മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കോളമിസ്റ്റ്, ടി.എന്‍. ശേഷന്റെ ജീവചരിത്രകാരന്‍ എന്നീ നിലയില്‍ പ്രശസ്തനായ ഗോവിന്ദന്‍ കുട്ടി മൂന്ന് പതിറ്റാണ്ട് സജീവമായ തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അന്തരിച്ച അദ്ദേഹത്തിന് 81 വയസ്സായിരുന്നു. ദീര്‍ഘവും സംഭവബഹുലവുമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍, കെ. ഗോവിന്ദന്‍ കുട്ടി ഓള്‍ ഇന്ത്യ റേഡിയോ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഫൈനാഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ തുടങ്ങിയ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു.
മലയാളത്തില്‍ ലേഖനങ്ങള്‍ മനോഹരമായ ശൈലിയില്‍ എഴുതുന്ന ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തില്‍ വിരാജിച്ച പത്രപ്രവര്‍ത്തകനായിരുന്നു കെ. ഗോവിന്ദന്‍ കുട്ടി. ടി ജെ.എസ് ജോര്‍ജും ബി.ആര്‍.പി. ഭാസ്‌കറുമായിരുന്നു ഇതേ രീതിയില്‍ തങ്ങളുടെ പത്രപ്രവര്‍ത്തനം നടത്തി കൊണ്ടുപോയ പ്രശസ്തരായ മറ്റ് രണ്ടുപേര്‍. ഏറെക്കാലം കേരളത്തിന് പുറത്ത് പ്രവര്‍ത്തിച്ചവരാണെങ്കിലും ഈ മൂന്ന് പത്രപ്രവര്‍ത്തകരും കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ മേഖലയില്‍ എല്ലാ കാലവും തല്‍പ്പരരായിരുന്നു. തങ്ങളുടെ ലേഖനങ്ങളിലൂടെ അവര്‍ എല്ലായ്‌പ്പോഴും പ്രതികരിച്ചു. ബി.ആര്‍.പി ഭാസ്‌കറാകട്ടെ തന്റെ ആരോഗ്യം അനുവദിക്കും വരെ പത്രപ്രവര്‍ത്തകനില്‍ നിന്ന് പരിണമിച്ച് ഒരു സജീവ ആക്റ്റിവിസ്റ്റായി മുന്നോട്ടുപോയി. തങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓരത്തിലൂടെ അവര്‍ നടന്നില്ല എന്നതായിരുന്നു ഈ മൂന്നുപേരുടെയും പത്രപ്രവര്‍ത്തകരിലെ പ്രസക്തിയും മൂല്യവും.
80 കള്‍ക്ക് ശേഷം ഡല്‍ഹി വിട്ട് തന്റെ പത്രപവര്‍ത്തനം കേരളത്തിലേക്ക് മാറ്റിയ കെ. ഗോവിന്ദന്‍ കുട്ടി ഏറെ പ്രശസ്തനായത് ഇലക്ഷന്‍ കമ്മീഷനായ വിവാദ പുരുഷന്‍ ടി.എന്‍. ശേഷന്റെ ജീവചരിത്രം (1994) എഴുതിയതോടെയാണ്.

കേരളത്തിലെ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ അതിലും പ്രധാനപ്പെട്ട ഒരു ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചത് അധികമാരുമറിയാത്ത ഒരു പോരാട്ടത്തിന്റെ കഥയാണ്. 1985 ല്‍ ഒരു മാസികയില്‍ കഥയെഴുതിയതിന് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ ആസ്ഥാനത്ത് ഗുമസ്ഥനായ മണമ്പൂര്‍ രാജന്‍ ബാബു എന്ന എഴുത്തുകാരനെ ജോലിയില്‍ നിന്ന് മേലധികാരികള്‍ സസ്‌പെന്‍ഡ് ചെയ്തു. കഥയില്‍ പോലീസ് സേനയെ ആക്ഷേപിക്കുന്നു എന്നാരോപിച്ചായിരുന്നു ഈ നടപടി.
കലാകൗമുദി ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കഥ’ മാസികയുടെ 1984 ജൂണ്‍ ലക്കത്തിലാണ് രാജന്‍ ബാബു എഴുതിയ ‘ഡിസിപ്ലിന്‍’ എന്ന ചെറുകഥ അച്ചടിച്ച് വന്നത്. കഥയുടെ ഉള്ളടക്കം എം.എസ്.പി യിലെ മേലധികാരികളെ പ്രകോപിപ്പിച്ചു. മേലാവില്‍ നിന്ന് കഥാകൃത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം കൊടുത്തത് ഏമാന്‍മാര്‍ക്ക് ബോധിച്ചില്ല. അങ്ങനെ രാജന്‍ ബാബുവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
യഥാര്‍ത്ഥത്തില്‍ രാജന്‍ ബാബു ഒരു കവിയാണ്, കഥാകാരനല്ല. 1981 മുതല്‍ പ്രചാരത്തിലുള്ള ‘ഇന്ന്’ എന്ന ഇന്‍ലന്റ് മാസികയുടെ സ്ഥാപക പത്രാധിപര്‍ കൂടിയാണ് മണമ്പൂര്‍ രാജന്‍ ബാബു. 500 ലക്കം പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ ഇന്‍ലന്റ് മാസികയാണ് ‘ഇന്ന്’.
കഥയെഴുത്തുകാരനോട് കാട്ടിയ ഈ അന്യായം അറിഞ്ഞ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. ഗോവിന്ദന്‍ കുട്ടി വിവാദ കഥ തപ്പിപ്പിടിച്ച് വായിച്ചു. ഈ ശിക്ഷാ നടപടി തികഞ്ഞ അനീതിയാണെന്ന് മനസിലാക്കിയ ഗോവിന്ദന്‍ കുട്ടി, ‘Dismissal To Throttle A Writer’s Voice’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ആദ്യ പേജില്‍ ഗോവിന്ദന്‍ കുട്ടി വാര്‍ത്ത എഴുതി. ടിവി. ചാനലുകളില്ലാത്ത ആ ശിലായുഗത്തില്‍ രാജന്‍ ബാബുവിന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രം വഴി ഇന്ത്യയൊട്ടുക്ക് അറിഞ്ഞു.
ഗോവിന്ദന്‍ കുട്ടിക്ക് ഇത് പുത്തരിയല്ല. പണ്ട് ഡല്‍ഹിയില്‍ വെച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ് പണിയുന്ന സൈന്യത്തിന്റെ ഒരു വിഭാഗത്തിന് പട്ടാളത്തിന്റെ ആനുകൂല്യം കൊടുക്കാതെ ( BRO) പട്ടാളത്തിന്റെ അച്ചടക്ക നടപടികള്‍ മാത്രം നടപ്പിലാക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ സുനില്‍ എന്ന മലയാളി ചെറുപ്പക്കാരന് വേണ്ടി ഗോവിന്ദന്‍ കുട്ടി ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ പട്ടാള അധികൃതരുമായി ഒരിക്കല്‍ ഏറ്റുമുട്ടിയതാണ്.

അതോടെ സംഭവം ചൂടായി. എം. രാജന്‍ ബാബുവിന്റെ ശിക്ഷാ നടപടിക്കെതിരെ എസ് പി യുടെ ആസ്ഥാനമായ മലപ്പുറത്ത് ‘എഴുത്തുകാരുടെ അവകാശ സംരക്ഷണ സമിതി’ രൂപംകൊണ്ടു. കൂടാതെ എന്‍.ജി.ഒ യൂണിയന്‍, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയവരെല്ലാം ഈ സാംസ്‌കാരിക മുന്നണിയില്‍ അണിനിരന്നു.
