June 04, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

കെ. ഗോവിന്ദന്‍ കുട്ടി: കാഴ്ചയുടേയും ശബ്ദങ്ങളുടേയും കാലക്ഷേപം

കെ. ഗോവിന്ദന്‍ കുട്ടി അവശേഷിപ്പിച്ച ചൈതന്യധന്യമായ ഓര്‍മകള്‍ എക്കാലത്തും തുറന്നിട്ട പാഠപുസ്തകം പോലെ പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെളിച്ചം പകരുമെന്നുറപ്പ്

ആകാശവാണി, ഇന്ത്യന്‍ എക്സ്പ്രസ്, ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ്, ഇന്ത്യാ ടുഡേ എന്നീ സ്ഥാപനങ്ങളിലെ നാലു പതിറ്റാണ്ടോളം നീണ്ടു നിന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് ഇന്ന് തിരശ്ശീല വീണു. കെ. ഗോവിന്ദന്‍ കുട്ടിയെന്ന ബൈലൈന്‍ ഇന്ത്യന്‍ -ഇംഗ്ലീഷ് ജേര്‍ണലിസത്തിന് ഏറെ സുപരിചിതമാണ്. അദ്ദേഹം പിന്നിട്ട വാര്‍ത്തകളുടെ വഴിത്താര ഇതാ അടയുന്നു. പക്ഷേ കെ. ഗോവിന്ദന്‍ കുട്ടിയെന്ന ഗുരുവായൂര്‍ക്കാരന്‍ അവശേഷിപ്പിച്ച ദേശീയ പത്രപ്രവര്‍ത്തനത്തിന്റേയും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തിന്റേയും ചൈതന്യധന്യമായ ഓര്‍മകള്‍ എക്കാലത്തും തുറന്നിട്ട പാഠപുസ്തകം പോലെ പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെളിച്ചം പകരുമെന്നുറപ്പ്.

ഇന്ത്യാ ടുഡേ വാരികയുടെ മലയാളം പതിപ്പിന്റെ ചുമതലക്കാരനായി കെ. ഗോവിന്ദന്‍ കുട്ടി ചെന്നൈയില്‍ കഴിയുമ്പോഴാണ് വാരികയിലെ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്ന സുഹൃത്ത് പി.കെ. ശ്രീനിവാസന്‍ എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കുന്നതും ഞങ്ങള്‍ ചെന്നൈ അണ്ണാശാലൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു രാത്രി ചെലവിടുന്നതും. വായനയുടെ വലിയൊരു ലോകത്ത് വിഹരിച്ചിരുന്ന ഗോവിന്ദന്‍ കുട്ടിയെന്ന എഴുത്തുകാരന്റേയും പത്രപ്രവര്‍ത്തകന്റേയും വിശാലമായൊരു അനുഭവലോകമാണ് അന്ന് എനിക്കും ശ്രീനിയ്ക്കും മുമ്പില്‍ തുറന്നിട്ടത്. മലയാള കഥാസാഹിത്യത്തിലെ ആധുനിക ധാരകളെക്കുറിച്ച് അസൂയാര്‍ഹമായ അറിവായിരുന്നു ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍ കുട്ടിയ്ക്കുണ്ടായിരുന്നത്. ഭാരതീയ ഇതിഹാസങ്ങളിലെ ആഴത്തിലുള്ള വിജ്ഞാനവും അക്ഷരശ്ലോകങ്ങളിലും കാവ്യപാരായണത്തിലുമുള്ള കൗതുകവും മാധ്യമപ്രവര്‍ത്തകരുടെ ലോകത്ത് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു.

മലയാള സാഹിത്യത്തിലെ ഏറ്റവും നൂതനമായ സങ്കേതങ്ങളെപ്പറ്റിയും ഏറ്റവും പുതിയ എഴുത്തുകാരെപ്പറ്റിയും തീര്‍ത്തും ആധികാരികമായാണ് ഗോവിന്ദന്‍ കുട്ടി പുലരുവോളം അന്ന് സംസാരിച്ചത്.

