സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍; വിസ്മരിക്കപ്പെട്ട നവയുഗശില്‍പ്പി

മി. ഗാന്ധി, യു ആര്‍ റോങ്ങ് എന്ന് പറഞ്ഞ നിര്‍ഭയനായ ദേശസ്‌നേഹി

”It is impossible to argue a man into slavery in English language’.

Sir. C .Sankaran Nair.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മലയാളിയായ ആദ്യത്തേതും അവസാനത്തേയും പ്രസിഡന്റ്. ഇന്ത്യയിലും ബ്രിട്ടനിലും ഇന്ത്യന്‍ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ രാഷ്ട്രതന്ത്രജ്ഞന്‍. മൊണ്ടാഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരത്തെ ശക്തമായി വിമര്‍ശിച്ച ഭരണഘടനാ വിദഗ്ധന്‍. എന്നും ഓര്‍ക്കേണ്ട ആധുനിക ഇന്ത്യയുടെ നവയുഗശില്‍പ്പി’

സര്‍. സി. ശങ്കരന്‍ നായര്‍ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ ഒരാളായിരുന്നു. തീവ്രവാദത്തെ വാക്കുകളിലും പ്രവൃത്തികളിലും വെറുക്കുന്ന ‘സര്‍. സി. ശങ്കരന്‍ നായര്‍ പല വിധത്തിലും ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിന്റെ അപകടം ആദ്യമേ അദ്ദേഹം കണ്ടിരുന്നു. ഭരണഘടനാ പ്രക്ഷോഭത്തിലും സാമൂഹിക പരിഷ്‌കരണത്തിലും അദ്ദേഹം എല്ലാത്തരം മതഭ്രാന്തുകളെയും എതിര്‍ത്തു. ‘അതിശയോക്തി കലര്‍ന്ന ദേശീയത പോലും ഒരു ശാപമാണെന്ന് അദ്ദേഹം കരുതി’ നയതന്ത്രജ്ഞന്‍ കെ.പി.എസ്. മേനോന്‍ എഴുതി.

ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ക്കു മാത്രം സ്ഥാനമുള്ള വൈസ്രായിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ നിയമനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനും, പാലക്കാട്, മങ്കരക്കാരന്‍ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്, എക്‌സിക്യുട്ടീവ് കൗണ്‍സിലര്‍ പദവിയില്‍ നിന്ന് രാജി വെച്ചു.

ആത്മകഥ

അപ്പോള്‍ ഇന്ത്യന്‍ വൈസ്രോയിയായ ചെംസ് ഫോര്‍ഡ് പ്രഭു ചോദിച്ചു.’ പിന്‍ഗാമിയായ് താങ്കള്‍ ആരെയാണ് നിര്‍ദേശിക്കുന്നത്?’
ശങ്കരന്‍ നായര്‍ തന്റെ പ്യൂണിനെ ചൂണ്ടി പറഞ്ഞു, ‘അയാള്‍, രാമ പ്രസാദ്’
ലോര്‍ഡ് ചെംസ്‌ഫോര്‍ഡ് അട്ടഹസിച്ചു. ‘എന്ത്! ഇത് ധിക്കാരമാണ്.’

‘ഇത് ധിക്കാരമല്ല എന്താണെന്നാല്‍, അയാള്‍ ഉയരമുള്ളവനാണ്’, ശങ്കരന്‍ നായര്‍ പറഞ്ഞു, സുന്ദരനാണ്, അയാള്‍ നന്നായി തന്റെ വസ്ത്രം ധരിക്കുന്നുണ്ട്. നിങ്ങള്‍ എന്ത് പറഞ്ഞാലും അദ്ദേഹം ശരി, ശരി എന്ന് പറയും. മൊത്തത്തില്‍ അദ്ദേഹം നിങ്ങളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാകാന്‍ പറ്റിയ ആളാണ്’ ഒരിന്ത്യക്കാരനും ലഭിക്കാത്ത ഉന്നത പദവി വലിച്ചെറിഞ്ഞ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധവും വികാരവും ശക്തമായി പ്രകടിപ്പിച്ച ചരിത്രത്തിലെ അപൂര്‍വമായ മുഹൂര്‍ത്തമായിരുന്നു അത്.

സാഹചര്യം ആവശ്യപ്പെടുമ്പോള്‍ എതിരാളികളോട് പരുഷമായി പെരുമാറാന്‍ ശങ്കരന്‍ നായര്‍ മടിച്ചില്ലെങ്കിലും, അദ്ദേഹം മാന്യതയുടെ ആള്‍രൂപമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ദുഷ്ടതയോ കാലുഷ്യമോ ഉണ്ടായിരുന്നില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും, അദ്ദേഹം ഏറ്റവും ഉയര്‍ന്ന പെരുമാറ്റം തുടര്‍ന്നു. ജീവിതാവസാനം വരെ.

ഇന്ത്യ ഭരിക്കുന്ന ഇംഗ്ലീഷുകാരെ കാണുമ്പോള്‍ ഭവ്യതയോടെ കുനിയുന്ന അന്നത്തെ ഇന്ത്യന്‍ ഉന്നതവര്‍ഗ ഉദ്യോഗസ്ഥരില്‍ നിന്ന് വേറിട്ട ഒരാളായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ബ്രിട്ടീഷുകാരോട് മാത്രമല്ല, തന്റെ കാലഘട്ടത്തിലെ, ഏറ്റവും വലിയ നേതാവായ മഹാത്മാഗാന്ധിയോടും തന്റെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചു.

‘You are wrong Mr. Gandhi ‘ എന്ന് പറയുക മാത്രമല്ല, തന്റെ വാദങ്ങള്‍ തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുകയും ചെയ്ത ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു. പൊതുസ്ഥലത്ത് ഗാന്ധിയെ വിമര്‍ശിച്ചാല്‍ തല്ല് കിട്ടുന്ന കാലത്താണ് ചേറ്റൂര്‍ തന്റെ പ്രതികരണം പരസ്യമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിലും പൊതുജനങ്ങള്‍ക്കിടയിലും, അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഈ സംഭവം മൂലം ഇളക്കം തട്ടിയെങ്കിലും അതൊന്നും അദ്ദേഹത്തെ തെല്ലും സ്പര്‍ശിച്ചില്ല.

നൂറ്റിയിരുപത്തിയെട്ട് വര്‍ഷം മുന്‍പ് തന്റെ 1897-ല്‍, സര്‍ സി. ശങ്കരന്‍ നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ പദവി വഹിക്കുന്ന ആദ്യത്തേയും അവസാനത്തേയും മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി സര്‍. സി. ശങ്കരന്‍ നായരെന്ന വേറിട്ട കോണ്‍ഗ്രസ്സുകാരന്‍. ഇന്ത്യയിലെ ആദ്യകാല ദേശീയവാദ സംവാദങ്ങളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു പ്രധാന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വം ജനകീയതയെക്കാള്‍, ഭരണഘടനാവാദത്തെ പ്രതിഫലിപ്പിച്ചു, പൗരാവകാശങ്ങള്‍ക്കും സ്വയം നിര്‍ണ്ണയാവകാശത്തിനും മുന്‍ഗണന നല്‍കി.

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം, 1857 ല്‍ പാലക്കാട്ടെ, മങ്കരയില്‍ ചേറ്റൂര്‍ തറവാട്ടില്‍ ജനിച്ച ശങ്കരന്‍ നായരുടെ പൂര്‍വികര്‍, യുദ്ധം ആസന്നമാകുമ്പോള്‍ സാമൂതിരിയുടെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരായിരുന്നു. ശങ്കരന്‍ നായരുടെ പിതാവ് രാമുണ്ണിമേനോന്‍ ഒരു തഹസീല്‍ദാരായിരുന്നു. ഒരു ഇന്ത്യക്കാരന് കിട്ടാവുന്ന അക്കാലത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗമായിരുന്നു അത്. പാരമ്പര്യമായി അച്ഛന്റെ കുടുംബക്കാര്‍ പോരാളികളും ആയോധനകലയില്‍ പ്രാവീണ്യമുള്ളവരുമായിരുന്നു. സ്ഥലത്തെ യുവാക്കളെ ആയോധനകല പഠിപ്പിക്കാന്‍ അവര്‍ നാട്ടില്‍ കളരികള്‍ സ്ഥാപിച്ചു.

