July 13, 2025 |

കോണ്‍ഗ്രസിന്റെ സിപിഎമ്മിനെതിരായ ‘മലപ്പുറം വിരുദ്ധ’ ആരോപണം ഷൗക്കത്തിന് തിരിച്ചടിയാകുമോ?

മലപ്പുറം ജില്ല രൂപീകരണവും, ലീഗ്-കോണ്‍ഗ്രസ് പോരാട്ടവും വീണ്ടും ചര്‍ച്ചയാകുന്നു

നിലമ്പൂരിലെ യു.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ മുതല്‍ സ്വരാജിനെ വ്യക്തിപരമായി ആക്രമിച്ചും സിപിഎമ്മിന്റെ നേതൃത്വത്തിനെതിരായി മുസ്ലീം വിരുദ്ധത ആരോപിച്ചുമായിരിക്കും തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക എന്ന സൂചനകളുണ്ടായിരുന്നു. പിണറായി വിജയന്‍ മലപ്പുറത്തെ ആക്ഷേപിച്ചുവെന്ന് വൈകാരികമായി പ്രഖ്യാപിച്ച്, ഇടത് നേതാക്കള്‍ മുന്‍ കാലങ്ങളില്‍ നടത്തിയ പല പ്രഖ്യാപനങ്ങളും മലപ്പുറത്തിനും അതുവഴി മുസ്ലീം സമൂഹത്തിനും എതിരാണ് എന്ന് സ്ഥാപിക്കുകയാണ് കെ.സി വേണുഗോപാല്‍ മുതല്‍ വി.ഡി.സതീശന്‍ വരെയുള്ളവരുടെ തിരഞ്ഞെടുപ്പ് തന്ത്രമെന്നും വൈകാതെ വ്യക്തമായി. ബി.ജെ.പിയും സംഘപരിവാറും അവരുടെ സോഷ്യല്‍ മീഡിയ സംഘവും ദേശീയതലത്തില്‍ തന്നെ മലപ്പുറത്തെ ആക്രമിക്കുന്നതിനെതിരെ ഇടത്പക്ഷമടക്കമുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള വൈകാരികതയെ പിണറായി വിജയനെതിരെയും സി.പി.ഐ.എമ്മിനെതിരേയും തിരിച്ച് വിടുക എന്ന ആലോചനയാണ് ഇതിന് പിന്നില്‍. യുദ്ധത്തിനെതിരെയും പലസ്തീന്‍ അനുകൂലമായും സംഘപരിവാറിനെതിരെയും ശക്തമായി പ്രതികരിക്കുന്ന എം.സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതെങ്കിലും തരത്തില്‍ മുസ്ലീം വോട്ടുകളില്‍ ന്യായമായ ആശങ്കയും ഈ തന്ത്രത്തിന് പുറകിലുണ്ട്.

എം.സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം ഏറെക്കുറെ സുരക്ഷിതം എന്ന് യു.ഡി.എഫ് കരുതിയിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ മാനം മാറി. ഇടത്പക്ഷത്തിന് വലിയ അടിത്തറയില്ലാത്ത മണ്ഡലത്തില്‍ അന്‍വറിന്റെ സഹായം ഇല്ലാതെ തന്നെ കോണ്‍ഗ്രസിന് നല്ല മാര്‍ജിനില്‍ തന്നെ ജയിക്കാം എന്നായിരുന്നു വി.ഡി.സതീശന്റേയും സംഘത്തിന്റേയും കണക്ക് കൂട്ടല്‍. ആ ആലോചന കൃത്യമായിരുന്നു താനും. ഇതിന് മുമ്പ് നടന്നിട്ടുള്ള തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ ലഭിച്ചിട്ടുള്ള വലിയ വിജയം സിറ്റിങ് സീറ്റുകളിലെ കരുത്തിന്റെ സൂചനയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിന് മീതെയായി 99 അംഗങ്ങളുമായി ഭരണം നടത്തുന്ന ഇടത്പക്ഷത്തിന്റെ അംഗബലം ഒന്ന് കുറയ്ക്കാന്‍ കോണ്‍ഗ്രസിന് കൈവന്ന അവസരമായി കൂടി കോണ്‍ഗ്രസ് ഇതിനെ കാണുന്നുണ്ട്. ഒന്‍പത് വര്‍ഷത്തെ പിണറായി വിജയന്റെ ഭരണത്തിനെതിരെ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അതോടെ തുടര്‍ച്ചയായ മൂന്നാം ഇടത്മുന്നണി സര്‍ക്കാര്‍ എന്ന അവകാശവാദത്തിന് അന്ത്യമാകുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