പിന്നീട് 1999 ല്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് പ്രസിദ്ധീകരണണമാരംഭിച്ച, ഇന്ത്യക്ക് പുറത്ത് നിന്നുള്ള ആദ്യ സമ്പൂര്‍ണമലയാള ദിനപത്രമായ മലയാളം ന്യൂസ് ദിനപത്രത്തിന്റെ ലീഡര്‍ പേജ് കൈകാര്യം ചെയ്തിരുന്ന ഞാനും ഈ പേജില്‍ പ്രതിവാര കോളം എഴുതിയിരുന്ന ഗോവിന്ദന്‍ കുട്ടിയുമായുള്ള അടുപ്പം കുറെക്കൂടി ദൃഢമായി. മലയാളം ന്യൂസ് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ എ.എം പക്കര്‍ കോയയും കെ. ഗോവിന്ദന്‍ കുട്ടിയും ഡല്‍ഹിയില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു. അങ്ങനെയാണ് ഗോവിന്ദന്‍ കുട്ടിയുടെ കോളം പത്രത്തിന്റെ ആരംഭകാലം തൊട്ടേ മലയാളം ന്യൂസിന്റെ എഡിറ്റോറിയല്‍ പേജിനെ ആഴ്ചതോറും പ്രശോഭിതമാക്കിയത്. ലളിതവും സമഗ്രവുമായിരുന്നു ഗോവിന്ദന്‍ കുട്ടിയുടെ ശൈലി. വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട കോളം ഇരുപത്തിനാലു വര്‍ഷം മുറ തെറ്റാതെ അദ്ദേഹം ഞങ്ങള്‍ക്കയച്ചുതന്നു. ഇടയ്ക്കിടെ, തന്റെ കോളം ആളുകള്‍ക്കിഷ്ടമാകുന്നുണ്ടോ അതോ ബോറാകുന്നുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു. വിഷയത്തിന്റെ വൈവിധ്യം പക്ഷേ അദ്ദേഹത്തിന്റെ കോളത്തിന് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് നല്‍കിയത്. അത് കൊണ്ട് തന്നെ കോളം നിര്‍ത്തരുതെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടു.

ഇന്ത്യാ ടുഡേ വിട്ട് ഗോവിന്ദന്‍ കുട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ശേഷം പല തവണ അദ്ദേഹം ക്ഷണിച്ചിരുന്നുവെങ്കിലും എനിക്ക് പോകാന്‍
സാധിച്ചില്ല. എങ്കിലും ഞങ്ങളുടെ ഇമെയില്‍ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചൊക്കെ എഴുതും മുമ്പ് അദ്ദേഹം അതേക്കുറിച്ച് സൂചന തരുമായിരുന്നു. അപ്രതീക്ഷിതമായി നേരിട്ട സാങ്കേതിക പ്രതിസന്ധി മറി കടക്കാനാകാതെ മലയാളം ന്യൂസ് പത്രം അടച്ചുപൂട്ടുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ആരോഗ്യകാരണങ്ങളാല്‍ കോളം നിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നെഴുതാന്‍ ശ്രമിക്കാമെന്നും വാക്ക് തന്നിരുന്നു. നാലു പതിറ്റാണ്ടിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വാര്‍ത്തകളുടെ വിസ്മയകരമായ ലോകത്ത് നിന്നാണ് സാഹസികനായ ഈ പത്രപ്രവര്‍ത്തകന്‍ കാലത്തിന്റെ മറുതീരത്തേക്ക് യാത്രയാകുന്നത്.