മലബാര്‍ കളക്ടറായിരുന്ന കനോലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെ പിടികൂടാന്‍ നിയുക്തനായത് സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടായിരുന്ന ശങ്കരന്‍ നായരുടെ ഒരു പൂര്‍വികനായ അമ്മാവനായിരുന്നു. ഒന്നാന്തരം വാള്‍പയറ്റുകാരനും അഭ്യാസിയുമായ ഈ ഉദ്യോഗസ്ഥന്‍ ടിപ്പുവിന്റെ മലബാറിലെ പടയോട്ടക്കാലത്ത് ചില രാജവംശത്തിലെ അംഗങ്ങളെ സുരക്ഷിതമായി തിരുവിതാംകൂറിലെത്തിച്ചതിന്റെ സേവനത്തെ മാനിച്ച് ഒരു പല്ലക്കും വാളും തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനമായി നല്‍കി. ചേറ്റൂര്‍ തറവാടിന് ലഭിച്ച, അംഗീകാരമായി, അഭിമാനത്തോടെ ഈ വാള്‍ വളരെക്കാലം തറവാട്ടില്‍ സൂക്ഷിച്ചിരുന്നു. ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുവന്ന വ്യക്തിയായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

അങ്ങാടിപ്പുറത്ത് പിതാവ് സ്ഥാപിച്ച സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, മദാസിലെ, പ്രസിഡന്‍സി കോളേജില്‍ ബി.എ. മദ്രാസ് ലോ കോളേജില്‍ നിന്നുതന്നെ ബിരുദം. 1880 ല്‍ മദ്രാസ് ഹൈക്കോടതിയില്‍, സര്‍ ഹൊരിതൊ ഷെപ്പേര്‍ഡ് എന്ന ഇംഗ്ലീഷുകാരന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. അക്കാലത്ത് യൂറോപ്യന്‍ ബാരിസ്റ്റര്‍മാരായിരുന്നു നിയമരംഗം അടക്കി വാണിരുന്നത്. അന്നത്തെ പ്രശസ്ത അഭിഭാഷകരായ സുബ്രഹ്‌മണ്യഅയ്യര്‍, ഭാഷ്യം അയ്യങ്കാര്‍ എന്നീ ഇന്ത്യക്കാര്‍ കേസ് നടത്തുന്നതില്‍ ഒട്ടും പിറകിലായിരുന്നില്ല. പക്ഷേ, ഇംഗ്ലീഷ് ബാരിസ്റ്റര്‍മാര്‍ തൊഴില്‍പരമായി അവരെ നല്ല രീതിയിലല്ല പരിഗണിച്ചിരുന്നത്.

വാസ്തവത്തില്‍, ഒരുവര്‍ഷം മുമ്പ്, ഇന്ത്യന്‍ വക്കീലന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. വക്കീലന്മാര്‍ അവരുടെ വാദിക്കാനുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, ഐസിഎസ് ജഡ്ജിയായ ഹോളോ വേ, ഇന്ത്യക്കാരെ പിന്തുണച്ചു, അതിനുശേഷം ഇന്ത്യന്‍ അഭിഭാഷകര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുവാദം ലഭിച്ചു.

ഇതില്‍ അസംതൃപ്തരായ, ഇംഗ്ലീഷ് ബാരിസ്റ്റര്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് അവരുടെ ചേംബറില്‍ നിയമപഠനം കഴിഞ്ഞ് പരീശീലനത്തിനായി ഇന്ത്യന്‍ അഭിഭാഷകരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു, ആ പരിശീലനത്തിന് വിധേയരാകാതെ ഇവര്‍ക്ക് എന്റോള്‍ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഈ നീക്കത്തെ ചെറുക്കുന്നതിനായി, ചീഫ് ജസ്റ്റിസ് സര്‍ കോട്ലി സ്‌കോട്ട്ലന്‍ഡ് ആ വ്യവസ്ഥയില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ തീരുമാനത്തില്‍ ബാരിസ്റ്റര്‍മാര്‍ വളരെയധികം രോഷാകുലരായി.

യൂറോപ്യന്‍ ബാരിസ്റ്റര്‍മാരുടെ ഈ മനോഭാവത്തില്‍ ഇന്ത്യന്‍ വക്കീലന്മാര്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു; ഇതിന് പ്രതികാരമായി ഒരു ഇന്ത്യന്‍ അഭിഭാഷകനും ഇംഗ്ലീഷ് ബാരിസ്റ്ററുടെ ജൂനിയറായി പ്രവര്‍ത്തിക്കരുതെന്ന് അവര്‍ പ്രമേയം മുന്നോട്ടുവച്ചു. ഒരു ഹൈക്കോടതി വക്കീലിനും കേസില്‍ തന്റെ സീനിയറായി ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ നിയമിക്കാന്‍ കഴിയില്ല എന്നാണ് ഇതിനര്‍ത്ഥം, ഇന്ത്യന്‍ അഭിഭാഷകരുടെ അസോസിയേഷന്റെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു, എന്നാല്‍ തന്റെ സീനിയര്‍, ഷെപ്പേര്‍ഡിനോടുള്ള വിശ്വസ്തത കാരണം ശങ്കരന്‍ നായര്‍ ഇതിനെ അനുകൂലിക്കാന്‍ വിസമ്മതിച്ചു. പക്ഷേ, പ്രധാന കാരണം താനും തന്റെ കക്ഷിയുമായി ചേര്‍ന്ന് ഒരു മുതിര്‍ന്ന അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ലംഘിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചതായിരുന്നു. അന്നേ അദ്ദേഹം വ്യക്തി സ്വാതന്ത്രത്തില്‍ കര്‍ക്കശമായി ഉറച്ച് നിന്നിരുന്നു.

അദ്ദേഹത്തിന്റെ ഈ നടപടി നാലോ മൂന്നോ വര്‍ഷം കുറച്ചുകാലത്തേക്ക് അദ്ദേഹത്തിന്റെ പ്രാക്ടീസിനെ ദോഷകരമായി ബാധിച്ചു, അദ്ദേഹത്തിന്റെ പ്രാക്ടീസ് മലബാറിലെ കേസുകളില്‍ മാത്രമായി ഒതുങ്ങി. ഏറെ താമസിയാതെ. 1897-ല്‍, നാല്‍പ്പതാമത്തെ വയസ്സില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍ അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍, അദ്ദേഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയായി.

‘അഭിഭാഷകന്‍ എന്ന നിലയില്‍ മതിപ്പ് നേടാന്‍ അദ്ദേഹത്തിന് കുറഞ്ഞ സമയം മതിയായിരുന്നു. ശങ്കരന്‍ നായരുടെ വാദശൈലിയും ഒരു പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. വ്യക്തത, കൃത്യത, സംക്ഷിപ്തത എന്നിവയാല്‍ ശ്രദ്ധേയവും അതുല്യവുമായിരുന്നു’. മദ്രാസ് ഹൈക്കോടതിയുടെ നിയമ പ്രസിദ്ധീകരണമായ മദ്രാസ് വീക്കിലി നോട്‌സില്‍ പ്രശസ്തനായ ബ്രിട്ടീഷ് അഭിഭാഷകന്‍ എര്‍ഡി നോര്‍ട്ടണ്‍ ശങ്കരനായരുടെ കോടതിയിലെ പ്രകടനത്തെ കുറിച്ച് എഴുതി.

