കത്തുന്ന കാടുകൾ. മുങ്ങുന്ന നഗരങ്ങൾ. വരൾച്ചയിൽ പൊട്ടിവരണ്ട കൃഷിയിടങ്ങൾ. സ്വന്തം വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യർ. യൂറോപ്പിലെ കാട്ടുതീ മുതൽ ഏഷ്യയിലെ മിന്നൽപ്രളയം വരെയും, ആഫ്രിക്കയിലെ വരൾച്ച മുതൽ പസഫിക് ദ്വീപുകളുടെ അസ്തിത്വ പ്രതിസന്ധി വരെയും ഒരേ പ്രതിസന്ധിയുടെ വ്യത്യസ്ത മുഖങ്ങളാണ്.
പരിസ്ഥിതി വാർത്തയായി മാത്രം കണ്ടിരുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ന് സമ്പദ് വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയും അന്താരാഷ്ട്ര രാഷ്ട്രീയത്തെയും ദേശീയ സുരക്ഷയെയും കുടിയേറ്റത്തെയും ഒരേസമയം സ്വാധീനിക്കുന്ന ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു.
മനുഷ്യൻ ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ മാറ്റി?
1760-കളിൽ ആരംഭിച്ച വ്യവസായ വിപ്ലവം മനുഷ്യരാശിക്ക് സമ്പത്തും സൗകര്യങ്ങളും നൽകി. എന്നാൽ അതിന് വില നൽകേണ്ടി വന്നത് പ്രകൃതിയാണ്. ഈ വികസനത്തിന്റെ അടിത്തറ ഫോസിൽ ഇന്ധനങ്ങളായിരുന്നു. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ വൻതോതിൽ കത്തിച്ചതോടെ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡും മീഥേനും നൈട്രസ് ഓക്‌സൈഡും പുറന്തള്ളപ്പെട്ടു.
ഇതോടൊപ്പം വനനശീകരണവും നഗരവത്കരണവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ലക്ഷക്കണക്കിന് ഹെക്ടർ വനങ്ങൾ കൃഷിക്കും നഗരങ്ങൾക്കും വ്യവസായങ്ങൾക്കും വേണ്ടി വെട്ടിമാറ്റപ്പെട്ടു. കാർഷിക മേഖലയിൽ രാസവളങ്ങളുടെ അമിത ഉപയോഗം, വൻതോതിലുള്ള കന്നുകാലി വളർത്തൽ, സിമന്റ്-സ്റ്റീൽ വ്യവസായങ്ങൾ, പ്ലാസ്റ്റിക് ഉത്പാദനം, അതിവേഗ ഉപഭോഗ സംസ്‌കാരം എന്നിവയും കാർബൺ പുറന്തള്ളൽ വർധിപ്പിച്ചു. ഇതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനില തുടർച്ചയായി ഉയർന്നു.
ശാസ്ത്രം എന്താണ് പറയുന്നത്?
കാലാവസ്ഥാ വ്യതിയാനം ഇനി ഒരു സിദ്ധാന്തമല്ല; അളക്കാൻ കഴിയുന്ന യാഥാർഥ്യമാണ്. സമീപ വർഷങ്ങളിൽ ലോകം തുടർച്ചയായി ഏറ്റവും ചൂടേറിയ വർഷങ്ങൾ രേഖപ്പെടുത്തി. ഭൂമിയുടെ ശരാശരി താപനില ഏകദേശം 1.3°C ഉയർന്നുവെന്നത് ഒരു ചെറിയ സംഖ്യയായി തോന്നാം. പക്ഷേ ആ ചെറിയ വർധനയാണ് ഇന്ന് യൂറോപ്പിലെ കാട്ടുതീക്കും, കേരളത്തിലെ മണ്ണിടിച്ചിലിനും, പാകിസ്ഥാനിലെ പ്രളയത്തിനും പിന്നിലെ വലിയ കാരണം.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എന്നിന്റെ അന്തർസർക്കാർ സമിതി (IPCC) മുന്നറിയിപ്പ് നൽകുന്നത്, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ കാലാവസ്ഥാ ദുരന്തങ്ങളുടെ തീവ്രതയും ആവൃത്തിയും ഇനിയും വർധിക്കുമെന്നാണ്.
ഒരു ദുരന്തം മറ്റൊന്നിനെ എങ്ങനെ സൃഷ്ടിക്കുന്നു?