പക്ഷേ, മലപ്പുറത്തെ കേന്ദ്രമാക്കിയുള്ള കോണ്‍ഗ്രസിന്റെ ഈ പ്രചാരണം എത്രമാത്രമാകും അവരുടെ തന്നെ സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് തിരിച്ചടിയാവുക എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ഒരോ ആരോപണങ്ങള്‍ക്കും രണ്ട് ചോദ്യങ്ങള്‍ തിരിച്ച് വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മലപ്പുറത്തെ ഇടത്പക്ഷം ആക്രമിക്കുന്നുവെന്ന ആരോപണം ഉയരുമ്പോള്‍ ആര്യാടന്‍ മുഹമ്മദ് കൈക്കൊണ്ട നിലപാടും പൊതുവേ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് സ്വീകരിച്ച നിലപാടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും പാണക്കാട് കുടുംബത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ വീണ്ടും ജനമധ്യത്തിലേയ്ക്ക് വരുന്നു. അതുകൂടാതെ മുസ്ലീം ലീഗിനോട് പൊതുവേ കോണ്‍ഗ്രസ് ചരിത്രപരമായി സ്വീകരിച്ച് പോന്ന സമീപനവും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മലപ്പുറം ജില്ല ഇടത്പക്ഷത്തിന്റെ സൃഷ്ടിയാണ് എന്നാണ് മലപ്പുറത്തിനെതിരായി സി.പി.ഐ.എം നേതാക്കള്‍ നടത്തിയ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ എം.സ്വരാജ് പറഞ്ഞത്. ‘ഈയെമ്മസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മലപ്പുറം ജില്ല രൂപവത്രിക്കുന്നത്. അന്ന് ലീഗും ഘടകകക്ഷിയായിരുന്നു. അന്ന് അതിനെതിരെ സമരം ചെയ്ത രണ്ട് പാര്‍ട്ടികളേ ഉള്ളൂ. ബി.ജെ.പിയുടെ അന്നത്തെ രൂപമായ ജനസംഘവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും. അന്ന് വഴിക്കടവില്‍ നിന്നൊരു ജാഥ പുറപ്പെട്ടിരുന്നു. ആ ജാഥയുടെ പേര് മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ ജാഥ എന്നായിരുന്നു. അതിന്റെ ക്യാപ്റ്റന്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ വ്യക്തമാകും’-എന്ന് എം.സ്വരാജ് പറയുന്നു. മലപ്പുറം ജില്ല രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മീഡിയ വണ്‍ ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ നിന്ന് ആ ജാഥ നയിച്ചിരുന്നത് ഇന്നത്തെ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദാണ് എന്ന് വ്യക്തമാണ്. ജില്ലക്കെതിരെ സമരം നടത്തിയതിന്റെ കുറ്റബോധമാണ് കോണ്‍ഗ്രസിനെ കൊണ്ട് ഇത്തരം ആരോപണങ്ങള്‍ പറയിപ്പിക്കുന്നത് എന്നും എം.സ്വരാജ് പ്രതികരിച്ചിരുന്നു.