രാജന്‍ ബാബുവിനെതിരെയുള്ള അന്യായ നടപടിയില്‍, തൃശൂരില്‍ പുറപ്പെടുവിച്ച പ്രതിഷേധ പ്രസ്താവനയില്‍ സി. അച്യുത മേനോന്‍, വൈലോപ്പിള്ളി, സി. വി. ശ്രീരാമന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, കോവിലന്‍, സി.എല്‍ ജോസ്, ആറ്റൂര്‍ രവിവര്‍മ്മ, പവനന്‍, എസ്.കെ. വസന്തന്‍, ജി.കുമാരപിള്ള, കെ.ജി. ശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴിക്കോട്, എന്‍.പി. മുഹമ്മദ്, ശോഭനാ പരമേശ്വരന്‍ നായര്‍, ആര്‍.എം. മനയ്ക്കലാത്ത്, എം.കെ. മാധവന്‍ നായര്‍, സിവിക്ക് ചന്ദ്രന്‍, ഡോ. കെ.കെ. രാഹുലന്‍, മുല്ലനേഴി തുടങ്ങിയവരെല്ലാം ഒപ്പിട്ടു. പ്രസ്താവന കേരള സാംസ്‌കാരിക രംഗത്ത് കോളിക്കമുണ്ടാക്കി. അനീതിയില്‍ ഒറ്റപ്പെട്ട ഒരു വൃക്തിക്ക് ജാതിമത ഭേദമില്ലാതെ സമൂഹം എത്ര സ്‌നേഹപരിലാളനകള്‍ നല്‍കും എന്നതിന് സാംസ്‌കാരിക കേരളം സാക്ഷ്യംവഹിച്ച സംഭവമായിരുന്നു അത്.
‘ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതി. അപ്പോള്‍ ചില ആളുകള്‍ പറയുകയാണ്. അത് അവരെ കുറിച്ചാണെന്ന്’. മനുഷ്യനെപറ്റി കഥയെഴുതുമ്പോള്‍ അതൊക്കെ തന്നെ കുറിച്ചാണെന്ന് ജനം കരുതുന്നതാണ് ഒരു സാഹിത്യകാരന്റെ വിജയം. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐ.എ.എസ്. ഓഫീസറായിരിക്കേ, ഔദ്യോഗിക രംഗത്തെ തീര്‍ത്തും തുറന്നുകാട്ടുന്ന ‘യന്ത്രം’ എന്ന നോവലെഴുതി. അന്നെന്തേ ഒന്നും ചെയ്തില്ല ? ഇത്തരം പ്രതികാര നടപടികള്‍ ഒരു ജനതയ്ക്കും ഭൂഷണമല്ല. വാക്കുകള്‍ അളന്നുതൂക്കി മാത്രം ഉപയോഗിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.
മണമ്പൂര്‍ രാജന്‍ ബാബുവുമായി അതുവരെ ഒരു വ്യക്തിബന്ധവുമില്ലാത്ത എം.ടി. സ്വന്തം നിലയ്ക്ക് കാറില്‍ വന്നാണ് കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണറില്‍ ആദ്യമായി തെരുവില്‍ ജനക്കൂട്ടത്തിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത്.

രാജന്‍ ബാബു ആഭ്യന്തര സെക്രട്ടറി എന്‍. കാളീശ്വരനെ കാണാന്‍ പോയി. കാളീശ്വരന്‍ ഐ.എ.എസ് പറഞ്ഞു, ”നിങ്ങളാണല്ലേ മണമ്പൂര്‍ രാജന്‍ ബാബു നിങ്ങളെ ഞാന്‍ കാണാനാഗ്രഹിച്ചിരിക്കുകയായിരുന്നു. ആ കഥയെവിടെ?”
രാജന്‍ ബാബു പറഞ്ഞു: ”ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സാര്‍ എന്നെ രക്ഷിക്കണം.’
അദ്ദേഹം പറഞ്ഞു: ‘ശരി പൊയ്‌ക്കോളൂ. ഞാന്‍ നോക്കാം.’
പറഞ്ഞ പോലെ രാജന്‍ ബാബുവിനെ തിരിച്ചെടുക്കാന്‍ കാളീശ്വരന്‍ ഫയലില്‍ എഴുതി. പക്ഷേ, മന്ത്രിയായ വയലാര്‍ രവി സെക്രട്ടറിയോട് യോജിച്ചില്ല. കലാപ്രേമിയും സഹൃദയനുമായ ഡി.ജി.പി. എം. കെ ജോസഫ് ഇടപെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ലിബറലാണെന്ന് നാമൊക്കെ കരുതിയിരുന്ന വയലാര്‍ രവി പാറപോലെ അനങ്ങാതെ നിന്നു.
ഇതേ സമയത്ത് ഗോവിന്ദന്‍ കുട്ടി രാജന്‍ ബാബുവിന്റെ ‘ഡിസിപ്ലിന്‍’ കഥയെടുത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു ഉഗ്രന്‍ റിപ്പോര്‍ട്ടാക്കി. ആഭ്യന്തര മന്ത്രിക്ക് മനസിലാവാനും അദ്ദേഹത്തിന്റെ അഭിമാനത്തേയും അധികാരത്തെയും സ്പര്‍ശിക്കുന്ന ചില പ്രയോഗങ്ങളും ഗോവിന്ദന്‍ കുട്ടി തന്റെ ശൈലിയില്‍ റിപ്പോര്‍ട്ടില്‍ എഴുതി. ചുരുക്കത്തില്‍ രാജന്‍ ബാബുവിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന് പറയുന്ന കഥയായിരുന്നു ഗോവിന്ദന്‍ കുട്ടിയുടെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട്.
ഗോവിന്ദന്‍ കുട്ടിയുടെ ഇടപെടല്‍ ഫലമുണ്ടാക്കി. രാജന്‍ ബാബുവിനെ പിരിച്ചുവിട്ട തീരുമാനം പുനഃപരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി വയലാര്‍ രവി ഉത്തരവിട്ടു. അപ്പോഴേക്കും പോലീസ് സേനാ നേതൃത്വം തന്ത്രപരമായി രാജന്‍ ബാബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന കല്‍പ്പന ഇറക്കി കഴിഞ്ഞിരുന്നു.
ഇതറിഞ്ഞ ഗോവിന്ദന്‍ കുട്ടി ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ തക്ക സമയത്ത് ഒരു ചോദ്യമുന്നയിച്ചു… ‘കേരള ആഭ്യന്തര മന്ത്രിയുടെ ഉത്തരവിന് പുല്ലുവില കല്‍പിക്കാത്ത പോലീസ് സേനയോ ?’ ഗോവിന്ദന്‍ കുട്ടിയുടെ വാര്‍ത്ത വായിച്ച് വയലാര്‍ രവി ക്ഷുഭിതനായി. വയലാര്‍ രവി ഉടന്‍ തന്നെ ഫയല്‍ വരുത്തി രാജന്‍ ബാബുവിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ”ഇയാള്‍ എഴുതിയിരിക്കുന്നത് കഥയാണെങ്കില്‍, മറ്റ് വിശദീകരണമൊന്നും ആവശ്യമില്ല. ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുക.’ അങ്ങനെ കാര്യം തീരുമാനമായി. രാജന്‍ ബാബുവിനെ തിരിച്ചെടുക്കാന്‍ ഉത്തരവായി.

1986 ജനുവരി 5 ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തിന്റെ മുന്‍പേജില്‍ ആറ് കോളം വാര്‍ത്ത വന്നു. ‘ Order issued To Reinstate Story Writer’. അവസാനം മണമ്പൂര്‍ രാജന്‍ ബാബു ഈ പോരാട്ടത്തില്‍ വിജയശ്രീലാളിതനായി. ഒന്നരക്കൊല്ലത്തെ സസ്‌പെന്‍ഷന് ശേഷം 1986 ജനുവരിയില്‍ മണമ്പൂര്‍ രാജന്‍ ബാബു തന്റെ പഴയ തസ്തികയില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ അവസാനം എഴുത്തുകാരനും എഴുതാനുള്ള സ്വാതന്ത്ര്യവും വിജയക്കൊടി നാട്ടി. പിന്നീട് 36 വര്‍ഷം കഴിഞ്ഞാണ് 2002 ല്‍ മണമ്പൂര്‍ രാജന്‍ ബാബു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലിയില്‍ നിന്ന് വിരമിച്ചത്.
