അടൂരിന്‌റെ ആവശ്യത്തോടും അഭിപ്രായത്തോടും പൂര്‍ണമായും യോജിക്കാനാവില്ലെങ്കിലും ഡെലിഗേറ്റുകളുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് അടൂര്‍ പറഞ്ഞതിനെ ശരി വയ്‌ക്കേണ്ടി വരും.
2012ലെ 17ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ഡെലിഗേറ്റുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമായിരുന്നു. ഡെലിഗേറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട ധാരണ പരിശോധിക്കാന്‍ അടൂര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരം ചോദ്യാവലി ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രം ഡെലിഗേറ്റ് പാസ് നല്‍കിയാല്‍ മതി എന്നതടക്കുള്ള പരാമര്‍ശമാണ് ഏറ്റവും വിവാദമായത്. അടൂര്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതേസമയം പ്രസക്തമായ ചില കാര്യങ്ങളും ഇതിനിടയില്‍ അടൂര്‍ പറഞ്ഞിരുന്നു.
അക്കാഡമിക് സ്വഭാവത്തില്‍ നിന്ന് പോപ്പുലിസ്റ്റ് സ്വഭാവത്തിലേയ്ക്ക് വഴി തിരിയുന്ന ചലച്ചിത്രമേളകളുടെ നഷ്ടങ്ങളെ കുറിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ സമാപന ദിവസം അവസാനത്തെ ഓപ്പണ്‍ ഫോറത്തില്‍ അടൂര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. 9000 സീറ്റുള്ളിടത്ത് 13000 ഡെലിഗേറ്റുകള്‍ എങ്ങനെ ശരിയാവും എന്ന് അടൂര്‍ ചോദിച്ചു. ഡെലിഗേറ്റുകള്‍ നിലത്തിരിക്കേണ്ടി വരുന്നത് അവകാശലംഘനമാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. തീയറ്ററുകളുടെ എണ്ണം കൂടിയത് കൊണ്ട് പ്രയോജനമില്ല. സ്വയം ഹിറോ ചമയുന്നവരും സിനിമയെ ഗൗരവമായി കാണാന്‍ താല്‍പര്യമില്ലാത്തവരുമായ ചിലരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ അടുത്ത മേളകളില്‍ നിന്ന് വിലക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.
ലോകത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഐഎഫ്എഫ്കെയെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ ജനകീയ സ്വഭാവമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ടൊറന്റ് പോലുള്ളവയും സിനിമാ ലോകത്ത് നിന്ന് സാധാരണ ലോകത്തേയ്ക്കുള്ള ദൂരം വളരെയധികം കുറച്ചിരുന്നു. എലീറ്റ് പ്രേക്ഷക സമൂഹത്തേയും അത്തരം വേര്‍തിരിവുകളേയും ഐഎഫ്എഫ്കെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ലോകത്തെ എല്ലാ ചലച്ചിത്രമേളകള്‍ക്കും അതിന്റേതായ കച്ചവട സ്വഭാവമുണ്ട്. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പലപ്പോഴും ഒരു കാര്‍ണിവലിന്റെ സ്വഭാവമുണ്ട്. ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ ഐഎഫ്എഫ്കെ. ചലച്ചിത്രമേഖലയുമായി ബന്ധമില്ലാത്ത ഡെലിഗേറ്റുകള്‍ ഏറ്റവുമധികം എത്തുന്ന ചലച്ചിത്രോത്സവങ്ങളിലൊന്ന് ഒരുപക്ഷെ ഐഎഫ്എഫ്കെ ആയിരിക്കും. എന്നാല്‍ എത്രത്തോളം ഉത്തരവാദിത്തബോധത്തോടെയാണ് ഐഎഫ്എഫ്കെയെ ഡെലിഗേറ്റുകള്‍ സമീപിക്കുന്നത് എന്ന ചോദ്യമുണ്ട്. തീര്‍ത്തും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഡെലിഗേറ്റുകളുടെ ഭാഗത്ത് നിന്ന് പലപ്പോഴും ഉണ്ടാവുന്നതെന്ന് സംഘാടകര്‍ക്ക് പരാതിയുണ്ട്. ഇതില്‍ കാര്യവുമുണ്ട്.
