മലയാള സിനിമയ്ക്ക് വില്ലന്‍ യുവതാരങ്ങളോ? ചതിച്ച് ഒടിടിയും

 അഭിനയിച്ചത് ഒറ്റപ്പടത്തില്‍, പ്രതിഫലം വേണ്ടത് ഒന്നരകോടി

ഒറ്റ സിനിമയില്‍ അഭിനയിച്ചു, പടം ബോക്‌സ് ഓഫീസില്‍ ഹിറ്റായതോടെ കൗമാരതാരം ചോദിച്ചത് ഒന്നര കോടിയിലധികം രൂപ. ഒന്ന് രണ്ട് സിനിമയില്‍ അഭിനയിച്ച യുവതാരം പറയുന്നതാവട്ടെ 5കോടിയാണ്. സക്‌സസ് റേറ്റ് അനുസരിച്ച് പുതുമുഖങ്ങള്‍ പ്രതിഫലം ഉയര്‍ത്തിയതോടെയാണ് തങ്ങള്‍ സിനിമ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് നിര്‍മാതാക്കളുടെ പരാതിയിലുണ്ടായ വെളിപ്പെടുത്തലുകളില്‍ ഒന്നാണിത്.നിലവില്‍ ഒരു സിനിമയിലെ ആകെ മുതല്‍മുടക്കില്‍ വലിയ ശതമാനം പോകുന്നത് താരങ്ങളുടെ പ്രതിഫലമായാണ്. പടത്തിന്റെ ആകെ ബജറ്റ് കണക്കാക്കുമ്പോള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കിക്കഴിഞ്ഞാല്‍ ബജറ്റ് ചുരുങ്ങും. പിന്നീട് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത്, സ്വാഭാവികമായും സിനിമാ നിര്‍മാണത്തിലാകും. ഇതോടെ മികച്ച ദൃശ്യഭാഷ സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

അമ്മയുടെ ഭരണസമിതിയോട് മലയാള ഫിലിം ഇന്‍ഡസ്ട്രി നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അതേസമയം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതില്‍ അമ്മ-യുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി രാകേഷ് വ്യക്തമാക്കിയിട്ടുണ്ട്. രാകേഷ് പറയുന്നത് താരപ്രതിഫലം മാത്രമല്ല ഇന്നത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ്. മലയാള സിനിമയുടെ ഒടിടി സാറ്റലൈറ്റ് തുടങ്ങിയ വില്‍പ്പനകളില്‍ കാര്യമായ ഇടിവ് അടക്കമുള്ളവയും പ്രശ്‌നമാണെന്നാണ്. അതേസമയം, മലയാള സിനിമ പലതരം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നതെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നു. മലയാള സിനിമ വ്യവസായ പ്രതിസന്ധി മുന്‍പും അമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ കൃത്യമായ ഇടപെടല്‍ നടന്നത് കൊവിഡ് കാലത്ത് മാത്രമാണ്. ആ സമയത്താണ് താരങ്ങള്‍ സ്വമേധയ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായിട്ടുള്ളത്. അതേസമയം, ഇന്ന് നടക്കുന്ന അമ്മ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കാമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് അമ്മ വൈസ് പ്രസിഡന്റായ ജയേഷ് ചേര്‍ത്തല അഴിമുഖത്തോട് പ്രതികരിച്ചത്.

നിലവില്‍ സൂപ്പര്‍ താരങ്ങളെല്ലാം അവരുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനികള്‍ വഴി സിനിമ നിര്‍മിക്കുകയാണ്. ആ കമ്പനികളെ താരപ്രതിഫലം അവരെ അത്രത്തോളം ബാധിക്കില്ല. ഇനി അവരുടെ തന്നെ ഡേറ്റ് കിട്ടിയാലും സിനിമയുടെ ബജറ്റിന്റെ പകുതിയിലധികം താരപ്രതിഫലമായി മാറും. ഈ അവസ്ഥയില്‍ ബിഗ് ബജറ്റിന് താഴേയുള്ള പടം എടുക്കാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് യുവതാരങ്ങളെ ആശ്രയിക്കലാണ് മാര്‍ഗം. പക്ഷെ ഒറ്റ ചിത്രത്തിന്റെ ഹിറ്റ് തന്നെ സ്വന്തം സക്‌സസ് റേറ്റ് ആയി കണ്ട് കോടികളാണ് യുവതാരങ്ങളും പ്രതിഫലമായി ചോദിക്കുന്നത്. പക്ഷെ ഈ സിനിമകള്‍ വിജയിച്ചാല്‍ മാത്രമേ കാര്യമുള്ളു എന്ന് കൂടി ഓര്‍ക്കണം.

