March 27, 2025 |

സുരേഷ് ഗോപിക്ക് പണം വാങ്ങി ഉദ്ഘാടനം ചെയ്യാമോ?

നിയമം പറയുന്നതെന്ത്?

തൃശൂർ എങ്ങണ്ടിയൂരിൽ ഒരു സ്വീകരണ യോഗത്തിനിടെ കേന്ദ്ര ടൂറിസം, പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി കൂടിയായ അദ്ദേഹം സിനിമയിൽ സജീവമായി തന്നെ തുടരുമെന്ന് ആവർത്തിച്ചിരുന്നു. കൂടാതെ തനിക്ക് ലഭിക്കുന്ന തൻ്റെ സമ്പാദ്യത്തിൻ്റെ ഒരു ഭാഗം ജനങ്ങളുടെയും സമൂഹത്തിൻ്റെയും പ്രയോജനത്തിനായി വിനിയോഗിക്കുമെന്നും വാഗ്‌ദനം നൽകി.

ഇതിനു പുറമെ സിനിമ മേഖലയിലെ മറ്റുള്ളവരെ പോലെ തന്നെ നടനെന്ന നിലയിൽ പരിപാടികളുടെ ഉദ്ഘാടനത്തിനും പണം സ്വീകരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഈ പരമാർശമാണ് ചർച്ചയായിരിക്കുന്നത്. ‘ഞാൻ ഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ എംപി എന്ന നിലയിൽ അത് ഉദ്ഘാടനം ചെയ്യുമെന്ന് കരുതരുത്. ഞാൻ ഒരു അഭിനേതാവായി വരും. എൻ്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ അതിനുള്ള പ്രതിഫലം ഞാനും വാങ്ങും.” ഈ ഉദ്ഘാടനങ്ങളിൽ നിന്നുള്ള തൻ്റെ മുഴുവൻ ഫീസും സാമൂഹിക പ്രവർത്തനങ്ങൾക്കായി തൻ്റെ ട്രസ്റ്റിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപിക്ക് മറ്റു ജോലികൾ ചെയ്യാൻ കഴിയുമോ? അതിനുള്ള നിയമങ്ങളും ചട്ടങ്ങളും എന്തൊക്കെയാണ്? ഇത്തരം ചോദ്യങ്ങൾ അഴിമുഖത്തോട് വിശദമാക്കുകയാണ് പാർലിമെന്റേറിയൻ കൂടിയായ പിഡിറ്റി ആചാര്യ.

” മന്ത്രി കൂടിയായ അദ്ദേഹം ഈ ചുമതലകൾ എല്ലാം വേർതിരിച്ചു നിർത്താൻ കഴിയില്ല. കേന്ദ്ര- സംസ്ഥാന മന്ത്രിമാർ പിന്തുടരേണ്ട പെരുമാറ്റ ചട്ടം ഹോം മിനിസ്ട്രി നടപ്പിലാക്കിയിരുന്നു. ചട്ടം പറയുന്നതിനനുസരിച്ചു ഒരു എംപി മന്ത്രിയായി കഴിഞ്ഞാൽ അദ്ദേഹം ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും, വിച്ഛേദിക്കാനും നിർദേശിക്കുന്നുണ്ട്. ഒരു മന്ത്രി ഉടമസ്ഥാവകാശത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയും താൻ ഉണ്ടായിരുന്ന ഏതെങ്കിലും ബിസിനസ്സിൻ്റെ നടത്തിപ്പും അതുമായി ബന്ധപ്പെട്ട എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം.
കൂടാതെ വ്യക്തി പരമായോ കുടുംബപരമായോ ഒരാവശ്യത്തിന് വേണ്ടിയും സംഭാവനകൾ സ്വീകരിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഏത് തരത്തിലുള്ള ഉദേശമാണെങ്കിൽ പോലും അത് സ്വീകരിക്കാൻ പാടില്ലെന്ന് നിയമം പറയുന്നു. പെരുമാറ്റ ചട്ടത്തിന്റെ 3 .1 A ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ഉദ്ഘടനത്തിന്റെ ഭാഗമായി സ്വീകരിക്കാവുന്ന പണവും സംഭാവനയായി കണക്കാവുന്നതാണ്. ഒരു സിനിമയിൽ അഭിനയിച്ച് പ്രതിഫലം വാങ്ങുന്നതും സംഭാവനയും വ്യത്യസ്തമാണ്. ” അദ്ദേഹം പറയുന്നു.