2010ലെ ഐഎഫ്എഫ്കെയില്‍ ശ്യാമപ്രസാദിന്റെ ഇലക്ട്രയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷവും ഓര്‍ത്താല്‍ മതി. തീയറ്ററിന്റെ ചില്ലുകള്‍ ഡെലിഗേറ്റുകളുടെ പരാക്രമത്തില്‍ തകര്‍ന്നു. ഈ സിനിമ തീയറ്ററില്‍ പുറത്തിറങ്ങിയപ്പോള്‍ കാണാന്‍ ആളുണ്ടായില്ലെന്നത് വേറെ കാര്യം. ഇതില്‍ നിന്ന് തീയറ്ററുകള്‍ ആക്രമിക്കുന്ന ഡെലിഗേറ്റുകളുടെ മനോഭാവം വ്യക്തമാണ്. ഈ കപടനാട്യക്കാര്‍ ഡെലിഗേറ്റുകളില്‍ ചെറിയൊരു ശതമാനമായിരിക്കാം. പക്ഷെ അവര്‍ ഇത്തരം മേളകള്‍ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല. ഇത്തരത്തില്‍ മത്സരിച്ചും പരാക്രമം നടത്തിയും ഇടിച്ചുകയറിയും സിനിമ കണ്ട് ഈ ഡെലിഗേറ്റുകള്‍ എന്താണ് നേടുന്നത്.
ഇത്തവണ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈജീപ്ഷ്യന്‍ ചിത്രം ക്ലാഷുമായി ബന്ധപ്പെട്ട് കൈരളി തീയറ്ററില്‍ വലിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഷോ മാറ്റി വച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്ക് ആദ്യം സീറ്റ് നല്‍കിയതാണ് ഡെലിഗേറ്റുകളില്‍ ചിലരെ പ്രകോപിപ്പിച്ചത്. പല കാര്യങ്ങളിലും ഫ്യൂഡല്‍ മനോഭാവം അടൂരിനുണ്ടെങ്കിലും മലയാള സിനിമയുടെയും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെയും ചരിത്രത്തില്‍ അതുല്യമായ സ്ഥാനമുള്ള വ്യക്തിയാണ് അടൂര്‍. അന്താരാഷ്ട്ര തലത്തില്‍ മലയാള സിനിമയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി. അങ്ങനെയുള്ള അടൂരിനെ കൂക്കി വിളിച്ച് ഇറക്കിവിടുന്ന തരത്തിലേയ്ക്കുള്ള ബോധമില്ലായ്മയിലേയ്ക്കാണ് ഡെലിഗേറ്റുകള്‍ അധപ്പതിച്ചത്.
മദ്യപാനമായാലും ഐഎഫ്എഫ്കെയ്ക്ക് സിനിമ കാണലായാലും മലയാളികളില്‍ വലിയൊരു വിഭാഗത്തിന് ചില പ്രത്യേകതകളുണ്ട്. ആരോടോ ഉള്ള വാശി തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്ന പോലെ. സിനിമ കാണാനുളള താല്‍പര്യവുമായി എത്തുന്ന ഡെലിഗേറ്റുകള്‍ക്കൊപ്പം തന്നെ, പ്രശസ്തരെ കാണാനും അവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുമൊക്കെ ചലച്ചിത്രോത്സവത്തിനെത്തുന്നവരുണ്ട്. എ അയ്യപ്പന്റെ കവിതകളിലൂടെയും കൂട്ടായ്മകളിലൂടെയും കൂട്ട ഇരിപ്പിലൂടെയും ചര്‍ച്ചകളിലൂടേയും പ്രശസ്തമായ കൈരളിപ്പടവുകള്‍ മുതലുള്ള വിവിധ ഇടങ്ങളില്‍ പ്രതിഷേധത്തിന്റേയും പ്രകടനങ്ങളുടേയും നാട്യങ്ങളുടേയും വിവിധ ഭാവങ്ങള്‍ ഐഎഫ്എഫ്കെയില്‍ കാണുന്നതാണ്.
