You may encounter many defeats, but you must not be defeated. In fact, it may be necessary to encounter the defeats, so you can know who you are, what you can rise from, how you can still come out of it-Maya Angelou
‘ മുത്തുമഴൈ ഇങ്ക് കൊട്ടി തീരാതോ/മുല്ലൈ ഇരവുകള്‍ പത്തി എരിയാതോ…’, ഏതാണ്ട് എട്ടു വര്‍ഷത്തിനടുത്തായി തമിഴ് സിനിമയില്‍ പാടുന്നതിന് വിലക്ക് നേരിടുന്നതുകൊണ്ടാണ്ട് ചിന്മയിക്ക് പകരം റഹ്‌മാന്‍ ഈ ഗാനത്തിന്റെ തമിഴ് വെര്‍ഷന്‍ ദീയെക്കൊണ്ടു പാടിക്കുന്നത്. ഹിന്ദിയിലും തെലുഗിലും ചിന്മയി തന്നെ പാടി. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ അസൗകര്യം മൂലം ദീ എത്താതിരുന്നതോടെ വേദിയില്‍. ചിന്മയി മുത്തുമഴൈ തമിഴില്‍ പാടി. ബാക്കി ചരിത്രമാണ്…
തമിഴില്‍ ചിന്മയിക്ക് വിലക്ക് ആണെന്ന് പലരും അറിയുന്നത് പോലും ഈ ഗാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൂടിയാണ്. ഇത്രയും മികച്ചൊരു ഗായികയെ എന്തിനാണ് വിലക്കിയത്?
ചിന്മയി ശ്രീപദ ഒരു വിഗ്രഹഭഞ്ജകയായിരുന്നു. An Iconoclast. തമിഴ് സിനിമ/ സംഗീത ലോകത്തെ വിഗ്രസമാനരായ പലരെയും അവര്‍ ചോദ്യം ചെയ്തു, എറിഞ്ഞുടച്ചു.
Be the change you wish to see in the world- മഹാത്മ ഗാന്ധി പറഞ്ഞതാണ്. ചിന്മയിയൂടെ കാര്യത്തില്‍ അതവര്‍ പ്രാവര്‍ത്തികമാക്കിയതാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളിലൂടെ കുറച്ചു കൂടി വ്യക്തമാക്കാം; ഒരു മനുഷ്യന്റെ ആത്യന്തികമായ അളവുകോല്‍ അയാള്‍ സുഖസൗകര്യങ്ങളുടെയും സൗകര്യങ്ങളുടെയും നിമിഷങ്ങളില്‍ എവിടെ നില്‍ക്കുന്നു എന്നതല്ല, മറിച്ച് വെല്ലുവിളികളുടെയും വിവാദങ്ങളുടെയും സമയങ്ങളില്‍ അയാള്‍ എവിടെ നില്‍ക്കുന്നു എന്നതാണ്.
അടുത്ത കാലത്ത് ടി എം കൃഷ്ണയെ ബഹിഷ്‌കരിക്കാനുള്ള ബ്രാഹ്‌മണവാദികളുടെ നീക്കത്തിനെതിരേ രംഗത്തുവന്നവരില്‍ പ്രധാനിയായിരുന്നു ചിന്മയി. കൃഷ്ണയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി നല്‍കിയ ചിന്മയി, കര്‍ണാട്ടിക് സംഗീത ലോകത്തെ പാരമ്പര്യവാദികളുടെ ഇരട്ടത്താപ്പുകള്‍ വിളിച്ചു പറഞ്ഞു. സംഗീത ലോകത്തെ ജാതി വിവേചനം മാത്രമല്ല, അവിടെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും തുറന്നടിച്ചു. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി ചിന്മയി നടത്തിയ വെളിപ്പെടുത്തലുകള്‍ അവര്‍ക്ക് ഉണ്ടാക്കിയ നഷ്ടം വലുതായിരുന്നു. തമിഴ് സിനിമ ലോകത്തെ അതിശക്തന്‍ വൈരമുത്തു നടത്തിവന്നിരുന്ന ചൂഷണങ്ങളായിരുന്നു ചിന്മയി വെളിപ്പെടുത്തിയത്. അന്ന് തന്റെ കൂടെ നില്‍ക്കാനോ, പിന്തുണ പ്രഖ്യാപിക്കാനോ രഞ്ജിനി-ഗായത്രിമാര്‍(അവരാണ് ടി എം കൃഷ്ണയെ ബഹിഷ്‌കരിച്ചുകൊണ്ട് പരസ്യപ്രഖ്യാപനം നടത്തിത്)അടക്കം ആരുമില്ലായിരുന്നുവെന്നു ചിന്മയി സധൈര്യം പറഞ്ഞു.
ചിന്മയിക്ക് എന്താണ് സംഭവിച്ചത്?
റൊമ്പദൂരം പോയിട്ടയാ റാം….’ ജാനുവിന്റെ ഹൃദയവേദനയോടെയുള്ള ഈ ചോദ്യം ആവര്‍ത്തിക്കാത്തവരായി നമ്മളിലെത്ര പേര്‍ കാണും! റാമിനോടുള്ള പ്രണയത്തിന്റെ, നഷ്ടവേദനയുടെ, അല്‍പ്പായുസെങ്കിലും അനുഭവിച്ച സന്തോഷത്തിന്റെ; വൈകാരികത കലര്‍ന്ന ജാനുവിന്റെ ഓരോ വാക്കുകളും മൂളലുകളും നമ്മളിലിപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അത് തൃഷയെന്ന അഭിനേത്രിയുടെ മിടുക്ക് മാത്രമല്ല, ചിന്മയി ശ്രീപാദ എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ മികവ് കൂടിയായിരുന്നു. തമിഴ് സിനിമയിലെ മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയായിരുന്നു ചിന്മയി. തൃഷ, നയന്‍താര, സമാന്ത, അനുഷ്‌ക ഷെട്ടി, പ്രിയങ്ക ചോപ്ര, അമല പോള്‍, തമന്ന, കാജള്‍ അഗര്‍വാള്‍, ആമി ജാക്‌സന്‍; തുടങ്ങിയ മുന്‍നിര നായികമാരെല്ലാം സിനിമകളില്‍ സംസാരിച്ചത് ചിന്മയിയുടെ ശബ്ദത്തിലായിരുന്നു. എന്നാല്‍ 96 ലെ ജാനുവിന് ശേഷം ചിന്മയിയെ ചിലര്‍ നിശബ്ദയാക്കാന്‍ കരുക്കുകള്‍ പാകി.
എന്തിനാണ് പുറത്താക്കിയത്?
സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നും പുറത്താക്കിയായിരുന്നു എതിരാളികള്‍ ചിന്മയിയെ തോല്‍പ്പിക്കാന്‍ നോക്കിയത്. യൂണിയനില്‍ അംഗമല്ലാത്തൊരാള്‍ക്ക് തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ചിന്മയിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമകള്‍ കിട്ടാതെ വന്നു.
രണ്ടു വര്‍ഷത്തെ അംഗത്വ കുടിശ്ശിക കാരണമായി പറഞ്ഞായിരുന്നു ഡബ്ബിംഗ് യൂണിയന്റെ വിലക്ക്. കുടിശ്ശിക വിവരം പറഞ്ഞ് ഇക്കാലത്തിനിടയില്‍ ഒരു നോട്ടീസ് പോലും തനിക്ക് അയച്ചില്ലെന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിവരം നല്‍കുകയോ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തരികയോ ചെയ്യാതെയായിരുന്നു പുറത്താക്കല്‍ എന്നാണ് ചിന്മയി അതെക്കുറിച്ച് പറഞ്ഞത്. കൃതമായൊരു പകവീട്ടല്‍.
‘സുചി ലീക്’
ആ കാലത്ത് തമിഴ് സിനിമാലോകത്ത് ചിന്മയിയുടെ പേരും വലിയൊരു വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതിന്റെ തുടക്കം സുചി ലീക്‌സ് എന്ന പേരില്‍ ചര്‍ച്ചയായ ഗായിക സുചിത്രയുടെ ട്വീറ്റുകളോടെയായിരുന്നു. സുചിത്രയയുടെ പേരില്‍ പുറത്തു വന്ന ട്വീറ്റുകള്‍ തമിഴ് സിനിമയില്‍ നടക്കുന്ന ലൈംഗിക അരാജകത്വങ്ങള്‍ വെളിപ്പെടുത്തുന്നവയായിരുന്നു. തമിഴ് സിനിമയിലെ മുന്‍നിര നായിക/നായകന്മാര്‍, ഗായകര്‍, സംഗീത സംവിധായകര്‍, ചാനല്‍ അവതാരകര്‍ എന്നിവരെക്കുറിച്ചെല്ലാം വെളിപ്പെടുത്തലുകള്‍ വന്നു. പലരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നു. ധനുഷ്, അനിരുദ്ധ്, അമല പോള്‍, ആന്‍ഡ്രിയ ജെര്‍മിയ, തൃഷ, ദേവദര്‍ശനി, നിവേദിത പോതുരാജ് എന്നിവരുടെയെല്ലാം സ്വകാര്യ ചിത്രങ്ങളുടെ കൂട്ടത്തില്‍ ചിന്മയിയുടെ ചിത്രങ്ങളും സുചിത്രയുടെ ട്വിറ്ററില്‍ നിന്നും പുറത്തു വന്നിരുന്നു. ധനുഷും സംഘവും ചേര്‍ന്ന് തന്നെ പീഢിപ്പിച്ചെന്നും കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു സുചിത്രയുടെ ‘ വെളിപ്പെടുത്തലുകള്‍’. ഇത് വലിയ വിവാദത്തിനു വഴിവച്ചതോടെ സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്ത് വരികയും സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ട് ആരോ ഹാക്ക് ചെയ്താണെന്നും വിശദികരിച്ചു. സുചിത്ര മാനസികമായി ശരിയല്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തിക് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുകയും ഇരുവരും അമേരിക്കയിലേക്ക് പോവുകയും ചെയ്തു. സുചി ലീക്‌സ് വിവാദങ്ങള്‍ക്ക് ശമനം വന്നിട്ടും ചിന്മയിയുടെ പേര് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു. തനിക്കെതിരേയുള്ള വാര്‍ത്തകളില്‍ ഒട്ടും വാസ്തവമില്ലെന്ന് ചിന്മയി ആവര്‍ത്തിച്ചു പറഞ്ഞിട്ടുപോലും.
പോരാട്ടം
ചിന്മയി നിശബ്ദയായില്ല, ഭയപ്പെട്ടതുമില്ല. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയരുന്ന അപവാദങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സോഷ്യല്‍ മീഡിയ കാമ്പയിനിംഗ് ആരംഭിച്ച ചിന്മയിക്ക് വലിയ പിന്തുണയാണ് കിട്ടിയത്. സോഷ്യല്‍ മീഡിയയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന സംഘടിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്, തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ പരാതി ഫയല്‍ ചെയ്തു. ആ പരാതിയില്‍ ചിന്മയി പറഞ്ഞിരുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്ര ക്രൂരമായാണ് സ്ത്രീകളെ വെര്‍ബല്‍ പീഡനങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു(നിന്നെ ബലാത്സംഗം ചെയ്യും, മുഖത്ത് ആസിഡും ഒഴിക്കും; അതൊക്കെയായിരുന്നു ഭീഷണി) തനിക്ക് നേരേ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും അപമാനങ്ങള്‍ക്കും എതിരേ ശക്തമായി പ്രതികരിക്കാന്‍ ചിന്മയി മടി കാണിച്ചില്ല. തന്റെ കാര്യത്തില്‍ മാത്രമല്ല, സമാനമായ രീതിയില്‍ ഇരകളായവര്‍ക്ക് ഒപ്പം നില്‍ക്കാനും അവര്‍ക്കു വേണ്ടി സംസരിക്കാനും ചിന്മയി തയ്യാറായി. നിരവധി പേര്‍, സിനിമലോകത്ത് നിന്നുള്‍പ്പെടെ ഇതിന്റെ പേരില്‍ ശത്രുപക്ഷത്തായെങ്കിലും ചിന്മയി തന്റെ നിലപാടുകളുമായി തന്നെ മുന്നോട്ടു പോയി.
ചിന്മയി ഉടച്ച വൈരമുത്തു എന്ന വിഗ്രഹം
ഈ ധൈര്യം തന്നെയാണ് മീ ടു കാമ്പയിന്‍ കാലത്ത് ചിന്മയിയെ തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കിയൊരു വെളിപ്പെടുത്തലിന് തയ്യാറാക്കിയതും. എല്ലാവരും ആദരവോടെ മാത്രം കണ്ടിരുന്ന, കാലങ്ങളായി തമിഴ് സിനിമലോകത്ത് നിറഞ്ഞു നില്‍ക്കുന്ന, ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ ബഹുമാനം നേടിയെടുത്ത സാക്ഷാല്‍ കവിയരസന്‍ വൈരമുത്തുവിനെതിരേയായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. വൈരമുത്തുവിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പുറത്തു പറയാന്‍ പോവുകയാണെന്ന് തീരുമാനം എടുത്തപ്പോള്‍, തന്നെ പിന്തരിപ്പിക്കാനും നിശബ്ദയാക്കാനുമാണ് പലരും ശ്രമിച്ചതെന്നും അവരെ അവഗണിച്ച്, പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിട്ടു തന്നെയാണ് അദ്ദേഹത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പുറത്തറിയിച്ചതെന്നും ചിന്മയി പറയുന്നിടത്താണ് അവരുടെ ധൈര്യം പ്രശംസിക്കപ്പെടുന്നത്. സിനിമരംഗത്ത് തിരക്കുള്ള ഒരു ഗായികയായിരുന്നിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ ചിന്മയി നടത്തിയ ഈ തുറന്നു പറച്ചലില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന നടന്‍ സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു. വൈരുമുത്തുവിനെ പോലൊരാള്‍ക്കെതിരേ സംസാരിച്ച് തമിഴ് സിനിമയില്‍ പിടിച്ചു നില്‍ക്കുക അസാധ്യം തന്നെയാണെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞുവച്ചത്. സാമാനരീതിയില്‍ ഇരകളക്കപ്പെട്ടവര്‍ പോലും തങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുമെന്ന ഭയത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ മൂടിവയ്ക്കുന്നതിനിടയിലാണ് ചിന്മയി അവര്‍ക്കൊരു അപവാദമായത്. വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി വൈരുമുത്തുവിനെ അപമാനിക്കുകയായിരുന്നില്ല ചിന്മയി ചെയതെന്ന് ബോധ്യമാകാന്‍ അധികദിവസങ്ങള്‍ എടുത്തില്ല. ചിന്മയിക്കു പുറമെ വേറെയും സ്ത്രീകള്‍ വൈരമുത്തുവിനെതിരേ രംഗത്തു വന്നു. വൈരമുത്തുവില്‍ നിന്നും മോശം അനുഭവം ഏല്‍ക്കേണ്ടി വന്നുവെന്ന് നിരവധി പെണ്‍കുട്ടികള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് എ ആര്‍ റഹ്‌മാന്റെ സഹോദരി എ ആര്‍ റയ്ഹാനയും വ്യക്തമാക്കി. തന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ സൃഷ്ടിച്ച വൈരമുത്തിവിനെതിരേയുള്ള പരാതികള്‍ സത്യമെന്ന് റഹ്‌മാനുപോലും ബോധ്യമായി. വൈരമുത്തു എന്ന വിഗ്രഹം ചിന്മയി ഉടച്ചു. പക്ഷേ, ചിന്മയി സ്വയം ഒരു വിവാദകഥാപാത്രമായി തീരാനും ഈ സംഭവങ്ങള്‍ കാരണമായി.