June 13, 2026 |

പ്രാണനെടുത്ത പരാക്രമം

സോളാര്‍ വിവാദ നായകന്‍ ടെനി ജോപ്പന്‍ മദ്യലഹരിയില്‍ നഷ്ടപ്പെടുത്തിയത് നാടിനാവശ്യമായിരുന്ന പൊതുപ്രവര്‍ത്തകനെ

ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ വിവാദ നായകനായിരുന്നു ടെനി ജോപ്പന്‍. പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ വേഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുകൊണ്ട് നടത്തിയ വഴിവിട്ട ഇടപാടുകള്‍ യുഡിഎഫ് സര്‍ക്കാരിനും ഉമ്മന്‍ ചാണ്ടിക്കും ഒരുപോലെ കളങ്കമായിത്തീര്‍ന്നു. അധികാരവാഴ്ച്ചയുടെ അന്ത്യത്തില്‍ വാര്‍ത്തകളില്‍ നിന്നും പൂര്‍ണമായി തിരസ്‌കരിക്കപ്പെട്ട ടെനി ജോപ്പന്‍ വീണ്ടും മാധ്യമങ്ങളുടെ തലക്കെട്ടാകുന്നത്, ഒരു മനുഷ്യന്റെ ജീവന്‍ നഷ്ടമാകുന്നതിന് കാരണക്കാരനായാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷൈന്‍ കുട്ടന്‍ എന്ന 34 കാരനെ അപകടമരണത്തിന് കാരണമായത് ടെനി ജോപ്പന്‍ ഓടിച്ച വാഹനമായിരുന്നു. ജോപ്പന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഷൈന്‍ കുട്ടന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.Shine kuttan killed by Tini Joppan’s car

അപകടമുണ്ടാക്കിയതിന് ടെനി ജോപ്പനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് കൊട്ടാരക്കര പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയാണ് അപകടത്തില്‍ മരിച്ച ഷൈന്‍. ഗുരുതരമായി പരിക്കേറ്റ ഷൈനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബൈക്കിനെ ഇടിച്ച ശേഷം കാര്‍ സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ”റോഡിന്റെ സൈഡില്‍ കിടന്ന മെറ്റല്‍ താഴെയുള്ള വീടിന്റെ മുകളിലേക്ക് വീണു. അത്ഭുതകരമായാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.” ചുരുവിള പുത്തന്‍ വീട്ടില്‍ സുരേഷ് ബാബുവും കുടുംബവും വ്യക്തമാക്കി. വീടിന് മുകളിലെ ഷീറ്റിലേക്കാണ് കാര്‍ ഇടിച്ചു നിന്നിരുന്നത്. അമിതവേഗത്തില്‍ റോഡിന്റെ മറുവശത്തേക്ക് ടെനിയുടെ കാര്‍ പാഞ്ഞടുക്കുകയായിരുന്നു.

ടെനി ജോപ്പനെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതുഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്ന ജോപ്പന്‍
2013 സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 67 ദിവസം ജയിലില്‍ കിടന്നിരുന്നു. കേസും ജയില്‍ വാസവും നേരിടേണ്ടി വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പിഎ എന്ന സ്ഥാനം തെറിക്കുന്നത്. കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ താഴം മല്ലേലില്‍ ശ്രീധരന്‍ നായരുടെ പക്കല്‍ നിന്നും സോളാര്‍ കേസിലെ പ്രതികള്‍ ചേര്‍ന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി കോന്നി പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോപ്പനും പ്രതിചേര്‍ക്കപ്പെട്ടത്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ ടീം സോളാറിന്റെ നേതൃത്വത്തില്‍ മൂന്ന് മെഗാവാട്ടിന്റെ സൗരോര്‍ജപ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2012 മെയില്‍ ശ്രീധരന്‍ നായരില്‍ നിന്ന് പണം തട്ടിയതായിരുന്നു കേസ്.Shine kuttan killed by Tini Joppan’s car

Content summary; CPM branch secretary dies after being hit by a car driven by Teni Joppen

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×