വാര്‍ത്തകളുടെ ഉള്ളടക്കത്തെക്കാള്‍ വാര്‍ത്ത വീണുകിട്ടിയ വഴികളില്‍ കണ്ടുമുട്ടിയ മനുഷ്യരുടേയും അവരുടെ ജീവിതത്തിലെ പരിതാവസ്ഥകളേയും യഥാതഥമായി ചിത്രീകരിക്കുന്ന അന്യൂനരീതിയിലാണ് ഗോവിന്ദന്‍കുട്ടി, ആകാശവാണിയിലായാലും ദിനപത്രങ്ങളിലായാലും വാരികയിലായാലും തന്റെ സ്റ്റോറികള്‍ വിന്യസിച്ചിരുന്നത്. അത് കൊണ്ടു തന്നെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളില്‍ തങ്ങി നിന്ന കരുണയുടേയും സ്നേഹത്തിന്റേയും സൈഡ്ലൈറ്റുകളാണ് അദ്ദേഹത്തിന്റെ വാര്‍ത്തകളിലും ലേഖനങ്ങളിലുമെല്ലാം തെളിഞ്ഞുനിന്നത്.

കാലാനുക്രമമായ കഥപറച്ചിലിനു പകരം വാര്‍ത്തയുടെ വഴിത്താരയിലൂടെയുള്ള വൈവിധ്യമാര്‍ന്ന സഞ്ചാരത്തിനിടെ മറക്കുകയോ ഒളിക്കുകയോ ചെയ്യപ്പെടുന്ന കാഴ്ചകളും ശബ്ദങ്ങളും മിടിച്ചുനില്‍ക്കുന്ന അയത്‌നലളിതമായൊരു ശൈലി – അത് ഇംഗ്ലീഷായാലും മലയാളമായാലും – പിന്‍പറ്റിയ സാഹിത്യ – പത്രപ്രവര്‍ത്തകനായിരുന്നു കെ. ഗോവിന്ദന്‍ കുട്ടി. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയോടൊപ്പം സഞ്ചരിക്കെ, അസമിലെ ജോര്‍ഹട്ടിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് കൂടി കെ. ഗോവിന്ദന്‍ കുട്ടി ഇന്ത്യന്‍ പത്രലോകത്ത് അറിയപ്പെടുന്നു. ‘അപകടം എന്റെ സഹയാത്രികന്‍’ എന്ന പുസ്തകമെഴുതിയ വി.കെ. മാധവന്‍ കുട്ടിയെപ്പോലെ തന്നെ കെ. ഗോവിന്ദന്‍ കുട്ടിയും ആകാശാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറയുന്നുണ്ട്. വിമാനം വീണിടത്ത് നിന്ന് കാല്‍നടയായി പോകുന്ന ഗോവിന്ദന്‍കുട്ടിയുടേയും സുഹൃത്തിന്റേയും അനുഭവമിങ്ങനെ:

ജോര്‍ഹട്ടിലെ കരസേനാ താവളത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍. പി.ടി.ഐ പ്രത്യേക ലേഖകന്‍ എന്‍.വി.കെ സ്വാമിയും ആകാശവാണിയിലെ ഞാനും. രാത്രി പത്ത് പത്തരയോടെ എത്തിപ്പെട്ടപ്പോള്‍ പടിവാതിലിനോട് ചേര്‍ന്ന ഒരു മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹവില്‍ദാര്‍ മാത്യുവിനെ കണ്ടു. ഏഴെട്ടു കിലോമീറ്റര്‍ വലിഞ്ഞു നടക്കേണ്ടിയിരുന്നു അവിടെയെത്താന്‍. വഴി നീളെ ദുര്‍ഘടം. ഏറെ ദൂരവും കുറ്റിക്കാടുകള്‍ക്കിടയിലൂടെ. ഇരുട്ടിലൂടെ ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി മുന്നില്‍ നടന്ന വഴികാട്ടി ഞങ്ങള്‍ക്കറിയാത്ത ഭാഷയില്‍ നിര്‍ത്താതെ സംസാരിച്ചിരുന്നു. കണ്ണട നഷ്ടപ്പെട്ടിരുന്ന എനിക്ക് അവരുടെ പന്തങ്ങള്‍ നൂറു തീപ്പൂക്കളായി തോന്നി. അവരുടെ അസമീസ് വര്‍ത്തമാനം ഉറക്കെയായിരുന്നു. പക്ഷേ എന്റെ ഹൃദയസ്പന്ദനത്തേക്കാള്‍ പതുക്കെ. കേള്‍ക്കുന്നതൊന്നും മനസ്സിലാകാതെ, കാണുന്നതൊക്കെ രണ്ടായോ മൂന്നായോ തോന്നി. മുന്നോട്ടു വലിഞ്ഞുനീങ്ങുമ്പോള്‍, കാലത്തെ വലിഞ്ഞുകെട്ടാമെന്ന അഹങ്കാരമായിരുന്നു ഞങ്ങളുടെയുള്ളില്‍.