ഒരിക്കല്‍ പോലും അതുവരെ താന്‍ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു എഴുത്തുകാരന് വേണ്ടി പടനയിച്ച ഗോവിന്ദന്‍ കുട്ടിയുടെ ദൗത്യം ഒരു പത്രപ്രവര്‍ത്തകന്റെ ഉജ്ജ്വലമായ വിജയമായിരുന്നു. അവരുടെ ജീവചരിത്രമെഴുതിയാലും കിട്ടാത്ത തിളക്കം ആ പരിശ്രമത്തിനുണ്ടായിരുന്നു. ഒരു പത്രപ്രവര്‍ത്തകന് തന്റെ തൊഴിലില്‍ അപൂര്‍വ്വമായി കിട്ടുന്ന സാഫല്യം.
മൂന്ന് പതിറ്റാണ്ട് ഫുള്‍ ടൈം പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍ കുട്ടി ഡല്‍ഹിയില്‍ ഇന്‍ഫോര്‍മേഷന്‍ ബ്യൂറോവില്‍ പത്രപ്രവര്‍ത്തനമാരംഭിച്ച് ആകാശവാണി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഫൈനാഷ്യല്‍ എക്‌സ്പ്രസ്സ്, ഇന്ത്യാ ടുഡെ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റില്‍ ‘കാഴ്ചവട്ടം’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു ഗോവിന്ദന്‍ കുട്ടി.

1977 നവംബര്‍ 4 ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, യാത്ര ചെയ്ത ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനം അസാമിലെ ജോര്‍ഹട്ടില്‍ തകര്‍ന്നു വീണു. വിമാനത്തിലെ അഞ്ച് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ട ഈ അപകടത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ മകന്‍ കാന്തി ഭായ് ദേശായി, ഐബി ഡയറക്ടര്‍ ജോണ്‍ ലോബോ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പി.കെ. തുങ്കോണ്‍ എന്നീ വി.ഐ.പി കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനാപകടത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി ആകാശവാണി ലേഖകന്‍ ഗോവിന്ദന്‍ കുട്ടിയും പിടിഐ പ്രത്യേക പ്രതിനിധി എന്‍.വി.കെ. സ്വാമിയും അന്ന് രാത്രി 11 മണിയോടെ ജോര്‍ഹട്ടിലെ സൈനിക താവളത്തിലെത്തി. തണുത്തുറഞ്ഞ ആ രാത്രിയില്‍, അപകടത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ഗോവിന്ദന്‍ കുട്ടി സൈനിക കേന്ദ്രത്തിലെ ഫോണിലൂടെ ഡല്‍ഹിയിലെ ആകാശവാണി ജനറല്‍ ന്യൂസ് റൂമിലേക്ക് ആ സന്ദേശമയച്ചു: ‘വിമാനം തകര്‍ന്നു; പ്രധാനമന്ത്രി രക്ഷപ്പെട്ടു.’ ഈ രണ്ട് വാചകങ്ങളിലൂടെയാണ് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ലോകമറിഞ്ഞത്. മാധ്യമലോകത്ത് ഗോവിന്ദന്‍ കുട്ടിയെ പ്രശസ്തനാക്കിയ വലിയൊരു ‘സ്‌കൂപ്പ്’ വാര്‍ത്തയായിരുന്നു അത്.
1975 ലെ അടിയന്തരാവസ്ഥയില്‍ ഏറെ കഷ്ടപ്പെട്ട, ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്ററായിരുന്നു വിഖ്യാതനായ എസ്. മുള്‍ഗോക്കര്‍. തന്നെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഏറെ അപമാനിതനായ മുള്‍ഗോക്കര്‍, അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എന്തു കേട്ടാലും കലി കയറുന്ന അവസ്ഥയിലായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരികെ എഡിറ്ററായി മുള്‍ഗോക്കര്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്നപ്പോള്‍ ഗോവിന്ദന്‍ കുട്ടി ഒരു വാര്‍ത്ത കൊടുത്തത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയുടെ ചെയ്തികളെയും വാഴ്ത്തുന്ന, രണ്ട് റഷ്യക്കാര്‍ ചേര്‍ന്നെഴുതിയ ഒരു ചരിത്ര പുസ്തകം ആയിടയ്ക്ക് പുറത്തുവന്നു. സി.പി.ഐയുടെ ഡല്‍ഹിയിലെ പ്രസിദ്ധീകരണശാലയായ പീപ്പിള്‍സ് പബ്ലിക്കേഷന്‍ ഹൗസായിരുന്നു പ്രസാധകര്‍. പുസ്തകത്തിന്റെ ലക്ഷ്യം ഇന്ദിരാ സ്തുതി തന്നെ. റഷ്യയും സിപിഐയും അടിയന്തരാവസ്ഥയെ പിന്തുണച്ചവരാണല്ലോ. ലക്ഷ്യം അതാണെങ്കിലും അതൊരു കാലം തെറ്റിയ പുസ്തകമായിരുന്നു. സിപിഐ അടിയന്തരാവസ്ഥയെയും ഇന്ദിരയെയും തള്ളിപ്പറയാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് പുസ്തകം കിട്ടാനില്ലാതായി. നാണക്കേട് തോന്നിയ പ്രസാധകര്‍ അത് പിന്‍വലിച്ചതായിരുന്നു. ആ ദിവസങ്ങളില്‍ ഏതോ വിദ്യാര്‍ത്ഥി സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് വന്ന അന്ന് സി.പി.എം പ്രവര്‍ത്തകനായ എന്‍.പി. ചേക്കുട്ടി (ഈയടുത്ത് മുസ്ലീം തീവ്രവാദിയെന്ന് ഒരു ചാനല്‍ നിരീക്ഷകന്‍ തെറ്റായി വിശേഷിപ്പിച്ച, പഴയ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ കൂടിയായ ചേക്കുട്ടി തന്നെ) അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ചേക്കുട്ടിയാണ് ഗോവിന്ദന്‍ കുട്ടിയോട് ഇതേക്കുറിച്ച് പറയുന്നത്. ഈ പുസ്തകം കിട്ടാത്തത് അത് പിന്‍വലിച്ചതിനാലാണ് എന്ന് ചേക്കുട്ടി സംശയം പ്രകടിപ്പിച്ചു. അത് മതിയായിരുന്നു ഗോവിന്ദന്‍ കുട്ടിക്ക്. പ്രത്യേകിച്ചും അടിയന്തരാവസ്ഥയില്‍ ക്രൂശിക്കപ്പെട്ട പത്രമായ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സിന് ഒരു നല്ല വാര്‍ത്തയ്ക്ക്.

ആ കാലത്ത് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എന്തു കേട്ടാലും കലി കയറുന്ന അവസ്ഥയിലായിരുന്നു മുള്‍ഗോക്കര്‍. അടിയന്തരാവസ്ഥയില്‍ തനിക്ക് നേരിട്ട അപമാനത്തില്‍ വ്രണിതഹൃദയനായിരുന്നു. ഈ വാര്‍ത്ത അദ്ദേഹത്തിന് ആഹ്‌ളാദം പകര്‍ന്നു. പിറ്റേദിവസം എക്സ്പ്രസില്‍ മാത്രമായി ആദ്യ പേജില്‍ വാര്‍ത്ത: ‘സിപിഐ ഇന്ദിരാ സ്തുതി പിന്‍വലിക്കുന്നു’. മുള്‍ഗോക്കറെയും സിപിഎമ്മുകാരെയും ഒരേപോലെ സന്തോഷിപ്പിച്ച സിപിഐക്കുകിട്ടിയ ഈ കൊട്ട് വാര്‍ത്ത ഏറെ ചര്‍ച്ചയായി. വാര്‍ത്തയുടെ പേരില്‍ പിന്നീട് എഡിറ്റോറിയല്‍ യോഗത്തില്‍ മുള്‍ഗോക്കര്‍ ഗോവിന്ദന്‍കുട്ടിയെ പ്രശംസിച്ചപ്പോള്‍, തൊട്ടടുത്തിരുന്ന എക്‌സ്പ്രസ്സ് ന്യൂസ് സര്‍വീസിന്റെ മേധാവി എ.എന്‍. ധര്‍, ഗോവിന്ദന്‍കുട്ടിയോട് പറഞ്ഞു: ‘ഈ അപൂര്‍വ പ്രശംസ ഒരു ബിരുദത്തിന് സമാനമാണ്’. ആരോടും അര നല്ലവാക്ക് പറയാത്തവനും ശകാരത്തില്‍ ധാരാളിയുമായിരുന്നു മുള്‍ഗോക്കര്‍.