എല്ലാ സിനിമയിലും ആ താരം നേരത്തെ ചെയ്ത സിനിമയിലെ കഥാപാത്രമല്ലോ ചെയ്യുക. അവരുടെ പെര്‍ഫോമന്‍സ് വിജയത്തിന്റെ ഘടകമാണ്. പ്രതിഫലം വാങ്ങി അവര്‍ പോവും. പിന്നെ പടം പൊട്ടിയാല്‍ പോലും തിരിഞ്ഞ് നോക്കില്ല. അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ, ഒരോ ചിത്രവും കൂട്ടമായ അധ്വാനമാണ്.ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്ന അവസ്ഥയെ ന്യായികരിക്കാന്‍ ആവില്ല- ഫിലിം ചേംബര്‍ മുന്‍ ഭാരവാഹികളിലൊരാള്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒടിടി ബൂം അവസാനിച്ചോ?

2010ത്തോടെയാണ് താരപ്രതിഫലത്തില്‍ പ്രകടമായ മാറ്റം വന്നതെന്നാണ് വിജയ് ബാബു പറയുന്നത്. ആ വര്‍ഷമാണ് സാറ്റലൈറ്റ് ബും മലയാള സിനിമ വ്യവസായത്തിലുണ്ടായത്. അത് വരെ സാധാരണ വേതനം തന്നെയായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത്. സാറ്റലൈറ്റ് ബും വന്നപ്പോള്‍ മറ്റൊരു വരുമാന മാര്‍ഗം കൂടി സിനിമകാര്‍ക്ക് കിട്ടി. ഇത് മനസിലാക്കി താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തി തുടങ്ങി.

കൊവിഡ് കാലത്താണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ആളുകള്‍ വീട്ടില്‍ തന്നെ ഇരിക്കാനും തുടങ്ങിയത്. അതോടെയാണ് ഒടിടികള്‍ കൂടുതല്‍ ചിത്രങ്ങള്‍ വലിയ വില കൊടുത്ത് വാങ്ങാന്‍ ആരംഭിച്ചത്. അന്ന് ചെറുതും വലുതുമായ ചിത്രങ്ങള്‍ക്കൊക്കെ പണം കിട്ടിയിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. തിയറ്ററുകള്‍ തുറന്നു, പോരാത്തതിന് ഹിറ്റ് ചിത്രങ്ങളുടെ എണ്ണം കൂടി. ഒടിടികള്‍ ചെറു ചിത്രങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു. അപ്പോഴും എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കില്‍ ഒടിടി ഉണ്ടെന്ന് പറഞ്ഞ് താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നു. അതിലൊന്നും ചെയ്യാന്‍ പറ്റില്ല. ഈ ഉയര്‍ന്ന ശമ്പളം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അതാണ് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കണക്കുകളിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പുറത്തിറങ്ങിയത് 120ലേറെ ചിത്രങ്ങളാണ്. ഇതില്‍ മുടക്കുമുതല്‍ നേടിയവ പത്തില്‍ താഴെ മാത്രമാണ്. അതായത് ബാക്കി നിര്‍മാതാക്കള്‍ നഷ്ടത്തിലാണ്. ഓവര്‍സീസ് റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് കാര്യമായി കിട്ടുന്നത്. ടി.വി ചാനലുകളില്‍ പുതിയ സിനിമകള്‍ക്ക് റേറ്റിംഗ് കുറവായതിനാല്‍ വലിയ തുക നല്‍കി സിനിമ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഫലത്തില്‍ തീയറ്ററില്‍ സിനിമ ഫ്ളോപ്പായാല്‍ നിര്‍മാതാവിന്റെ കീശ കീറും.മാത്രമല്ല സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കൂട്ടിയാല്‍ ഇന്‍ഡസ്ട്രി ഒന്നടങ്കം പ്രതിഫലം കൂട്ടുന്ന പ്രതിഭാസമാണുള്ളതെന്നും പറയപ്പെടുന്നു. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നാണ് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നത്.

 

English Summary: Crisis in Malayalam cinema with increasing actor remunerations and technician salaries

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment