April 20, 2025 |

ഭരണഘടന ഗവർണർമാർക്ക് മുതലെടുപ്പിനുള്ളതല്ല; സമയ പരിധി നിശ്ചയിക്കേണ്ടത് അനിവാര്യം

ഭരണഘടന വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രം

ബില്ലുകൾ വൈകിപ്പിച്ചതിൽ തമിഴ്നാട് ​ഗവർണർക്കെതിരെയുള്ള സുപ്രീം കോടതിയുടെ വിമർശനവും തുടർന്നുണ്ടായ വിധിയും കൂടുതൽ വാ​ഗ്വാദങ്ങളിലേക്ക് നീങ്ങുകയാണ്. സുപ്രീം കോടതി വിധിയിൽ സംസ്ഥാനങ്ങൾ സംതൃപ്തി പ്രകടിപ്പിക്കുമ്പോൾ വിധിക്കെതിരെ ചോദ്യമുന്നയിച്ചെത്തിയിരിക്കുകയാണ് കേരള ​ഗവർണർ രാജേന്ദ്ര അർലേക്കർ. ജസ്റ്റിസ്‌ ജെ.ബി. പർദിവാല, ജസ്റ്റിസ്‌ ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്ന ചോദ്യമുന്നയിച്ചാണ് രാജേന്ദ്ര അർലേക്കർ രം​ഗത്തെത്തിയിരിക്കുന്നത്. ജഡ്ജിമാർക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.

സമയപരിധി നിശ്ചയിക്കാത്തതിനാലാണ് രണ്ടും മൂന്നും വർഷം ​ഗവണർമാർ ബില്ലുകൾക്ക് മുകളിൽ കയറിയിരിക്കുന്നതെന്നും ഗവർണർമാർക്ക് മുതലെടുക്കാനുള്ളതല്ല ഭരണഘടനയെന്നും വിഷയത്തിൽ ഭരണഘടന വിദ​ഗ്ധനും ലോക്സഭ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി അഴിമുഖത്തോട് പ്രതികരിച്ചു.

‘സുപ്രീം കോടതിയുടെ വിധിയെ വിമർശിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ ജഡ്ജിമാരെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സുപ്രീം കോടതിയുടെ വിധിയിൽ വളരെ സ്പഷ്ടമായ തെറ്റുകളുണ്ടെന്ന് വ്യക്തമാവുകയാണെങ്കിൽ മാത്രമാണ് റിവ്യൂ ഓഫ് പെറ്റീഷൻ കൊടുക്കാൻ കഴിയുക. അതേസമയം, റിവ്യൂ നടത്തുന്നത് അതേ ബെഞ്ച് തന്നെയാകും. ആയതിനാൽ റിവ്യൂ നടത്തി ഉത്തരവ് മാറ്റാനുള്ള സാധ്യതയും വളരെ കുറവാണ്. മാത്രമല്ല, ​ഗവർണറിനല്ല പകരം കേന്ദ്ര സർക്കാരിനാണ് റിവ്യൂ ഓഫ് പെറ്റീഷൻ ആവശ്യപ്പെടാൻ കഴിയുന്നത്.

​ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. ഭരണഘടനയിൽ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ അത് മാറ്റിയെടുക്കേണ്ട ചുമതല സുപ്രീം കോടതിയുടേതാണ്. അല്ലെങ്കിൽ പാർലമെന്റ് ഭരണഘടനാ ഭേദ​ഗതി കൊണ്ടുവന്ന് ഈ വകുപ്പുകളിൽ മാറ്റം വരുത്താം. ഭരണഘടനയുടെ ഏത് ഭാ​ഗവും അമെൻഡ് ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടല്ലോ? എന്നാൽ സുപ്രീം കോടതിയുടെ ചുമതല എന്ന് പറയുന്നത് ഭരണഘടനാപരമായ ആശയക്കുഴപ്പങ്ങൾ വന്നാൽ അവ വ്യക്തമാക്കി കൊടുക്കുക എന്നതാണ്. അവയെ വ്യഖ്യാനിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമാണ്’, പി.ഡി.ടി ആചാരി പറഞ്ഞു.

അതേസമയം, ചരിത്രത്തിൽ ആദ്യമായി ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ പത്ത് നിയമങ്ങൾ പാസാക്കിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ഗവർണർമാർക്ക് ബില്ലുകൾ അനിശ്ചിതമായി വൈകിപ്പിക്കാനാകില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കണമെന്നുമുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് സർക്കാരിൻ്റെ ചരിത്രനീക്കം.

നിയമങ്ങൾ പാസാക്കിയ തമിഴ്നാട് സർക്കാരിന്റെ നടപടിയെക്കുറിച്ചും പി.ഡി.ടി ആചാരി അഴിമുഖത്തോട് സംസാരിച്ചു.

‘സമയപരിധി നിശ്ചയിക്കാത്തതിനാൽ അതിനെ മുതലെടുത്ത് രണ്ടും മൂന്നും വർഷം ബില്ലുകൾ വെച്ച് താമസിപ്പിച്ചിരുന്ന അവസ്ഥയാണ് ഉണ്ടായത്. ​അതിൽ സുപ്രീം കോടതി ഇടപെടുകയാണുണ്ടായത്. ഗവർണർമാർക്ക് മുതലെടുക്കാനുള്ളതാണോ ഭരണഘടന? നിയമസഭ പാസാക്കുന്ന ബില്ലിന്റെ പുറത്ത് കേന്ദ്ര സർക്കാർ നിയമിക്കുന്ന ​ഗവർണർ കയറിയിരിക്കുകയാണ്. നിയമസഭക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല എന്നല്ലേ അതിൽ നിന്നും വ്യക്തമാകുന്നത്. ഏതൊക്കെ തരത്തിലുള്ള ബില്ലുകളാണ് രാഷ്ട്രപതിക്ക് അയക്കേണ്ടത് എന്നതിനെ കുറിച്ച് കൂടി വ്യക്തത വരുത്തണമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

മൂന്ന് മാസമാണ് സമയ പരിധി പറഞ്ഞിരിക്കുന്നത്. ഒരു ബില്ല് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാനോ ഒപ്പിടാനോ ഇതിൽ കൂടുതൽ സമയം എന്തിനാണ്? സമയ പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമായ കാര്യമായിരുന്നു. പഞ്ചാബ് ​ഗവർണറുടെ കേസിലും സുപ്രീം കോടതി പറഞ്ഞ കാര്യം ഇവിടെ ആവർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ ബില്ലുകൾ പാസാക്കിയിരിക്കുന്നത്. ദൃഢമായ ഒരു തീരുമാനമാണത്. ഇത് നമ്മുടെ നിയമസംവിധാനത്തെ കൂടുതൽ ബലപ്പെടുത്തുക മാത്രമാണ് ചെയ്യുക’, പി.ഡി.ടി ആചാരി അഴിമുഖത്തോട് പറഞ്ഞു.

സുപ്രീം കോടതി വിധി, ഭരണഘടനാ നിയമ പ്രകാരം രാജ്യത്തെ നിയമമായി മാറിയെന്നും എന്നാൽ വ്യക്തപരമായ അഭിപ്രായം പറയാൻ ​ഗവർണർക്ക് സ്വതന്ത്ര്യമുണ്ടെന്നും കേരള നിയമവകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘പലപ്പോഴും ഭരണഘടനയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള തീരുമാനങ്ങളിലേക്ക് സുപ്രീം കോടതി എത്തുന്നത് ഭരണഘടനയിലെ അടിസ്ഥാനശിലകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ്. ജനാധിപത്യവും ഫെഡറലിസവുമാണ് ഭരണഘടനയുടെ അടിസ്ഥാനശിലകൾ’, പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും ​ഗവർണർക്കും സുപ്രീം കോടതി സമയപരിധിയും നിശ്ചയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കേരള ​ഗവർണർ സംസാരിച്ചത്.

Content Summary: Constitution is not for governors to exploit, Supreme Court Holds Authority to Interpret the Constitution

Leave a Reply

Your email address will not be published. Required fields are marked *

×