February 19, 2025 |
Share on

തട്ടുകടയില്‍ പൊലീസുകാരനെ ചവിട്ടിക്കൊന്നു

സംഭവം ഏറ്റുമാനൂരില്‍, പ്രതിയെ പിടികൂടി

ഏറ്റുമാനൂരില്‍ പൊലീസുകാരനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന സിപിഒ ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ വര്‍ഗീസ് ആണ് പ്രതി. ഇയാളെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏറ്റുമാനൂര്‍ തെള്ളകം എക്‌സ്‌കാലിബര്‍ ബാറിന് സമീപമാണ് കൊല നടന്നത്. ഗാന്ധി നഗര്‍ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള 27 കാരനായ ജിബിന്‍, കാരിത്താസിന് സമീപത്തുള്ള ഒരു തട്ടുകടയില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇതേസമയത്ത് തന്നെയാണ് ശ്യാം പ്രസാദും ഇവിടെയെത്തുന്നത്. ശ്യാമിനെ അറിയാമായിരുന്ന തട്ടുകടയുടമ ജിബിനോട്, ശ്യാം പൊലീസുകാരനാണെന്നും, പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്തു കിടക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ശ്യാം ഇതിനിടയില്‍ ജിബിന്റെ പ്രവര്‍ത്തികള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ജിബിന്‍ ശ്യാമിനെ ആക്രമിച്ചത്. നിലത്തു വീണ ശ്യാമിന്റെ നെഞ്ചത്ത് പ്രതി ചവിട്ടി.

കുമരകം എസ് എച്ച് ഒ ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഘര്‍ഷം കണ്ടുകൊണ്ടാണ് അങ്ങോട്ടേയ്ക്ക് വരുന്നത്. പൊലീസ് ജീപ്പ് കണ്ടതോടെ ജിബിന്‍ അവിടെ നിന്നും രക്ഷപ്പെട്ട് ഓടാന്‍ ശ്രമം നടത്തി. എന്നാല്‍ പൊലീസുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഇതിനുശേഷം ശ്യാമിനെ പൊലീസുകാര്‍ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴേക്ക് അദ്ദേഹം ജീപ്പിനുള്ളില്‍ കുഴഞ്ഞു വീണിരുന്നു. ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു 44 കാരനായ ശ്യാമിന് തന്റെ ജീവന്‍ നഷ്ടമായത്.  Criminal attack, civil police officer murdered in Kottayam

Content Summary; civil police officer murdered in Kottayam

×