ജയില്‍ ഡിജിപി ആയിരിക്കെ കേരളത്തിലെ ജയിലുകളില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്. അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദസ്വാമിയെ പോലൊരു കൊടും കുറ്റവാളി ജയില്‍ ചാടിയതിലൂടെ അദ്ദേഹം പ്രാവര്‍ത്തികമാക്കിയ പദ്ധതികള്‍ പലതും കാര്യക്ഷമമല്ലാതായി എന്നതാണ് വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ വന്ന പാളിച്ചകളെ കുറിച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് അഴിമുഖത്തോട് സംസാരിക്കുന്നു.
ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനം
ഞാന്‍ ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് എല്ലാ ജയിലുകളിലും സിസിടിവികള്‍ സ്ഥാപിച്ചു. അതില്‍ 120 എണ്ണം ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. കെല്‍ട്രോണിനായിരുന്നു റിപ്പയറിംഗ് ചുമതല. അവര്‍ ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണ്. ഈ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചില്ല. അതോടെ ജയിലുകളിലെ സിസിടിവി കാമറകളുടെ പ്രവര്‍ത്തനവും നിലച്ചു.
കൂടാതെ ജയിലുകളുടെ മതിലുകള്‍ക്ക് മുകളില്‍ ഇരുമ്പ് കമ്പികൊണ്ട് വേലികെട്ടി കറണ്ട് സംവിധാനവും ഒരുക്കിയിരുന്നു. കിളിയും കാക്കയും ചത്തുപോകുമെന്ന് പറഞ്ഞ് ബഹളമായിരുന്നു. രാത്രിയില്‍ കിളിയും കാക്കയും ഇല്ല. എന്നിട്ടും എന്തിനാണ് രാത്രികാലങ്ങളിലും മതിലിന് മുകളിലെ ഫെന്‍സിങ് സംവിധാനം ഓഫ് ചെയ്തിടുന്നത്. അത് ഓഫ് ചെയ്തിരുന്നില്ലായിരുന്നെങ്കില്‍ ഗോവിന്ദസ്വാമിക്ക് ജയില്‍ ചാടാന്‍ കഴിയില്ലായിരുന്നു. താഴേക്ക് ഇറങ്ങാനായി തുണി കെട്ടിയിടുമ്പോള്‍ തന്നെ ഷോക്ക് ഏല്‍ക്കുമായിരുന്നു.
എന്റെ കാലത്ത് ജയിലുകളില്‍ ജാമറും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവയും പ്രവര്‍ത്തനരഹിതമായി. ജാമറില്ലാതായതോടെ പുറത്ത് ആളുകളെ നിര്‍ത്തി തടവുകാര്‍ക്ക് രക്ഷപ്പെടാം. ജാമറുണ്ടെങ്കില്‍ ഇത്തരത്തില്‍ ഫോണ്‍ വിളിക്കാനൊന്നും തടവുകാര്‍ക്ക് സാധിക്കില്ല.
ദീര്‍ഘവീക്ഷത്തോടെയായിരുന്നു ഞാന്‍ പലതും ജയിലുകളില്‍ നടപ്പിലാക്കിയത്. എന്നാല്‍ അവ വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തതാണ് നിലവിലെ പ്രധാന പ്രശ്‌നം.
ജയില്‍ ചാട്ടവും അധികൃതരുടെ വീഴ്ചയും
ജയില്‍ ചാടാന്‍ സാധ്യതയുള്ളവരെയും കൊലക്കേസ് പ്രതികളെയും താമസിപ്പിക്കുന്നതിനായി വിയ്യൂരില്‍ ഹൈ സെക്യൂരിറ്റി സംവിധാനമാണ് ഒരുക്കിയത്. കുറ്റവാളികള്‍ ഒരു കാരണവശാലും ജയില്‍ ചാടാതിരിക്കാനായി 20 കോടി രൂപ ചെലവഴിച്ചാണ് പ്രത്യേക സംവിധാനം ക്രമീകരിച്ചത്. അവിടെ 500 ലധികം പേരെ താമസിപ്പിക്കാനും കഴിയും. പക്ഷേ, നിലവില്‍ അവിടെ 150 പേരെയുള്ളൂ. ഗോവിന്ദസ്വാമിയെ അവിടേക്ക് മാറ്റാന്‍ ഞാന്‍ ആവശ്യപ്പെട്ടതായിരുന്നു. പിന്നെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇത്രയും വലിയ ക്രിമിനലിനെ പാര്‍പ്പിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണ്. കൊലക്കേസ് പ്രതിയായിട്ടും ഹൈ സെക്യൂരിറ്റി സംവിധാനമുള്ള ജയിലിലേക്ക് മാറ്റുകയായിരുന്നു വേണ്ടിയിരുന്നത്.