‘ഒരു ജില്ലയും രൂപീകരിക്കുമ്പോഴുണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്’ എന്ന് മീഡിയ വണ്‍ വാര്‍ത്ത പറയുന്നു. ബി.ജെ.പിയുടെ പ്രാഗ്രൂപമായ ജനസംഘവും കോണ്‍ഗ്രസും പ്രത്യക്ഷസമരം ജില്ലക്കെതിരെ നടത്തുക മാത്രമല്ല, ആര്യാടന്‍ മുഹമ്മദ് മലപ്പുറം ‘കുട്ടി പാകിസ്ഥാന്‍’ ആകുമെന്ന് പറഞ്ഞത് ഉപവാസ സമരവും നടത്തിയിരുന്നുവെന്നും മീഡിയ വണ്‍ റിപ്പോര്‍ട്ടിലുണ്ട്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും മലപ്പുറം ജില്ലയ്ക്കായി വാദിക്കുമ്പോള്‍ തന്നെ എതിര്‍പ്രചാരണം ശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പുമായി തെരുവിലിറങ്ങി. അന്നത്തെ കോഴിക്കോട് ജില്ലാ ഡി.ഡി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ മുഹമ്മദ് മലപ്പുറം കുട്ടിപാകിസ്താനാകുമെന്ന് ചൂണ്ടിക്കാണിച്ച് ഉപവസിച്ചു. ജില്ല പ്രഖ്യാപിച്ച ദിവസം കെ.കേളപ്പനും കൂട്ടരും പ്രതിഷേധ ജാഥ നടത്തി.’- മീഡിയ വണ്‍ വാര്‍ത്ത തുടരുന്നു. അന്നത്തെ ജാഥകളും പ്രതിഷേധങ്ങളും ഓര്‍മ്മിക്കുന്ന ആളുകളെ അവര്‍ ഇന്റര്‍വ്യൂ ചെയ്യുന്നുമുണ്ട്. ‘മലപ്പുറം ജില്ലയുടെ അമ്പതാം വര്‍ഷം ഇടത്പക്ഷവും മുസ്ലീം ലീഗും ആഘോഷിക്കുമ്പോഴും കോണ്‍ഗ്രസ് നിശബ്ദമാണ് എന്നും ഹിന്ദുത്വവാദികളുടെയും ഗാന്ധിയന്മാരുടെയും മുന്‍വിധികളെ അസ്ഥാനത്താക്കിയാണ് മലപ്പുറം അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കുന്നത്’-എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉത്തരേന്ത്യയില്‍ നിന്ന് ജനസംഘം പ്രതിഷേധിച്ചത് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ആയിരുന്നു എന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നു. 1967-ലെ സപ്തകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുന്ന കാലത്താണ് വന്‍ ഭൂരിപക്ഷം ലഭിച്ച ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപവത്കരണം അജണ്ടയായി എടുക്കുന്നത്. അന്ന് ലീഗിന്റെ പിന്തുണ ഇല്ലാതെ തന്നെ ഇടത്പക്ഷത്തിന് ഭരിക്കാമായിരുന്നു. പക്ഷേ ലീഗിന് രണ്ട് മന്ത്രി സ്ഥാനം ഇ.എം.എസ് വാഗ്ദാനം ചെയ്തു. അതുവരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വലിയ അപമാനമായിരുന്നു ലീഗ് നേരിട്ടുന്നത്. വിമോചന സമരം മുതല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി വന്നിരുന്ന ലീഗായിരുന്നു വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍, 1960-ല്‍, കോണ്‍ഗ്രസിനെ അധികാരത്തിലേറുന്നതില്‍ കാര്യമായി സഹായിച്ചത്. ഇരുപത് സീറ്റ് ലഭിച്ച പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ആര്‍.ശങ്കര്‍ ഉപമുഖ്യമന്ത്രിയും ആയി എങ്കിലും ലീഗിന് മന്ത്രിസ്ഥാനം നല്‍കിയില്ല. മത്സരിച്ച 12 സീറ്റില്‍ 11-ഉം ജയിച്ച പാര്‍ട്ടിയായിരുന്നു അന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. ലീഗ് വര്‍ഗ്ഗീയ കക്ഷിയാണ് എന്നായിരുന്നു ആരോപണം. അവസാനം സ്പീക്കര്‍ സ്ഥാനം നല്‍കുകയും സീതി സാഹിബ് ആ പദവിയില്‍ എത്തുകയും ചെയതു.

