വിവാദങ്ങളുടെ വക്കാലത്തെടുത്ത ആളൂര്‍

സൗമ്യ വധക്കേസിലാണ് ബി എ ആളൂർ എന്ന പേര് മലയാളികൾ ശ്രദ്ധിക്കുന്നത്

കേരളം ചർച്ച ചെയ്ത പല വിവാദ കേസുകളിൽ എപ്പോഴും ഉയർന്നുകേട്ടിരുന്ന പേരായിരുന്നു അഡ്വക്കേറ്റ് ബി. എ ആളൂർ. കേരള ചരിത്രത്തിൽ തന്നെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിൽ പ്രതി ​ഗോവിന്ദച്ചാമിക്കായി വാദിക്കാൻ എത്തുമ്പോഴാണ് ബി എ ആളൂർ എന്ന പേര് മലയാളികൾ ശ്രദ്ധിക്കുന്നത്. പിന്നീട് മിക്ക കേസുകളിലും കുറ്റാരോപിതർക്കൊപ്പം ക്രിമിനൽ അഭിഭാഷകനായ ആളൂരും വാർത്തകളിൽ ഇടം പിടിച്ചു.

തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണിയെന്ന ബി എ ആളൂർ. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠനം പൂർത്തിയാക്കിയതിന് ശേഷം പൂനെയിൽ നിന്നാണ് നിയമബിരുദം നേടിയത്.

1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പിന്നീട് നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രമിനൽ കേസുകൾ തന്നെയായിരുന്നു ആളൂർ തുടക്കം മുതൽ കൈകാര്യം ചെയ്തിരുന്നത്. വിവാദപരവും സങ്കീർണവുമായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മികവും കാട്ടിയിരുന്നു.

ആളൂർ വാദിച്ച വിവാദമായ പ്രധാന കേസുകൾ,

സൗമ്യ വധക്കേസ്

സൗമ്യ വധക്കേസാണ് ആളൂരിനെ സാധാരണക്കാർക്കിടയിൽ പോലും പ്രശസ്തനാക്കിയത്. 2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയായ ഗോവിന്ദചാമി എന്ന ഒറ്റക്കയ്യൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ ഗോവിന്ദചാമിക്കായി ഹാജരായത് ബി. എ ആളൂരായിരുന്നു. കക്ഷികളിൽ നിന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ആളൂർ ഗോവിന്ദചാമിക്കായി വാദിക്കാനെത്തിയത് എങ്ങനെയെന്നത് അന്ന് ചർച്ചയായിരുന്നു. കേസിൽ ​ഗോവിന്ദചാമിക്ക് തൃശൂർ അതിവേ​ഗ കോടതി വധശിക്ഷ വിധിച്ചു. ശേഷം കേരള ഹൈക്കോടതി വിചാരണ കോടതിയുടെ വിധിന്യായം ശരിവെക്കുകയായിരുന്നു. അന്ന് കേസ് പരാജയപ്പെട്ടപ്പോൾ ആളൂരിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ കൊലപാതകകുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറക്കുകയായിരുന്നു.

ജിഷ വധക്കേസ്

2016ലാണ് എറണാകുളം പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയായ ജിഷ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ അമീറുൽ ഇസ്‌ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ 2016 ജൂൺ 14ന് തമിഴ്നാട്–കേരളാ അതിർത്തിയിൽനിന്നാണു പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. അമീറുൽ ഇസ്‌ലാമിനായി ഹാജരായത് ആളൂരായിരുന്നു. പ്രതിക്കെതിരെ ദൃക്സാക്ഷികളില്ലെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അന്ന് കോടതിയിൽ ആളൂർ വാദിച്ചിരുന്നു. എന്നാൽ കേസിൽ പ്രതിക്ക് ഹൈക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു

ഇലന്തൂർ നരബലി കേസ്

കേരളത്തിൽ ഏറെ വിവാദമായ മറ്റൊരു കേസായിരുന്നു പത്തനംതിട്ട ഇലന്തൂർ നരബലി കേസ്. സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ ഭക്ഷിച്ചാൽ മതിയെന്ന് വിശ്വസിപ്പിച്ച് എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി, കെ.വി.ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരെ കൂടെക്കൂട്ടി ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലിൻ , തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്. കേസിൽ പ്രതികൾക്കായി വാദിച്ചത് ആളൂരായിരുന്നു. കുറ്റാരോപിതരെ കോടതി കുറ്റവാളികളായി പ്രഖ്യാപിക്കുകയായിരുന്നു.

മറ്റൊന്ന് കൂടത്തായി കൊലപാതകക്കേസായിരുന്നു. പ്രതിയായ ജോളിക്ക് വേണ്ടി ആളൂർ വാദിച്ചെങ്കിലും അതിലും ആളൂരിന് ജയിക്കാനായില്ല. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനവും നേരിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്നും ആളൂർ അറിയിച്ചിരുന്നു.

Content Summary: criminal lawyer B A aloor known for controversial cases

അഴിമുഖം ഡെസ്‌ക്:
Leave a Comment