താന്‍ എഴുതിയ രണ്ട് പുസ്തകങ്ങള്‍ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കി. ആര്‍ക്കും പിടികൊടുക്കാത്ത ടി.എന്‍. ശേഷന്റെ ജീവചരിത്രമായിരുന്നു ഒന്ന്.
1994 ല്‍, ശേഷന്‍ പ്രഭാവം കത്തിജ്വലിക്കുന്ന സമയത്ത് തന്നെ ശേഷനെ കുറിച്ച് ഗോവിന്ദന്‍ കുട്ടി എഴുതിയ ഒരു പുസ്തകം പുറത്ത് വന്നു. വാര്‍ത്തയില്‍ നിറഞ്ഞ ആ പുസ്തകം ‘Seshan An Intimate Story’.
രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ് അന്ന് പത്രലോകത്തെ അതികായനായിരുന്നു. ആ പത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗുരുവായൂര്‍ക്കാരന്‍ ഗോവിന്ദന്‍ കുട്ടിയെ ശേഷന് മതിപ്പായിരുന്നു. ശേഷന്‍ തന്നെ നിര്‍ദേശിച്ചു. ഗോവിന്ദന്‍ കുട്ടി തന്നെ എഴുതിയാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായി എഴുതുന്ന ഗോവിന്ദന്‍ കുട്ടി ഡല്‍ഹിയിലെ പണ്ടാര റോഡിലെ ശേഷന്റെ വസതിയില്‍ ചെന്ന് സംഭാഷണം നടത്തി. നൂറ് മണിക്കൂര്‍ നീണ്ട സംഭാഷണം ശബ്ദലേഖനം ചെയ്ത് അത് കേട്ട് പുസ്തകം പൂര്‍ത്തിയാക്കി.

പുസ്തകം പുറത്ത് വരും മുന്‍പേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന പ്രകാശനം ചെയ്യാന്‍ തീരുമാനമായെങ്കിലും ചെന്നൈ ഹൈക്കോടതി പ്രകാശനം തടഞ്ഞു. ജയലളിതയായിരുന്നു പരാതിക്കാരി. കാരണം തമിഴും മലയാളവും കലര്‍ന്ന തലയാളം സംസാരിക്കുന്ന ശേഷന്‍ പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലൂടെ തമിഴ്നാടിനെ അപമാനിച്ചിരിക്കുന്നു. പ്രകാശനം നടത്തിയില്ല. പകരം യോഗത്തില്‍ പുസ്തക ചര്‍ച്ച നടന്നു. അതിന് തടസമില്ലായിരുന്നു.
പുസ്തകം വായിച്ചവര്‍ കോടതിയുടെ വിലക്ക് തെറ്റിക്കാതെ പുസ്തകത്തെ കുറിച്ച് ഗഹനമായി പ്രസംഗിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന്റെ പഴയ പടക്കുതിരയായ എഡിറ്റര്‍ അരുണ്‍ ഷൗരി ഇങ്ങനെ പ്രസംഗിച്ചു ‘ഈ പുസ്തകത്തിനെതിരെയുള്ള നീക്കം തടയാന്‍ ഒറ്റ വഴിയേ ഉള്ളൂ. നിങ്ങളില്‍ ഓരോരുത്തരും ഇപ്പോള്‍ തന്നെ കടയില്‍ പോയി ഓരോ കോപ്പി വാങ്ങുക. കടയില്‍ ഒരൊറ്റ കോപ്പി പോലും അവശേഷിപ്പിക്കരുത്” സംഗതി ഏറ്റു. പുസ്തകം ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.
പക്ഷേ, തമിഴ്നാട്ടില്‍ അതിനെതിരെ കനത്ത എതിര്‍പ്പ് പൊട്ടിപ്പുറപ്പെട്ടു. രണ്ടിടത്ത് പുസ്തകം കത്തിച്ചു പ്രതിഷേധമുണ്ടായി. ചെന്നൈയില്‍ എത്തിയ ശേഷന് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ശേഷന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടി വന്നു. 60 കളുടെ പകുതിയില്‍ മധുരയില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചതില്‍ അമേരിക്കന്‍ ചാര സംഘടന CIA ക്ക് പങ്കുണ്ടോ എന്ന പുസ്തകത്തിലെ ശേഷന്റെ സംശയമാണ് തമിഴരെ രോഷം കൊള്ളിച്ചത്. അക്കാലത്തെ മധുര കളക്ടര്‍ ശേഷനായിരുന്നു.
ഒടുവില്‍ സുപ്രീം കോടതിയിലെത്തിയ കേസില്‍ പ്രസിദ്ധരായ നിയമജ്ഞര്‍ ഏറ്റുമുട്ടി. ജയലളിതയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍ ഹാജരായി. പുസ്തകമെഴുതിയ ഗോവിന്ദന്‍ കുട്ടിക്ക് വേണ്ടി അരുണ്‍ ജെയ്റ്റ്ലി സൗജന്യമായി വാദിക്കാനെത്തി. ജയലളിത ഹര്‍ജി നല്‍കിയ ഉടന്‍ കരുണാനിധിയും ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നു. നേരത്തെ ഏതെല്ലാം ഭാഗങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നുവോ, അതൊക്കെ പുസ്തകത്തില്‍ നിന്ന് എടുത്തു കളഞ്ഞ്, വീണ്ടും പുസ്തകം വിതരണത്തിനെത്തിച്ചു. ഒടുവില്‍ ആന്ധ്ര ഹൈക്കോടതിയുടെ വിധി വരുമ്പോള്‍, ശേഷനും പ്രസാധകനായ കൊണാര്‍ക്കിന്റെ ഉടമ കെ പി ആര്‍ നായര്‍ക്കും ഗോവിന്ദന്‍ കുട്ടിക്കും പുസ്തകത്തിലുള്ള താല്‍പര്യം തീര്‍ന്നുപോയിരുന്നു.
ബിസ്‌ക്കറ്റ് രാജാവ് രാജപിള്ളയുടെ ദുരൂഹമായ മരണത്തിന് ശേഷം രാജന്‍ പിള്ളയുടെ സഹോദരന്‍ ജെ. രാജ് മോഹന്‍ പിള്ളയുമായി ചേര്‍ന്ന് ഗോവിന്ദന്‍ കുട്ടി എഴുതിയ ‘A Wasted Death, Rise and Fall of Rajan Pillai’ രാജന്‍ പിള്ളയെ വേട്ടയാടിയ അദ്ദേഹത്തിന്റെ ശത്രുക്കളേയും നിഷ്‌ക്രിയമായ ഇന്ത്യന്‍ നിയമസംവിധാനത്തേയും തുറന്നുകാട്ടുന്നു. വളരെ ശ്രദ്ധിക്കപ്പെട്ട ഈ പുസ്തകത്തിനെതിരെ ആദ്യം രംഗത്തെത്തിയത് രാജന്‍ പിള്ളയുടെ വിധവ നീനാ പിള്ളയായിരുന്നു. അവര്‍ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ചു. ‘ When envy tries to hijack the cause’ എന്നാണ് പുസ്തകത്തെ അവര്‍ വിശേഷിപ്പിച്ചത്.

