പരസ്യമോ വാർത്തയോ?, വൻതാരയ്ക്ക് മാധ്യമങ്ങളുടെയും ‘ക്ലീൻ ചിറ്റ്’

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവർത്തനത്തിനെതിരെ വിമർശനം

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കീഴിൽ ​ഗുജറാത്തിലെ ജാം​ന​ഗറിൽ സ്ഥിതി ചെയ്യുന്ന വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയത്. ഇന്നത്തെ മാതൃഭൂമി പത്രത്തിൻ്റെ ഒന്നാം പേജിൽ കൊച്ചി എഡീഷനിൽ വൻതാരയുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന തരത്തിൽ പരസ്യമാണോ വാർത്തയാണോയെന്ന് വ്യക്തമാക്കാതെ അരപേജോളം വൻതാരയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ മകനും വൻതാരയുടെ സ്ഥാപകനുമായ ആനന്ദ് അംബാനിയുടെ ചിത്രമടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാതൃഭൂമി ഇത് നൽകിയിരിക്കുന്നത്. ഒരു പത്രത്തിൻ്റെ അരപേജോളം ഉപയോ​ഗപ്പെടുത്തി വാർത്ത നൽകാൻ എന്ത് വാർത്താ പ്രാധാന്യമാണ് ഇതിനുള്ളതെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.

വൻതാരയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും കേസിൻ്റെ പശ്ചാത്തലത്തെക്കുറിച്ചും വ്യക്തമായ വിവരണം പോലും നൽകാതെയാണ് വാർത്ത നൽകിയിരിക്കുന്നത്. വാർത്തയാണോ പരസ്യമാണോയെന്ന് ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് നൽകിയിരിക്കുന്നതും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങളുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്.

സുപ്രധാന വിധി: വൻതാരയ്ക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകി, എന്നാണ് വാർത്തയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. മറ്റ് വാർത്തകളിൽ നിന്നും വ്യത്യസ്തമായി ഘടനയിലും ശൈലിയും ഫോണ്ടിലുമെല്ലാം വ്യത്യാസം വരുത്തിയാണ് വൻതാരയെക്കുറിച്ചുള്ള വിശദീകരണം നൽകിയിരിക്കുന്നത്. കോടതിയുടെ നിർദേശങ്ങളും വൻതാരയുടെ സദുദ്ദേശങ്ങളും എടുത്തറിയിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പത്രത്തിന്റെ ആദ്യ പേജിൽ നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

എന്താണ് വൻതാര?

2024 ഫെബ്രുവരി 26ന് റിലയൻസ് ഇൻഡസ്ട്രീസും (RIL) റിലയൻസ് ഫൗണ്ടേഷനും തങ്ങൾ പുതുതായി മൃഗസംരക്ഷണത്തിനായി ആരംഭിക്കുന്ന വൻതാരയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയിലേയും വിദേശത്തേയും പരിക്കേറ്റതും, ഉപദ്രവിക്കപ്പെട്ടതും, ഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയെല്ലാം ഏറ്റെടുക്കുന്ന സമഗ്രമായൊരു പദ്ധതിയായാണ് വൻതാര പ്രോജക്റ്റിനെ പ്രഖ്യാപിച്ചത്. ‘വന നക്ഷത്രം’ (Star of the Forest) എന്നാണ് പേരിൻ്റെ അർത്ഥം വരുന്നത്. ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിൽ വ്യാപിച്ച് കിടക്കുന്ന 3000 ഏക്കറാണ് പദ്ധതി പ്രദേശം. വനത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ പുനഃസൃഷ്ടിക്കുകയാണിവിടെ ചെയ്യുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.

വൻതാരയിൽ അനധികൃതമായി മൃഗങ്ങളെ വാങ്ങിയതായും വന്യജീവി സംരക്ഷണത്തിന്റെയും പുനരധിവാസത്തിന്റെയും പേരിൽ ആനകളെയും പക്ഷികളെയും മറ്റ് സംരക്ഷിത ജീവജാലങ്ങളെയും വൻതാരയിലേക്ക് കടത്തുന്നതായും ആരോപണം ഉയർന്നിരുന്നു. അഭിഭാഷകരായ സി. ആർ ജയ സുകിനും ദേവ് ശർമയുമാണ് വൻതാരക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഈ ഹരജികൾ കേൾക്കുന്നതിനിടയിലും വിവിധ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി ആഗസ്റ്റ് 25 ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ജസ്റ്റിസ് ജെ. ചെലമേശ്വറിനെ ഈ അന്വേഷണ സംഘത്തിന്റെ തലവനാക്കുകയും ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പൊലീസ് കമ്മീഷണർ ഹേമന്ദ് നഗ്രലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

പ്രത്യേക അന്വേഷണ സംഘം വൻതാരയുടെ പ്രവർത്തനം, മൃഗങ്ങളുടെ കൈമാറ്റം, സാമ്പത്തിക ഇടപാടുകൾ, നിയമപരമായ അനുമതികൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ചു. അടുത്തിടെ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, വൻതാരക്കെതിരെയുണ്ടായിരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് എസ്ഐടി കണ്ടെത്തി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് വൻതാരയുടെ പ്രവർത്തനമെന്നും മൃഗസംരക്ഷണം സംബന്ധിച്ച മാനദണ്ഡങ്ങൾ അവർ പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിക്കുകയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഈ വിഷയത്തിൽ ഇനി ഒരു പരാതിയോ തുടർനടപടികളോ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Content Summary: Clean chit for Vantara; media got slammed for ad-driven, misleading journalism

This post was last modified on September 16, 2025 3:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment