June 26, 2026 |
Share on

‘ദി ടെലിഗ്രാഫ്’ എഡിറ്റർ സങ്കർഷൺ താക്കൂർ വിട വാങ്ങി

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു

മുതി‌‍ർന്ന പത്രപ്രവ‍ർത്തകനും ദി ടെലി​ഗ്രാഫിന്റെ എഡിറ്ററുമായ സങ്കർഷൺ താക്കൂർ വിട വാങ്ങി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളാണ്. കാശ്മീർ, ബീഹാർ, എന്നിവിടങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ച് സങ്കർഷൺ താക്കൂർ നടത്തിയിട്ടുള്ള വിപുലവും ആഴത്തിലുള്ളതുമായ റിപ്പോർട്ടിംഗ് ശ്രദ്ധേയമാണ്.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ “സബാൾട്ടേൺ സാഹിബ്” എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതും ഏറെ ശ്രദ്ധ നേടിയതുമായ കൃതിയാണ് ലാലു യാദവിനെയും നിതീഷ് കുമാറിനെയും കുറിച്ചുള്ള രാഷ്ട്രീയ ഓർമ്മക്കുറിപ്പായ “ദി ബ്രദേഴ്സ് ബിഹാരി”.

1962-ൽ പാട്നയിൽ ജനിച്ച സങ്കർഷൺ താക്കൂർ, പാട്നയിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡൽഹിയിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലുമായി തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം 1983-ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. 1984-ൽ ‘സൺഡേ’ മാഗസിനിലൂടെയാണ് അദ്ദേഹം തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. അതിനുശേഷം ‘ദി ടെലിഗ്രാഫ്’, ‘ഇന്ത്യൻ എക്സ്പ്രസ്’ എന്നിവയിൽ അസോസിയേറ്റ് എഡിറ്റർ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. 2009-ൽ ‘ദി ടെലിഗ്രാഫിൽ’ തന്റെ രണ്ടാമത്തെ ഇന്നിംഗ്സ് ആരംഭിക്കുന്നതിന് മുൻപ് അദ്ദേഹം ‘തെഹൽക’യിൽ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. നിലവിൽ, ഡൽഹിയിലെ ‘ദി ടെലിഗ്രാഫി’ൽ എഡിറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു.

പത്രപ്രവർത്തനത്തിന് പുറമെ, കാർഗിൽ യുദ്ധം, പാകിസ്ഥാൻ, ഉത്തർപ്രദേശിലെ ജാതി അടിസ്ഥാനത്തിലുള്ള ദുരഭിമാനക്കൊലകൾ തുടങ്ങിയ ഗുരുതര വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

content summary; Senior journalist and The Telegraph’s roving editor, Sankarshan Thakur, passes away in Bihar

Leave a Reply

Your email address will not be published. Required fields are marked *

×