തിരുവന്തപുരത്ത് മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവം തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശമായ നിമിഷമാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ ബിന്ദു. തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് വളരെയധികം വേദനയോടെയാണ് ബിന്ദു അഴിമുഖത്തോട് സംസാരിച്ചത്. സമൂഹം തങ്ങളോട് കാണിച്ചത് അനീതിയാണെന്നും അത് അവസാനിപ്പിക്കാനാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ബിന്ദു കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ മൂന്നര വർഷമായി വിവിധ വീടുകളിൽ വീട്ടുജോലിക്ക് പോകുന്നയാളാണ് ഞാൻ. തിരുവന്തപുരം കൊടപ്പനക്കുന്നിലാണ് കുറച്ച് നാളുകളായി പോയിരുന്നത്. കിടപ്പിലായ ഒരു വൃദ്ധയെ നോക്കുന്ന പണിയായിരുന്നു എനിക്ക്. അവരുടെ മരണശേഷമാണ് ഞാൻ വേറെ പണിയന്വേഷിച്ച് തുടങ്ങിയത്. വാട്ട്സ്ആപ്പിലെ ഒരു ഗ്രൂപ്പ് വഴിയാണ് വീട്ടുജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്ന് അറിയിക്കുമ്പോൾ ഞങ്ങൾ പോകുന്നത്. അങ്ങനെയാണ് അമ്പലമുക്കിലെ ഓമന ഡാനിയൽ എന്ന സ്ത്രീയുടെ വീട്ടിലും ജോലിക്ക് പോകുന്നത്. മൂന്ന് ദിവസം വട്ടിയൂർക്കാവിലെ ഒരു വീട്ടിലും മൂന്ന് ദിവസം ഓമന ഡാനിയലിന്റെ വീട്ടിലുമായാണ് പണിക്ക് പോകേണ്ടിയിരുന്നത്. അങ്ങനെ മൂന്ന് ദിവസം അവിടെയും ഇവിടെയുമായി ജോലി ചെയ്തു.
ഏപ്രിൽ 23 ന് വട്ടിയൂർക്കാവിലെ ജോലി കഴിഞ്ഞ് എത്തി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിന്നും കോൾ വരുന്നത്. രാജീവ് വട്ടപ്പാറ എന്ന പോലീസുകാരനാണ് എന്നെ വിളിച്ചത്. എന്റെ പേരിൽ പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ സ്റ്റേഷനിലെത്തണമെന്നും പറഞ്ഞു. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് വരാൻ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ഓമന ഡാനിയലിന്റെ വീട്ടിൽ പണിക്ക് പോയതല്ലേയെന്നും അവർ നൽകിയ പരാതിയാണെന്നും പറയുന്നത്. ഞാൻ ഉടൻ തന്നെ ഓമന ഡാനിയലിനെ വിളിച്ച് കാര്യം അന്വേഷിച്ചു. എനിക്ക് നൽകാനുള്ള ശമ്പളം നൽകുന്നതിന് വേണ്ടിയാണ് വിളിച്ചതെന്ന് അവർ എന്നോട് നുണ പറയുകയായിരുന്നു. അതിന് ശേഷം വീണ്ടും പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു. ഓട്ടോയിൽ വരാൻ എന്റെ കൈയ്യിൽ കാശില്ലെന്ന് പറഞ്ഞപ്പോൾ അതെല്ലാം തങ്ങൾ നൽകാമെന്നും പെട്ടെന്ന് വരണമെന്നുമായിരുന്നു പോലീസ് പറഞ്ഞതെന്ന്’ ബിന്ദു പറയുന്നു.
‘ഞാൻ സ്റ്റേഷനിലെത്തിയപ്പോൾ ഓമന ഡാനിയലും മകളും പോലീസുമായി സംസാരിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയത് മുതൽ ഞാൻ അപമാനിക്കപ്പെടാൻ തുടങ്ങി. സ്റ്റേഷൻ എസ്. ഐ പ്രസാദ് തെറിവിളികളോടെയാണ് സംസാരം തുടങ്ങിയത് തന്നെ. ഓമനയുടെ രണ്ടര പവന്റെ സ്വർണമാല ഞാൻ എടുത്തുവെന്നും പറഞ്ഞ് പോലീസുകാർ എന്നെ ആക്രമിക്കുകയായിരുന്നു. മാലയെടുത്തത് ഞാൻ അല്ലെന്ന് കരഞ്ഞു പറഞ്ഞു. എൻ്റെ വീട്ടിൽ കഴിഞ്ഞ മൂന്ന് ദിവസം പണിക്ക് വന്നത് നീയാണെന്നും നീ തന്നെയാണ് മാല എടുത്തതെന്നും ഓമന ഡാനിയലും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എൻ്റെ വസ്ത്രം മുഴുവൻ അഴിച്ചാണ് വനിത പോലീസ് പരിശോധിച്ചത്. മൂന്ന് ദിവസം മുൻപ് കാണാതായ മാലയ്ക്ക് വേണ്ടി എന്തിനാണ് അവർ എൻ്റെ വസ്ത്രങ്ങളഴിപ്പിച്ചത്. എൻ്റെ കൈയ്യിൽ നിന്നും മാല കണ്ടെത്താനാകാതെ വന്നപ്പോൾ എന്നെ അന്വേഷണത്തിനായി എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴാണ് ഭർത്താവും കുട്ടികളും കാര്യമറിയുന്നത്. നാട്ടുകാരുടെ മുന്നിലും പോലീസുകാർ എന്നെ നാണംകെടുത്തി. വീട് മുഴുവൻ പരിശോധിച്ചിട്ടും മാല കണ്ടെത്താൻ പോലീസിനായില്ല. ഇവിടെ അവർക്ക് പരിശോധിക്കാൻ കൃത്യമായി ഒരിടം പോലുമില്ല. അതാണ് എന്റെ വീടിന്റെ അവസ്ഥ. എന്നെ കുറ്റക്കാരിയാക്കണമെന്ന് പോലീസിന് നിർബന്ധമായിരുന്നു. എന്നെ തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി മുഴുവൻ തെറി വിളിക്കുകയായിരുന്നു, വനിത പോലീസുകാർ ഇത് കേട്ട് ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ ഭർത്താവും കുട്ടികളും എന്റെ പിന്നാലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ അവർക്കെന്നെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.
രാത്രി ഒമ്പതര മുതൽ രാവിലെ മൂന്ന് വരെ പോലീസ് എന്നെ മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ഉപദ്രവിച്ചത്. എനിക്ക് വെള്ളമോ ആഹാരമോ ഒന്നും തന്നെ നൽകിയില്ല. എന്റെ ഭർത്താവ് ആഹാരവുമായി എത്തിയപ്പോൾ നീ അതൊന്നും വാങ്ങിനൽകണ്ടയെന്ന് പറഞ്ഞ് അപമാനിച്ച് വിടുകയാണ് പോലീസ് ചെയ്തത്. എന്നെ ഒന്ന് ഉറങ്ങാൻ പോലും അനുവദിച്ചില്ല. പോലീസുകാരുടെ കാലുപിടിച്ച് യാചിച്ചപ്പോഴാണ് ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചത്. ശുചിമുറിയിലെത്തി ബക്കറ്റിൽ ഞാൻ നോക്കി. അവിടെയും തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. രാത്രിയാണ് എഫ്ഐആർ എഴുതുന്നത് പോലും. അടുത്ത ദിവസം രാവിലെ എട്ട് മണിയായപ്പോൾ ഓമന എന്ന സ്ത്രീ പോലീസ് സ്റ്റേഷനിലെത്തി എസ്ഐയോട് എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു.
തുടർന്ന് എന്റെ ഭർത്താവ് സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ കുറ്റം സമ്മതിച്ചുവെന്നും മര്യാദയ്ക്ക് കഴിയണം അതിനാണ് കേസൊഴിവാക്കി വിടുന്നതെന്നും അറിയിച്ചു. പിന്നീട് വേറൊരു പോലീസുകാരനാണ് കളവ് പോയെന്ന് പറഞ്ഞ മാല അവരുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതായി ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ പിന്നോക്ക വിഭാഗമായത് കൊണ്ടും സമ്പത്ത് ഇല്ലാത്തത് കൊണ്ടും ഞങ്ങളെ എങ്ങനെ വേണമെങ്കിലും ഉപദ്രവിക്കാമെന്നാണോ ഈ സമൂഹം കരുതുന്നത്? ഞങ്ങൾക്കെതിരെ നടക്കുന്ന ഈ അനീതിക്ക് ഒരു അറുതി വരേണ്ടതാണ്. പേടിച്ചിട്ടാണ് സംഭവം നടന്ന് എട്ട് ദിവസമായിട്ടും പുറത്തുപറയാതിരുന്നത്. പിന്നീട് ഒരു വക്കീലിനെ കാണുകയും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് വീടിനടുത്തുള്ള ഒരാളുടെ സഹായത്തോടെയാണ് മാധ്യമങ്ങളെ വിവരം അറിയിക്കുന്നത്. എന്നാൽ മറ്റാരും ഞങ്ങളെ സഹായിക്കാമെന്ന് അറിയിച്ച് കൊണ്ട് വന്നിട്ടില്ല. ആരുമില്ലെങ്കിലും ഞങ്ങൾ മനുഷ്യത്വരഹിതമായ പോലീസിന്റെ ക്രൂരതെക്കെതിരെ പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്’, ബിന്ദു അഴിമുഖത്തോട് പറഞ്ഞു.
ദളിതനും ആദിവാസിയും പിന്നോക്കകാരനും സമൂഹത്തിൽ നേരിടേണ്ടി വരുന്ന ക്രൂരതയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ബിന്ദുവിന്റെ അനുഭവവും. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പേരൂർക്കട പോലീസിന്റെ ക്രൂരത പുറത്തറിയുന്നത്. വൈകാതെ വിഷയം ചർച്ചയാകുകയായിരുന്നു. സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Summary: dalit woman alleges harrasement from police station
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.