ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുണാചൽപ്രദേശ് സ്വദേശിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവച്ചു. അവരുടെ ഇന്ത്യൻ പാസ്പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു വിമാനത്താവളത്തിലെ ചൈനീസ് അധികൃതരുടെ നിലപാട്.
ഇവർക്ക് നേരെ ഉദ്യോഗസ്ഥരിൽ നിന്ന് പരിഹാസവും മോശം പെരുമാറ്റവും ഉണ്ടായതായും അവർ പറയുന്നു.ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെമ വാങ്ജോം തോങ്ഡോക് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് പോവുകയായിരുന്നു പെമ. ഇവർക്ക് ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, സുരക്ഷാ പരിശോധനയ്ക്കിടെ അധികൃതർ അവരെ തടഞ്ഞുവച്ചു. പിന്നീട് ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ സാധിച്ചത്.
എന്റെ പാസ്പോർട്ടിൽ അരുണാചൽ പ്രദേശ് ജന്മസ്ഥലമായി അടയാളപ്പെടുത്തിയതായി അവർ ചൂണ്ടിക്കാണിച്ചു. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ആയതിനാൽ എൻ്റെ പാസ്പോർട്ട് അസാധുവാണെന്ന് അവർ ചൂണ്ടിക്കാണിച്ചതായി പെമ പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ട് എന്തുക്കൊണ്ട് അസാധുവാക്കി കണക്കാക്കുന്നു എന്ന തന്റെ ചോദ്യത്തിന് അവർക്ക് രേഖാമൂലമുള്ള മറുപടി ഇല്ലായിരുന്നു. ഇതു സംബന്ധിച്ച നിയമങ്ങളോ രേഖകളോ ചോദിച്ചപ്പോൾ നീ ഒരു ചൈനീസ് പൗരയായത് കൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഉദ്യോഗസ്ഥർ തന്നെ പരിഹസിക്കുകയായിരുന്നെന്ന് പെമ പറഞ്ഞു. ലണ്ടനിൽ നിന്ന് 12 മണിക്കൂർ യാത്ര ചെയ്തെത്തിയ തന്നെ വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ചു. പാസ്പോർട്ട് അവർ കസ്റ്റഡിയിലെടുത്തു. യാത്ര ചെയ്യാൻ അനുവദിച്ചില്ല. ഭക്ഷണം ലഭിച്ചില്ല. ചൈനയിൽ ഗൂഗിൾ ലഭ്യമല്ലാത്തതിനാൽ വിവരങ്ങളൊന്നും അറിയാനും സാധിച്ചില്ലെന്ന് പെമ പറഞ്ഞു.
യുകെയിലേക്ക് തിരികെ പോകുകയോ ഇന്ത്യയിലേക്ക് പറക്കുകയോ വേണമെന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. ജപ്പാനിലേക്ക് പോകാൻ സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തുടരാൻ അനുവദിച്ചില്ല. ഒടുവിൽ തന്റെ യുകെയിലെ സുഹൃത്തുക്കളെ വിളിച്ച് ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സഹായം തേടി. കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ആറ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തനിക്ക് ഭക്ഷണം നൽകിയതായും പെമ പറഞ്ഞു.
കോൺസുലേറ്റ് ഉദ്യോഗസ്ഥർ ജപ്പാനിലേക്കുള്ള യാത്ര തുടരാൻ അനുമതി തേടിയെങ്കിലും അധികൃതർ അതിന് സമ്മതിച്ചില്ല. ഒടുവിൽ തായ്ലൻഡിൽ ഒരു ട്രാൻസിറ്റ് സ്റ്റോപ്പോടെ ഇന്ത്യയിലേക്ക് ഒരു വിമാനം ബുക്ക് ചെയ്യുകയാണുണ്ടായത്. പെമ ഇപ്പോൾ ഞാൻ തായ്ലൻഡിൽ താമസിക്കുകയും അവിടെ നിന്ന് റിമോട്ട് ആയി ജോലി ചെയ്യുകയുമാണ്.
ഇന്ത്യ ഈ വിഷയത്തിൽ ചൈനയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ പൗരന്മാർക്ക് ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനീസ് സർക്കാർ പാസ്പോർട്ട് അസാധുവാക്കിയ സംഭവത്തിൽ യുവതി ഇന്ത്യയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
content summary: Arunachal Pradesh native detained at Shanghai airport after being told, “You are Chinese; you cannot travel on an Indian passport.”