ഇന്ത്യാ ടുഡെയിലെ പുസ്തകകുറിപ്പില്‍ അവര്‍ ഇങ്ങനെ എഴുതി:
‘രാജന്‍ പ്രശ്‌നം സജീവമായി നിലനിര്‍ത്താന്‍ കോടതികളിലെ എന്റെ ചെറിയ വിജയങ്ങളെ പിന്തുടരുന്ന, ഈ പുസ്തകം അസൂയാലുവായ ഒരു സഹോദരന്റെ ദുഃഖകരമായ ശ്രമമാണ്, രാജനുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം ഒരു നേട്ടവും നേടിയിട്ടില്ല,’ രാജ് മോഹന്‍ പിള്ളയെ പരാമര്‍ശിച്ച് നീനാ പിള്ള എഴുതി.
രണ്ട് മലയാളി രാഷ്ട്രീയക്കാരെ കുറിച്ച് ഗോവിന്ദന്‍കുട്ടി ഇംഗ്ലീഷില്‍ ജീവചരിത്രങ്ങള്‍ എഴുതി. ലീഡര്‍ കരുണാകരന്‍ കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങള്‍ക്കും വളരെ മുമ്പാണ് 1993 ല്‍ കെ കരുണാകരന്റെ, എ പൊളിറ്റിക്കല്‍ ബയോഗ്രഫി പുറത്തിറങ്ങിയത്. കെ എം മാണി, എ സ്റ്റഡി ഇന്‍ റീജിയണലിസം, 2014 ല്‍ പ്രസിദ്ധീകരിച്ചു.
ഇതിനകം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ നിന്ന് ഇന്ത്യ ടുഡെയിലേക്ക് മാറിയ ഗോവിന്ദന്‍ കുട്ടി മലയാളം ഇന്ത്യാ ടുഡെയിലും സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച, ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള ആദ്യ സമ്പൂര്‍ണമലയാള ദിനപത്രമായ മലയാളം ന്യൂസ് ദിനപത്രത്തിലും പ്രതിവാര കോളം എഴുതി.
മലയാളം ഇന്ത്യാ ടുഡെയിലെ പങ്തിയില്‍ ആദ്യത്തെ ലേഖനത്തില്‍ മൂകാംബികയില്‍ ഒരിക്കല്‍ താന്‍ അര്‍ച്ചനക്കിരിക്കുമ്പോള്‍ അടികള്‍ ചൊല്ലിയ സംസ്‌കൃത ശ്ലോകങ്ങളെ കുറിച്ചുള്ള പരാമര്‍ശം ആ ലേഖനത്തില്‍ ഗോവിന്ദന്‍ കുട്ടി എഴുതിയത് യാദൃശ്ചികമാകാം. എന്നാല്‍ ആ ലേഖനമെഴുത്ത് മലയാളത്തില്‍ അദ്ദേഹത്തിന്റെ ഒരു എഴുത്തിനിരുത്തല്‍ തന്നെയായിരുന്നു. പിന്നീട് ഒരു പത്തു വര്‍ഷങ്ങളെങ്കിലും അദ്ദേഹം തുടര്‍ച്ചയായി മലയാളത്തില്‍ പക്തികള്‍ എഴുതി.
മലയാള മനോരമ ദിനപത്രത്തില്‍ ചൊവ്വാഴ്ചകളില്‍ കുറച്ച് കാലം പങ്തി എഴുതിയതിന്റെ പേരും രസകരമായിരുന്നു. ‘മംഗള വാദ്യം’- ആ പേരിനെ കുറിച്ച് രസകരമായ ഒരു കമന്റ് വന്നത് ഇങ്ങനെ ‘ഗോവിന്ദന്‍ കുട്ടിക്ക് വഴങ്ങുന്നതല്ല മംഗളവാദ്യം എന്നാണല്ലോ കേള്‍വി.’

‘മംഗള ചിന്തയൊന്നും എന്നെ ഏശിയിരുന്നില്ല, ചൊവ്വാഴ്ച പറയുന്ന കാര്യങ്ങളാണ് അത് എന്ന് കരുതുക’ ഗോവിന്ദന്‍ കുട്ടി മറുപടി പറഞ്ഞു.
തന്റെ പങ്തിയില്‍ വിവിധ വിഷയങ്ങളില്‍ മനോഹരമായി ഗോവിന്ദന്‍ കുട്ടി എഴുതി: ‘സംസ്‌കൃതവും, മലയാളവും, സാഹിത്യവും, രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും അദ്ദേഹത്തിന് നന്നായി വഴങ്ങുമെന്ന് ആ ലേഖനങ്ങള്‍ തെളിയിച്ചു. പുളിമരത്തെയും പുളിങ്കുരുവിനെയും എന്തിന് പുളിവാറിനെ കുറിച്ചും അദ്ദേഹം രസകരമായി എഴുതി. പുളിങ്കുരുവിന്റെ പ്രയോജനം എന്ന കുറിപ്പില്‍ ഇങ്ങനെ എഴുതി:
‘അടൂര്‍ രാമചന്ദ്രന്‍ നായര്‍ എന്ന ഒരാള്‍ ഒരിക്കല്‍ കേരളാ ഗസറ്റിയറിന്റെ എഡിറ്റര്‍ ആയിരുന്നു. കേരളത്തിലെ ചെടികളെയും പ്രാണികളെയും വിവരിക്കുന്ന ഗസറ്റിയറിന്റെ ഒരു ഭാഗം അദ്ദേഹം തരികയുണ്ടായി. പുളിയുടെ പ്രധാനപ്പെട്ട ഉപയോഗമായി അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഏതാണ്ട് ഇങ്ങനെയാണ്. പുളിമുട്ടിയില്‍ വച്ചാണ് കശാപ്പുകാര്‍ ഇറച്ചി വെട്ടാറ്. ഏതാണ്ട് അത്രതന്നെ പ്രധാനപ്പെട്ട വേറൊരു ഉപയോഗം കൂടിയുണ്ട് പുളിക്ക്. കുട്ടികളെ അടിക്കാന്‍ പറ്റിയതാണ് പുളിവാറ്’.
‘എല്ലാവരും, സ്വദേശി പ്രസ്ഥാനക്കാര്‍ പ്രത്യേകിച്ചും, പുളിയുടെ മാഹാത്മ്യം മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്രസാങ്കേതിക വിഭാഗം ആ വഴിക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പുളിയെപ്പറ്റി അതിലെ ശാസ്ത്രജ്ഞര്‍ ബൃഹത്തായ ഒരു പഠനം നടത്തിയിരിക്കുന്നു. പഠനത്തില്‍ തെളിഞ്ഞ ഒരു കാര്യം ഇന്ത്യാക്കാരേക്കാള്‍ എത്രയോ ഏറെയാണ് അമേരിക്കക്കാര്‍ക്ക് പുളിയെപ്പറ്റിയുള്ള വിജ്ഞാനം എന്നതാണ്. അമേരിക്കക്കാര്‍ക്ക് പുളിയുടെ മാഹാത്മ്യം ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഇവിടെ അത് വാഴ്ത്തിപ്പാടണമല്ലോ. അംഗീകാരം ആദ്യം അവിടുന്ന് വരണം. അത് വന്നുകഴിഞ്ഞു”.
