UPDATES

ശശി സെയ്ഫാണ്, ഡബിള്‍ സെയ്ഫ്

ഇനി അന്‍വറിന്റെ കാര്യം എന്താകുമെന്നാണ് അറിയേണ്ടത്

എ സജീവന്‍

എ സജീവന്‍

                       

‘പി. ശശിക്കെതിരേ പി.വി അന്‍വര്‍ ഇതുവരെ പരാതിയൊന്നും എഴുതി തന്നിട്ടില്ല. പരാതി കിട്ടിയാല്‍ തീര്‍ച്ചയായും അന്വേഷിക്കും.’- സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറച്ചുനാള്‍ മുമ്പ് പറഞ്ഞതാണിത്.

‘ശശിക്കെതിരേയുള്ള പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ നടപടിയെടുക്കുമോ?’- വേറൊരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ ഗോവിന്ദന്‍ മാഷോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചു.

‘പരാതി കേള്‍ക്കുന്ന മാത്രയില്‍ നടപടിയെടുക്കുന്ന രീതി കമ്യൂണിസ്റ്റ് രീതിയല്ല. സംഘടനാ സംവിധാനത്തില്‍ അന്വേഷണം നടത്തി തെറ്റുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമായിരിക്കും നടപടി. അതില്‍ വിട്ടുവീഴ്ചയുണ്ടാകാറില്ല.’

ഇപ്പോള്‍, പി.വി അന്‍വര്‍ പി. ശശിക്കെതിരേ പരാതി നല്‍കിക്കഴിഞ്ഞു. വാക്കാല്‍ പരാതിയല്ല. എഴുതിത്തന്നെ. അങ്ങനെയെങ്കില്‍ പാര്‍ട്ടി രീതിയനുസരിച്ചുള്ള അന്വേഷണം ഉടന്‍ ആരംഭിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശശി മുഖ്യമന്ത്രിയുടെ മുന്നിലെത്തേണ്ട പല ഫയലുകളും മുഖ്യമന്ത്രിയെ കാണിക്കാതെ പൂഴ്ത്തുകയാണെന്ന അതിഗുരുതരമായ ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയതെന്നതിനാല്‍ അതീവ ഗൗരവത്തോടെ തന്നെ അന്വേഷിക്കേണ്ടതുണ്ട്. തെറ്റുകാരനെന്നു കണ്ടാല്‍ ശശി ഇപ്പോഴത്തെ കസേരയില്‍ നിന്നു തെറിക്കും.

അതു സംഭവിക്കുമോ?

ഇല്ലേയില്ല.

എന്തുകൊണ്ട്?

പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് മുഖ്യമന്ത്രി സംശയലേശമില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു.

”പി. ശശി ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹത്തെ പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചത് അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ്. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ഒരു വീഴ്ചയും വരുത്തിയിട്ടില്ല.’- 2024 സെപ്തംബര്‍ 22 ന് മുഖ്യമന്ത്രി നടത്തിയ മാധ്യമസമ്മേളനത്തിലെ പരമപ്രധാനഭാഗം ഇതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ‘ശശിക്കെതിരേ ഒരു നടപടിയും ഉണ്ടാകാന്‍ പോകുന്നില്ല’ എന്നാണ് മുഖ്യമന്ത്രി സംശയലേശമെന്യേ പറഞ്ഞത്.

ആ വാക്കുകള്‍ കേള്‍ക്കേണ്ടവരൊക്കെ കേള്‍ക്കാന്‍ വേണ്ടിയാണ്. അത് അന്‍വര്‍ കേള്‍ക്കാനോ മാധ്യമപ്രവര്‍ത്തകര്‍ കേള്‍ക്കാനോ അവര്‍ വഴി പൊതുജനം കേള്‍ക്കാനോ അല്ല.

‘അന്‍വര്‍ പരാതി എഴുതിത്തന്നാല്‍ ഗൗരവത്തോടെ പാര്‍ട്ടി പരിശോധിക്കും’ എന്നു നേരത്തേ ഗോവിന്ദന്‍മാഷ് പറഞ്ഞതാണല്ലോ എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്/ കമ്മിറ്റി അംഗങ്ങളില്‍ ആര്‍ക്കെങ്കിലുമൊക്കെ തോന്നുകയോ അങ്ങനെ അവര്‍ വൈകാരികമായി പാര്‍ട്ടി ഫോറങ്ങളില്‍ പ്രതികരിക്കുകയോ ഒക്കെ ചെയ്യാമല്ലോ. അത്ര അത്യാവേശം കാട്ടേണ്ട എന്ന കൃത്യമായ സന്ദേശം മുഖ്യമന്ത്രിയുടെ വാക്കിലുണ്ട്.