മദ്രാസ് ബാറിലെ പ്രസംഗത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണാത്ത, ഗാംഭീര്യവും അന്തസ്സും വീര്യവും നിറഞ്ഞ, വാക്കുകള്‍ എല്ലായ്‌പ്പോഴും ഒരു ക്രമത്തില്‍ അദ്ദേഹത്തിന്റെ വാചകങ്ങളായി പുറത്തുവന്നു. അദ്ദേഹം ഒരു മികച്ച വാഗ്മിയായിരുന്നു, ഇടിവെട്ടുപോലുള്ള പ്രസംഗങ്ങള്‍ക്ക് ഒരിക്കലും ശ്രമിച്ചില്ല, അദ്ദേഹം എപ്പോഴും ആലോചിച്ചു സംസാരിച്ചു, ഉച്ചരിക്കുന്നതിനുമുമ്പ് വാക്കുകള്‍ തൂക്കിനോക്കി മാത്രം സംസാരിച്ചു, ഏറ്റവും പ്രധാനമായി, വാക്കുകള്‍ എപ്പോള്‍ നിര്‍ത്തണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.’ നോര്‍ട്ടണ്‍ എഴുതി.

സ്വന്തം കക്ഷികളെ പ്രീണിപ്പിക്കാനോ കോടതിയിലെ സദസിനെ തൃപ്തിപ്പെടുത്താനോ ഒരിക്കലും ശ്രമിച്ചിരുന്നില്ല. നിസംഗതയോടെ തന്റെ വാദമുഖങ്ങള്‍ അദ്ദേഹം ഓരോന്നായി കോടതിയില്‍ അവതരിപ്പിക്കുന്ന ആ ശൈലി മദ്രാസിലെ അഭിഭാഷക ലോകത്ത് തികച്ചും പുതിയതും വ്യത്യസ്തവുമായിരുന്നു.

അക്കാലത്ത് തന്നെ ശങ്കരന്‍ നായര്‍ സോഷ്യല്‍ റിഫോം അസോസിയേഷന്റെ പ്രസിഡന്റായി. അഭിഭാഷക വൃത്തിയോടൊപ്പം ഏറെ താമസിയാതെ പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാനാരംഭിച്ചു. സാമൂഹ്യ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് മദ്രാസിലെ ഹിന്ദു ദിനപത്രമടക്കമുള്ള മുന്‍നിര പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. ശങ്കരന്‍നായരും സേലം രാമസ്വാമി മുതലിയാരും ചേര്‍ന്നാണ് ‘മദ്രാസ് ലോ ജേര്‍ണല്‍’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഏറ്റവും മികച്ച നിയമ പ്രസിദ്ധീകരണമായി മാറിയ മദ്രാസ് ലോ ജേര്‍ണലിന്റെ സ്ഥാപക എഡിറ്ററായിരുന്നു ശങ്കരന്‍ നായര്‍.

1884 ല്‍ മലബാറിലെ ജന്മി കുടിയാന്‍ ബന്ധത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയില്‍ മദ്രാസ് സര്‍ക്കാര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ഇക്കാലത്ത് തന്നെ മദ്രാസ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1887 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂന്നാമത് ദേശീയ സമ്മേളനം മദ്രാസില്‍ വെച്ച് നടന്നത് ശങ്കരന്‍ നായരുടെ ജീവിതം മാറ്റി മറിച്ചു. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, നിയമരംഗത്തെ അസാമാന്യ കഴിവില്‍ മതിപ്പ് തോന്നിയ ബ്രിട്ടീഷ് സര്‍ക്കാര്‍ വൈസ്രോയിയുടെ മദാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ശങ്കരന്‍ നായരെ നോമിനേറ്റ് ചെയ്തു.

ഇന്ത്യയില്‍ നിലനിന്നിരുന്ന പഴയ വില്ലേജ് സമ്പ്രദായമനുസരിച്ച് ഭൂവുടമകള്‍ ചെറിയ റിപ്ലബ്ലിക്കുകള്‍ പോലെയായിരുന്നു. ഇവരുടെ നികുതി പിരിക്കാന്‍ ഓഫീസര്‍മാര്‍, ജലവിതരണവും, കനാലുകളുടെ നിര്‍മ്മാണവും, അവയുടെ പരിപാലനവും നടത്താന്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിങ്ങനെയുള്ള സംവിധാനത്തില്‍ നടന്നിരുന്നു. ഈ പഴയ സമ്പ്രദായത്തെ നിരാകരിച്ച് കൗണ്‍സില്‍ ‘വില്ലേജ് സെസ്സ് ബില്‍’ പുതിയൊരു സംവിധാനം കൗണ്‍സില്‍ കൊണ്ടുവന്നു. ഒരൊറ്റ ഉദ്യോഗസ്ഥനില്‍ ഈ ചുമതല കേന്ദ്രീകരിക്കുന്ന ഈ പുതിയ നിയമത്തില്‍ ഉദ്യോഗസ്ഥന്മാര്‍ വെറും സര്‍ക്കാര്‍ ജോലിക്കാരായി മാറുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം യാന്ത്രികമാകുകയും ചെയ്യുന്ന ഈ സംവിധാനത്തെ ശങ്കരന്‍ നായര്‍ എതിര്‍ത്തു. പക്ഷേ, ബില്ല് ചില മാറ്റങ്ങളോടെ സഭയില്‍ നിയമമായി മാറി. ‘ഖേദത്തോടെയല്ലാതെ ഒരാള്‍ക്കത് നോക്കിക്കാണാനാവില്ല’ വരും സര്‍ക്കാരുകള്‍ക്ക് അപ്രതൃക്ഷമായ ഈ വില്ലേജ് വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് സംശയമാണ്. ഒരു പക്ഷേ, ശ്രമങ്ങള്‍ നടത്താനാകും’ തന്റെ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം എഴുതി. സ്വതന്ത്ര ഇന്ത്യയില്‍ പിന്നീട് സര്‍ക്കാര്‍ നടപ്പിലാക്കിയ കമ്മ്യൂണിറ്റി പ്രൊജക്റ്റും പഞ്ചായത്ത് രാജും അതിന്റെ മറ്റൊരു രൂപമായിരുന്നെങ്കിലും ശങ്കരന്‍ നായര്‍ പിന്‍തുണച്ച പഴയ വില്ലേജ് സമ്പ്രദായം ഒരിക്കലും തിരികെ വന്നില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നു. പക്ഷേ ഇംഗ്ലീഷുകാര്‍ വേറെ തന്നെ ജീവിക്കുന്നു. എന്ന നിലവിലുള്ള സായിപ്പിന്റെ രീതി അംഗീകരിക്കാത്ത ഇന്ത്യാക്കാരനാണ് താനെന്ന അഭിമാനം അദ്ദേഹം എന്നും വച്ചുപുലര്‍ത്തി. ഒരിക്കല്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ മദ്രാസില്‍ വെച്ച് ഗവര്‍ണ്ണര്‍ പെന്റ് ലാന്‍് പ്രഭു അധ്യക്ഷനായി സെനറ്റ് ഹൗസില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ശങ്കരന്‍ നായരായിരുന്നു മുഖ്യപ്രഭാഷകന്‍. പൊതുയോഗം തുടങ്ങുന്നതിന് അല്‍പ്പം മുന്‍പ് ശങ്കരന്‍ നായര്‍ സെനറ്റ് ഹാളിലെത്തി. അവിടെയുള്ള ആഗ്ലോ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ പ്രവേശനത്തിനുള്ള പാസ്സ് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. തനിക്ക് അത്തരമൊരു പാസ്സ് ആരും നല്‍കിയിട്ടില്ലെന്നും, താനാണ് യോഗത്തിലെ മുഖ്യ പ്രാസംഗികന്‍ എന്നും കൃത്യമായി അയാളെ ധരിപ്പിച്ചു. ‘ഒരു ഇന്ത്യക്കാരനല്ലെ, അയാള്‍ ധാര്‍ഷ്ട്യത്തോടെ പറഞ്ഞു. നിങ്ങള്‍ ആരായിരുന്നാലും പാസ്സില്ലാതെ ആരേയും കടത്തി വിടരുതെന്നാണ് എനിക്ക് കിട്ടിയ ഉത്തരവ്. അത് എനിക്ക് അനുസരിച്ചേ പറ്റു’ ഉടനെ ശങ്കരന്‍ നായര്‍ തന്റെ കാറില്‍ കേറി വീട്ടിലേക്ക് മടങ്ങി.