പലപ്പോഴും തീയറ്ററുകളില്‍ വോളണ്ടിയര്‍മാരുമായി ഡെലിഗേറ്റുകള്‍ സംഘര്‍ഷമുണ്ടാക്കി. ഒരു സിനിമ സമാധാനമായി ഇരുന്ന് കാണാനുള്ള ക്ഷമയില്ല. സിനിമ കാണാന്‍ വേണ്ടി ഓടിപ്പായുന്നു, തീയറ്ററുകളിലേയ്ക്ക് ഇടിച്ചുകയറുന്നു, വോളണ്ടിയര്‍മാരുമായി തല്ല് കൂടുന്നു. പൊതുവില്‍ നല്ല അഭിപ്രായമുള്ള സിനിമ കണ്ടില്ലെങ്കില്‍ എന്തോ അഭിമാനക്കുറവുണ്ടാകുന്നത് പോലെ. സിനിമ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം എഴുന്നേറ്റ് പോയി അടുത്ത സിനിമയ്ക്ക് തിരക്ക് കൂട്ടുന്നവരുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററിലിരുന്ന് അടുത്തിരിക്കുന്നയാളോട് കഥ ചോദിച്ച് മനസിലാക്കി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന പ്രേക്ഷകരുണ്ട്. കാര്യമായി സിനിമയൊന്നും കാണാതെ വെറുതെ കറങ്ങിനടക്കുന്നവരുമുണ്ട്. കാര്യം പേര് ഉത്സവമെന്നാണെങ്കിലും ഫെസ്റ്റിവല്‍ വേദികളെ വെറും പൂരപ്പറമ്പായി കാണുന്നവരാണ് കുഴപ്പമുണ്ടാക്കുന്നത്. അതേസമയം, ഓപ്പണ്‍ ഫോറത്തിലും സെമിനാറുകളിലും ചര്‍ച്ചകളിലും പൊതുവെ ഡെലിഗേറ്റുകളുടെ സാന്നിധ്യം കുറവാണ്. ഇത് ഓരോ വര്‍ഷവും കുറഞ്ഞ് വരികയും ചെയ്യുന്നു.
അടൂരിന്‌റെ ആവശ്യത്തോടും അഭിപ്രായത്തോടും പൂര്‍ണമായും യോജിക്കാനാവില്ലെങ്കിലും ഡെലിഗേറ്റുകളുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് അടൂര്‍ പറഞ്ഞതിനെ ശരി വയ്‌ക്കേണ്ടി വരും. സിനിമാ നിര്‍മ്മാണത്തിന് അല്ലെങ്കില്‍ മലയാള സിനിമയ്ക്ക് ഐഎഫ്എഫ്‌കെ എന്ത് സംഭാവന നല്‍കുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഡെലിഗേറ്റുകളില്‍ എത്ര ശതമാനത്തിനെ ഈ മേള സിനിമ നിര്‍മ്മാണത്തിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട് എന്ന ചോദ്യവുമുണ്ട്. മേളയോടും സിനിമയോടുമുള്ള ഈ ഉത്തരവാദിത്തരാഹിത്യം ഡെലിഗേറ്റുകളുടെ മാത്രം പ്രശ്‌നമല്ല. പ്രത്യേക പരിഗണന ലഭിക്കുന്ന പ്രിവിലേജ്ഡ് ക്ലാസിന്‌റേയും പ്രശ്‌നമാണ്.