June 04, 2026 |

കടത്തില്‍ കൈ വിട്ടു കത്തില്‍ കൈയൊഴിഞ്ഞു

വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് ഉത്തരം പറയേണ്ടതുണ്ട്‌

അരനൂറ്റാണ്ട് കാലം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്‍. എന്നാല്‍ അദ്ദേഹത്തിന്റെയും മകന്റെയും ആത്മഹത്യയെ നിസാരമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാഹുല്‍ഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമാണ് മരിക്കുന്നതിന് മുമ്പ് എന്‍എം വിജയന്‍ കത്തെഴുതിയത്. എന്നാല്‍ കത്തില്‍ യാതൊരു നടപടിയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല മരണപ്പെട്ടയാളെ വീണ്ടും അപമാനിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

വിജയന്റെയും മകന്റെയും മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഉള്‍പ്പെടെയുള്ള നേതാക്കളില്‍ ആരും തന്നെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ആശ്ചര്യകരമാണ്. കത്ത് വായിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ മറുപടിയെങ്കില്‍ വിഡി സതീശനാകട്ടെ ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. ഡിസിസി ട്രഷററുടെ കത്ത് ആത്മഹത്യാ കുറിപ്പാണോ എന്ന് ആര്‍ക്കറിയാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

എന്നാല്‍ ബാങ്കിലെ നിയമനങ്ങള്‍ക്കായി ആരോടും പണം വാങ്ങിയിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ആരോപണവിധേയനായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ആവര്‍ത്തിക്കുന്നത്. തന്റെ പേര് വ്യാജമായി എഴുതി ചേര്‍ത്തതാണെന്നാണ് ബാലകൃഷ്ണന്റെ വിശദീകരണം.

ആത്മഹത്യാ കുറിപ്പ് തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും രംഗത്തുവന്നു. കുറിപ്പില്‍ പറയുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മരിക്കാന്‍ പോകുന്നയാള്‍ക്ക് ആരുടെ പേര് വേണമെങ്കിലും എഴുതിവയ്ക്കാലോ ഒരാള്‍ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനഃപൂര്‍വം എഴുതിവച്ചതാണെങ്കില്‍ എന്തുചെയ്യാന്‍ പറ്റും. വിജയന്‍ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ പേരില്‍ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേര്‍ക്ക് (വിജയന്) വലിയ കടങ്ങള്‍ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചില്‍ കൈവെച്ച് തന്നെ ഇത് പറയാന്‍ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാര്‍ട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചന്‍ പറഞ്ഞു.

അതേസമയം, വിജയന്റെ കടബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നാണ് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് സിദ്ദിഖിന്റെ നിലപാട്. എന്നാല്‍ എന്‍എം വിജയന്റെ പരാതിയില്‍ കോണ്‍ഗ്രസ് ഒരാള്‍ക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചതായാണ് പറയപ്പെടുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നടന്ന എംഎന്‍ വിജയന്റെയും മകന്റെയും ആത്മഹത്യയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വേറിട്ട പ്രതികരണങ്ങള്‍ക്കെതിരെ വിജയന്റെ കുടുംബവും രംഗത്തുവന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം നേരിട്ടാണ് കത്ത് നല്‍കിയതെന്ന് മരിച്ച എന്‍എം വിജയന്റെ മൂത്തമകന്‍ വിജേഷ് പറയുന്നു. കത്ത് നേതാക്കള്‍ക്ക് എത്തിച്ചശേഷം 10 ദിവസം കാത്തിരിക്കണമെന്നും പ്രതികരണം ഉണ്ടാകാത്ത പക്ഷം മാത്രം മാധ്യമങ്ങള്‍ക്ക് കത്ത് കൈമാറണമെന്നുമായിരുന്നു വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നതെന്നും കുടുംബം പറയുന്നു. കൂടാതെ കെ മുരളീധരന്‍ മാത്രമാണ് വിജയന്റെയും മകന്റെയും മരണത്തിന് ശേഷം വീട്ടില്‍ വന്നതെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളാരും ആ മര്യാദ കാണിച്ചില്ലെന്നും കുടുംബം വെളിപ്പെടുത്തുന്നു.

എംഎന്‍ വിജയന്റെയും മകന്റെയും ആത്മഹത്യാ കുറിപ്പ് വന്നതോടെ അതുവരെ കൈയ്യൊഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ വിജയന്റെ കുടുംബത്തെയും ആരോപണങ്ങളെയും തന്ത്രപൂര്‍വം നേരിടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുടുംബത്തെ അറിയിച്ചു. വിഷയത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും, പരാതികളുള്ളവര്‍ക്ക് അന്വേഷണ സമിതിയെ സമീപിക്കാമെന്നും എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.

അതേസമയം ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വം സമാധാനം പറയേണ്ടിവരും എന്ന് ഇപ്പോൾ മനസ്സിലാക്കാത്ത കോൺഗ്രസ് കണ്ടാൽ മനസ്സിലാക്കിയില്ല എങ്കിൽ കൊണ്ടാലെങ്കിലും മനസ്സിലാക്കേണ്ടിവരും.

content summary; Congress abandons NM Vijayan in death

Leave a Reply

Your email address will not be published. Required fields are marked *

×