July 16, 2025 |

യുദ്ധഭൂമിയിലെ അനാഥക്കുഞ്ഞുങ്ങള്‍ക്ക് കാവലായൊരു മനുഷ്യന്‍

അനാഥരാക്കപ്പെടുന്ന, മരുന്നുകളില്ലാതെ മരണപ്പെടുന്ന ഗാസയിലെ കുഞ്ഞുങ്ങൾ

ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ ഗാസയിൽ നിന്ന് ഇപ്പോഴും അശരണരായ ആളുകളുടെ കരച്ചിൽ ഉയരുന്നുണ്ട്. ഓടിപ്പോകാൻ ഇടമില്ലാതെ ലക്ഷക്കണക്കിനാളുകളാണ് ജീവ ഭയത്തോടെ ഇവിടെ കുടുങ്ങി കിടക്കുന്നത്. എന്നാൽ ഹസീമിന്റെ കഥ മറ്റൊന്നാണ്, ഗാസ സിറ്റിയിലെ മുബാറത്ത് അൽ റഹ്മത്ത് അനാഥാലയത്തിലെ ഡയറക്ടറാണ് 39 കാരനായ ഹസീം റഹ്മ. സ്വന്തം ജീവനൊപ്പം ഇയാൾക്ക് കുറച്ചധികം ജീവനുകൾ കൂടി സംരക്ഷിക്കേണ്ടതുണ്ട്. വൈകല്യങ്ങളോടെ പിറന്ന പിഞ്ചു കുഞ്ഞുങ്ങളെ, യുദ്ധഭൂമി അവരെ അനാഥരാക്കി മാറ്റിയിരുന്നു.childrens in gaza

ഗാസയിലെ റിമലിൽ സ്വദേശിയാണ് ഹസീം റഹ്മ. 2010 മുതൽ അനാഥാലയം നടത്തിവരുകയാണ് ഹസീമും ഭാര്യയും, എന്നാൽ ഒക്ടോബർ 7 ഓടെ എല്ലാം മാറി മറഞ്ഞു. യുദ്ധത്തിന് മുമ്പ് അന്തേവാസികളായി 22 കുട്ടികളുണ്ടായിരുന്നു. ഇവരിൽ 12 പേരോളം വികലാംഗരാണ്. സാമ്പത്തികമുൾപ്പെടെയുളള വെല്ലുവിളികൾ മാതാപിതാക്കൾ മുഖേന ഇവരെ ആശുപത്രയിൽ നിന്ന് ഇങ്ങോട്ട് എത്തിക്കുകയായിരുന്നു. അഞ്ച് പേർ 18 വയസ്സിന് മുകളിലുള്ള പെൺകുട്ടികളാണ്. യുദ്ധം തുടങ്ങിയ ആദ്യ നാളുകളിൽ കുട്ടികളെ, ഹസീമും ഭാര്യയും തനിച്ചായിരുന്നു പരിപാലിച്ചിരുന്നത്. സോളാർ പാനലുകളും വെള്ളവും ഉണ്ടായിരുന്നതിനാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ ദിനം പ്രതി ബോംബാക്രമണങ്ങൾ വർധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഭക്ഷണം തീർന്നു, യുദ്ധത്തിന്റെ ശബ്ദങ്ങൾ കുട്ടികളിൽ അസ്വസ്ഥതയും ഭയവും ഏറ്റി.

”ഇസ്രയേലികൾ എല്ലാവരോടും ഗാസക്ക് പുറത്തേക്ക് പോകാൻ പറഞ്ഞു, പക്ഷേ കുട്ടികളെ സുരക്ഷിതമായി റഫയിലോ മറ്റെവിടെയെങ്കിലുമോ എത്തിക്കാൻ ഞങ്ങൾക്ക് ഒരു മാർഗവുമില്ല.” ഹസീം ഗാർഡിയനോട് പറയുന്നു. ” വളരെയധികം പരിചരണം ആവശ്യമുള്ള ഈ കുട്ടികളെ നോക്കാൻ യുഎൻ ഷെൽട്ടറുകളിൽ സ്ഥലമില്ലാതാകുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നു.” അയാൾ കൂട്ടിച്ചേർത്തു. എന്നാൽ അപ്രതീക്ഷിതമായി ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുള്ള പള്ളിയിൽ ബോംബാക്രമണമുണ്ടായി. ഇതിന്റെ ആഘാതം മൂലം ഹസീമിന്റെ വീടിനും കേടുപാടുകളുണ്ടായി. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഇങ്ങോട്ട് എത്തിപ്പെടാൻ കഴിഞ്ഞില്ല.

