June 26, 2026 |
Share on

‘റീച്ചിനും വരുമാനത്തിനും വേണ്ടി നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല’

മാധ്യമധാർമികതയ്ക്ക് വെല്ലുവിളിയാവുന്ന യൂട്യൂബർമാർ

പ്രസ് മീറ്റിനിടെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെതിരെ പരസ്യമായി തന്നെ തുറന്നടിച്ചിരിക്കയാണ് നടി ഗൗരി കിഷൻ. നടിയുടെ ഭാരമെത്രയെന്ന് ചിത്രത്തിലെ നായകനോട് ചോദിച്ച യൂട്യൂബർക്ക് മറുപടി നൽകുകയായിരുന്നു നടി. പുതിയ സിനിമയായ അദേഴ്സിന്റെ പ്രസ് മീറ്റിനിടയിലായിരുന്നു നടിയ്ക്ക് ഇത്തരത്തിലൊരു അധിക്ഷേപം നേരിടേണ്ടി വന്നത്.

താന്‍ ചോദിച്ചത് ഇൻട്രസ്റ്റിങ്ങായ ചോദ്യമാണെന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ വാദം. നിങ്ങള്‍ ചെയ്യുന്നത് ജേർണലിസമല്ല എന്ന് ഗൗരി പറഞ്ഞപ്പോള്‍ പിന്നെ മോദിയെ പറ്റിയും ട്രംപിനെ പറ്റിയും ചോദിക്കണോ എന്നായിരുന്നു മറുചോദ്യം. മാപ്പ് പറയാനും മീഡിയക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ഗൗരിയുടെ നിലപാട്. പ്രസ് മീറ്റിന് വന്ന മീഡിയക്കാരെല്ലാം ഒന്നിച്ചാണ് ഗൗരിയെ ചോദ്യം ചെയ്​തത്.

​ഗൗരിയുടെ പ്രസ് മീറ്റും മറുപടിയും ചർച്ചയാവുമ്പോൾ ജേർണസലിസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചാണ് ഇതിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്ന് തോന്നുന്നു. സിനിമയുടെ കളക്ഷൻ തന്നെ പി ആറിനെ ആശ്രയിച്ചിരിക്കുന്ന കാലത്തേക്ക് സിനിമാ മേഖലയ്ക്ക് ഒരു കൂടുമാറ്റം സംഭവിച്ചുക്കഴിഞ്ഞു. ആളു കേറാനും തീയേറ്റർ നിറയാനും പിആർ ഏജൻസികൾ മത്സരിച്ച് പണിയെടുക്കുന്ന തലത്തിലേക്ക് ഇന്ന് ചലച്ചിത്രങ്ങളുടെ പ്രഖ്യാപനം മുതൽ റിലീസ് വരെയുള്ള പ്രമോഷൻ മാറിക്കഴിഞ്ഞു.

സിനിമയുടെ അർത്ഥ തലങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന അഭിമുഖങ്ങൾക്ക് പോലും ഇക്കാലത്ത് ക്ഷാമം നേരിടുന്നുണ്ട്. ​കിടപ്പറ രം​ഗങ്ങൾ മുതൽ വ്യക്തിജീവിതത്തിലെ മറ്റു സ്വകാര്യതകൾ വരെ ചികഞ്ഞ് പോകുന്ന അഭിമുഖങ്ങളാണ് ഇന്ന് ട്രെൻഡിങ്ങ്. തനിക്ക് നേരിട്ട അധിക്ഷേപത്തിനെതിരെ ​ഗൗരി പ്രതികരിച്ചത് ചർച്ചയാവുമ്പോഴും അവിടെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് പ്രമോഷന് വേണ്ടി ഇത്തരം യൂട്യൂബർമാരെ ആശ്രയിക്കുന്നു. അതിനുള്ള ഉത്തരം അവർക്ക് സൈബറിടങ്ങളിലുള്ള റീച്ച് തന്നെയാവും.

എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്‍റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിന് എന്‍റെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,’ ഗൗരി പറഞ്ഞു. എന്നാല്‍ ചോദ്യത്തെ ന്യായീകരിച്ച യൂട്യൂബർ ഗൗരിയോട് തട്ടിക്കയറുകയാണ് ചെയ്​തത്. ആ സമയത്തും താരത്തിന് കൂടെയുള്ള ആളുകൾ നിശബ്ദ പാലിക്കുന്നുണ്ട്.

മാധ്യമപ്രവർത്തനം ഇന്ന് വാർത്തയുടെ സത്യസന്ധതയെക്കാളും പ്രാധാന്യം നൽകുന്നത് ‘വ്യൂവർഷിപ്പ്’എന്ന ഘടകത്തിനാണ്. ഇന്ന് സിനിമാ പ്രവർത്തകർ അഭിമുഖങ്ങൾ നൽകാൻ മാധ്യമങ്ങളെ തിരഞ്ഞെടുക്കുന്നത് പോലും, ആ മാധ്യമത്തിന് എത്രത്തോളം ‘റീച്ച്’ ഉണ്ട്, എത്ര ‘വ്യൂസ്’ നേടാൻ സാധിക്കും എന്നതിനെ ആശ്രയിച്ചാണ്. നിലവാരം കുറഞ്ഞ, വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്ന മാധ്യമങ്ങൾക്ക് പോലും ഈ ‘വ്യൂവർഷിപ്പ്’ കാരണം മുൻഗണന ലഭിക്കുന്നു.