നല്ല പശപ്പറ്റുള്ള ചെളി നിറഞ്ഞ പാടത്ത് തകര്‍ന്ന് വീണ ‘പുഷ്പക’ ത്തില്‍ നിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങള്‍. മരിച്ചില്ലെന്ന അറിവ് ഉദിച്ചപ്പോള്‍ അത് നാട്ടുകാരെ അറിയിക്കാനായി കൂടുതല്‍ ഉല്‍സാഹം. മരണത്തിന്റെ സ്വഭാവമാണ് അതെന്ന് തോന്നുന്നു. മരണം വരുന്നത് വരെയേ പേടി തോന്നുകയുള്ളൂ. വന്നാല്‍ പേടിക്കാന്‍ നേരം കിട്ടില്ല. കുന്നിന്‍ ചരിവില്‍ ഇടിച്ചുനിന്ന വിമാനത്തില്‍ നിന്ന് പുറത്ത് ചാടിയ ഞങ്ങള്‍ വിശേഷിച്ചൊരു ആലോചനയുമില്ലാതെ മുന്നോട്ട് വലിഞ്ഞുനടക്കുകയായിരുന്നു. വിമാനത്തില്‍ നിന്ന് ആവുന്നത്ര അകലെയെത്തുകയായിരുന്നു ഉദ്ദേശം. ഒരു വശത്ത് തീ ആളിക്കണ്ട വിമാനം പൊട്ടിത്തെറിക്കുമോ എന്ന് പലരും ഭയപ്പെട്ടു. വിമാനത്തിലെ വി.വി.ഐ.പി യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കൊണ്ടുവന്ന കട്ടില്‍ സഹായമായി. പ്രധാനമന്ത്രി മൊറാര്‍ജി ദേശായ് ആയിരുന്നു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആ വി.വി.ഐ.പി! അപകടവാര്‍ത്ത ആദ്യമായി ലോകത്തെ അറിയിക്കുകയെന്ന ആവേശത്തോടെ ഞാന്‍ അവസാനം സൈനിക കേന്ദ്രത്തിലെത്തി. കരസേനാ താവളത്തില്‍ നിന്ന് ട്രങ്ക്കോള്‍ ബുക്ക് ചെയ്താണ് വാര്‍ത്ത പറഞ്ഞുകൊടുത്തത്. ജനറല്‍ ന്യൂസ് റൂമില്‍ രാത്രിയിലെ അവസാന ലോകവാര്‍ത്താ ബുള്ളറ്റിന്‍ പകരുന്ന ആലസ്യം പടര്‍ന്നുകഴിഞ്ഞു. ശ്രോതാക്കളെ ഉണര്‍ത്താതിരിക്കുകയും എഡിറ്റര്‍മാരെ ഉറക്കം തൂക്കുകയും ചെയ്യുന്ന ആ പ്രക്ഷേപണത്തില്‍ ഭൂമി പിളര്‍ക്കുന്നതോ ആകാശം പൊട്ടിക്കുന്നതോ ആയ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ നേരത്തായിരുന്നു എഡിറ്ററുടെ ഫോണുകളിലൊന്നില്‍ ആകാശവാണി ഡയറക്ടറുടെ വിളി. പ്രധാനമന്ത്രിയോടൊപ്പം പോയിരുന്ന എന്റെ വിവരമറിയാനായിരുന്നു ആ ഫോണ്‍. അദ്ദേഹത്തിന്റെ മറ്റേ ഫോണിന്റെ മറുതലയ്ക്കല്‍ പ്രധാനമന്ത്രിയുട വിവരമറിയാന്‍ സാകൂതം കാത്തിരിക്കുന്ന പ്രക്ഷേപണമന്ത്രി എല്‍.കെ അദ്വാനി. ഞാന്‍ വിളിച്ചു കൊടുത്ത വിമാനാപകട വാര്‍ത്ത ഒരു നിമിഷത്തിനകം ആകാശവാണി ലോകത്തെ അറിയിച്ചു. കറുത്തപക്ഷത്തിലെ വൈകിയ നിലാവുദിച്ചുയരുകയായിരുന്നു. ഞങ്ങള്‍ ജോര്‍ഹട്ട് ആശുപത്രിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയടക്കം എല്ലാവരും അവിടെ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എനിക്ക് പ്രത്യേകിച്ച് പരിചരണമൊന്നും വേണ്ടി വന്നില്ല. ഇടംവലം നടന്നിരുന്ന അടക്കിപ്പിടിച്ച സംസാരം ഞാന്‍ അലസമായി കേട്ടുകൊണ്ടിരുന്നു. വിമാനം വീണയുടനെ കോക്പിറ്റിലുണ്ടായിരുന്ന കേണല്‍ ഉപാധ്യായ കാണിച്ച മന:സാന്നിധ്യം മറ്റുള്ളവരും കാണിച്ചുവെന്നും ഇല്ലെന്നുമുള്ള വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനിടയായി. കരസേനാവിമാനത്തിലെ സഹപൈലറ്റ് പത്തനംതിട്ടക്കാരന്‍ ഹവില്‍ദാര്‍ മാത്യുവിന്റെ വിപദിധൈര്യമാണ് വലിയൊരു അപകടത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും സഹയാത്രികരായ ഞങ്ങളേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതെന്ന് ഞാന്‍ പലപ്പോഴുമോര്‍ക്കും. മാത്യുവിന്റെ പേര് പക്ഷേ എവിടേയും രേഖപ്പെടുത്തപ്പെട്ടില്ല..( മൃത്യുഞ്ജയം – ഒരു വിമാനാപകടത്തിന്റെ ശേഷപത്രം – കെ. ഗോവിന്ദന്‍ കുട്ടി).