ഗവര്‍ണര്‍ പെന്റ് ലാന്‍് പ്രഭു സെനറ്റ് ഹാളില്‍ വന്നപ്പോള്‍ മുഖ്യ പ്രഭാഷകന്‍ ഇല്ല. കൃത്യനിഷ്ഠ പാലിക്കുന്ന വ്യക്തിയാണ് ശങ്കരന്‍ നായര്‍. സംഘാടകര്‍ കൊണ്ടു പിടിച്ച് അന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി. അസ്വസ്ഥനായ ഗവര്‍ണര്‍ തന്റെ എഡിസിയെ സ്വന്തം കാറില്‍ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് അയച്ചു. ക്ഷമാപണം ചെയ്ത് അദ്ദേഹത്തിനെ യോഗത്തിന് തന്റെ കാറില്‍ തന്നെ കൊണ്ടുവരണമെന്ന് എഡിസിയോട് നിര്‍ദേശിച്ചിരുന്നു.

എഡിസി അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയപ്പോള്‍ ശങ്കരന്‍ നായര്‍ സമൃദ്ധമായി ശരീരത്തില്‍ എണ്ണ തേച്ച് പിടിപ്പിച്ച് കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. താന്‍ കുളിക്കാന്‍ പോവുകയാണെന്നും ഇന്നിനി യോഗത്തിന് വരാന്‍ നിര്‍വ്വാഹമില്ലെന്നും പറഞ്ഞ് എഡിസി യെ തിരിച്ചയച്ചു. അന്ന് പ്രധാന പ്രാസംഗികനില്ലാതെ യോഗം നടത്തേണ്ടി വന്നു.

വ്യക്തി ജീവിതത്തിലും സ്വതന്ത്രവും പുരോഗമനോന്മുഖമായ വീക്ഷണം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.ചേറ്റൂര്‍ തറവാടില്‍ ഒരു വിവാഹത്തിന്റെ സമയത്ത് കുടുംബത്തിലേക്ക് വരുന്ന വരന്‍ താരതമേന്യ നായര്‍ ഉപവിഭാഗത്തില്‍ പെട്ടയാളായതിനാല്‍, ജീവിച്ചിരിക്കുന്ന തലമൂത്ത കാരണവന്മാരോട് പറയേണ്ടതല്ലെ എന്ന് ചിലര്‍ ശങ്കരന്‍ നായരോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ‘അവരൊന്നും ഈ വിവാഹത്തിന് വരാതിരുന്നാല്‍ മതി.’

1897 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ധൃക്ഷ പ്രസംഗത്തില്‍ ശങ്കരന്‍ നായര്‍ പറഞ്ഞു. ‘നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഏകാധിപത്യം, അല്ല അടിമത്തം. ഇന്ത്യയുടെ അന്തസത്തയെ കാര്‍ന്നുതിന്നു, ദുര്‍ബലമാക്കിയിരിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ച മുരടിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടേതായ എല്ലാ മാഹാത്മ്യവും അപഹരപ്പെട്ടിരിക്കുന്നു. ഇന്ത്യ വീണ്ടും ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടണമെങ്കില്‍, നിലവിലുള്ള ശോച്യാവസ്ഥയില്‍ നിന്ന് മൂരി നിവര്‍ന്നേഴുന്നേറ്റ് ശോഭനമായ ഭാവിയിലേക്ക് കുതിക്കണമെങ്കില്‍, അവളുടെ ഉത്തമ സന്താനങ്ങളായ നാം അവിശ്രമം പരിശ്രമിച്ചേ പറ്റൂ. Nel desperandum’ (ഒന്നിലും നിരാശപ്പെടേണ്ടതില്ല). നൈരാശ്യം നമ്മെ തീണ്ടാതിരിക്കട്ടെ.’

ശങ്കരന്‍ നായരുടെ ഈ അധ്യക്ഷ പ്രസംഗത്തെ സുരേന്ദ്രനാഥ് ബാനര്‍ജി തന്റെ ‘എ നേഷന്‍ ഇന്‍ ദി മേക്കിംഗ്’ എന്ന പുസ്തകത്തില്‍ വിശേഷിപ്പിച്ചത് ‘മനുഷ്യന് അനുയോജ്യവും പ്രതിപ്രവര്‍ത്തന ശക്തികള്‍ ശക്തമായി പ്രകടമായിരുന്ന ഈ കാലഘട്ടത്തിന് അനുയോജ്യമായ, ശക്തവും ആണത്തത്തോടെയുള്ള ഒരു പ്രസ്താവന’ എന്നാണ്.

1899 ല്‍ അദ്ദേഹത്തെ മദ്രാസ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡറും, പബ്ലിക്ക് പ്രോസിക്യൂട്ടറുമാക്കി. എന്നിട്ട് പോലും ഉറച്ച ദേശാഭിമാനിയായതിനാല്‍ അദ്ദേഹത്തെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വൈസ്രോയിക്ക് വാര്‍ഷിക സല്‍ക്കാരം നല്‍കാറുണ്ട്. അതിനായ് രസഗുളയടക്കം കുറച്ചു ബംഗാളി മധുരപലഹാരം അയച്ചു തരാന്‍ തന്റെ സുഹൃത്തായ ഭൂപേന്ദ്രബസുവിനെഴുതി. പലഹാരങ്ങള്‍ അയച്ച വിവരത്തിന് ‘ബംഗാളി സ്വീറ്റസ് അയച്ചു’ എന്നു ബസു ശങ്കരന്‍ നായര്‍ക്ക് ടെലിഗ്രാം അടിച്ചു. ടെലിഗ്രാം കിട്ടിയത് പോലീസിന്റെ കൈയ്യിലാണ്. വിപ്ലവകാരികള്‍ ബോംബിനിടുന്ന രഹസ്യനാമമാണ് ബംഗാളി സ്വീറ്റ്‌സ്’, പാഴ്‌സല്‍ വരുന്നതോ വിപ്ലവകാരികളുടെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും. പോലീസ് ആകെ ഭയന്നു. അവര്‍ പാര്‍സല്‍ വന്നപ്പോള്‍ അത് പിടിച്ചെടുത്തു പരിശോധിച്ചു. പിന്നീട് വിരുന്ന് കഴിഞ്ഞു വൈസ്രോയി സ്ഥലം വിട്ടശേഷമാണ് പോലീസ് പാര്‍സല്‍ ശങ്കരന്‍ നായര്‍ക്ക് കൈമാറിയത്.

ഫിലിപ്പ് രാജകുമാരന്‍

പ്രതികൂലമായ സാഹചര്യങ്ങളിലാണ് ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗമായത്. ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലുള്ള 30 ഓളം വകുപ്പുകളുടെ ഭരണ ചുമതല അദ്ദേഹത്തിനായിരുന്നു. കൂടാതെ മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം തുടങ്ങിയ ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചു.

ക്രൈസ്തവ സഭാകാര്യങ്ങളുടെ ചുമതല ശങ്കരന്‍ നായര്‍ക്കായിരുന്നു. ഒന്നാം ലോകമഹായുദ്ധ വാര്‍ഷികത്തിന് സഖ്യകക്ഷികള്‍ വിജയിക്കാനും, ശത്രുക്കള്‍ പരാജയപ്പെടാനുള്ള ഒരു പ്രാര്‍ത്ഥനയുടെ കരട് രേഖ ശങ്കരന്‍ നായരുടെ മുന്നില്‍ ഒപ്പിടാനെത്തി. അദ്ദേഹം അതില്‍ ഒപ്പ് വെയ്ക്കാന്‍ വിസമ്മതിച്ചു. ശങ്കരന്‍ നായരുടെ സെക്രട്ടറിയായിരുന്ന സര്‍ എഡ്വേര്‍ഡ് മക് ലാഗന്‍ ഇത് വൈസ്രോയിയെ അറിയിച്ചു.