ഞാന്‍ ഡിജിപി ആയിരുന്ന കാലത്തായിരുന്നു ജയിലിലെ ആഹാരത്തിലും മാറ്റം വരുത്തിയത്. ഓരോ ദിവസവും ചിക്കനും മട്ടനും മീനുമൊക്കെ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന്, ജയിലിനെ സുഖവാസകേന്ദ്രമാക്കുന്നുവെന്ന ആരോപണം വരെ ഉയര്‍ന്നിരുന്നു. അക്കാലത്തായിരുന്നു ഗോവിന്ദ സ്വാമിയും ജയില്‍ വന്നത്. ഗോവിന്ദസ്വാമിക്ക് ഈ പരിഷ്‌കരിച്ച ആഹാരം കൊടുക്കരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ജയിലില്‍ വന്നാല്‍ എല്ലാവര്‍ക്കും ഒരേ ആഹാരം കൊടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചതോടെയായിരുന്നു ഗോവിന്ദസ്വാമിക്കും അതേ ആഹാരം കൊടുക്കാന്‍ തയ്യാറായത്.
എന്നാലിപ്പോഴിതാ, ആ ആഹാരം കഴിക്കാതെയാണ് അയാള്‍ വണ്ണം കുറച്ചത്. വണ്ണം കുറച്ചാല്‍ മാത്രമേ ജയിലിനിടയിലെ കമ്പിക്കിടയിലൂടെ പുറത്ത് വരാന്‍ കഴിയൂ. എന്തുകൊണ്ടാണ് ഗോവിന്ദസ്വാമി ഈ ആഹാരം കഴിക്കാത്തതെന്നും ഇയാള്‍ക്ക് വണ്ണം കുറയാന്‍ കാരണമെന്തെന്നും ജയില്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഗോവിന്ദസ്വാമിയെ പാര്‍പ്പിച്ച പത്താം നമ്പര്‍ സെല്ലിലെ ജീവനക്കാരുടെ ചുമതലയായിരുന്നു അത്.
ഉപ്പ് തടവുപുള്ളികളുടെ ജന്മാവകാശമാക്കിയ കോടതി
പണ്ട് ഒരു എംടെക് കാരന്‍ തടവുപുള്ളിയായി വന്നിരുന്നു. അയാള്‍ മൂന്ന് ഗ്രാം ഉപ്പ് എല്ലാവര്‍ക്കും വേണമെന്ന് പറഞ്ഞു. മറ്റ് തടവുകാര്‍ക്ക് കിട്ടുന്ന ഉപ്പും ഇയാള്‍ വാങ്ങിയെടുത്തു. രണ്ട് സഹതടവുകാരുടെ സഹായത്തോടെ ശേഖരിച്ച ഉപ്പ് മുഴുവന്‍, ജാമറിന്റെ മുകളില്‍ വച്ചു. ഉപ്പ് അലിഞ്ഞ് ജാമറിന് അകത്ത് കടന്നതോടെ 20 ലക്ഷം രൂപയുടെ ജാമര്‍ കേടായി. തുടര്‍ന്ന് കറിയില്‍ ഇട്ടല്ലാതെ നേരിട്ട് ഉപ്പ് കൊടുക്കണ്ടയെന്ന് നിര്‍ദേശം കൊടുത്തു. എന്നാല്‍ പിന്നീട് ആ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തി. കോടതി പറഞ്ഞു, ഉപ്പ് മനുഷ്യന്റെ ജന്മാവകാശമാണ് കൊടുത്തേ പറ്റൂവെന്ന് ഉത്തരവ് ഇറക്കി.
ഈ മാര്‍ഗം തന്നെയാണ് ഗോവിന്ദസ്വാമിയും പരീക്ഷിച്ചത്. ഉപ്പ് ശേഖരിച്ച് ജയിലഴികള്‍ക്ക് താഴെ ഇട്ടുകൊടുത്തു. രണ്ട് മാസം കൊണ്ട് ക്രമേണ കമ്പികള്‍ തുരുമ്പിച്ച് തനിയെ വിട്ടുപോന്നു. ഇതിന് ശബ്ദമൊന്നും ഉണ്ടാകുകയുമില്ലല്ലേ. ഉപ്പ് മനുഷ്യന്റെ ജന്മാവകാശമാണെന്ന് ഹൈക്കോടതി പറഞ്ഞാല്‍ പിന്നെ അതില്‍ എന്ത് ചെയ്യാനാണ്.
മഹാരാഷ്ട്രയിലെയും യുപിയിലെയും സന്യാസിമാര്‍ പല കേസുകളിലായി ജയിലില്‍ വന്ന കാലത്ത് ഇവരുടെ താടി ഷേവ് ചെയ്യാന്‍ ശ്രമിച്ചു. അതോടെ അവര്‍ സുപ്രീംകോടതിയില്‍ കേസുമായി പോയി. എന്നാല്‍, താടി വടിപ്പിക്കുന്നതല്ല ജയിലധികൃതരുടെ ജോലിയെന്നും സന്യാസിയായതിനാല്‍ താടി വളര്‍ത്തുന്നത് തടയാന്‍ പാടില്ലെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. അതോടെ ജയില്‍ പുള്ളികളുടെ താടി വടിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അധികാരമില്ലാതായി.
