ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ, റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മകൾ ഇഷ ഡിയോൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 89 വയസ്സുകാരനായ നടൻ നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിൽ ആണെന്നും അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണ് എന്നും ഇഷ അറിയിച്ചു.
“അടിസ്ഥാനമില്ലാത്ത വാർത്തകൾ ആരും വിശ്വസിക്കരുത്. അച്ഛൻ സുഖമായിരിക്കുന്നു, അദ്ദേഹം ചികിത്സയിൽ തുടരുന്നു,” കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ പതിവായി സന്ദർശിക്കുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനുകളൊന്നും ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമ്മേന്ദ്ര കേവൽ കൃഷൻ ഡിയോൾ, 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആറ് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 300-ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. യാദോം കി ബാരാത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവോം മേരാ ദേശ്, ഘായൽ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടു.
1987-ൽ ഒരൊറ്റ വർഷം കൊണ്ട് ഏഴ് ബോക്സ് ഓഫീസ് ഹിറ്റുകൾ നേടി റെക്കോർഡിട്ട ഏക ഹിന്ദി നടനാണ് അദ്ദേഹം. നടി ഹേമമാലിനിയെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച് ദിലാവർ ഖാൻ എന്ന പേര് സ്വീകരിച്ചത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനകൾക്ക് 2012-ലാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹം, ഫാം ജീവിതത്തോടും ജൈവകൃഷിയോടുമുള്ള ഇഷ്ടം പങ്കുവെച്ചുകൊണ്ട് പുതിയ തലമുറയ്ക്കും ഏറെ പ്രിയങ്കരനായിരുന്നു.
content summary: Daughter Esha Deol Dismisses Rumors of Dharmendra’s Death
This post was last modified on November 11, 2025 10:34 am
Leave a Comment