ഇതോടെ സമീപവാസികളുടെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കേടുപാടുകൾ സംഭവിക്കാതിരുന്ന മൂന്ന് മുറികളിലാണ് ഹസീമും കുട്ടികളും പിന്നീടുള്ള ദിവസം താമസിച്ചത്. ഡിസംബറോടെ ഹസീം, സുഹൃത്തിന്റെ അപ്പാർട്മെന്റിലേക്ക് മാറി താമസിച്ചു. അയൽക്കാരുടെ സഹായത്തോടെയാണ് കുട്ടികളെ ഇങ്ങോട്ട് മാറ്റിയത്. എന്നാൽ പീരങ്കികളുടെ സാന്നിധ്യം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തി കളഞ്ഞു. തെക്കോട്ടുള്ള ഭാഗത്തേക്ക് മാറി ഗാസ വിടാനുള്ള ശ്രമങ്ങൾ ഹസീം വീണ്ടും ആരംഭിച്ചു. എന്നാൽ കുട്ടികളുമായി പലായനം ചെയ്യുന്നതിന് ഇവർക്ക് സന്നദ്ധപ്രവർത്തകരുടെ സഹായത്തിനായി കാത്തിരിക്കേണ്ടി വന്നു. ഹസീമിനെ സംബന്ധിച്ച് പാലായനത്തിലെ വെല്ലുവിളികൾ കുറച്ചു കൂടി കഠിനമായിരുന്നു.

” കാഴ്ച- കേൾവി ശക്തികൾ ഇല്ലാതിരുന്ന സെറിബ്രൽ പാൾസി ബാധിച്ച അഞ്ചുവയസ്സുകാരൻ ഇയാസിനെ ഞാൻ ചുമന്നുകൊണ്ടുപോയി, ആറുവയസ്സുള്ള എൻ്റെ മകൻ എനിക്കൊപ്പം നടന്നു. എൻ്റെ ഭാര്യയും മറ്റ് മൂന്ന് കുട്ടികളും പിന്നാലെ എത്തുന്നുണ്ടായിരുന്നു. ഞങ്ങൾ നഗരം വിട്ടു, എന്നാൽ പിന്നാലെ എത്തിയ അവരെ ഇസ്രയേൽ സൈന്യം കടന്നുപോകാൻ അനുവദിച്ചില്ല. അന്നുമുതൽ അവർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. വൈദ്യുതിയോ ഫോൺ സിഗ്നലോ കിട്ടാത്തത് കൊണ്ട് തന്നെ എനിക്കവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഖാൻ യൂനിസിനിലെത്തിയ ഹസീം കുട്ടികൾക്കായി താൽക്കാലിക ടെൻ്റുകൾ നിർമ്മിച്ച് താമസമൊരുക്കി. എന്നാൽ അവിടെയും ഭാഗ്യം ഹസീമിനെ തുണച്ചില്ല. വീണ്ടും വ്യോമാക്രമണമുണ്ടായി. ഹസീം ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ബാക്കിയായി ഇയാസ് മരണപെട്ടു. പക്ഷെ അത് ബോംബാക്രമണം മൂലമായിരുന്നില്ല. അണുബാധ മൂലമായിരുന്നു.” അവന് അണുബാധയേറ്റു, ഞങ്ങളുടെ പക്കൽ മരുന്നുകളുണ്ടായിരുന്നില്ല, ഡോക്ടർമാരെ കണ്ടെത്താനും കഴിഞ്ഞില്ല, അവനെ മരണത്തിന് വിട്ടു കൊടുക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.” ഹസീം പറയുന്നു. ഖാൻ യൂനിസിലേക്കും ഇസ്രയേൽ സൈന്യം മുന്നേറി. ഇതോടെ ഹസീം അൽ-മവാസിയിലേക്ക് പലായനം ചെയ്തു.

ഇസ്രയേൽ സൈന്യം അൽ-മവാസി ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നിലധികം തവണ പ്രദേശം ആക്രമിക്കപ്പെട്ടു. ” കൂടാരത്തിന് പുറത്തേക്ക് പോലും ഇറങ്ങാൻ ഞങ്ങൾക്ക് പേടിയാണ്, എപ്പോൾ വേണമെങ്കിലും എന്തും സംഭവിച്ചേക്കാം. ഇയാസിന്റെ മരണമുണ്ടാക്കിയ ആഘാതത്തിലാണ് ഇവർ. ഒപ്പം അടുത്ത ദിവസത്തേക്കായി കുട്ടികൾക്ക് ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.

യുദ്ധത്തിൻ്റെ തുടക്കം മുതൽ, കുട്ടികളെ ഗാസയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരു കുട്ടിയെ രക്ഷപ്പെടുത്താൻ ഈജിപത് ആവശ്യപ്പെടുന്ന തുക 6,000 ഡോളർ ആണെന്ന് അദ്ദേഹം പറയുന്നു.” ലിബിയൻ സർക്കാർ കുട്ടികളെ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു, അത് ഞങ്ങൾ അനുഗ്രഹമായി കരുതി, എന്നാൽ ട്രിപ്പോളിയിലെ പലസ്തീൻ അംബാസഡർ ഇത് തടഞ്ഞു, ഇസ്രയേലികൾ പലസ്തീനികളെ സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമത്തിലാണെന്നും, ആരെയും കടത്തി വിടില്ലെന്നും അദ്ദേഹം നിലപാട് എടുത്തു. ഇതോടെ ഞങ്ങളുടെ കുട്ടികളെ ഇവിടെ നിന്ന് മാറ്റാൻ എനിക്ക് മറ്റു വഴികൾ ഇല്ലാതായി. ”

അതിലും അപ്രതീക്ഷിതമായി ഹസീമിനെ തേടിയെത്തുന്ന മറ്റൊരു വെല്ലുവിളി ഇവർക്കരുകിലെത്തുന്ന പുതിയ കുട്ടികളാണ്. ” ഞങ്ങൾക്ക് മൂന്ന് മാസം പ്രായമുള്ള ഒരു ആൺകുട്ടിയുണ്ട്, ഞങ്ങൾ അവനെ മാലെക്ക് എന്നാണ് വിളിക്കുന്നത്. രണ്ട് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞും (യാസൻ), ഡൗൺ സിൻഡ്രോം ബാധിച്ച അഞ്ച് ആഴ്ച പ്രായമുള്ള മറ്റൊരു പെൺ കുഞ്ഞും മാലെക്കിനൊപ്പമുണ്ട്. ഞങ്ങൾ അവൾക്ക് യാഫ എന്നാണ് പേരിട്ടിരിക്കുന്നത്. ” ഹസീം പറയുന്നു. ” ഈ കുഞ്ഞുങ്ങൾ എവിടെ നിന്നുള്ളവരാണെന്നോ അവരുടെ കുടുംബങ്ങൾ ആരാണെന്നോ ഞങ്ങൾക്ക് അറിയില്ല, ഇവരെ ആശുപത്രികളിൽ നിന്ന് ഞങ്ങൾക്ക് നൽകിയതാണ്. ഒരുപക്ഷെ ഈ കുരുന്നുകളുടെ കുടുംബങ്ങൾ കൊല്ലപ്പെട്ടിരിക്കണം. അതുമല്ലെങ്കിൽ യുദ്ധത്തിനുശേഷം, ഞങ്ങൾ അവരെ കണ്ടെത്താൻ ശ്രമിക്കും, അവർക്ക് നഷ്ടപ്പെട്ടത് തിരികെ നൽകാൻ ഞങ്ങൾ ശ്രമിക്കും. കരുണയില്ലെങ്കിൽ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത്.” അയാൾ പറഞ്ഞവസാനിപ്പിച്ചു.

Content summary; Bombing forced Hazem Rahma an Gaza orphanage director to flee Gaza City with the children childrens in gaza 

Leave a Reply

Your email address will not be published. Required fields are marked *

×