June 06, 2026 |

കോ ബ്രാൻഡിങ്; നാമമാത്രമായ വിഹിതവും പേരെടുക്കാനുള്ള തന്ത്രവും

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിലുള്ള ബ്രാൻഡിങ് തർക്കങ്ങൾ മുറുകുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിലുള്ള ബ്രാൻഡിങ് തർക്കങ്ങൾ മുറുകുകയാണ്. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ  ആരോഗ്യ കേന്ദ്രങ്ങളുടെ ബ്രാൻഡിങ് നടത്തിയെന്നു കേരളം ഔദ്യോഗികമായി കത്തു നൽകിയിട്ടും ആശാവർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ദേശീയ ആരോഗ്യ മിഷനായി കേരളത്തിനു നൽകേണ്ട കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാത്തത് മൂലമാണ് തുക നൽകാത്തത് എന്നായിരുന്നു കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ പാർലമെന്റിൽ പറഞ്ഞത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിലും വാദിച്ചിരുന്നു. പിന്നാലെ സർക്കാർ യുസി പുറത്തുവിട്ടു. അപ്പോഴാണ് ബ്രാൻഡിങ് നടത്താത്തതാണു ഫണ്ട് തടയാൻ കാരണമായതെന്ന ആരോപണം ഉയർന്നത്. ആശാ വർക്കർമാരുടെ സമരം കേരളത്തിലുടനീളം ചർച്ചയാകുന്നതിനൊപ്പം തന്നെ ബ്രാൻഡിങ് എന്താണെന്ന സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്.

സംസ്ഥാന പദ്ധതികളിലെല്ലാം കേന്ദ്ര വിഹിതം നാമമാത്രമാണെങ്കിലും കേന്ദ്ര പദ്ധതികളെന്ന് ലേബൽ ചെയ്യാനുള്ള ശ്രമങ്ങളെയാണ് ബ്രാൻഡിങ് എന്ന് പറയുന്നത്. പദ്ധതികൾക്ക് തുക ലഭിക്കണമെങ്കിൽ പേരും ലോഗോയും നിർബന്ധമാണ്. ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിൽ കേന്ദ്രത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി പിഎംഎവൈ എന്ന ലേബൽ നൽകണമെന്ന ആവശ്യം മുമ്പ് കേന്ദ്രം ഉന്നയിച്ചിരുന്നു. ബിജെപിയുടെ ബ്രാൻഡിങ് തന്ത്രം മുളയിലേ നുള്ളിക്കളയാൻ അന്ന് കേരളത്തിന് സാധിച്ചിരുന്നു.

പിന്നീട് ആരോ​ഗ്യ മേഖലയിലേക്കുള്ള കടന്നുകയറ്റ ശ്രമങ്ങളുടെ ഭാ​ഗമായാണ് പ്രാദേശിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ പേരും നിറവും മാറ്റാനുള്ള നിർദ്ദേശം വരുന്നത്. ആരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ എന്ന് മാറ്റാനും കെട്ടിടങ്ങൾക്ക് മഞ്ഞ നിറവും നൽകാനായിരുന്നു നിർദ്ദേശം. ബ്രാൻഡിങിന്റെ ഭാ​ഗമായി പേര് മാറ്റാത്തതോടെ എൻഎച്ച്എമ്മിനുള്ള തുക തടഞ്ഞു വച്ചിരുന്നു. ഇത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്ര നിർബന്ധത്തിന് വഴങ്ങി പേരുമാറ്റാൻ സന്നദ്ധത സംസ്ഥാനം കാണിച്ചു. അതോടെ 2023ൽ 189.14 കോടി രൂപ മാത്രം കേന്ദ്രം അനുവദിക്കുകയും ബ്രാൻഡിങ് നടത്താതെ ബാക്കി പണം തരില്ലെന്ന് അതേവർഷം ജൂണിൽ നിലപാടെടുത്തു. തുടർന്നായിരുന്നു കേരളം വഴങ്ങിയത്.

കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെയെല്ലാം സമാന സ്വഭാവമായി ഇതിനെ വിലയിരുത്താം. എല്ലാ സംസ്ഥാനങ്ങളെയും ഒരേ രീതിയിൽ സ്റ്റാന്റർഡൈസ് ചെയ്യാനുള്ള കേന്ദ്ര ശ്രമവുമാണിത്. മുൻപ് വന്ന പല സർക്കാരുകളും ഈ ബ്രാൻഡിങിന്റെ ഭാ​ഗമാണെങ്കിലും, മോദി സർക്കാർ നൽകിയ സംഭാവനയാണ് പേര് മാറ്റൽ ആവശ്യമെന്ന സ്വതന്ത്ര ​ഗവേഷകനായ ​ഗോപകുമാർ മുകുന്ദൻ അഴിമുഖത്തോട് പറഞ്ഞു.