”ക്രിസ്തുവിനെ കുറിച്ച് എനിക്ക് ചിലതെല്ലാം അറിയാം. യേശുക്രിസ്തു ഒരിക്കലും ഒരു കക്ഷി പിടിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നല്ലേ അദ്ദേഹത്തിന്റെ അനുശാസനം’ എന്നായിരുന്നു ശങ്കരന്‍ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പിന്നീട് വൈസ്രോയി പള്ളികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും വിരോധമില്ലെങ്കില്‍ താന്‍ അത് ഏറ്റെടുക്കാമെന്നും ശങ്കരന്‍ നായരെ അറിയിച്ചു. അദേഹം സന്തോഷത്തോടെ ആ വകുപ്പ് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ ഒരു വാല്‍കഷ്ണമായി ഒരു സംഭവം പിന്നീട് നടന്നു.

ശങ്കരന്‍ നായര്‍ ഒപ്പിടാന്‍ വിസമ്മതിച്ച പ്രാര്‍ത്ഥന പിന്നീട് വൈസ്രോയി ഉത്തരവായി പുറത്തിറക്കി. അതിന് പിന്നാലെ ഷിംലയിലെ റോമന്‍ കാത്തലിക്ക് ബിഷപ്പ് സ്റ്റേറ്റ്‌സ് മാന്‍ ദിനപത്രത്തില്‍ ഒരു പ്രസ്താവനയിറക്കി. ‘അന്ധമായ മതാസക്തിയുള്ള ഒരു പ്രൊട്ടസ്റ്റന്റുകാരനെ ഈ വകുപ്പ് ഏല്‍പ്പിക്കുന്നതിനേക്കാള്‍ ഭേദം സംസ്‌കാരസമ്പന്നനായ ഒരു ഹിന്ദുവിനെ ഏല്‍പ്പിക്കുന്നതാണ്’.

ശങ്കരന്‍ നായര്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് ആനി ബസന്റ് ബനാറസില്‍ ഒരു ഹിന്ദു സര്‍വകലാശാല സ്ഥാപിക്കുന്നതിനായി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. പക്ഷേ, ഔദ്യോഗിക അധികാരങ്ങളുപയോഗിച്ച് അദ്ദേഹം അത് തള്ളിക്കളഞ്ഞു. വര്‍ഗീയ അടിസ്ഥാനത്തിലുള്ള സര്‍വ്വകലാശാലകള്‍ അപകടകരമാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ഇന്ത്യയിലെ ബഹുജന വിദ്യാഭാസത്തില്‍ ഇംഗ്ലീഷിന് വലിയ സ്ഥാനമൊന്നും ഇല്ലെന്ന് വിശ്വസിച്ച അദ്ദേഹം രാഷ്ട്രീയ പുരോഗതിക്കും, മതപരമായ ഉയര്‍ച്ചക്കും സാമൂഹിക പരിവര്‍ത്തനത്തിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ശങ്കരന്‍ നായര്‍ പ്രസ്താവിച്ചു.
സുപ്രസിദ്ധമായ മൊണ്ടേഗു ചെംസ് ഫോര്‍ഡ് പരിഷ്‌കാര റിപ്പോര്‍ട്ടിന് (ദ്വിഭരണ സമ്പ്രദായം) അദ്ദേഹം ശക്തമായ ഭിന്നാഭിപ്രായമെഴുതി. സമ്മര്‍ദ്ദം വന്നിട്ടും അദ്ദേഹം തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ചേറ്റൂര്‍ ശങ്കരന്‍ നായരെന്ന രാഷ്ട്രതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണത്തിനും നിര്‍ഭയത്വത്തിനും ഉദാഹരണമാണെന്ന് രാഷ്ട്രീയ വിദഗ്ധന്മാര്‍ വിലയിരുത്തി.

സ്മരണ_ സ്റ്റാമ്പ്

1919 ഏപ്രില്‍ 13 ന് നടന്ന ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഇന്ത്യ ഇളകി മറഞ്ഞു. ഈ സംഭവവികാസങ്ങള്‍ ശങ്കരന്‍ നായരെ ഞെട്ടിച്ചു. സി.എഫ് ആന്‍ഡ്രൂസിനോട് ക്രുദ്ധനായി ചെംസ്‌ഫോര്‍ഡ് പ്രഭു ചോദിച്ചു. ‘ഇംഗ്ലീഷുകാരെ തൊട്ടുകളിച്ചാലുള്ള അനുഭവം എന്തായിരിക്കുമെന്ന് ഇപ്പോഴെങ്കിലും ഇന്ത്യക്കാര്‍ പഠിച്ചോ?’
ഇത്തരമൊരു മനുഷ്യന്റെ സഹപ്രവര്‍ത്തകനായിരിക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് ശങ്കരന്‍ നായര്‍ തീരുമാനിച്ച് ഉടനെ എക്സിക്യുട്ടീവില്‍ നിന്ന് രാജി വെച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇതിനെ സ്വാഗതം ചെയ്തു.
‘പഞ്ചാബ് പ്രശ്‌നത്തില്‍ ശങ്കരന്‍ നായര്‍ എടുത്ത ധീരമായ നിലപാടില്‍ രാജ്യം അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു’ മൊത്തിലാല്‍ നെഹ്‌റു പറഞ്ഞു. ആ രാജിക്ക് ഉടനെ പ്രത്യാഘാതമുണ്ടായി. ദിനപത്രങ്ങളുടെ മേലേര്‍പ്പെടുത്തിയ നിയന്തണം സര്‍ക്കാര്‍ പിന്‍വലിച്ചു. പഞ്ചാബിലെ പട്ടാളനിയമവും പിന്‍വലിച്ചു.

ഡല്‍ഹിയില്‍ നിന്ന് മദ്രാസിലേക്കുള്ള മടക്കയാത്ര ശങ്കരന്‍ നായര്‍ രഹസ്യമാക്കി വെച്ചു. പക്ഷേ, വാര്‍ത്ത പുറത്തായി. മദ്രാസ് നഗരം ഇതുവരെ കാണാത്ത സ്വീകരണം ജനങ്ങള്‍ നല്‍കി. മദ്രാസ് നഗരമെങ്ങും കൊടിതോരണങ്ങള്‍ നിറഞ്ഞു. നിറഞ്ഞു കവിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വന്നു നിന്നപ്പോള്‍ ആരെയാണോ സ്വീകരിക്കണ്ടത് അയാള്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ഇല്ല. തിരക്ക് അനിയന്ത്രിതമായതിനാല്‍ ശങ്കരന്‍ നായര്‍ സഞ്ചരിച്ച ബോഗി തൊട്ടുള്ള ബേസിന്‍ സ്റ്റേഷന് പുറത്ത് വെച്ച് വേര്‍പ്പെടുത്തി നിറുത്തിയിട്ടു. തിരക്ക് കുറഞ്ഞിട്ട് വിടാനായിരുന്നു അധികാരികള്‍ തീരുമാനിച്ചത്. ഒടുവില്‍ ജനങ്ങള്‍ ബഹളം വെയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ ശങ്കരന്‍ നായര്‍ ഉടനെ എത്തുമെന്ന് അധികാരികള്‍ വിളിച്ചു പറഞ്ഞു. ബോഗി വന്ന് നിന്നു. പ്ലാറ്റ് ഫോമില്‍ കാലുകുത്തിയ ശങ്കരന്‍ നായരെ മാലകള്‍ കൊണ്ടും പൂച്ചണ്ടു കൊണ്ടും മൂടി. ശങ്കരന്‍ നായര്‍ വാഴ്ക, വന്ദേ മാതരം! ഒരു വീരനായകന് ലഭിച്ച, ആവേശകരമായ ജനമനസ്സുകളില്‍ നിന്നുള്ള വരവേല്‍പ്പായിരുന്നു അത്.