കാലാവസ്ഥാ വ്യതിയാനത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെ ‘ഡൊമിനോ പ്രഭാവം’ (ഒരു സംഭവം മറ്റൊന്നിന് കാരണമാകുന്നു, അത് അടുത്ത മറ്റൊരു സംഭവത്തിന് കാരണമാകുന്നു… ഇങ്ങനെ ഒരു ശൃംഖലാപ്രവർത്തനം) ആയി കാണുന്നതാണ്. ഭൂമി ചൂടാകുന്നു. ചൂട് കൂടുമ്പോൾ കൂടുതൽ വെള്ളം ബാഷ്പീകരിക്കപ്പെടുന്നു. അന്തരീക്ഷം കൂടുതൽ ജലവാതകം സംഭരിക്കുന്നു. പിന്നീട് അത് വളരെ ശക്തമായ മഴയായി പെയ്യുന്നു. അതിശക്തമായ മഴ മിന്നൽപ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു.
അതേസമയം ഉയർന്ന ചൂട് വനങ്ങളെ ഉണക്കുന്നു. വരൾച്ചയുള്ള വനങ്ങൾ കാട്ടുതീയ്ക്ക് എളുപ്പത്തിൽ ഇരയാകുന്നു. കാട്ടുതീ വീണ്ടും വലിയ അളവിൽ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുന്നു. അതോടെ ഭൂമി വീണ്ടും കൂടുതൽ ചൂടാകുന്നു.
സമുദ്രങ്ങൾ ചൂടാകുമ്പോൾ ചുഴലിക്കാറ്റുകൾക്ക് കൂടുതൽ ഊർജം ലഭിക്കുന്നു. ഹിമാനികൾ ഉരുകുമ്പോൾ കടൽനിരപ്പ് ഉയരുന്നു. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉപ്പുവെള്ളം കയറുന്നതും വർധിക്കുന്നു. ഒരു പ്രതിസന്ധി മറ്റൊന്നിനെ സൃഷ്ടിക്കുന്ന ഈ ചക്രം ഇന്ന് ലോകമെമ്പാടും കാണാം.
ഒരു ഭൂമി; നിരവധി പ്രതിസന്ധികൾ
കാലാവസ്ഥാ പ്രതിസന്ധി എല്ലാ രാജ്യങ്ങളെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഓരോ ഭൂഖണ്ഡവും വ്യത്യസ്ത രീതിയിലാണ് അതിന്റെ ആഘാതം അനുഭവിക്കുന്നത്.
യൂറോപ്പ്: ഉഷ്ണതരംഗങ്ങളുടെ ഭൂഖണ്ഡം
ഒരുകാലത്ത് സുഖകരമായ വേനലിന് പേരുകേട്ട യൂറോപ്പ് ഇന്ന് ഓരോ വർഷവും താപനിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ വേനൽക്കാലം കാട്ടുതീയുമായി ബന്ധപ്പെട്ട വാർത്തകളില്ലാതെ കടന്നുപോകുന്നത് അപൂർവമായി മാറിയിരിക്കുന്നു.
ആൽപ്സ് പർവതനിരകളിലെ ഹിമാനികൾ വേഗത്തിൽ ഉരുകുകയാണ്. ഇത് കുടിവെള്ള വിതരണത്തെയും കാർഷിക മേഖലയെയും ബാധിക്കുന്നു. റൈൻ, ഡാന്യൂബ് തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നത് യൂറോപ്പിലെ ചരക്കുഗതാഗതത്തെയും വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
വടക്കേ അമേരിക്ക: ചൂടും തീയും ജലക്ഷാമവും
അമേരിക്കയും കാനഡയും സമീപകാലത്ത് ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉഷ്ണതരംഗങ്ങളും ‘ഹീറ്റ് ഡോം’ പ്രതിഭാസങ്ങളും അനുഭവിച്ചു. കാനഡയിലെ കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ വനാഗ്‌നികളിലൊന്നായി മാറി. പുക ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് അമേരിക്കൻ നഗരങ്ങളിലെ വായു മലിനമാക്കി. കൊളറാഡോ നദീതടത്തിലെ ജലക്ഷാമം ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള വിതരണത്തെയും കാർഷിക മേഖലയെയും ബാധിക്കുന്നു. അതേസമയം അറ്റ്‌ലാന്റിക് മേഖലയിലെ ശക്തമായ ചുഴലിക്കാറ്റുകൾ തീരദേശ നഗരങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
ലാറ്റിൻ അമേരിക്ക: ആമസോണിന്റെ മുന്നറിയിപ്പ്
‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെയും വനനശീകരണത്തിന്റെയും ഇരട്ട പ്രഹരം നേരിടുകയാണ്. മഴക്കാടുകളുടെ നാശം, കാർബൺ ആഗിരണം കുറയ്ക്കുന്നു. അതേസമയം വരൾച്ചയും കാട്ടുതീയും വർധിക്കുന്നു. ബ്രസീലിന്റെ ജലവൈദ്യുത ഉത്പാദനത്തെയും കാർഷിക മേഖലയെയും ഇത് ബാധിക്കുന്നു.
ആഫ്രിക്ക: കാലാവസ്ഥയും വിശപ്പും
മഴ വരാതായപ്പോൾ ആദ്യം കൃഷി നശിച്ചു. പിന്നീട് കന്നുകാലികൾ ചത്തൊടുങ്ങി. ഒടുവിൽ ഗ്രാമങ്ങൾ തന്നെ ഒഴിഞ്ഞുതുടങ്ങി. ആഫ്രിക്കയിലെ പല രാജ്യങ്ങളും വർഷങ്ങളായി നീളുന്ന വരൾച്ചയാണ് നേരിടുന്നത്. വെള്ളത്തിനും കൃഷിഭൂമിക്കും വേണ്ടിയുള്ള മത്സരം സാമൂഹിക സംഘർഷങ്ങൾക്കും കുടിയേറ്റത്തിനും കാരണമാകുന്നു.
ഏഷ്യ: ലോകത്തിലെ ഏറ്റവും വലിയ അപകടമേഖല
ലോകജനസംഖ്യയുടെ വലിയൊരു ഭാഗം താമസിക്കുന്ന ഏഷ്യ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്ന ഭൂഖണ്ഡമാണ്. ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ റെക്കോർഡ് ചൂട് പതിവാകുകയാണ്. ഹിമാലയൻ ഹിമാനികൾ വേഗത്തിൽ ഉരുകുന്നത് ഗംഗ, ബ്രഹ്‌മപുത്ര, സിന്ധു നദീതടങ്ങളുടെ ഭാവിയെ ബാധിക്കുന്നു.
ചൈനയിലും ദക്ഷിണേഷ്യയിലും അതിശക്തമായ മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുന്നു. തീരദേശ നഗരങ്ങൾ കടൽനിരപ്പ് ഉയരുന്നതിന്റെ ഭീഷണിയിലാണ്.
ഓസ്ട്രേലിയയും പസഫിക് ദ്വീപുകളും
ഓസ്ട്രേലിയയിൽ കാട്ടുതീ കൂടുതൽ വ്യാപകമാകുന്നു. ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകളുടെ നാശം സമുദ്രജീവജാലത്തിന് വലിയ ആഘാതമാണ്. അതേസമയം തുവാലു, കിരിബാത്തി പോലുള്ള ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ കടൽനിരപ്പ് ഉയരുന്നതിനാൽ ഭാവിയിൽ ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു?
കാലാവസ്ഥാ പ്രതിസന്ധി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു. ഉഷ്ണതരംഗങ്ങൾ ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകളാണ് അപഹരിക്കുന്നത്. വൃക്കരോഗം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുന്നതോടെ ഭക്ഷ്യവില ഉയരുന്നു. മത്സ്യസമ്പത്ത് കുറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളപ്പൊക്കവും കാട്ടുതീയും ചുഴലിക്കാറ്റുകളും നഗരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുന്നു. സാമ്പത്തിക നഷ്ടം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാ കുടിയേറ്റം (Climate-induced Displacement)
യുദ്ധങ്ങൾ മാത്രമല്ല, കാലാവസ്ഥയും ഇന്ന് മനുഷ്യരെ സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കുകയാണ്. കടൽനിരപ്പ് ഉയരുമ്പോൾ ഒരു ഗ്രാമം ഇല്ലാതാകുന്നു. വരൾച്ച വർഷങ്ങളോളം നീണ്ടുനിൽക്കുമ്പോൾ കർഷകർ നഗരങ്ങളിലേക്ക് കുടിയേറുന്നു. ഓരോ പ്രളയത്തിനുശേഷവും ചില കുടുംബങ്ങൾ പഴയ വീട്ടിലേക്ക് ഒരിക്കലും മടങ്ങിപ്പോകുന്നില്ല. ഇതാണ് ഇന്ന് ലോകം ‘Climate-induced displacement’ അഥവാ കാലാവസ്ഥാ കുടിയേറ്റം എന്ന് വിളിക്കുന്ന പ്രതിഭാസം.
കാലാവസ്ഥാ പ്രതിസന്ധി കാരണം മറ്റിടങ്ങളിലേക്ക് കുടിയേറുന്നവരെ ‘കാലാവസ്ഥാ അഭയാർഥികൾ’ എന്ന് മാധ്യമങ്ങളിലും ചർച്ചകളിലും വിശേഷിപ്പിക്കാറുണ്ടെങ്കിലും അന്താരാഷ്്ട്ര നിയമത്തിൽ ഈ പദത്തിന് വ്യക്തമായ അംഗീകാരമില്ല. ഇത് ഭാവിയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചേക്കാം.
ഇന്ത്യ: വികസനവും കാലാവസ്ഥയും തമ്മിലുള്ള സന്തുലനം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യയിൽ എല്ലാ മേഖലകളിലും ഒരേപോലെയല്ല. ഹിമാലയം മുതൽ തീരദേശ സംസ്ഥാനങ്ങൾ വരെ ഓരോ മേഖലയ്ക്കും വ്യത്യസ്ത വെല്ലുവിളികളാണ്. വടക്കേ ഇന്ത്യയിൽ ദീർഘവും ശക്തവുമായ ഉഷ്ണതരംഗങ്ങൾ പതിവാകുന്നു. മൺസൂൺ മഴയുടെ സ്വഭാവം കൂടുതൽ അനിശ്ചിതമാകുന്നു. ഹിമാലയൻ ഹിമാനികളുടെ പിൻവാങ്ങൽ ഭാവിയിലെ ജലസുരക്ഷയെ ബാധിക്കും. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പ്രളയം പതിവാകുന്നു. തീരദേശ മേഖലകൾ കടലാക്രമണം നേരിടുന്നു. കാർഷിക മേഖലയിലെ അനിശ്ചിതത്വം കർഷകരുടെ വരുമാനത്തെ ബാധിക്കുന്നു.
കേരളം: കാലാവസ്ഥാ മാറ്റത്തിന്റെ മുന്നണിയിൽ
കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽി അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. 2018-ലെ മഹാപ്രളയത്തിന് ശേഷം അതിശക്തമായ മഴയും മണ്ണിടിച്ചിലും ആവർത്തിക്കുന്നു. പശ്ചിമഘട്ടത്തിലെ അനിയന്ത്രിത വികസനവും പരിസ്ഥിതി ദുർബലതയും അപകടസാധ്യത വർധിപ്പിക്കുന്നു.
ആലപ്പുഴ, കൊല്ലം, കണ്ണൂർ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്നു. അറബിക്കടലിലെ സമുദ്രതാപനില ഉയരുന്നത് മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെയും സ്വഭാവം മാറ്റുന്നു.
റബർ, കാപ്പി, ഏലം, നെൽകൃഷി എന്നിവ മഴയുടെ രീതിമാറ്റവും ഉയരുന്ന താപനിലയും കാരണം വെല്ലുവിളി നേരിടുന്നു. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഴക്കാലത്ത് പ്രളയം ആവർത്തിക്കുന്നു.
കേരളത്തിന് ഇനി ദുരന്തനിവാരണം മാത്രം മതിയാകില്ല. ശാസ്ത്രീയ ഭൂവിനിയോഗം, പശ്ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
പരിഹാരം: സമയം ഇനിയും കൈവിട്ടിട്ടില്ല
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ രണ്ട് വഴികളിലാണ് ലോകം ഒരേസമയം മുന്നേറേണ്ടത്.
ഒന്നാമത്തേത് മിറ്റിഗേഷൻ: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സൗരോർജം, കാറ്റാടി, ജലവൈദ്യുതി തുടങ്ങിയ ശുദ്ധ ഊർജസ്രോതസ്സുകളിലേക്ക് മാറണം. വനസംരക്ഷണവും വനവൽക്കരണവും ശക്തിപ്പെടുത്തണം. വ്യവസായങ്ങളിലും ഗതാഗത മേഖലയിലും കാർബൺ പുറന്തള്ളൽ കുറയ്ക്കണം.
രണ്ടാമത്തേത് അഡാപ്‌റ്റേഷൻ: കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് സമൂഹങ്ങളെ സജ്ജമാക്കുക. ഹീറ്റ് ആക്ഷൻ പ്ലാനുകൾ, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ സൗഹൃദ കൃഷി, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള നഗരങ്ങൾ എന്നിവ വികസിപ്പിക്കണം.
കാലാവസ്ഥാ വ്യതിയാനം ഇനി വരാനിരിക്കുന്ന തലമുറയുടെ പ്രശ്‌നമല്ല. അത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളിയാണ്.
അടുത്ത പ്രളയം എവിടെയാകും? അടുത്ത ഉഷ്ണതരംഗം എത്ര ശക്തമായിരിക്കും? അടുത്തതായി സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവരുന്നത് ആരായിരിക്കും?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രകൃതിയുടെ കൈയിലല്ല. ഇന്ന് മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളിലാണ് അവ നിശ്ചയിക്കപ്പെടുന്നത്.
Content Summary: Climate change has evolved from an environmental concern into one of the defining global challenges of the 21st century. Rising temperatures, extreme heatwaves, floods, droughts, wildfires, melting glaciers and sea-level rise are disrupting economies, food security, public health and geopolitical stability across continents.
This post was last modified on July 27, 2026 2:24 pm
Leave a Comment