കേരള രാഷ്ട്രീയത്തില്‍ അതിവേഗം ഉയര്‍ന്നുവന്ന യുവനേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. 2024 ഡിസംബര്‍ 4 ന് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഗ്ലാമര്‍ പരിവേഷത്തോടെയാണ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയിലെത്തിയത്. ഒരു വര്‍ഷം തികയുന്ന ദിവസം തന്നെ നാണംകെട്ട് പാര്‍ട്ടിയില്‍ നിന്നുപോലും പുറത്താക്കപ്പെട്ട അവസ്ഥയാണ് രാഹുലിന് നേരിടേണ്ടി വന്നിരിക്കുന്നത്. പരാതികളുടെ കൂമ്പാരം പേറി പുറത്ത് പോയ മറ്റൊരു എംഎല്‍എ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ സമീപകാലത്ത് വേറെ ഉണ്ടായിട്ടില്ല.
യുവനേതാവെന്ന നിലയില്‍ നേടിയ പെട്ടെന്നുള്ള വളര്‍ച്ചയും സ്വാധീനവും രാഹുല്‍ മാങ്കൂട്ടത്തിലിനെ അധികാരത്തിന്റെയും അഹങ്കാരത്തിന്റെ ഉന്മാദത്തിലേക്ക് എത്തിച്ചുവെന്നാണ് വിലയിരുത്തല്‍. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണമായിരുന്നു രാഹുലിനെതിരെ ആദ്യം ഉയര്‍ന്നത്. ഈ കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഈ വിവാദങ്ങളെക്കാള്‍ വലുതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത ആഘാതമേല്‍പ്പിച്ചതുമായ വിഷയങ്ങള്‍ ഉയര്‍ന്നുവന്നത് 2025 ആഗസ്റ്റിലാണ്.
2025 ആഗസ്റ്റ് 19 നാണ് ചലച്ചിത്ര താരവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് ഒരു അഭിമുഖത്തിനിടെ തന്നോട് മോശമായി പെരുമാറിയ ഒരു യുവനേതാവിനെ കുറിച്ച് വെളിപ്പെടുത്തിയത്. സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാമെന്ന് പറഞ്ഞ് നിരന്തരം മെസേജ് അയച്ച നേതാവ്, താന്‍ എതിര്‍ത്തപ്പോള്‍ ‘ഹു കെയേഴ്‌സ്’ എന്നാണ് പ്രതികരിച്ചതെന്നും റിനി വ്യക്തമാക്കി. ഇതോടെ ആ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്ന അഭ്യൂഹം സോഷ്യല്‍മീഡിയയില്‍ ശക്തമായി.
ഇതിന് പിന്നാലെ വെളിപ്പെടുത്തലുകളുടെ ഒരു പരമ്പര തന്നെയാണ് ഉണ്ടായത്. ആഗസ്റ്റ് 22 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി ഒരു ട്രാന്‍സ് വുമണ്‍ വെളിപ്പെടുത്തി. ആഗസ്റ്റ് 23 ന് മറ്റൊരു യുവതി രാഹുലുമായുള്ള ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവിട്ടു. ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കണമെന്നതടക്കമുള്ള ആ ചാറ്റുകളും സംഭാഷണങ്ങളുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവനേതാവിന് ഊരാക്കുടുക്ക് ആയത്.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധി സ്ത്രീകള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തലുകള്‍ ഉണ്ടായി. ആദ്യം രാഹുലിനെതിരെ പരാതി നല്‍കാന്‍ യുവതികളാരും തയ്യാറാകാതിരുന്നത് രാഹുലിന് താല്കാലിക ആശ്വാസമായി. ഇത് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് തന്നെ രാഹുലിനെ എത്തിച്ചു. അടൂരില്‍ നിന്നും വീണ്ടും പാലക്കാട് സജീവമാകുകയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു.
എന്നാല്‍ ഇരയാക്കപ്പെട്ട യുവതികളില്‍ ഒരാള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതോടെ, എംഎല്‍എ ഓഫീസും പൂട്ടി രാഹുല്‍ സംസ്ഥാനം വിടുകയായിരുന്നു. ദിവസം ഒമ്പത് ആയിട്ടും രാഹുലിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ കെപിസിസിക്കും, പ്രതിപക്ഷ നേതാവിനും, ഷാഫി പറമ്പിലിനുമൊക്കെ നേരത്തെ ലഭിച്ചിരുന്നെങ്കിലും ആരും അവയൊന്നും മുഖവിലയ്‌ക്കെടുത്തില്ല.
റിനി ആന്‍ ജോര്‍ജിന്റെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ആഗസ്റ്റ് 21 ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ പുറത്താക്കി. പിന്നീട് ആഗസ്റ്റ് 25 ന് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ നിലവില്‍ പാലക്കാട് എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് മാത്രം രാഹുലിന്റെ നിയമസഭാംഗത്വം റദ്ദാക്കപ്പെടില്ല. ഇനി രാഹുല്‍ രാജിവയ്ക്കുകയോ, നിയമസഭാ എത്തിക്‌സ് കമ്മിറ്റി പുറത്താക്കുകയോ വേണം.
content summary: Congress Shuts Doors on Rahul Mankuttathil After Sex Abuse Allegations, Chats, and Absconding
This post was last modified on December 6, 2025 6:06 am
Leave a Comment