത്തിലേക്ക് നയിച്ചത് ബഷീറായിരുന്നു. എസ്. ഹരിഹരന്റെയും ഐ.വി. ശശിയുടേയും ചലചിത്ര ഗുരുവായ , തന്നെ കാണാന്‍ വന്ന എസ്. കോന്നാട്ടിനോട് ബഷീര്‍ പറഞ്ഞു’ ഇവനൊരു വേഷം കൊടുക്കണം.’ കോന്നാട്ട് തല കുനിച്ചു സമ്മതിച്ചു. അങ്ങനെയാണ് സുറുമയിട്ട കണ്ണുകളില്‍ ആദ്യമായി മാമ്മുക്കോയ അഭിനയിക്കുന്നത്. ഭാര്‍ഗവീനിലയം സിനിമക്ക്. മലയാളത്തിലെ ഏറ്റവും ലക്ഷണമൊത്ത മികച്ച സ്‌ക്രിപ്റ്റ് എഴുതിയ ബഷിര്‍ തന്നെ ഒരു മികച്ച നടനെ മലയാള സിനിമക്ക് കണ്ടെത്തി.

മാമ്മുക്കോയക്ക് പണം കടം കൊടുക്കുമായിരുന്നു ബഷീര്‍ ‘ നിന്റെ കയ്യില്‍ തിരിച്ച് തരാന്‍ കായുണ്ടോ കാക്കേ? ബഷീര്‍ ചോദിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി രണ്ട് ഒപ്പ് ചെക്കില്‍ ഇടുന്ന ആളാണ് ബഷീര്‍. മലയാളത്തില്‍ ഒപ്പിട്ടാല്‍ കാശ് തിരികെ കൊടുക്കേണ്ട ! ഇംഗ്ലീഷില്‍ ഇട്ടാല്‍ പണം തിരികെ നല്‍കണം. മാമ്മുക്കോയ പ്രാര്‍ത്ഥിക്കും ഒപ്പ് മലയാളത്തിലാകാന്‍. അപ്പൊഴതാ ഒപ്പ് മലയാളത്തില്‍. പിന്നീട് സിനിമക്കാരനായപ്പോള്‍ കാശ് കടം വാങ്ങി. പക്ഷേ, ചെക്കില്‍ ഒപ്പിട്ടത് ഇംഗ്ലീഷിലായിരുന്നു. മനുഷ്യരോട് മാത്രമല്ല എല്ലാവരോടും സമഭാവനയില്‍ പെരുമാറിയ ഒരാളായിരുന്നു ബഷീര്‍.

ബഷീറിന്റെ ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ക്ക് ആമുഖത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതി. ‘ഞാന്‍ നന്ദി പറയുന്നു: ഈ മനുഷ്യനോടല്ല, പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവില്‍, മുന്നില്‍ വന്നുനിന്ന ഒരനര്‍ഘ നിമിഷത്തിന്.
എന്റെ മരുപ്പറമ്പില്‍ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തില്‍ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉര്‍വ്വരതക്ക്’.

പരിചയപ്പെട്ടു പിരിയുന്നവരോടെല്ലാം ബഷീര്‍ പറയും ‘ നന്നായി വരട്ടെ’
ഇംഗ്ലീഷിലും മലയാളത്തിലുമല്ലാത്ത, സ്‌നേഹത്തിന്റെ ഒപ്പ് ആയിരുന്നു അത്.

memorial day of Vaikom Muhammed Basheer.

Leave a Reply

Your email address will not be published. Required fields are marked *

×