June 13, 2026 |
Share on

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ ബോളിവുഡ് നായിക മുംബൈയില്‍ വീട് കിട്ടാതെ ബുദ്ധിമുട്ടുന്നു

മുംബൈയില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് ഇതെന്നും നടി പറഞ്ഞു.

മുന്ന മൈക്കിള്‍ എന്ന ചിത്രത്തില്‍ ജാക്കി ഷെറോഫിന്റെ മകന്‍ ടൈഗര്‍ ഷെറോഫിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്ന നടി നിധി അഗര്‍വാളിനെ മുംബൈയിലെ വാടക ഫ്‌ളാറ്റില്‍ നിന്നും കുടിയൊഴിപ്പിച്ചത് വിവാദമാകുന്നു. ബാന്ദ്രയിലുള്ള ഒരു കോളനിയിലെ ഫ്‌ളാറ്റില്‍ സുഹൃത്തിനോടൊപ്പം താമസിക്കുകയായിരുന്നു ബംഗളൂരു സ്വദേശിയായ നിധി. അവിവാഹിതയായ നടിയെന്ന നിലയിലാണ് തന്നോട് താമസം മാറാന്‍ റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടതെന്ന് നിധി മിഡ് ഡേയോട് പറഞ്ഞു.

താന്‍ ആറ് മാസമായി സുഹൃത്തിനോടൊപ്പം ഈ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. പുതിയ ഒരു താമസ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ പറഞ്ഞു. മുംബൈയില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് ഇതെന്നും നടി കൂട്ടിച്ചേര്‍ത്തു. വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും ഒടുവില്‍ താമസിച്ചിരുന്ന കോളനിയിലെ അംഗങ്ങള്‍ അവര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിരുന്നതായി നിധി വെളിപ്പെടുത്തി.

നേരത്തെ മുന്ന മൈക്കിള്‍ എന്ന ചിത്രത്തിന്റെ കരാറില്‍ നടി ഏര്‍പ്പെട്ടതും വിവാദമായിരുന്നു. ആരുമായും ഡേറ്റിംഗില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പായിരുന്നു കരാറില്‍ വേണ്ടിയിരുന്നത്. തനിക്ക് ആദ്യം വ്യവസ്ഥ മനസിലായില്ലെന്നും എന്നാല്‍ വെറും ആറ് മാസത്തെ കാലയളവായതിനാല്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സിനിമയില്‍ നൂറ് ശതമാനം ആത്മസമര്‍പ്പണമാണ് സിനിമ കമ്പനി ആഗ്രഹിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സഹനടന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് സിനിമയിലുള്ള ശ്രദ്ധ തെറ്റിക്കുമെന്നാണ് അവരുടെ അഭിപ്രായം.

മുന്ന മൈക്കിളില്‍ മൈക്കിള്‍ ജാക്‌സന്റെ ആരാധകനായ ഡാന്‍സറായാണ് ടൈഗര്‍ ഷെറോഫ് വേഷമിടുന്നത്. മുന്നയുടെ കാമുകിയായാണ് നിധി അഗര്‍വാള്‍ അഭിനയിക്കുന്നത്. മൂന്നയ്ക്ക് ജീവിതത്തില്‍ വഴിത്തിരിവാകുന്ന സഹായം ചെയ്യുന്ന കഥാപാത്രമായി നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഒടുവില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×