കേന്ദ്രത്തിലെ ആരോ​ഗ്യമേഖലയ്ക്കുള്ള വിഹിതം 13,000 കോടി രൂപയാണ്. ഇതിൽ 600 കോടി രൂപ മാത്രമാണ് കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് നൽകിയിട്ടുള്ളത്. ഈ വിഹിതത്തിന്റെ അടിസ്ഥാനത്തിലുള്ള ബ്രാൻഡിങ് ആവശ്യത്തിന് പ്രത്യയശാസ്ത്രപരമായ സ്വഭാവമാണുള്ളത്. ഈ നിലപാടിനെ ചോദ്യം ചെയ്തതിനുള്ള മറുപടിയായാണ് വിഹിതം തടഞ്ഞു വച്ചത്. ബ്രാൻഡിങ് സംബന്ധിച്ച ചർച്ചകളൊന്നും ഇവിടെ നടക്കുന്നില്ല. ബ്രാൻഡിങ് തർക്കം നിലനിന്ന ആ വർഷത്തെ പണം കാലഹരണപ്പെട്ടു പോയെന്നാണ് കേന്ദ്രത്തിന്റെ വാദം. ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള മറ്റു ​ഗ്രാന്റുകൾക്കും ഈ നിബന്ധനകൾ കേന്ദ്രം കൊണ്ടുവന്നിരുന്നുവെന്ന് ഗോപകുമാർ വ്യക്തമാക്കി.

ബ്രാൻഡിങ് നടത്തുന്നത് കൊണ്ട് പ്രത്യേകിച്ച് ​ഗുണങ്ങളൊന്നുമില്ലെങ്കിലും ബിജെപിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രചരിക്കാനുള്ള ഒരു തന്ത്രമാണ് ബ്രാൻ​ഡിങ്. പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളെ സാധാരണയായി സെന്റർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രാഥമികാരോ​ഗ്യം അല്ലെങ്കിൽ പിഎച്ച്സി എന്ന പേര് മാറ്റി ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ എന്ന് നൽകിയാൽ എന്ത് ​ഗുണം ഉണ്ടാവാനാണ്. ഒരു പ്രയോജനവുമില്ലാതെ പ്രത്യയശാസ്ത്രപരമായ ലേബൽ അടിച്ചേൽപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും ​ഗോപകുമാർ പറഞ്ഞു.

കുറച്ചു കാലങ്ങൾക്ക് ശേഷം ബിജെപി എന്ന് പേരെഴുതി വയ്ക്കണമെന്നും കാവിയടിക്കണമെന്നും നിർദ്ദേശിക്കാനും സാധ്യതയുണ്ട്. കേന്ദ്രത്തിന്റെ നിർബന്ധത്തിന് വഴങ്ങി കേരളം ബ്രാൻഡിങ് നടത്തിയിരുന്നു, എന്നാൽ, ഇപ്പോഴും ആരോപിക്കുന്നത് ബ്രാൻഡിങ് നടത്തിയിട്ടില്ലെന്നാണ്. കോ ബ്രാൻഡിങ് ബോർഡുകളും കേന്ദ്ര നിർദ്ദേശ പ്രകാരം സ്ഥാപിച്ചിരുന്നു. 2023-2024 കാലഘട്ടത്തിൽ ബ്രാൻഡിങ് നടത്തിയില്ലെന്ന ആരോപണത്തിലാണ് ഇപ്പോൾ പണം തടഞ്ഞു വച്ചിരിക്കുന്നത്. പബ്ലിക് ഫിനാൻഷ്യൽ പ്രശ്നങ്ങളാണ് ഇതിൽ പ്രധാന കാര്യം. ​ഗോപകുമാ‌ർ വ്യക്തമാക്കി

കേരളം ആരോ​ഗ്യം രം​ഗത്ത് മുടക്കുന്ന തുക 12,000 കോടി രൂപയാണ് എന്നാൽ ‌ കേന്ദ്രം നൽകുന്ന തുകകളെല്ലാം ആരുടെയോ ഔദാര്യമാണെന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. ഏതൊരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ നൽകുന്ന പണം അവരുടെ അവകാശമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സ്വഭാവത്തിന് അനുസരിച്ച് പദ്ധതികളിലും വ്യത്യാസമുണ്ട്. ആശ പദ്ധതി പോലും കേരളത്തിന് അനുയോജ്യമായ മാതൃകയല്ല. കേരളത്തിലെ ആരോ​ഗ്യ സംവിധാനത്തിന് സമാനന്തരമായി മറ്റൊരു നെറ്റ്വർക്ക് ഉണ്ടാക്കിയെടുക്കുക മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര സ്പോൺസേർഡ് സ്കീമുകളുടെ എണ്ണം കുറയ്ക്കുക അതിന്റെ പണം സംസ്ഥാനങ്ങൾക്ക് ​ഗ്രാന്റായി നൽകണം. സംസ്ഥാനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് താഴെത്തട്ടിലുള്ള സർക്കാരുകൾക്കാണ് മാത്രമാണ് അറിയുകയെന്ന് ​ഗോപകുമാർ കൂട്ടിച്ചേർത്തു.

content summary: co-branding and the measures taken by the central government to brand the central sponsored schemes in states

Leave a Reply

Your email address will not be published. Required fields are marked *

×