തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിനാണ് കളമൊരുക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കാന്‍, മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥനെ മുന്‍നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് ഇതിനോടകം തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി കഴിഞ്ഞു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാക്കാലവും കെട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ മേല്‍ക്കോയ്മ. ജില്ലയില്‍ ആര് മുന്നേറ്റം നടത്തുന്നുവോ, അവര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ക്കിടയിലെ കാലങ്ങളായുള്ള വിശ്വാസം.
ഇതിനെ മറികടക്കാനാണ് പരിചയസമ്പന്നരെയും ചെറുപ്പക്കാരെയും ഒരുപോലെ പരിഗണിച്ച് പുത്തന്‍ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അരയും തലയും മുറുക്കി നഷ്ടമായ സ്വാധീനം എങ്ങനെയെങ്കിലും തിരികെ പിടിക്കണമെന്ന പോരാട്ടവീര്യത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും വോട്ടുപിടുത്തവും.
കഴിഞ്ഞ രണ്ട് തവണത്തെയും പോലെ തലസ്ഥാന നഗരത്തില്‍ ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്ന ശക്തമായ തിരിച്ചറിവാണ് കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങളില്‍ നിര്‍ണായകമായത്. ഈ ദൂരക്കാഴ്ചയുടെ ഫലമായാണ്, പതിവിന് വിപരീതമായി, ഇക്കുറി യാതൊരു തര്‍ക്കങ്ങളുമില്ലാതെ യു.ഡി.എഫ്. നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനുഭവജ്ഞാനത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി എന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. 30 വര്‍ഷത്തോളം കൗണ്‍സിലറായിരുന്ന ജോണ്‍സണ്‍ ജോസഫ്, ഡി.സി.സി. സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കിയ കോണ്‍ഗ്രസ്, നിയമവിദ്യാര്‍ത്ഥിനിയും 24 കാരിയുമായ വൈഷ്ണ സുരേഷിനെ രംഗത്തിറക്കി യുവജനങ്ങളുടെ വോട്ടും ലക്ഷ്യമിടുന്നു. കൂടാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന പട്ടികയില്‍ 27 വാര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയതിലൂടെ സ്ത്രീ പ്രാതിനിധ്യത്തിനും ഊന്നല്‍ നല്‍കുകയാണ്. ഈ സമ്മിശ്രമായ തന്ത്രത്തിലൂടെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനത്തിലധികം പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. ഇത് കോണ്‍ഗ്രസിന്റെ യുവജന കേന്ദ്രീകൃത തന്ത്രത്തിന് അടിവരയിടുന്നു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടക്കുന്നത്. ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വവും, കെ മുരളീധരന്റെ സംഘടനാ മുന്നേറ്റവും തലസ്ഥാനത്ത് പ്രധാന എതിരാളിയാകാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 10 സീറ്റുകളിലേക്കായിരുന്നു കോണ്‍ഗ്രസ് ഒതുങ്ങിപ്പോയത്. എല്‍.ഡി.എഫ് 51 സീറ്റുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍, ബിജെപിക്കാകട്ടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റുകളും ലഭിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി കുറഞ്ഞത് 51 സീറ്റുകളെങ്കിലും നേടി ഭരണം തിരിച്ച് പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
2016 ലും 2021 ലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന്റെ സ്ഥിതി വളരെ മോശമായിരുന്നു. 2016 ല്‍ രണ്ട് സീറ്റുണ്ടായിരുന്നത് 2021 ആയപ്പോള്‍ ഒന്നായി ചുരുങ്ങി. ഈ സ്വാധീനമില്ലായ്മ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിനെ കൂടുതല്‍ തളര്‍ത്തി.
തലസ്ഥാന നഗരത്തിന്റെ സാരഥിയാകുക എന്നത്, സെലിബ്രിറ്റി പദവിക്ക് പുറമെ, എം.എല്‍.എ. സ്ഥാനം പോലെ തന്നെ ശക്തമായ രാഷ്ട്രീയ അംഗീകാരം നല്‍കുന്നു. അതുകൊണ്ടുതന്നെ തിരുവനന്തപുരം മേയര്‍ പദവിക്കായി മൂന്ന് മുന്നണികളും തന്ത്രങ്ങള്‍ മെനയുകയാണ്. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം എസ്പി ദീപ അടക്കമുള്ള മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയാകട്ടെ വിവി രാജേഷ് അടക്കമുള്ളവരെ വീണ്ടും മത്സരരംഗത്തിറക്കാനാണ് സാധ്യത.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കോര്‍പ്പറേഷനിലെ 101 വാര്‍ഡുകളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്.
സാധാരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മറ്റ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ശേഷവും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി തമ്മിലടി നടക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതിനൊക്കെ വിപരീതമായി മുന്നണിയില്‍ യാതൊരു തര്‍ക്കമോ അസ്വാരസ്യമോ ഇല്ലെന്ന പ്രതീതി കൂടി സൃഷ്ടിക്കുക എന്ന ലക്ഷ്യവും, മുന്‍കൂട്ടിയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഈ ‘ഫസ്റ്റ് മൂവര്‍ അഡ്വാന്റേജ്’ തന്ത്രം നഗര വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Content Summary: Congress’s ‘first move’ to capture the Thiruvananthapuram corporation