പുളി ഉപയോഗിച്ചുള്ള സാധനങ്ങള്‍ക്ക് പാറ്റന്റ് കൊടുക്കുന്ന തിരക്കിലാണ് അമേരിക്കയിലെ പാറ്റന്റ് ഓഫീസ്. കഴിഞ്ഞ ഏഴ് കൊല്ലത്തിനുള്ളില്‍ പന്ത്രണ്ട് പുളി പാറ്റന്റുകള്‍ അനുവദിക്കുകയുണ്ടായി. അതിനുമുമ്പുള്ള പത്തു കൊല്ലത്തിനുള്ളില്‍ പതിനെട്ടും. ജപ്പാന്‍കാരും മോശമല്ല, പുളി പാറ്റന്റ് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍. അമേരിക്കന്‍ ഔഷധ ഭീമനായ മെര്‍ക്ക് 30 പുളി പാറ്റന്റുകള്‍ വാങ്ങിച്ചിട്ടുണ്ടത്രേ’. പുളി വിശേഷത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍, ഒട്ടും പുളിക്കാത്ത, അസാധാരണ വസ്തുതകളായിരുന്നു തന്റെ പങ്തിയില്‍ കൂടി വായനക്കാര്‍ക്ക് നല്‍കിയത്.
തമിഴന്‍ രാമര്‍പിള്ള പച്ചില പിഴിഞ്ഞ് പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ കാലത്തിനും മുന്‍പ് ഇവിടെ കേരളത്തില്‍ പണ്ട് ഗോപാലകൃഷ്ണന്‍ നായര്‍ എന്നൊരാള്‍ തിരുവനന്തപുരത്ത് തലയില്‍ പുരട്ടിയാല്‍ മുടി വളരുന്ന ‘അനൂപ് ‘ എന്ന എണ്ണ ഉണ്ടാക്കി വില്‍പ്പനക്കെത്തിച്ചു. ആ എണ്ണ പുരട്ടിയാല്‍ മുടി തഴച്ചു വളരും ഉറപ്പ് ! ‘കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു’ എന്ന് ഒരു മലയാള ദിനപത്രം വാര്‍ത്തയും കാച്ചി. ഈ അത്ഭുത വാര്‍ത്ത സഹൃനുമപ്പുറത്തേക്കെത്തി.
പ്രതീഷ് നന്ദിയുടെ ദി ഇലസ്‌ട്രേറ്റഡ് വീക്കിലി ‘അനൂപ് എണ്ണ’യെ കുറിച്ച് സചിത്ര ലേഖനം പ്രസിദ്ധീകരിച്ചതോടെ അനൂപ് എണ്ണ ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടി. തിരുവനന്തപുരത്തെ അംബുജ വിലാസം റോഡിലെ ഗോപാല കൃഷ്ണന്‍ നായരുടെ വീട്ടില്‍ എണ്ണ വാങ്ങാനെത്തിയവരെ നിയന്ത്രിക്കാന്‍ പോലീസ് ഇറങ്ങി. ഇതിനിടെ മുടി വളരല്‍ സംഭവം ശുദ്ധ തട്ടിപ്പാണെന്ന് സമാന്തരമായി വാര്‍ത്തയും പ്രചരിച്ചു. ഓര്‍ക്കുക കഷണ്ടിക്കാണ് മരുന്ന് കണ്ടുപിടിച്ചത് അസൂയക്കല്ലല്ലോ?
ഗോവിന്ദന്‍ കുട്ടി അനൂപ് എണ്ണ സംഭവത്തെ കുറിച്ച് തന്റെ പത്രത്തില്‍ എഴുതി. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ബ്യൂറോ ചീഫായ ഗോവിന്ദന്‍ കുട്ടിക്ക്, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചുമുതലാളി തെക്കന്‍ എഡിഷന്റെ പരമാധികാരി, മനോജ് സൊന്താലിയയുടെ വിളിവന്നു. ‘കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ച വാര്‍ത്ത പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനല്ല – അനൂപ് എണ്ണ രണ്ട് കുപ്പി ഉടന്‍ വേണം തനിക്കല്ല, തന്റെ മുത്തച്ഛന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ കുലപതി സാക്ഷാല്‍ രാംനാഥ് ഗോയങ്കക്കാണ്.’
അനൂപ് എണ്ണയുടെ സത്യാവസ്ഥ നേരില്‍ അറിയാവുന്ന ഗോവിന്ദന്‍ കുട്ടി പറഞ്ഞു: ”ശേഷിക്കുന്ന ജീവിതകാലം മുഴുവനും തലയില്‍ ഏറെ തൈലം തളംകെട്ടി നിര്‍ത്തിയാലും, രാംനാഥ്ജിയുടെ മണ്ടയില്‍ ഒരു മുടിയും മുളയ്ക്കാന്‍ പോകുന്നില്ല.’ മുത്തച്ഛനെ ഇടതൂര്‍ന്ന മുടിയോടുകൂടി മനസ്സില്‍ കണ്ടകൊണ്ടായിരിക്കണം, സൊന്താലിയ ഊറിച്ചിരിച്ചു. (ലേഖനം -മുടി പൊഴിയാത്ത കാലം).
ഒരു ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പാണ് ഞാന്‍ ഗോവിന്ദന്‍ കുട്ടി സാറിനെ ആദ്യമായി നേരിട്ട് കാണുന്നത്. 2001 ല്‍ കോട്ടയത്ത് ഞാന്‍ ജോലി ചെയ്യുന്ന പത്ര സ്ഥാപനത്തില്‍ എന്റെ എഡിറ്ററെ കാണാന്‍ വന്നതായിരുന്നു. അദ്ദേഹം വന്ന കാര്യം കഴിഞ്ഞപ്പോള്‍ എന്റെ എഡിറ്റര്‍ കാബിനില്‍ നിന്ന് എന്നെ വിളിച്ചിട്ട് പറഞ്ഞു. ‘സാറിന് ഭക്ഷണം കഴിക്കണം, പിന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടണം.’ കമ്പനി കാറില്‍ ഞങ്ങള്‍ പോയി. യാത്രയ്ക്കിടയില്‍ വളരെ കുറച്ചേ ഞങ്ങള്‍ സംസാരിച്ചുള്ളൂ. ഇടയ്ക്ക് ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ് എന്ന് അദ്ദേഹം ചിരിച്ച് കൊണ്ട്പറഞ്ഞത് ഓര്‍ക്കുന്നു. രണ്ടോ മൂന്നോ തവണ ഇത് നടന്നു.
അവസാനമായി അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ കരുതിവെച്ച കാര്യം അദ്ദേഹത്തിനോട് ചോദിച്ചു. ‘പേട്രിയറ്റിന്റെ എഡിറ്ററായിരുന്ന വിശ്വനാഥനെ പരിചയമുണ്ടായിരുന്നോ?’ അദ്ദേഹം പറഞ്ഞു: ‘ഉവ്വ് അയാളെ അറിയാം. ഒരു Intellectual ആയിരുന്നു. എടത്തട്ട നാരായണന്റെ നിഴലായി, അധികം അറിയപ്പെടാതെ പോയി.’ ഞാന്‍ എടത്തട്ട നാരായണന്റെ ജീവചരിത്രം എഴുതാന്‍ ആലോചിക്കുന്ന സമയമാണ്.
പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എടത്തട്ട നാരായണന്റെ ജീവചരിത്രം പുറത്തിറങ്ങി അതിനെ കുറിച്ച് FB യില്‍ ആരോ എഴുതിയ ഒരു കുറിപ്പില്‍ അദേഹം ഒരു കമെന്റ് എഴുതി. ഇനി മെസഞ്ചറില്‍ അദ്ദേഹം സന്ദേശം അയച്ചു. ഞാന്‍ മറുപടി അയച്ചപ്പോള്‍ അദ്ദേഹം എഴുതി ‘മനസിലായി നിങ്ങളുടെ മുഖം ഓര്‍മയില്‍ ഇല്ലെന്നേയുള്ളൂ’. ഞങ്ങള്‍ കോട്ടയത്ത് കണ്ട കാര്യം അതില്‍ പരാമര്‍ശിച്ചതിനാല്‍ അദേഹം ഞങ്ങളുടെ കോട്ടയത്തെ പഴയ കൂട്ടികാഴ്ച മറന്നിട്ടില്ല എന്ന് മനസ്സിലായി. ഞാന്‍ എടത്തട്ടയുടെ പുസ്തകം അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹം ഒരു റിവ്യൂ എഴുതി. അത് FB പേജിലും, ഡല്‍ഹി സീനിയര്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ വാട്ട്‌സാപ്പിലും അദ്ദേഹം ഇട്ടു.
അന്ന് മുതല്‍ അദ്ദേഹം ആഴ്ചയില്‍ ഒരിക്കല്‍ ഫോണില്‍ വിളിക്കുമായിരുന്നു. പത്രലോകത്തെ കുറിച്ചും, പത്രപ്രവര്‍ത്തകരെ കുറിച്ചുമാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററായ പോത്തന്‍ ജോസഫ് എഴുതിയ പ്രശസ്തമായ എഡിറ്റോറിയല്‍ സംഘടിപ്പിക്കാമോ എന്ന് ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ അത് അയച്ചു കൊടുത്തു. പിന്നീട് അതേ കുറിച്ച് അദ്ദേഹം ഒരു ചെറിയ മനോഹരമായ കുറിപ്പ് എനിക്ക് അയച്ചിരുന്നു. വിലാസിനിയുടെ വിഖ്യാത നോവല്‍ ‘ഊഞ്ഞാലി’നെ കുറിച്ച് എഴുതാന്‍ അദ്ദേഹത്തിന് പ്ലാനുണ്ടായിരുന്നു. മലയാളത്തിലെ ആദ്യത്തെ ബോധാധാരാ നോവലായ ‘ഊഞ്ഞാലി’നെ കുറിച്ച് ഞങ്ങള്‍ കുറച്ച് സംസാരിച്ചിരുന്നു. വിലാസിനിയുടെ വ്യക്തിപരമായ ചില കാര്യങ്ങള്‍ എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എല്ലാം Out of print ആണെന്നും അത് വീണ്ടും പുറത്ത് കൊണ്ടുവരണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ‘വേണ്ടത് തന്നെ’. മലയാളത്തില്‍ എഴുതിയ പുസ്തകങ്ങള്‍ തന്റെ കൈവശം ഇല്ല എന്ന് പറഞ്ഞപ്പോള്‍ അത് ഞാന്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞു. കരുണാകരന്റെ ജീവചരിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ‘അത് വേണ്ട, അതൊരു കമ്മീഷന്‍ഡ് വര്‍ക്കായിരുന്നു’
അത് എഴുതാന്‍ കാരണം മറ്റൊരു കാര്യമുണ്ടായിരുന്നത് ഗോവിന്ദന്‍ കുട്ടി ഒരിക്കല്‍ എഴുതിയിരുന്നു.
‘കെ കരുണാകരന്‍ അവിടെ കാലുകുത്തുന്നതുവരെ ക്ലിഫ് ഹൗസ് ഒരു വാര്‍ത്തയും സൃഷ്ടിച്ചില്ല, നല്ലതോ ചീത്തയോ നിസ്സംഗതയോ സൃഷ്ടിച്ചില്ല. അവിടെ തന്റെ സാന്നിധ്യം അറിയിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശസ്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അദ്ദേഹത്തെ സ്വിമ്മിംഗ് പൂള്‍ കരുണാകരന്‍ എന്ന് വിശേഷിപ്പിക്കുന്നതിന് മുമ്പുതന്നെ, തന്റെ ആഡംബര ഭക്തിയും ഇരുണ്ട രാഷ്ട്രീയ തന്ത്രങ്ങളും കൊണ്ട് അദ്ദേഹം ക്ലിഫ് ഹൗസിന് ഒരു തിളക്കം നല്‍കിയിരുന്നു. കരുണാകരനില്ലാത്ത ക്ലിഫ് ഹൗസ് ഒരു ചത്ത സര്‍ക്കാര്‍ ഓഫീസ് ആയിരുന്നു.’
ഒരാഴ്ച കഴിഞ്ഞ് എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു: ‘കുറച്ച് ലേഖനങ്ങള്‍ കൂടീ ചേര്‍ത്ത് ഒരു പുസ്തകം കൂടീ ചെയ്യാം’. അദ്ദേഹത്തിന്റെ മലയാള ലേഖന സമാഹാരം വന്നിട്ട് ഏതാണ്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞിരുന്നു.
ഞാന്‍ പറഞ്ഞു: ‘നല്ലത് ഉടനെ ചെയ്യണം. എന്റെ പേരിലും ഒന്നു കൂടി കിടക്കട്ടെ എന്ന പൊക്കിത്തരം നല്ലതാണ് തന്നെ’
അത് കേട്ട് അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ആദ്യ മലയാള ലേഖനങ്ങള്‍ സമാഹരിച്ച ‘വാഴ്ചയും വീഴ്ചയും’ യില്‍ ആമുഖത്തില്‍ ഗോവിന്ദന്‍ കുട്ടി കുറിച്ച വാചകമായിരുന്നു ഞാന്‍ പറഞ്ഞത്.
പിന്നെ അദ്ദേഹം പറഞ്ഞു ‘വിശ്വാസമുള്ള ഒരാളെ ലേഖനങ്ങള്‍ വായിക്കാന്‍ ഏല്‍പ്പിക്കണം’ ആരുണ്ട്?
അദ്ദേഹത്തിന്റെ എഴുത്ത് വായിച്ച് പരിശോധിക്കാന്‍ കെല്‍പ്പുള്ള ആരുണ്ട് എന്ന് ഞാന്‍ ആലോചിച്ചപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞു.
‘നമുക്ക് മുസാഫിറിനെ ഏല്‍പ്പിക്കാം’ ( സൗദി അറേബ്യയിലെ ജിദ്ദയിലെ മുതിര്‍ന്ന മലയാളിയായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ )
ഞാന്‍ പറഞ്ഞു: ‘ശരി തന്നെ, അദ്ദേഹം യോജിച്ച ആള്‍ തന്നെ’.
പഴയ രണ്ട് ലേഖനങ്ങളുടെ പുസ്തകങ്ങള്‍ ഒറ്റ പുസ്തകമായി ഇറക്കാം എന്നും ഞാന്‍ പറഞ്ഞു.
എന്റെ രണ്ടാമത്തെ പുസ്തകമായ ‘ന്യൂസ് റൂമിലെ ഏകാകികള്‍ക്ക് ‘അവതാരിക എഴുതി തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു -‘അയക്കൂ – രാമായണ മാസം തുടങ്ങുകയാണ്, പിന്നെ ഞാന്‍ കുറച്ച് ഭക്തിമാര്‍ഗത്തിലാവും സമയം കിട്ടില്ല’. ഇന്ത്യയിലെ പ്രശസ്തരായ പത്രപ്രവര്‍ത്തകരെ കുറിച്ചുള്ള ആ പുസ്തകത്തിന് അവതാരിക എഴുതാന്‍ യോഗ്യതയുള്ള അപൂര്‍വം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു ഗോവിന്ദന്‍ കുട്ടി.
ഞാന്‍ പുസ്തകം റഫ് കോപ്പി ബൈന്റ് ചെയ്ത് കൊറിയര്‍ അയച്ചു. ഒരു കുറിപ്പ് വെച്ചു. കൂടെ ബംഗാളിയില്‍ നിന്ന് പ്രൊഫ. എം.കെ. നാരായണ പോറ്റി വിവര്‍ത്തനം ചെയ്ത ‘കൃത്തിവാസ രാമായണം’ ഒരു കോപ്പിയും കൂടെ വെച്ചു. കുറിപ്പില്‍ ഇത്രമാത്രം എഴുതി ‘ഗുരുദക്ഷിണ’.
അദ്ദേഹം ഫോണില്‍ വിളിച്ച് കൊറിയര്‍ കിട്ടി എന്ന് മാത്രം പറഞ്ഞു.
അതിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് 2024 ജൂലൈ രണ്ടാമത്തെ ആഴ്ച അദ്ദേഹം ആശുപത്രിയിലായി. അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ആലപ്പുഴ മലയാള മനോരമയിലെ മാര്‍ക്കറ്റിംഗ് തലവന്‍ ജയദേവ് വര്‍മ്മ പറഞ്ഞാണ് ഞാന്‍ വിവരം അറിഞ്ഞത്. (ആകാശ വാണിയില്‍ വാര്‍ത്തകള്‍ വായിച്ചിരുന്ന പ്രതാപന്റെ മകന്‍) കടുത്ത ന്യുമോണിയ ആണ്. സാറിന്റെ ഭാര്യ ശാരദാമണിയും ജയദേവിന്റെ അമ്മയും തിരുവനന്തപുരം ആകാശവാണിയില്‍ ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്നു. അദേഹത്തിന്റെ ഭാര്യയുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന് സംസാരിക്കാന്‍ വയ്യ എന്നും എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി എന്നും അവര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ഒരിക്കലും പഴയ നിലയിലേക്ക് തിരികെ എത്തിയില്ല. അദ്ദേഹത്തിന്റെ വിപുലമായ പുസ്തക ശേഖരത്തില്‍ ഞാനയച്ച റഫ് കോപ്പിയും കൃത്തിവാസ രാമായണവും ഇനിയൊരിക്കലും തിരികെ വരാത്ത അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാവാം.
ടി.ജെ.എസ് ജോര്‍ജ് തന്റെ ലേഖനങ്ങളില്‍ വിഷയത്തേയും വ്യക്തികളേയും ഹാസ്യത്തോടെ വിമര്‍ശിച്ചപ്പോള്‍ ബിആര്‍പി ഭാസ്‌കര്‍ സഹതപിച്ചുകൊണ്ട് വിമര്‍ശിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യമുള്ള മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാതെ ഗോവിന്ദന്‍ കുട്ടി ക്ഷമയോടെ വേണ്ടപ്പോള്‍ മാത്രം പരിഹാസത്തോടെ, മുര്‍ച്ചയേറിയ ഭാഷയില്‍ എഴുതി.
എ.കെ. ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയപ്പോള്‍ ഗോവിന്ദന്‍ കുട്ടി എഴുതി:
‘അച്ഛന്മാര്‍ നേടിയത് മക്കള്‍ നെറ്റിയിലെ വിയര്‍പ്പില്‍ ലയിപ്പിച്ച് കളയുന്നു എന്നത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ട ഒരു സത്യമാണ്.’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും പുതിയ രാഷ്ട്രീയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയ അനില്‍ ആന്റണിയും ഉദാഹരണമായി കാണിക്കുന്നതുപോലെ, ചാഞ്ചാട്ടം നിറഞ്ഞ അച്ഛന്‍-മകന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വാക്കുകളല്ല ഇത്. മകന്‍ ഇപ്പോള്‍ ഹിന്ദു അധിഷ്ഠിത ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്, പിതാവ് അവസാന ശ്വാസം വരെ അതിനെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തയാള്‍. അനിലിന്റെ ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ആന്റണി പറഞ്ഞു : ‘എനിക്ക് വളരെയധികം വേദനയുണ്ട്.’
അച്ഛനും മകനും വിപരീത നിലപാടുകള്‍ സ്വീകരിച്ചാല്‍ എവിടെയാണ് ദോഷം? അച്ഛന്‍ ഒരുക്കിയ പാതയില്‍ നിന്ന് വ്യതിചലിച്ച്, മകന്‍ രാഷ്ട്രീയ ബന്ധങ്ങളില്‍ പുതിയൊരു സ്ഥാനം നേടിക്കൂടാ? പുത്രന്മാരും പുത്രന്മാരും ഉള്ളതുപോലെ, അച്ഛനും പിതാക്കന്മാരും ഉണ്ട്. പ്രഹ്ലാദന്‍ തന്റെ പിതാവായ ഹിരണ്യകശിപുവിന് ഒരു സ്ഥാനവും നല്‍കാത്ത ഒരു അസാധ്യ പുത്രനായിരുന്നു. മകന്‍ നിത്യതയുടെ ഉപദേഷ്ടാവായിരുന്നു; പിതാവ് തന്റെ ഉള്ളിലോ ചുറ്റുപാടിലോ ദൈവികമായ ഒന്നും കണ്ടില്ല, തന്നല്ലാതെ മറ്റൊന്നും കണ്ടില്ല. പിതാവിനും മകനും തമ്മിലുള്ള കൊടുങ്കാറ്റുള്ള ബന്ധത്തിന് പിതാവിന് ഒരു രക്തരൂക്ഷിതമായ അന്ത്യം സംഭവിച്ചു എന്നത് ഇപ്പോള്‍ അര്‍ത്ഥശൂന്യമാണ്. ഹിരണ്യകശിപുവുമായുള്ള പ്രഹ്ലാദന്റെ അഭിപ്രായവ്യത്യാസത്തെ ആ വീക്ഷണകോണില്‍ കാണണം.

രോഗാവസ്ഥ എത്തുംവരെ അദേഹം എഴുത്തില്‍ സജീവമായിരുന്നു. സമകാലീന രാഷ്ട്രീയ സാമൂഹ്യസംഭവങ്ങളെ കുറിച്ചും അദ്ദേഹം എഴുതി: തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കല്‍ തൊട്ട് ഗൗതം അദാനിയെ കുറിച്ച് വരെ. സ്‌പെക്ട്രം കുംഭകോണം പുറത്ത് കൊണ്ടുവന്ന പയനീയറിലെ ജെ. ഗോപീകൃഷ്ണനെ പോലെ കുറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍ മാര്‍ഗദര്‍ശിയായിരുന്നു.
അദ്ദേഹത്തിന്റെ പാണ്ഡിത്യം അതിശയിപ്പിക്കുന്നതായിരുന്നു. സംഗീതത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലേക്ക് – നാരായണീയം, ഭഗവദ്ഗീത, ബൈബിള്‍ – കാളിദാസന്‍, സമകാലിക മലയാള കവിയെപ്പോലെ അനായാസമായി വില്യം ഷേക്‌സ്പിയറിനെ ഉദ്ധരിച്ച് അദ്ദേഹം എഴുതി.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സുഹൃത്തുമായ പി പി ബാലചന്ദ്രന്റെ പുസ്തകം – ‘എ.കെ.ജിയും ഷേക്‌സ്പിയറും’ റിവ്യൂ ചെയ്തു എഴുതിയപ്പോള്‍ അദ്ദേഹം എന്റെ പുസ്തകത്തെ ഓര്‍ത്ത് പരാമര്‍ശിച്ചത് നന്ദിയോടെ ഓര്‍ക്കുന്നു.
”രാമചരിതത്തില്‍ നിന്നു തുടങ്ങിയ ഈ ആലോചന നാരായണസ്തുതിയില്‍ എടത്തട്ട നാരായണനെപ്പറ്റിയാണ് ഈ പുസ്തകത്തിലെ ഒരധ്യായം. തലശ്ശേരിക്കാരനും ഇടതുപക്ഷക്കാരനുമായ എടത്തട്ട നാരായണനെപ്പറ്റി മലയാളികള്‍ക്ക് വേണ്ടത്ര അറിവില്ല. പി രാംകുമാര്‍ രചിച്ച, ആദ്യത്തെ സമഗ്രമായ, നാരായണചിന്ത തന്നെ വന്നത് രണ്ടു മൂന്നു കൊല്ലം മുമ്പായിരുന്നു.” റിവ്യുവില്‍ അദ്ദേഹം എഴുതി
നന്ദി. പറഞ്ഞു തന്ന അറിവുകള്‍ക്കും, സ്‌നേഹപൂര്‍വ്വമുള്ള ഇടപെടലുകള്‍ക്കും, സംഭാഷണങ്ങള്‍ക്കും നന്ദി.
വിട ഗോവിന്ദന്‍ കുട്ടി സാര്‍.
Content Summary: K. Govindankutty is a renowned journalist with three decades of experience