എന്നാലും സംശയമുണ്ടാവാം.

മുഖ്യമന്ത്രി കാണേണ്ട ഫയലുകള്‍ മുഖ്യമന്ത്രിയെ കാണിക്കാതെ പൂഴ്ത്തുന്നത് മുഖ്യമന്ത്രിയെ ചതിക്കലല്ലേ?

മാധ്യമസമ്മേളനത്തില്‍ മുഖ്യമന്ത്രി അതിനും സംശയലേശമുണ്ടാകാത്തത്ര സുവ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.

അതിങ്ങനെയാണ്: ‘കിട്ടുന്ന പരിതികളെല്ലാം മുകളിലേയ്ക്കയയ്ക്കാനല്ല പാര്‍ട്ടി അയാളെ ആ കസേരയില്‍ ഇരുത്തിയിട്ടുള്ളത്. കഴമ്പുള്ള പരാതികള്‍ മാത്രം മുകളിലേയ്ക്ക് അയയ്ക്കാനാണ്. അങ്ങനെ സ്‌ക്രീനിങ് നടത്താനായില്ലെങ്കില്‍ ശശിയെന്നല്ല ആരും ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല.’

ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, ത്യാജഗ്രാഹ്യ വിവേചന ബുദ്ധിയോടെ പരാതികളും ഫയലുകളും കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി (മുഖ്യമന്ത്രിയല്ല) ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയോഗിച്ചിരിക്കുന്നത്.

രണ്ട്, പാര്‍ട്ടിയുടെ നിര്‍ദ്ദേശം കടുകിട തെറ്റാതെ പാലിക്കുക മാത്രമാണ് പി. ശശി ചെയ്തിട്ടുള്ളത്.

അതിനര്‍ത്ഥം?

ശശി സെയ്ഫാണ്. ഡബിള്‍ സെയ്ഫ്.

ഇനി അന്‍വറിന്റെ കാര്യമോ?

അന്‍വറിനോടുള്ള അങ്ങേയറ്റത്തെ നീരസം മുഖ്യമന്ത്രി മാധ്യമസമ്മേളനത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. താഴെ ഉദ്ധരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അന്‍വറിനോടുള്ള സകല വിദ്വേഷവും പ്രകടമാണ്:

”അയാള്‍ തന്നെ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചിട്ടും താന്‍ ഫോണെടുത്തില്ലെന്ന്. അയാള്‍ ആദ്യത്തെ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഞാന്‍ തന്നെയാണ് അയാളെ ബന്ധപ്പെട്ട് എന്നെ വന്നു കാണാന്‍ പറഞ്ഞത്. അതയാള്‍ കേട്ടില്ല. അടുത്ത ദിവസം വീണ്ടും പത്രസമ്മേളനം. അപ്പോഴും അയാളെ ബന്ധപ്പെട്ട് എന്നെ വന്നു കണ്ടു പരാതി അറിയിക്കാന്‍ മറ്റൊരാള്‍ വഴി ഞാന്‍ അറിയിച്ചു. അതും കേള്‍ക്കാതെ മൂന്നാം വട്ടം മാധ്യമപ്രവര്‍ത്തകരെ കാണുന്നു. അതിനു ശേഷമാണ് എന്നെ വന്നു കണ്ടത്. അയാള്‍ സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമല്ലേ. പാര്‍ട്ടിയിലല്ലേ അയാള്‍ ഇത്തരം പരാതി ആദ്യം ഉന്നയിക്കേണ്ടത്? ആരെങ്കിലും ചെയ്യുമോ ഇങ്ങനെയൊക്കെ?’

എന്നു വച്ചാല്‍ മുഖ്യമന്ത്രി മനസ്സില്‍ അന്‍വറിന്റെ ചീട്ടുകീറി.

പക്ഷേ, മറുപുറത്ത് അന്‍വറാണ്.

അതുകൊണ്ട് ഇനിയൊരു നേര്‍ക്കുനേര്‍ പോരാട്ടം തള്ളിക്കളയാനൊന്നുമാകില്ല. CM Pinarayi Vijayan has clearly expressed his support for political secretary P Sasi, rejecting PV Anvar MLA’s allegations

Content Summary; CM Pinarayi Vijayan has clearly expressed his support for political secretary P Sasi, rejecting PV Anvar MLA’s allegations

 

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