സെൻട്രൽ ഡൽഹിയിലെ ഒരു പ്രമുഖ സ്കൂളിലെ 16 വയസ്സുകാരനായ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രംഗത്ത്. അധ്യാപകരുടെ പീഡനമാണ് മകനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ഡൽഹിയിലെ മെട്രോ സ്റ്റേഷനിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. കുട്ടിയുടെ കൈവശം നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്നോട് മോശമായി പെരുമാറിയ നാല് അധ്യാപകരെ പേരെടുത്ത് പറഞ്ഞ് പരാമർശിക്കുകയും ഇവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‘സോറി മമ്മി, ഞാൻ നിങ്ങളുടെ ഹൃദയം പലതവണ തകർത്തു, അവസാനമായി ഒരു തവണ കൂടെ ഞാനത് ചെയ്യുകയാണ്. എൻ്റെ സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്. ഞാൻ എന്തു ചെയ്യും?’ എന്നാണ് കുട്ടി ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തന്നെപ്പോലെ മറ്റൊരു വിദ്യാർത്ഥിക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും കുറിപ്പിൽ അവസാന ആഗ്രഹമായി രേഖപ്പെടുത്തിയിട്ടുണ്ട്.
‘കഴിഞ്ഞ ഒരു വർഷമായി എന്റെ മകനെ ചെറിയ കാര്യങ്ങൾക്ക് പോലും അധ്യാപകർ ശകാരിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഈ വിഷയം ഞങ്ങൾ അധ്യാപകരുമായി സംസാരിച്ചിട്ടും മാറ്റമൊന്നുമുണ്ടായില്ല,’ കുട്ടിയുടെ പിതാവ് പറയുന്നു. മികച്ച മാർക്ക് നേടാൻ അധ്യാപകർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. മകൻ ശ്രമിക്കുന്നുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അധ്യാപകർ അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു ദിവസമായി ഒരു അധ്യാപകൻ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.
സ്കൂളുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ശ്രമിച്ചപ്പോൾ, പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ഉപദേശം. അവന്റെ കണക്ക് നിലവാരം മോശമാണെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഷ്ടമല്ലെന്നും അവർ പറയും, പിതാവ് കൂട്ടിച്ചേർത്തു. പത്താം ക്ലാസ് കഴിഞ്ഞാൽ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ മാതാപിതാക്കൾ പദ്ധതിയിട്ടിരുന്നെങ്കിലും, ഇന്റേണൽ മാർക്കിലെ വിവേചനാധികാരം കാരണം ബോർഡ് പരീക്ഷ കഴിയുന്നത് വരെ തുടരാൻ അവനോട് ആവശ്യപ്പെടുകയായിരുന്നു.
ആത്മഹത്യ ചെയ്ത ദിവസം വിദ്യാർത്ഥി സ്റ്റേജിൽ നൃത്തപരിശീലനത്തിനിടെ ബോധരഹിതനായി വീഴുകയുണ്ടായി. എന്നാൽ, ഇത് വ്യാജമായി അഭിനയിച്ചതാണെന്ന് ആരോപിച്ച് അധ്യാപകർ കുട്ടിയെ പരസ്യമായി അപമാനിക്കുകയും രൂക്ഷമായി ശകാരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
കുട്ടി കരയാൻ തുടങ്ങിയപ്പോൾ, എത്ര വേണമെങ്കിലും കരഞ്ഞോളൂ, എനിക്കതൊരു പ്രശ്‌നമല്ല എന്ന് അധ്യാപകരിലൊരാൾ പരിഹസിച്ചതായും കുട്ടിയുടെ പിതാവ് എൻഡിടിവിയോട് വെളിപ്പെടുത്തി. അധ്യാപകരുടെ ഈ ക്രൂരമായ പെരുമാറ്റമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
content summary: Delhi teen’s family blames school over suicide at metro station
This post was last modified on November 20, 2025 4:51 pm
Leave a Comment