രാജിവെച്ചു ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടിലേക്ക് പോയി. 1919 ലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു റോയല്‍ കമ്മീഷനെ നിയമിക്കണമെന്നും കുറ്റക്കാരായ സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു., ശങ്കരന്‍ നായര്‍ പറഞ്ഞു, ‘ഇന്ത്യയില്‍ മറ്റൊരു ജാലിയന്‍ വാലാബാഗ് ഉണ്ടാകുന്നത് തടയാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തിരുന്നു’. അദ്ദേഹം അന്വേഷണ കമ്മീഷനു മുന്‍പില്‍ ഹാജരായി തെളിവ് നല്‍കി.

ജാലിയാ വാലാബാഗിൽ വെടിവെയ്പ്പിന് നേതൃത്വം നൽകിയ ജനറൽ ഡയർ

പഞ്ചാബിലെ അതിക്രമങ്ങള്‍ക്ക് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍ മൈക്കല്‍ ഒ’ഡ്വയറെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. മിക്ക ഇന്ത്യന്‍ നേതാക്കളും ജനറല്‍ ഡയറിനെ മാത്രമേ അപലപിച്ചുള്ളൂവെങ്കിലും, ശങ്കരന്‍ നായര്‍ ഒരു പടികൂടി മുന്നോട്ട് പോയി – പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ മൈക്കല്‍ ഒ’ഡ്വയര്‍ ഇതില്‍ പങ്കാളിയാണെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചു, ശങ്കരന്‍ നായര്‍ക്കെതിരെ ലണ്ടനിലെ ഒരു കോടതിയില്‍ ഒ’ഡ്വയര്‍ ഫയല്‍ ചെയ്ത ഒരു മാനനഷ്ടക്കേസ് വന്നു. പോരാടാനുറച്ച് ശങ്കരന്‍ നായര്‍ പറഞ്ഞു. ‘ഈ കേസ് ജയിക്കുന്നതിനല്ല. സാമ്രാജ്യത്തിന്റെ സ്വന്തം കോടതിയില്‍ അനീതിക്കെതിരെ നിലകൊള്ളുന്നതിനെക്കുറിച്ചാണ്.’

1924-ല്‍, ശങ്കരന്‍ നായര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ അവരുടെ കോടതിമുറികളില്‍, ഇംഗ്ലീഷ് അഭിഭാഷകര്‍, ഇംഗ്ലീഷ് ജഡ്ജിമാര്‍, ഇംഗ്ലീഷ് ജൂറി എന്നിവരെ നേരിട്ടു. തുടര്‍ന്നുണ്ടായ കേസ് ഒരു നാഴികക്കല്ലായിരുന്നു. സാങ്കേതികമായി ഇത് ഒരു മാനനഷ്ടക്കേസാണെങ്കിലും, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ക്രൂരതകളെ – പ്രത്യേകിച്ച് ജാലിയന്‍ വാലാബാഗിനെ – ഈ കേസിലൂടെ അന്താരാഷ്ട്ര വേദിയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു.

ലണ്ടനിലെ കിംഗ്‌സ് കോടതിയിലാണ് വാദം നടന്നത്. അവിടെ നായര്‍ക്ക് നിഷ്പക്ഷ ജൂറി അംഗങ്ങളെ പ്രതീക്ഷിക്കാന്‍ കഴിയില്ലായിരുന്നു. പന്ത്രണ്ട് ജൂറി അംഗങ്ങളില്‍ പതിനൊന്ന് പേര്‍ ഒ’ഡ്വയറിന് അനുകൂലമായി വോട്ട് ചെയ്തു, ഒരു ജൂറി മാത്രമേ എതിര്‍ത്തുള്ളൂ. അത് പ്രശസ്തനായ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞനായ ഹരോള്‍ഡ് ലാസ്‌കിയായിരുന്നു. ശങ്കരന്‍ നായരുടെ വീക്ഷണകോണില്‍, പരാജയം ഒരു ധാര്‍മ്മിക വിജയമായിരുന്നു. ജൂറി തീരുമാനം ഏകകണ്ഠമായിരുന്നില്ലാത്തതിനാല്‍, ശങ്കരന്‍ നായര്‍ക്ക് മറ്റൊരു വിചാരണ കൂടി കോടതി വാഗ്ദാനം ചെയ്തു.

ഒരു ഇംഗ്ലീഷ് ജൂറിയും ഈ വിധി വ്യത്യസ്തമായി തീരുമാനിക്കില്ലെന്ന് പറഞ്ഞ് അത് അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് കോടതി അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു ഓപ്ഷന്‍ വാഗ്ദാനം ചെയ്തു. ഒ’ഡ്വയറിനോട് ക്ഷമാപണം നടത്തുക അല്ലെങ്കില്‍ 7500 പൗണ്ട് പിഴ അടയ്ക്കണം. (ഇന്നത്തെ നിരക്കില്‍ ഏകദേശം 5,86,000 പൗണ്ട് അല്ലെങ്കില്‍ 59.5 ദശലക്ഷം രൂപ). അതൊരു വലിയ തുകയായിരുന്നു, പ്രത്യേകിച്ച് അന്നത്തെ ഒരു ഇന്ത്യക്കാരന്, പക്ഷേ ഒ’ഡ്വയര്‍ പോലുള്ള ഒരാളുടെ മുന്നില്‍ തലകുനിക്കുന്നതിനുപകരം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പണം കെട്ടാനാണ് തീരുമാനിച്ചത്. ബ്രിട്ടീഷ് പത്രങ്ങള്‍ നായരോട് ചോദിച്ചു: പ്രശസ്തിക്ക് കോട്ടം തട്ടുന്ന വിധിയല്ലേ ഇത്?

കിംഗ്‌സ് കോടതിയിലെ എല്ലാ ജഡ്ജിമാരും ഒത്തുചേര്‍ന്ന് ഏകകണ്ഠമായി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചാലും, അത് എന്റെ പ്രശസ്തിക്ക് ഒരു കോട്ടവും വരുത്തില്ല ശങ്കരന്‍ നായര്‍ ഉറച്ച മറുപടി നല്‍കി.

കേസ് തോറ്റു, പക്ഷേ അത് അദ്ദേഹത്തിന്റെ ലക്ഷ്യത്തിന്റെ ഒരു വിജയമായിരുന്നു. അഞ്ച് ആഴ്ച നീണ്ടുനിന്ന വാദം കേള്‍ക്കലില്‍, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് ലോകം മുഴുവന്‍ അറിഞ്ഞു. ബ്രിട്ടന്റെ ക്രൂരത, ആ കേസിലൂടെ ലോകം മുഴുവന്‍ മനസ്സിലാക്കി.

ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യക്കാരോടുള്ള മനോഭാവം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് വെളിവാക്കുന്ന സംഭവം കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ്ടും ഇന്ത്യയില്‍ നടന്നു. രാജ്യം സ്വതന്ത്രമായതിന്റെ 50-ാം വര്‍ഷം 1997 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും ജാലിയന്‍ വാലാബാഗും സന്ദര്‍ശിച്ചു. ആ ചരിത്ര മുഹൂര്‍ത്തത്തില്‍ കൂട്ടക്കൊല നടന്ന സ്ഥലം എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചെങ്കിലും ആ ക്രൂരതക്ക് ക്ഷമാപണം നടത്താന്‍ അവര്‍ വിസമ്മതിച്ചു.

മലയാള പത്രത്തിൽ വന്ന ഒരു വായനക്കാൻ്റെ കത്ത്

സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പുറത്തേക്ക് പോകുമ്പോള്‍, വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തെ കുറിച്ച് പ്രിന്‍സ് ഫിലിപ്പ് അത് വെറും ‘അതിശയോക്തി കലര്‍ന്നതാണ് എന്ന് പറഞ്ഞു ആക്ഷേപിച്ചു. ജനറല്‍ ഡയറുടെ മകന്‍ നേവിയില്‍ ഇയാളുടെ കൂടെയുണ്ടായിരുന്നു എന്ന് അയാള്‍ അവകാശപ്പെട്ടു. ബ്രിട്ടീഷ് രാജകുടുംബാംഗമായ, ജന്മനാ വിവരക്കേടിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍രൂപമാണ് ഈ ഫിലിപ്പ്. ബ്രിട്ടീഷ് വാര്‍ത്താ മാധ്യമങ്ങള്‍ പലപ്പോഴും പതിറ്റാണ്ടുകളായി ഈ മണ്ടന് പറ്റിയ അബദ്ധങ്ങളുടെ പട്ടിക സമാഹരിച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇയാളുടെ മകനാണ് പെണ്‍ വിഷയത്തില്‍ വിദഗ്ധനായ ചാള്‍സ് രാജകുമാരന്‍, ഡയാനയുടെ മുന്‍ ഭര്‍ത്താവ്. വിന്‍സര്‍ രാജകുടുംബം പണ്ടേ സ്ത്രീ വിഷയത്തില്‍ പേര് കേട്ടവരാണെന്ന് ചരിത്രം വായിച്ചാല്‍ അറിയാം. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളെ അന്ന് അപമാനിച്ച ഇവന്‍ മറ്റ് ഏതെങ്കിലും രാജ്യത്താണ് ഇത് ചെയ്തിരുന്നതെങ്കില്‍ പിന്നെ പുറംലോകം കാണില്ലായിരുന്നു. അന്ന് പഞ്ചാബ് ഭരിച്ച പ്രകാശ് സിങ് ബാദലും, ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഐ.കെ. ഗുജറാളും മന്ത്രിമാരും ഇങ്ങനൊരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല എന്നതാണ് ഏറ്റവും ഖേദകരം.

സൗത്താഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ നായക സ്ഥാനത്തേക്ക് വന്നതോടെ നിസ്സഹകരണ ബഹിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ സജീവമായി. നിയമലംഘനത്തിലേക്ക് ഊന്നുന്ന ഗാന്ധിയന്‍ പ്രവണത ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കും എന്ന അഭിപ്രായമായിരുന്നു ശങ്കരന്‍ നായര്‍ക്ക്. ഗാന്ധിയുടെ ആശയങ്ങളോട് വിയോജിച്ച് ‘ഗാന്ധിയും അരാജകത്വവും’ എന്ന പേരില്‍ ഒരു പുസ്തകം തന്നെ ശങ്കരന്‍ നായര്‍ എഴുതി. ഒരു തരത്തില്‍, അത് ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു. ശങ്കരന്‍ നായരുടെ വീക്ഷണത്തില്‍, ഗാന്ധി ഒരു ഭരണഘടനാവിരുദ്ധമായ രീതി പരീക്ഷിച്ചുകൊണ്ടിരുന്നു, അത് ഒരുനാള്‍ സമൂഹത്തില്‍ ക്രമക്കേടും അക്രമവും സൃഷ്ടിക്കും. നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. എറെ വിവാദമുണ്ടാക്കിയ ഈ വിമര്‍ശനങ്ങള്‍ ശരിയായി എന്ന് പിന്നീട് കണ്ടു.

പഞ്ചാബ് ഗവർണറായ മൈക്കൾ ഒ ഡയർ

”സ്വരാജ് കൈവരിക്കുന്ന കാര്യത്തില്‍ ഗാന്ധിയുടെ നേതൃത്വപാടവത്തെക്കുറിച്ചുള്ള ജനകീയ വിശ്വാസമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ നിസ്സഹകരണ പ്രചരണം ഏറ്റവും വലിയ മണ്ടത്തരമാണ്. വളരെയധികം പണം ഇതിലേക്കായ് ചിലവഴിച്ചു കഴിഞ്ഞു. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രഗല്‍ഭരായ രാഷ്ട്രതന്ത്രജ്ഞരുടെ ഒരു വലിയനിര ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നു മോചനം നേടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മളോടൊപ്പം അണിനിരന്നു. പക്ഷേ, ഗാന്ധി തന്റെ അനുയായികളെ വാഗ്ദത്ത ദേശത്തിന്റെ ദിശയിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പാണ്. അദ്ദേഹം വിപരീത ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കഠിനാദ്ധ്വാനത്തിലൂടേയും പോരാട്ടത്തിലൂടേയും നമ്മുടെ ഇഴകളെ ശക്തിപ്പെടുത്തുന്നതിന് പകരം നമ്മേ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യാനും, അദ്ദേഹത്തിനേയെന്ന പോലെ നമ്മളേയും കാത്തിരിക്കുന്ന ആ മഹത്തായ വിധിക്ക് അയോഗ്യരാക്കാനും ശ്രമിക്കുന്നു” ഗാന്ധിയും അരാജകവാദവും എന്ന ചെറിയ പുസ്തകത്തില്‍ അദ്ദേഹം എഴുതി. ഖിലാഫത്ത്, നിസ്സഹകരണപ്രമേയം, പഞ്ചാബ് പ്രശ്‌നം, സ്വരാജ് അഥവാ ഹോം റൂള്‍ എന്നിവയുടെ ഗാന്ധിയന്‍ ചിന്തകളിലെ അപകടം തെളിവു സഹിതം ഇതിലെഴുതിയതോടെ ഉന്നത ദേശീയ വാദികളുടെ നല്ല പുസ്തകത്തില്‍ നിന്ന് സര്‍.സി. ശങ്കരന്‍ നായര്‍ അപ്രത്യക്ഷനായി.

ഇന്ത്യക്ക് ആദ്യം വേണ്ടത് ഡൊമനീയന്‍ പദവിയും, പിന്നീട് സമ്പൂര്‍ണ്ണ സ്വാതന്ത്യം എന്ന് വിശ്വസിച്ച മിതവാദിയായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. പൊതു ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തില്‍ കഴിയവേ മരുമകനായ, ശ്രീലങ്കയിലെ കെ.പി.എസ്. മേനോന്‍ ഒരിക്കല്‍ ശങ്കരന്‍ നായരോട് ചോദിച്ചു.

‘താങ്കളുടെ ജീവിതത്തിലെ ഏറ്റവും സഫലമായ കാലഘട്ടം ഏതാണ് ? വൈസ്രോയിയുടെ കൗണ്‍സിലില്‍ അംഗമായിരുന്ന കാലമായിരുന്നോ?’
‘സഫലമോ?’ ശങ്കരന്‍ നായര്‍ ചോദിച്ചു.
‘നരക സദൃശ്യമായിരുന്നു അക്കാലം. ഡല്‍ഹിയില്‍ ഇതാണ് അനുഭവം എന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ മദ്രാസ് വിടുമായിരുന്നില്ല. എങ്കിലും ഒരര്‍ത്ഥത്തില്‍ അത് ഫലപ്രദം തന്നെയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യത്തിന് വേണ്ടിയും ഭാരതീയരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയും കുറെയൊക്കെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇന്ത്യയുടെ ഏകീകരണത്തിനും അഖണ്ഡതയ്ക്കും വേണ്ടി കൂടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് നിരാശയ്ക്ക് വകയുണ്ടാകില്ലായിരുന്നു.’

1926 മാര്‍ച്ചില്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സില്‍ ‘സ്വയം ഭരണാധികാരമുള്ള തമിഴ് സംസ്ഥാനം രൂപീകരിക്കണം’ എന്നൊരു പ്രമേയം അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ ആദ്യത്തെ വാദം ശങ്കരന്‍ നായര്‍ അവതരപ്പിച്ച ഈ പ്രേമമാണ് എന്ന് കണക്കാക്കുന്നു. ഇപ്പോള്‍ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനൊക്കെ ചിന്തിക്കുന്നതിന് നൂറു വര്‍ഷം മുന്‍പാണ് ശ്രങ്കരന്‍ നായര്‍ ഇത് അവതരിപ്പിച്ചത് എന്നോര്‍ക്കണം. സാമൂഹികാടിസ്ഥാനത്തിലുള്ള നിയോജക മണ്ഡലങ്ങള്‍ നിറുത്തലാക്കണമെന്ന ഒരു പ്രമേയവും അദ്ദേഹം ഇതേ സമയത്ത് അവതരിപ്പിച്ചു.