ഇതിനു പുറമെ ഒരു എംപിയുടെ അടിസ്ഥാന അയോഗ്യത മാനദണ്ഡങ്ങൾ ഭരണഘടനയുടെ 102-ാം അനുച്ഛേദത്തിലും ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 191-ലും പ്രതിപാദിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 102 അനുസരിച്ച്, ഒരു എംപി ശമ്പളം നൽകുന്ന പദവി വഹിക്കുന്നുണ്ടെങ്കിൽ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. ഇത് സാധാരണയായി സാമ്പത്തിക ആനുകൂല്യങ്ങളോ ആനുകൂല്യങ്ങളോ ഉള്ള ഒരു സ്ഥാനത്തെ സൂചിപ്പിക്കുന്നത്. ചില ഓഫീസുകളെ ഒഴിവാക്കലുകളായി പ്രഖ്യാപിക്കുന്ന നിയമം പാർലമെൻ്റിന് പാസാക്കാനാകും, അതായത് ആ നിർദ്ദിഷ്ട ഓഫീസുകൾ കൈവശം വയ്ക്കുന്നത് അയോഗ്യതയിലേക്ക് നയിക്കില്ല. താൽപ്പര്യ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നതോ അവരുടെ നിയമനിർമ്മാണ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതോ ആയ  സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് എംപിമാരെ തടയാൻ ഈ നിയമം ലക്ഷ്യമിടുന്നു.

“ഓഫീസ്” എന്ന പദം ഭരണഘടനയിലോ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലോ നിർവചിച്ചിട്ടില്ല, എന്നാൽ ചില പൊതു ചുമതലകളുള്ള ഒരു സ്ഥാനത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്ന് കോടതികൾ പറഞ്ഞു. മിക്ക ആളുകൾക്കും, പൊതു കമ്പനികളിൽ ഓഹരികൾ സ്വന്തമാക്കുന്നത് താൽപ്പര്യ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ഈ നിയമങ്ങൾ പറയുന്നു. എന്നിരുന്നാലും, പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വേണ്ടി, താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ആ ഓഹരികൾ വിൽക്കേണ്ടി വന്നേക്കാം.

2006ൽ ജയാ ബച്ചനെ രാജ്യസഭയിൽനിന്ന് അയോഗ്യയാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ഒരാൾ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസ് കൈ വശം വച്ചിട്ടുണ്ടെങ്കിൽ, അയാൾ വഹിക്കുന്ന പദവി ആ ഓഫീസിലേക്ക് സാമ്പത്തിക നേട്ടം  ലഭിക്കുന്നതിന് കാരണമായിട്ടുണ്ടോ എന്നതാണ് പ്രധാനം. അതിനപ്പുറം ആ വ്യക്തിക്ക് അതിൽ നിന്ന് എന്തെങ്കിലും പണം ലഭിച്ചോ എന്നതല്ല യഥാർത്ഥ വിഷയം.

2017 മാർച്ചിൽ ഡൽഹി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ, എംപിമാർ അഭിഭാഷകരായി തുടരുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിയമനിർമ്മാതാക്കളെ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചാൽ, അവർ അവരുടെ സ്വകാര്യ ഇടപാടുകാരിൽ നിന്ന് ഫീസ് ഈടാക്കുമെന്നും അതേ സമയം പൊതു ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം വാദിച്ചു. അത്തരം അഭിഭാഷകരായി മാറിയ നിയമസഭാംഗങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും ചെയ്യും, അതിൽ പരസ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്, മറ്റ് താൽപ്പര്യ വൈരുദ്ധ്യങ്ങളും ഉണ്ടെന്ന് ഉപാധ്യായ അവകാശപ്പെട്ടു. 2018 ലെ ഉത്തരവിൽ, നിയമസഭാംഗങ്ങൾ മുഴുവൻ സമയ ശമ്പളമുള്ള ജീവനക്കാർ അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു, 1961 ലെ അഭിഭാഷക നിയമപ്രകാരം അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ എംപിമാരാകുന്ന അഭിഭാഷകർക്ക് അവരുടെ നിയമപരിശീലനം തുടരാമെന്ന് വിധിച്ചു.

Content summary; As Suresh Gopi talks about charging fees for events, what do the rules governing MPs’ conduct say?

×