വി എസ്സിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒറ്റയ്‌ക്കൊരു ചെങ്കൊടിയേന്തി നടന്നു നീങ്ങുന്ന വയോധികയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി രമണിയാണത്. കോവിഡ് കാലത്ത് സ്വന്തമായി തയ്യാറാക്കിയ ഭക്ഷണവും, വെള്ളവും സാനിറ്റയിസറുമായി തെരുവില്‍ വന്ന് യാത്രികര്‍ക്ക് വിതരണം ചെയ്ത രമണിയെക്കുറിച്ച് അന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഖാവ് വി എസ് സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കി അവസാനമായി തന്റെ പ്രിയ സഖാവിനെ കാണാന്‍ പോവുകയാണവര്‍. പേര് ചോദിക്കുന്നവരോടും, വാഹനത്തില്‍ കൊണ്ടു പോകാം എന്ന് പറയുന്നവരോടുമൊന്നും അവര്‍ മറുപടി പറയുന്നില്ല. അവര്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. വി എസ്സിനെ കാണുക എന്നൊരു ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത്.
ഇത് പോലെ മറ്റൊരു സംഭവം ഓര്‍മയിലുണ്ട്. 2020 സെപ്റ്റംബറിലാണ്. കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്ന കാലം. ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് കവര്‍ ചെയ്യാന്‍ ഞങ്ങള്‍ നില്‍ക്കുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ട്, ഒരു മനുഷ്യന്‍ അടുത്ത് വന്ന് എന്തോ ചോദിച്ചു. അപ്പോഴേക്കും, കാട്ടുകള്ളാ പിണറായി രാജി വയ്ക്കൂ എന്നുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി മാര്‍ച്ച് കടന്നു വന്നു. 70 200 സൂം ലെന്‍സിട്ടു പടം എടുത്തു. പെട്ടെന്ന് പിന്നില്‍ നിന്ന് ഇന്‍ക്വിലാബ് മുഴങ്ങി. നേരിട്ട് നോക്കിയില്ല, ക്യാമറ തിരിച്ചു, വ്യൂ ഫൈന്‍ഡറിലൂടെയാണ് കണ്ടത്. മഴയത്ത്, ഒരു കയ്യില്‍ ചെങ്കൊടിയുമായി മറുകൈ കൊണ്ട് മുഷ്ടി ചുരുട്ടി ഒരു മനുഷ്യന്‍ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുകയാണ്. ബസ്റ്റ് മോഡിലിരുന്ന ക്യാമറ നിമിഷാര്‍ദ്ധം കൊണ്ട് പല തവണ ചിമ്മിയടഞ്ഞു. പോലീസ് ഓടിയെത്തുന്നതും അയാളെ അവിടുന്ന് മാറ്റുന്നതും ഞാന്‍ വ്യൂ ഫൈന്‍ഡറിലൂടെ കണ്ടു. ഇടപ്പള്ളി സ്വദേശി രതീഷാണ്. ഇടതുപക്ഷം സമാനതകളില്ലാത്ത ആര്‍എസ്എസ് ആക്രമണം നേരിടുന്ന കാലത്ത് ഇടതിനു വേണ്ടി തെരുവില്‍ പ്രതിരോധം തീര്‍ക്കുന്നയൊരാള്‍. ഞങ്ങളിലൊരാളേ ബാക്കിയാകുന്നുള്ളുവെങ്കിലും അയാളൊരു പാര്‍ട്ടിയായി തീരും എന്ന എം സ്വരാജിന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു ചിത്രം പ്രചരിച്ചു.
‘തീ പിടിപ്പിക്കാന്‍ ഉപയോഗിച്ച് കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും. അഗ്നിബാധയില്‍, ഒരുപക്ഷേ ചിന്തയുടെ അഗ്നിബാധയില്‍, ആത്മനാശത്തിന്റെ അംശം കാണാം. അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായി തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നും ആണ്. അതൊരു സാഫല്യമാണ്.’ എന്ന എം എന്‍ വിജയന്‍ മാഷിന്റെ പ്രവാചക സമാനമായ വാക്കുകള്‍ ഏറ്റവുമധികം ചേരുക വി എസ്സിനായിരിക്കണം.
പലയിടത്തു നിന്നും ചാലുകള്‍, മനുഷ്യരുടെ ചാലുകള്‍ കൂടിച്ചേര്‍ന്നു പുഴയായിത്തീര്‍ന്നതും ആ പുഴകള്‍ ചേര്‍ന്ന് കടലാകുന്നതും, ആ കടലൊന്നാകെ കണ്ണേ കരളേ വി എസ്സേ എന്ന് ഏറ്റ് വിളിക്കുന്നതും നമ്മള്‍ കണ്ടു. കുഞ്ഞിനേയും എടുത്തു ഇന്‍ക്വിലാബും വിളിച്ചു കൊണ്ട്, വി എസ്സിന്റെ ഭൗതിക ദേഹവും വഹിച്ചു കൊണ്ടുള്ള വാഹനത്തിനൊപ്പം പായുന്ന ഗോപികയും, ഒറ്റയ്ക്ക് ചെങ്കൊടിയുമേന്തി തന്റെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തുന്ന കഞ്ഞിക്കുഴിയിലെ രമണിയും, സംഘപരിവാര്‍ മാര്‍ച്ചിനെ ചെങ്കൊടിയുമായി നേരിടാനിറങ്ങുന്ന ഇടപ്പള്ളിയിലെ രതീഷും, എന്റെ ശബ്ദം നഷ്ടപ്പെടും, അതിന് മുമ്പ് വിഎസ്സിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കണം എന്ന് പറഞ്ഞു കൊല്ലത്തു നിന്നെത്തിയ സരിത്തും, വേലിക്കകത്ത് വീടിന്റെ മുന്നില്‍ വി എസ്സിനെ അവസാനമായി കാണാനെത്തിയവര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന, ഒന്നാം ക്ലാസുകാരി ഐറയും, വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് മരണമില്ലെന്നു സാക്ഷ്യം നല്‍കുന്നു. വര്‍ഗീയതയ്ക്കെതിരെയുള്ള തീക്കനലുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നു കൊടുത്തിട്ടാണ് വി എസ് കടന്ന് പോകുന്നത്. People who bear witness to the timelessness of V S Achuthanandan’s policies
Content Summary; People who bear witness to the timelessness of V S Achuthanandan’s policies
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.