പൊതു ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തില്‍ ചില വ്യക്തിപരമായ ദുരന്തങ്ങള്‍ അദ്ദേഹത്തെ തേടി വന്നു. 1926 ല്‍ ഭാര്യാസമേതം തീര്‍ത്ഥാടനത്തിന് പോയ ശങ്കരന്‍ നായര്‍ക്ക് വൈസ്രോയിയുടെ മുന്‍ എക്‌സിക്യുട്ടീവ് അംഗം എന്ന നിലയില്‍ ബദരീനാഥിലെ ഡാക്ക് ബംഗ്ലാവില്‍ വിപുലമായ സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കടുവ, നരി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം ബംഗ്ലാവിലെ ജനലും മറ്റും ഭദ്രമായി അടച്ച് ബന്തോവസ്താക്കിയിരുന്നു. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചിരുന്നു. ബഹിര്‍ഗ്ഗമന മാര്‍ഗമില്ലാത്തതിനാല്‍ ആ കരി വായു ശ്വസിച്ച് ശങ്കരന്‍ നായരുടെ ഭാര്യ മരണമടഞ്ഞു. അവരുടെ സ്മരണക്കായി ഒറ്റപ്പാലത്ത് അദ്ദേഹം ആരംഭിച്ച ഹൈസ്‌ക്കൂള്‍ പിന്നീട് ഒരു കത്തോലിക്ക സ്ഥാപനത്തിന് കൈമാറി. ഇന്ന് അത് ലേഡി ശങ്കരന്‍ നായര്‍ കോണ്‍വെന്റ് എന്നറിയപ്പെടുന്നു.

ചലചിത്രത്തിന് അടിസ്ഥാനമായ പുസ്തകം

അതിന് ശേഷം ഒരു കാര്‍ അപകടത്തില്‍ പെട്ട് ശങ്കരന്‍ നായര്‍ക്ക് സംസാരശേഷി കുറച്ചു നാള്‍ നഷ്ടമായി. മദ്രാസില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അദ്ദേഹം 1934 ഏപ്രില്‍ 22 ന് അന്തരിക്കുന്നത്. ഭൗതിക ശരീരം മങ്കരയില്‍ ഭാരതപ്പുഴയുടെ വടക്കേ തീരത്ത് സംസ്‌കരിച്ചു. അവസാന നാളുകളില്‍ ആധ്യാത്മികതയിലേക്ക് പ്രവേശിച്ച അദ്ദേഹം എല്ലാ മതങ്ങളിലേയും അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ 300 തിരികളുള്ള 30 അടി വിളക്ക് (ഒരു ദീപസ്തംഭം) ഉണ്ട്. അത് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ക്ഷേത്തിന് സമര്‍പ്പിച്ചതാണ്.

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കലാപകാരിയായ ഒരു ഭരണഘടനാവാദിയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടിയ ഒരു പോരാളിയും , സാമ്രാജ്യത്തിന്റെ ക്രൂരത തുറന്നുകാട്ടിയ ഒരു വ്യക്തിയുമായിരുന്നു.
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സമത്വത്തിനു വേണ്ടി വാദിക്കുകയും, ജാതി വിവേചനത്തിനെതിരെ പോരാടുകയും, അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു. കേരളത്തിലെ താഴ്ന്ന ജാതിക്കാരായ ‘ചെറുമ’രും ‘തിയ്യരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംസ്‌കാര ചടങ്ങില്‍ കൂട്ടത്തോടെ എത്തി. അദ്ദേഹം മരിച്ചപ്പോള്‍, യോജിച്ചവരില്‍ നിന്നും വിയോജിച്ചവരില്‍ നിന്നും ആദരാഞ്ജലികള്‍ ഒഴുകിയെത്തി: മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മുഹമ്മദ് അലി ജിന്ന, ലോര്‍ഡ് വില്ലിംഗ്ടണ്‍, കുപ്രസിദ്ധമായ സൈമണ്‍ കമ്മീഷന്റെ സര്‍ ജോണ്‍ സൈമണ്‍. തുടങ്ങിയവരെല്ലാം ആ ധീഷണാശാലിയെ അനുസ്മരിച്ചു. ശങ്കരന്‍ നായരുടെ സംസ്‌കാര ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ശങ്കരന്‍ നായരുടെ കൊച്ചു മകനായ രഘു പാലാട്ടും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രം കേസരി 2 – ഇതിനകം കോടികള്‍ വാരുന്ന ഹിറ്റായിക്കഴിഞ്ഞു.

ചേറ്റൂർ ശങ്കരൻ നായരും ചലചിത്രത്തിലെ കഥാപാത്രമായി അഭിനയിച്ച അക്ഷയ് കുമാറും

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയത്തിന് മുന്നില്‍ എത്തിക്കാനും, സത്യം പുറത്തുകൊണ്ടുവരാന്‍ അഭിഭാഷകന്‍ സി. ശങ്കരന്‍ നായര്‍ കോടതിയില്‍ നടത്തിയ ശ്രമങ്ങളുടെ നാടകീയ ആവിഷ്‌കാരമാണ് ഈ ചലച്ചിത്രം. അക്ഷയ്കുമാര്‍ ശങ്കരന്‍ നായരായി വേഷമിടുന്ന ഈ സിനിമ വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. ഈ ചിത്രം നിര്‍മ്മിക്കാന്‍ ഒരു മലയാളിക്കോ, ശങ്കരന്‍ നായരായി അഭിനയിക്കാന്‍ ഒരു മലയാളി നടനോ സാധിച്ചില്ല എന്ന ഖേദകരമായ കാര്യം ഓര്‍ക്കേണ്ടതാണ്.

ഗാന്ധിജിയുടെ അഹിംസാ പ്രസ്ഥാനത്തേയും, സിവില്‍ നിയമ ലംഘനത്തേയും, നിശിതമായി വിമര്‍ശിച്ച, നിസ്സഹകരണ പ്രസ്ഥാനം വ്യാപകമായ ക്രമസമാധാന തകര്‍ച്ചക്കും അക്രമങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് ദീര്‍ഘവീക്ഷണത്തോടെ മുന്നറിയിപ്പ് നല്‍കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സ്വതന്ത്ര ഇന്ത്യയിലെ ചരിത്ര പുസ്തകങ്ങളില്‍ വെറും അടിക്കുറിപ്പായി മാറിയതില്‍ അത്ഭുതമില്ല. ബോധപൂര്‍വ്വമായ ചരിത്ര നിര്‍മ്മിതിയില്‍ അദ്ദേഹം വിസ്മൃതനായി. നെഹ്‌റു കുടുംബവാഴ്ചയെ അന്ധമായി ഇപ്പോഴും ആരാധിക്കുന്ന, വസ്തുതകള്‍ ഗ്രഹിക്കുന്നതില്‍ ഒരടി പോലും വളരാത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടിയും തങ്ങളുടെ ഏക മലയാളി പാര്‍ട്ടി പ്രസിഡന്റിനെ പിന്നാമ്പുറത്തേക്ക് നിക്ഷേപിച്ചു.

ബൗദ്ധിക വീര്യത്തിനും നേരായ സ്വഭാവത്തിനും പേരുകേട്ട, ചരിത്രം മറന്ന ശങ്കരന്‍ നായരെന്ന ഈ യുഗപുരുഷന്‍, ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ചരിത്രത്തിലേക്ക് കേറി വരികയാണ്. ഇന്ത്യക്കാരെ കാലം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു – സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നും ഓര്‍ക്കേണ്ട നവഭാരത ശില്‍പ്പി ! Chettur sankaran nair is the fearless patriot 

Content summary: Chettur sankaran nair is the fearless patriot

അമർനാഥ്‌:
Related Post
Leave a Comment