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ടതിനുള്ള കാരണവും ചിന്മയിയുടെ നിലപാടുകളും പ്രതികരണങ്ങളും തന്നെയാണ്. മീ ടു വെളിപ്പെടുത്തലിന് വിധേയനായ, വൈരമുത്തുവിനെപോലെ തമിഴ് സിനിമ ലോകത്തെ പ്രധാനിയായ രാധ രവിയായിരുന്നു ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ്. ചിന്മയിയുടെ പുറത്താക്കലിനു പിന്നിലെ യഥാര്‍ത്ഥ താത്പര്യം എന്താണന്നു വ്യക്തമാക്കുന്നതും രാധ രവി എന്ന പേരാണ്. രാധ രവിക്കെതിരേ ഉണ്ടായ ആരോപണങ്ങള്‍ മീ ടൂ കാമ്പയിന്റെ ശക്തയായ വക്താവ് എന്ന നിലയില്‍ ചിന്മയി പിന്തുണയ്ക്കുകയും ഇരയോടൊപ്പം നിന്ന് ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. തമിഴ് സിനിമയില്‍ കാര്യമായ സ്വാധീനമുള്ള രാധ രവി തന്നെയാണ് ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ് എന്നതു കൊണ്ട്, തന്റെ നിലപാടുകള്‍ തനിക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന് ചിന്മയി മുന്‍കൂട്ടി കണ്ടിരുന്നു. ഒരു ട്വീറ്റില്‍ ചിന്മയി അത് പറയുകയും ചെയ്തു; ഡബ്ബിംഗ് യൂണിയന്റെ തലപ്പത്ത് അദ്ദേഹമാണ്, എന്റെ ഡബ്ബിംഗ് കരിയറില്‍ പുക മൂടുന്നത് എനിക്ക് കാണാം’. ഈ മുന്‍ധാരണ ശരിയായി മാറുകയായിരുന്നു.
‘എല്ലാം നഷ്ടപ്പെട്ടതെനിക്ക്’
ദ വയറിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യങ്ങള്‍ ചിന്മയി പറയുന്നുണ്ട്. കൃഷ്ണയ്‌ക്കെതിരേ അക്ഷമരായി സോഷ്യല്‍ മീഡിയ പോസ്റ്റിട്ടവര്‍ 2018(മീ ടൂ വേളയില്‍) ല്‍ ഞാനുയര്‍ത്തിയ പരാതികളില്‍ എനിക്കു വേണ്ടി പ്രതികരിക്കാന്‍ തയ്യാറായില്ലായിരുന്നു. രാധ രവിയാണ് എന്നെ വിലക്കിയത്. അയാള്‍ ബിജെപിയിലാണ്. വൈരമുത്തുവാണ് എന്നെ അപമാനിച്ചത്, അയാള്‍ ഡിഎംകെ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കമല്‍ഹാസന്‍, മുഖ്യമന്ത്രി (സ്റ്റാലിന്‍)എന്നിവര്‍ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരാണ്. ഞാന്‍ ഉള്‍പ്പെടെ 18 സ്ത്രീകളാണ് വൈരമുത്തുവിനെതിരേ പരാതി പറഞ്ഞത്. വൈരമുത്തുവിന് ഒന്നും നഷ്ടമായില്ല. വില നല്‍കേണ്ടി വന്നത് ഞാനാണ്. എന്നെയവര്‍ വിലക്കി, ഞാനിപ്പോഴും നീതിക്കായി കോടതിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
സമാന്ത, പാര്‍വതി തുടങ്ങി ഏതാനും പേര്‍ മാത്രമാണ് എനിക്ക് പിന്തുണയുമായി വന്നത്. തമിഴ്, കന്നഡ, മലയാളം, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുള്ള, അഞ്ചു തവണ ഫിലിം ഫെയര്‍ അവാര്‍ഡും, അഞ്ചു തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുള്ള ഒരു ഗായികയാണ് ഞാന്‍. മീ ടൂ പരാതിക്ക് ശേഷം ഗോവിന്ദ് വസന്തയെ പോലുള്ള ചിലര്‍ മാത്രമാണ് എന്നെ പാടാന്‍ വിളിച്ചത്. അവരാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പടം ചെയ്യുന്നവരാണ്. പരാതി പറയുന്നതിന് മുമ്പ് ഞാന്‍ വളരെ തിരക്കേറിയ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു. എന്റെ കരിയര്‍ തകര്‍ന്നു, അവസരങ്ങള്‍ ഇല്ലാതായി, വരുമാനം മോശമായി. വളരെ വലിയ വിലയാണ് ഞാന്‍ കൊടുക്കേണ്ടി വന്നത്’-അഭിമുഖത്തില്‍ ചിന്മയി പറയുന്ന കാര്യങ്ങളാണ്.
സിനിമയിലെ തുറന്നു പറച്ചിലുകളും പ്രതിരോധങ്ങളും എങ്ങനെ സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴില്‍പരമായി ഇല്ലായ്മ ചെയ്യാനുള്ള കാരണമായി തീരുമെന്നത് മലയാളത്തിലും നാം കണ്ടതാണ്. എവിടെയും ഒരുപോലെയത് ആവര്‍ത്തിക്കുന്നു. തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ഇല്ലാതാക്കി കളയുന്ന ആണ്‍മേധാവിത്വത്തിന്റെ ഇരയാണ് ചിന്മയിയും. എന്നാല്‍, അവര്‍ തോറ്റുപിന്മാറാന്‍ തയ്യാറായില്ല. ഒരിക്കല്‍ വിവാദം പേടിച്ച് ഒഴിവാക്കിയവര്‍ പോലും ഇന്ന് ആ ഗായികയുടെ കഴിവിന് അംഗീകാരം കൊടുക്കുന്നുണ്ട്. താന്‍ നേരിടേണ്ടി വന്ന പ്രായസങ്ങള്‍ മനസിലുള്ളതുകൊണ്ടാണ് ഇന്നും ഏതൊരു അനീതിക്കെതിരേയും ചിന്മയി ശബ്ദിക്കുന്നത്. നീതിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ നഷ്ടങ്ങളെക്കുറിച്ച് അവര്‍ ആലോചിക്കുന്നില്ല.
ചിന്മയിയെ വിലക്കിയവരും വേട്ടയാടിയവരും, ഒരൊറ്റ പാട്ടു കൊണ്ട്, ഒരേയൊരു പാട്ടു കൊണ്ട് ചിന്മയി ഉണ്ടാക്കിയിരിക്കുന്ന തരംഗം കണ്ട് അത്ഭുതപ്പെടുന്നുണ്ടാകും, അല്ലെങ്കില്‍ ആസൂയപ്പെടുന്നുണ്ടാകും. പേരുകൊണ്ടല്ല ചിന്മയി വൈരമാകുന്നത്, കഴിവ് കൊണ്ടാണ്. ആ തിളക്കും ആര്‍ക്കും നഷ്ടപ്പെടുത്താന്‍ കഴിയില്ല. Chinmayi Sripada, The bans faced in the Tamil film world and her come back
Content Summary; Chinmayi Sripada, The bans faced in the Tamil film world and her come back
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.