ഗോവിന്ദ സ്വാമി ജയില്‍ ചാടിയത് എങ്ങനെയാണെന്നുള്ള വിശദമായ ക്ലാസാണ് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ മറ്റ് തടവുകാര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇനി നടക്കുന്ന മുഴുവന്‍ ജയില്‍ ചാട്ടങ്ങളുടെയും കാരണക്കാര്‍ മാധ്യമങ്ങളാണ്.
ഏറ്റവുമധികം പേര്‍ ജയില്‍ ചാടിയത് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 100 ലധികം തടവുകാരാണ് കേരളത്തിലെ ജയിലുകളില്‍ നിന്നും ചാടിയത്. യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ കുറ്റവാളികള്‍ ഒരുപോലെ ചാടിയിട്ടുണ്ട്. ഇന്ത്യയില്‍ 2,800 പേര്‍ ജയിലുകളില്‍ നിന്ന് ചാടിയിട്ടുണ്ട്. ഏറ്റവും അധികം തടവുകാര്‍ ജയില്‍ ചാടിയത് ബിജെപി ഭരിക്കുന്ന യുപിയില്‍ നിന്നാണ്. രണ്ടാമതും ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുമാണ്. ഏറ്റവുമധികം ആളുകള്‍ ജയില്‍ ചാടിയത് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും തടവുകാര്‍ ജയില്‍ ചാടിയിട്ടുണ്ട്. ജയില്‍ ചാടുന്നവര്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയേയോ നോക്കിയിട്ടല്ല ചാടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജയിലാണ് പാപ്പിയോണ്‍. 200 ഗാര്‍ഡുകള്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നിട്ടും ഒരു തടവുകാരന്‍ രക്ഷപ്പെട്ടു. ഇതിനെ ആസ്പദമാക്കിയാണ് ഏഴ് ഒസ്‌കാറുകള്‍ നേടിയ പാപ്പിയോണ്‍ എന്ന സിനിമ പോലും പുറത്തിറങ്ങിയത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍, ആര്‍ക്കും പുറത്തുകടക്കാന്‍ പറ്റാത്ത ജയിലെന്ന ഖ്യാതിയിലായിരുന്നു നിര്‍മിച്ചത്. അതില്‍ നിന്ന് മൂന്ന് തടവുകാര്‍ ചാടി. ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റാത്ത ഒരു ജയിലും ലോകത്തിലില്ല.
ഷെറിന് വേണ്ടി വിളിക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയില്ല
ജയില്‍ ഡിജിപിയും ഐജിയും സൂപ്രണ്ടും ഉള്‍പ്പെടെ 32 പേര്‍ നോക്കിനില്‍ക്കെ ഒരു തടവുകാരന്‍ ജയില്‍ ചാടാനായി മന്ത്രിയുടെ കാറായിരുന്നു ഉപയോഗിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഭവമാണിത്. അന്നത് ആരും പരസ്യമാക്കിയില്ല. ഇന്നായിരുന്നെങ്കില്‍ അഞ്ച് മിനിറ്റിനകം മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുമായിരുന്നു.
ഞാന്‍ ഡിജിപി ആയിരുന്ന കാലത്താണ് ഷെറിന്‍ തടവുകാരിയായി വന്നത്. ഷെറിന് വേണ്ടി വിളിക്കാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. ആഭ്യന്തരമന്ത്രി ആര് വന്നാലും അവരുടെ പ്രൈവറ്റ് സെക്രട്ടറി ഷെറിന്റെ ആളായിരുന്നു. തടവുകാരന്റെ കഴിവാണ് വിഐപി പരിഗണനയൊക്കെ.
കേരളത്തില്‍ ആകെ 7,600 തടവുപുള്ളികളാണ് ഉള്ളത്. അതില്‍ 160 സ്ത്രീകളുമാണ്. ഞാന്‍ ഡിജിപി ആയിരുന്നപ്പോള്‍ 560 സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തയ്യല്‍, എംബ്രോഡറി ക്ലാസുകളൊക്കെ നല്‍കി. അതോടെ പല സ്ത്രീകളും ഇപ്പോള്‍ ആ മേഖലയിലൊക്കെയാണ് ജോലി ചെയ്യുന്നത്. Why wasn’t Govindaswamy transferred to Viyyur earlier? ex jail dgp alexander jacob ips interview
Content Summary: Why wasn’t Govindaswamy transferred to Viyyur earlier? ex jail dgp alexander jacob ips interview
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.