ടി.എന്‍. ശേഷനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജേര്‍ണലിസ്റ്റായിരുന്ന കെ. ഗോവിന്ദന്‍കുട്ടി. ശേഷന്റെ വ്യക്തിജീവിതത്തെ ഏറ്റവും അടുത്ത് നിന്നറിഞ്ഞയാള്‍. ശേഷന്‍ – ആന്‍ ഇന്റിമേറ്റ് സ്റ്റോറി എന്ന പുസ്തകത്തില്‍ രാജ്യം ഏറെ ആദരിച്ചിരുന്ന ആ ക്രാന്തദര്‍ശിയുടെ ജീവിതചിത്രങ്ങള്‍ ചേതോഹരവും സത്യസന്ധതയോടെയുമാണ് ഗോവിന്ദന്‍ കുട്ടി അനാവരണം ചെയ്തിട്ടുള്ളത്. കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നിമ്നോന്നതങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിച്ച മറ്റൊരു ഇംഗ്ലീഷ് കൃതിയാണ് കെ. കരുണാകരന്‍- എ പൊളിറ്റിക്കല്‍ ബയോഗ്രഫി. കെ. എം മാണിയുടെ ജീവതത്തിലൂടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രാദേശിക സ്വത്വം വരച്ചു കാട്ടിയ ഒരു പുസ്തകവും ഇംഗ്ലീഷില്‍ ഗോവിന്ദന്‍ കുട്ടി രചിച്ചിട്ടുണ്ട്.

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ നന്മകള്‍ സോദാഹരണം അവതരിപ്പിച്ച നിരവധി ആധികാരിക സ്റ്റോറികള്‍ ചെയ്തിട്ടുള്ള ഗോവിന്ദന്‍ കുട്ടി ഡല്‍ഹി ജീവിതകാലത്താണ് സി.പി.ഐയുടെ ദേശീയ നേതാക്കളുമായി അടുക്കുന്നതും എസ്.എ ഡാങ്കെയെപ്പോലുള്ള അതികായരായ സൈദ്ധാന്തികന്മാരെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും. ആകാശവാണിക്കാലത്തെ നിയന്ത്രണങ്ങളൊക്കെ മറി കടന്നായിരുന്നു സാഹസികമായ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രപഥത്തിലൂടെയുള്ള സഞ്ചാരങ്ങള്‍. കൗതുകകരമായ പല കഥകളുടെ പിന്നാമ്പുറവും അദ്ദേഹത്തില്‍ നിന്ന് വായനക്കാര്‍ക്ക് / ശ്രോതാക്കള്‍ക്ക് കിട്ടി. കാലോചിതമായി റേഡിയോ വാര്‍ത്താവതരണങ്ങളെ ഗോവിന്ദന്‍ കുട്ടി നവീകരിച്ചു. ഇന്ത്യാ ടുഡേയുടെ മലയാളം പതിപ്പുകളെ ഓരോ വാരത്തിലും വീക്ലി ജേര്‍ണലിസത്തിന്റെ വൈരസ്യങ്ങളില്‍ നിന്ന് മോചിപ്പിച്ച് കാമ്പുള്ള സാഹിത്യ പ്രസിദ്ധീകരണമാക്കി മാറ്റിയെടുക്കാന്‍ ഗോവിന്ദന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ടീമിന് സാധിച്ചു. ഓരോ ലക്കത്തിലും പുതുമ കൊണ്ടുവരാനുള്ള മാജിക്കല്‍ ടച്ചായിരുന്നു ഒരു എഡിറ്റര്‍ എന്ന നിലയില്‍ മലയാളം ഇന്ത്യാ ടുഡേയ്ക്ക് ഗോവിന്ദന്‍കുട്ടി നല്‍കിയ സംഭാവന.

ഗോവിന്ദന്‍ കുട്ടി എഴുതുന്നു: തിരുവനന്തപുരത്ത് എന്റെ ആപ്പീസില്‍ നിന്ന് ഏഴ് വീട് മാറിയായിരുന്നു രണ്ടാംവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ഇ.എം.എസ് ഉണ്ടാക്കിയ ശാന്തിനഗറിലെ പത്താം നമ്പര്‍വീട്. കറുത്ത സിമന്റിട്ട തറയും ഒറ്റനിലയുമുള്ള കൊച്ചുവീട്. കള്ളിമുണ്ട് ചുറ്റി വെളുത്ത ബനിയനിട്ട്, ആ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയും അകമ്പടിയില്ലാതെ മുറ്റത്ത് നടക്കുകയും ചെയ്തിരുന്ന ആ മനുഷ്യന്‍ കടന്നുപോയ ജീവിത സന്ദര്‍ഭങ്ങളിലെ സംഘര്‍ഷം എല്ലാ എഡിറ്റര്‍മാര്‍ക്കും മനസ്സിലായെന്നുവരില്ല. അത് കൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ചരമലേഖനത്തിനു വേണ്ടി ഒരു പേജ് മുഴുവന്‍ നീക്കി വെക്കുന്നതിനെന്തിനെന്ന് ചിലര്‍ ചോദിച്ചത്. പെന്‍സില്‍വാനിയ അവന്യുവിലേയും ഡൗണിംഗ് സ്ട്രീറ്റിലേയും റേസ്‌കോഴ്സ് റോഡിലേയും ബംഗ്ലാവുകളുടെ മഹിമ അറിയുന്ന അവരാരും ശാന്തിനഗറിലെ മഞ്ഞച്ചായമടിച്ച പത്താംനമ്പര്‍ കെട്ടിടത്തെപ്പറ്റി കേട്ടിരിക്കില്ല. ഇന്ത്യയിലെ കീഴാളരുടെ പേരില്‍ നടന്ന നിരവധി സമരങ്ങളുടെ ധൈഷണികോര്‍ജ്ജം ഒഴുകിയെത്തിയിരുന്നത് അവിടെ നിന്നായിരുന്നു, രണ്ടു പതിറ്റാണ്ടോളം.