സിനിമാ നിർമ്മാണത്തിന്റെ സങ്കീർണ്ണത, കഥാപാത്രങ്ങളുടെ ആഴം, സിനിമയുടെ സാമൂഹിക പ്രസക്തി, സംവിധായകന്റെ കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള അർത്ഥപൂർണ്ണമായ ചർച്ചകൾക്ക് ഇത്തരം വേദികളിൽ ഇന്ന് ഇടമില്ലാതാകുന്നു. പകരം, താരങ്ങളുടെ വ്യക്തിജീവിതത്തിലെ ഊഹാപോഹങ്ങൾ, ഗോസിപ്പുകൾ, അപ്രസക്തമായ ചോദ്യങ്ങൾ എന്നിവ അഭിമുഖങ്ങളുടെ നിലവാരം തകർക്കുന്നു.

സിനിമ റിലീസിന് മുമ്പുള്ള ഇത്തരം പ്രമോഷനുകൾ പരിപാടികളിൽ വേദി കവിഞ്ഞ് യൂട്യൂബർമാർ ഇരിക്കുന്നത് കാണാം. അവർ ചോ​ദിക്കുന്ന ചോദ്യങ്ങളും കാമറയുടെ ആം​ഗിളും വരെ പലപ്പോഴും പ്രശ്നമുള്ളതാണ്. അതായത് റീച്ച് ല​ക്ഷ്യം വച്ചുള്ളത് മാത്രമാണ്. എന്നാൽ അതിനോട് പ്രതികരിക്കാൻ പലരും മടികാണിക്കുന്നത് എന്ത് കാണിച്ചും റീച്ചുണ്ടാക്കാമെന്നും അതിന് എന്ത് ചോദ്യം ചോദിക്കാമെന്നുമുള്ള ഇത്തരക്കാരുടെ ചിന്തകൾക്ക് ബലം നൽകുന്നുണ്ട്. താൻ ചെയ്യുന്നത് മാധ്യമപ്രവർത്തനമല്ല കേവലം പ്രമോഷൻ മാത്രമാണെന്ന് പ്രബുദ്ധ യൂട്യൂബ‍ർമാർക്ക് ധാരണയില്ല താനും.

തനിക്ക് നേരിട്ട ബോഡി ഷെയിമിങ്ങിനെ പരസ്യമായി ചെറുത്തതിലൂടെ ഗൗരി കിഷൻ ഒരുപാട് പേർക്ക് വേണ്ടി സംസാരിക്കുകയായിരുന്നു. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേരെ ഉണ്ടാകുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെ ഒരു തമാശയായി കാണാൻ കഴിയില്ലെന്ന് ഗൗരിയുടെ നിലപാട് വ്യക്തമാക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നുള്ളതാണ് മറ്റൊരു സം​ഗതി. ഉദ്ഘാടന വേദികളിൽ ഏതെങ്കിലും നടിമാരെത്തുന്നത് അറിഞ്ഞാൽ ക്യാമറയും തുടച്ചു മിനുക്കി ഇത്തരക്കാർ ആദ്യം സ്ഥാനം പിടിക്കും. ഇവരുടെ വരവിനെക്കുറിച്ച് യൂട്യൂബർമാർ അറിയുന്നത് എങ്ങനെയെന്ന് തിരക്കി പോയാൽ ക്ഷണം ലഭിച്ചിട്ട് തന്നെയാണെന്ന് മനസിലാവും. തങ്ങൾക്ക് ഈ ഡിജിറ്റൽ മേഖലയിൽ പിടിച്ച് നിൽക്കാനും അതിജീവിക്കാനും വിനോ​ദ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാനും യൂട്യൂബ് വ്യൂവർഷിപ്പിന്റെ പിന്തുണ വേണമെന്ന് കരുതുന്നുണ്ടാവാം.

നടിമാർ ഇവർക്ക് മുന്നിൽ വെറും മെറ്റീരിയൽ മാത്രമാണ്. സെലിബ്രിറ്റികളുടെ ശരീരം ലൈം​ഗികവത്കരിക്കുമ്പോൾ ഇത്തരം യൂട്യൂബർമാർക്ക് കാഴ്ചക്കാർ കൂടുന്നുണ്ടെങ്കിൽ അതിന് പിന്നിലെ മറ്റൊരു കാരണം ഇന്ത്യയിലെ ലൈം​ഗിക ദാരിദ്ര്യം തന്നെയാണ്. എത്രയൊക്കെ പുരോ​ഗമനമുണ്ടായെന്ന് പറഞ്ഞാലും മെലിഞ്ഞൊട്ടി ആകാര വടിവുള്ള നായിക സങ്കൽപ്പത്തിൽ നിന്ന് മാറി ചിന്തിക്കാൻ കഴിയാത്ത തരത്തിൽ പുരാതനമായി തന്നെ തുടരുകയാണ് ഇവിടുത്തെ ആൺസമൂഹത്തിന്റെ മനസ്. മലയാള നടി സനൂഷ, അപർണ ബാലമുരളി തുടങ്ങി ഹണി റോസും അന്ന രാജനും ഇപ്പോൾ ​ഗൗരി കിഷനുമെല്ലാം പലപ്പോഴായി അധിക്ഷേപങ്ങൾക്ക് ഇരകളായിട്ടുണ്ട്.

മുന്നിലിരിക്കുന്ന അതിഥിയ്ക്ക് അലോസരം തോന്നിയാലും ഇമേജ് നോക്കി മിണ്ടാതെയിരിക്കുന്ന കാലഘട്ടത്തിൽ നിന്ന് മുഖത്ത് നോക്കി മറുപടി പറയുന്ന രീതിയിലേക്കുള്ള ഈ മാറ്റം അനിവാര്യം തന്നെയാണ്.

content summary: The sexualization of actresses in the digital age and the questionable ethics of media coverage, A case of body shaming against actress Gowri Kishan

Leave a Reply

Your email address will not be published. Required fields are marked *

×