1961-ല്‍ സീതി സാഹിബ് മരിച്ചപ്പോള്‍ അടുത്ത നേതാവായ സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് അവര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും കോണ്‍ഗ്രസ് വീണ്ടും നിലപാട് മാറ്റി. ലീഗിന് സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് വര്‍ഗ്ഗീയ കക്ഷികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അക്കാലത്തെ നിലപാട്. മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ചാലെ അഥവ അന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ തൊപ്പിയൂരിയാലേ സി.എച്ചിന് സ്പീക്കറാകാന്‍ പറ്റൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സി.എച്ചിന് അത്തരത്തില്‍ സ്പീക്കറാകേണ്ട എന്നായിരുന്നു അഭിപ്രായമെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് മുസ്ലീലീഗിന്റെ പ്രാഥമിക അംഗത്വം രാജിവച്ചാണ് സ്പീക്കറാകുന്നത്.

1967-ലെ തിരഞ്ഞെടുപ്പില്‍ ലീഗിന് 14 സീറ്റുകളുണ്ടായിരുന്നു. 133 അംഗ നിയമസഭയില്‍ 113 സീറ്റുകളും അന്ന് സപ്തകക്ഷിക്കായിരുന്നു. എങ്കിലും വെറും പതിനാല് സീറ്റുകളുണ്ടായിരുന്ന മുസ്ലീം ലീഗിന് രണ്ട് മന്ത്രിസ്ഥാനമാണ് അന്ന് ഇടത്പക്ഷം ഓഫര്‍ ചെയ്തത്. അങ്ങനെ ലീഗ് അംഗത്വം ഉപേക്ഷിച്ച് സ്പീക്കറാകേണ്ടി വന്ന സാക്ഷാന്‍ സി.എച്ച് മുഹമ്മദ് കോയയ്ക്ക് ലീഗ് നേതാവായി തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. ലീഗിന്റെ ആദ്യമന്ത്രി സ്ഥാനമായിരുന്നു അത്. രണ്ടാം മന്ത്രിസ്ഥാനം അഹമ്മദ് കുരുക്കള്‍ക്കും ലഭിക്കുന്നു. ഈ മന്ത്രിസഭയാണ് മലപ്പുറം ജില്ലാ രൂപീകരണം തീരുമാനിക്കുന്നത്. ഇടത്പക്ഷ സര്‍ക്കാരിന്റെ തീരുമാനമാണിത്. മന്ത്രിസഭയില്‍ ലീഗുമുണ്ട്.

അന്ന് ഒന്‍പത് സീറ്റു മാത്രമാണ് കോണ്‍ഗ്രസിന് നിയമസഭയില്‍. പക്ഷേ മലപ്പുറം ജില്ലക്കെതിരെ കോണ്‍ഗ്രസ് കേരള ഗാന്ധിയെന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റേയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനായ കോണ്‍ഗ്രസ് നേതാവ് കെ.പി.കേശവമേനോന്റേയും നേതൃത്വത്തിലാണ് സമരം ചെയ്തത്. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിലെ ഒരു ശിവലിംഗത്തിന്റെ പേരില്‍ വലിയ സമരങ്ങളും കോണ്‍ഗ്രസ് അക്കാലത്ത് നടത്തി. കെ.കേളപ്പനും ലീലദാമോദര മേനോനും അടക്കമുള്ള കോണ്‍ഗ്രസുകാര്‍ ടിപ്പുസുല്‍ത്താനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചു. മലപ്പുറം മുസ്ലീം പ്രവശ്യയായി മാറുമെന്നതായിരുന്നു ആ സമരങ്ങളുടെ കാതല്‍. ഈ ചരിത്രമാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടത്പക്ഷം ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന് വരുന്നത്.

അതോടൊപ്പം പാണക്കാട് തങ്ങള്‍ക്കും കുടുംബത്തിനുമെതിരെ ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും നടത്തിയിട്ടുളള ആരോപണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടത്പക്ഷത്തിനെതിരായ ആരോപണങ്ങള്‍ക്കൊപ്പം ഉയരുന്നു. ഈ ചരിത്രം എത്രത്തോളം ആര്യാടന്‍ ഷൗക്കത്തിനും പൊതുവേ കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് അനുകൂലവൃത്തങ്ങളുടെ തന്നെ ആശങ്ക. Nilambur By-Election, The Congress is accused of carrying out communal politics, using Malappuram as a pretext

Content Summary; Nilambur By-Election; The Congress is accused of carrying out communal politics, using Malappuram as a pretext

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×