മരണത്തിന്റെ മൂഢാനുരാഗം എന്ന പേരിലൊരു ലേഖനമെഴുതിയിട്ടുണ്ട്, ഗോവിന്ദന്‍ കുട്ടി. അതിന്റെ അവസാനഭാഗത്ത് അദ്ദേഹം പറയുന്നു: ഈ ലേഖനത്തിന്റെ തലക്കെട്ടിനു കാരണക്കാരനായ അയ്യപ്പപ്പണിക്കര്‍ മരിച്ചപ്പോള്‍, പതിവുവചനങ്ങള്‍ പതിച്ചോ പതിക്കാതെയോ എന്തെങ്കിലുമെഴുതാന്‍ എനിക്ക് ബാധ്യതയുണ്ടായിരുന്നില്ല. മൃതദേഹം കാണാന്‍പോലും പോയില്ല. ആളുകളെ മരിക്കുന്നതിനു മുമ്പ് കാണാനായിരുന്നു എനിക്കിഷ്ടം. ആദ്യമാദ്യം അയ്യപ്പപ്പണിക്കര്‍ കണ്ടിരുന്ന മരണം ഘനഗംഭീരമായിരുന്നു. വരിക, മരണത്തിന്റെ മൂഢാനുരാഗമേ.. എന്ന് അദ്ദേഹം സ്വാഗതം ചൊല്ലുക പോലും ചെയ്തു. ഉള്ളില്‍ അങ്ങനെയൊരു മരണാനുരാഗമുണ്ടായിരുന്നുവോ? കവിതയ്ക്ക് വേണ്ടി കടുപ്പം കാണിച്ചതല്ലേയെന്നും തോന്നിയിരുന്നു.

ഒടുവില്‍ സ്വസ്ഥമായി കിടക്കാന്‍ പഠിച്ച മൃതദേഹത്തെ അവതരിപ്പിക്കുന്ന അയ്യപ്പപ്പണിക്കരുടെ സ്വന്തം മരണക്കുറിപ്പിലെ നാലുവരിയാകട്ടെ, മരണത്തിന്റെ മൂഢാനുരാഗവുമായി തുടങ്ങിയ ഈ ലേഖനത്തിന്റെ അവസാനം:

പണിയെല്ലാം കഴിഞ്ഞ് തളര്‍ന്ന്
അല്‍പനാള്‍ സ്വസ്ഥമായി കിടക്കാന്‍ സമ്മതിച്ച
ശ്രീമാന്‍ പണിക്കരുടെ മൃതദേഹം
ഇവിടെ കുടികൊള്ളുന്നു
അയാള്‍ക്കൊരാത്മാവുണ്ടായിരുന്നുവെങ്കില്‍
അതിനെന്ത് സംഭവിച്ചുവെന്ന് നിശ്ചയമില്ല
.

Content Summary: Senior Journalist and author K Govindan Kutty passed away. K. Govindan Kutty had an eventful career in journalism that lasted four decades

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×