UPDATES

ട്രെന്‍ഡിങ്ങ്

നോട്ട് നിരോധനം: എന്തിനാണിങ്ങനെയൊരു പ്രതിപക്ഷം? എന്താണ് അവരുടെ താത്പര്യങ്ങള്‍?

കര്‍ഷക പ്രശ്‌നത്തില്‍ മറ്റ് പ്രതിപക്ഷ നേതാക്കളോട് ആലോചിക്കാതെ രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നടപടി പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി

                       

നോട്ട് നിരോധനം പോലെ രാജ്യത്തെ ഓരോ പൗരനെയും പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ച് അമ്പത് ദിവസം പൂര്‍ത്തിയാവുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍, നോട്ട് തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ട സമയം ഉടന്‍ അവസാനിക്കുകയാണ്. പക്ഷെ ജനങ്ങളുടെ പ്രത്യക്ഷ ദുരിതത്തിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. സാമ്പത്തികരംഗത്ത് ഉണ്ടാവാനിരിക്കുന്ന തിരിച്ചടികളുടെ കടുത്ത ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു. പക്ഷെ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഒരു ക്രിയാത്മക സമരവും ആവിഷ്‌കരിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കുന്നില്ല. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിമാത്രമുള്ള പ്രതിപക്ഷ കക്ഷികളുടെ ഇടുങ്ങിയ സമീപനങ്ങളാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങളില്‍ നിന്നു പോലും വലിയ പരിക്കില്ലാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുന്നത്.

രാജ്യത്തെ 125 കോടി ജനങ്ങളെ തീരുമാനം പ്രതികൂലമായി ബാധിക്കുകയും സാമ്പത്തികരംഗത്തെ മുന്നില്‍ നിന്നും നയിക്കേണ്ട ആര്‍ബിഐയും കേന്ദ്ര ധനകാര്യമന്ത്രാലയവും പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളിലൂടെ ആശയക്കുഴപ്പം ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന് ശേഷവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. വ്യക്തിപ്രഭാവം വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തം കക്ഷിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രതിപക്ഷകക്ഷി നേതാക്കന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കിടമത്സരം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ നോട്ട് നിരോധന നടപടിക്കെതിരെ പ്രതിപക്ഷ നിരയില്‍ ഐക്യം പ്രകടമായിരുന്നു. തീരുമാനത്തെ തുടക്കം മുതല്‍ അനുകൂലിച്ചിരുന്ന ജെഡി (യു) ഒഴികെയുള്ള മിക്ക പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്റിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഒറ്റക്കെട്ടായി നിന്നു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണോ എന്ന ആശയക്കുഴപ്പം, കര്‍ഷക പ്രശ്‌നത്തില്‍ മറ്റ് പ്രതിപക്ഷ നേതാക്കളോട് ആലോചിക്കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നടപടി തുടങ്ങിയവ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി. പ്രതിപക്ഷത്ത് അഭിപ്രായഭിന്നത ഉടലെടുത്തതോടെ ചര്‍ച്ചയ്ക്കും അനുരജ്ഞനത്തിനും സര്‍ക്കാര്‍ തയ്യാറാണ് എന്നൊരു പ്രതീതി പരത്താന്‍ എന്‍ഡിഎ കക്ഷികള്‍ക്ക് സാധിച്ചു.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സംയുക്തയോഗം വിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചത്. അതിനുശേഷം സംയുക്ത വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്നും ചര്‍ച്ചയിലെ അജണ്ടയെക്കുറിച്ച് അറിയില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം യോഗം ബഹിഷ്‌കരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതേ കാരണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ ജനതാദള്‍, ജെഡി(യു), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ കക്ഷികളും യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മുഖ്യശത്രുവായ മമത ബാനര്‍ജിക്ക് കിട്ടുന്ന അമിതപ്രാധാന്യമാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നതെന്നാണ് സൂചന.

രാജ്യത്തെ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിറുത്തി രക്ഷപെടാനും വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും ഭരണകക്ഷികള്‍ക്ക് സാധിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ ജനശബ്ദം പ്രതിഫലിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. അതുകൊണ്ടുതന്നെ സ്ഥാപിതലക്ഷ്യങ്ങള്‍ക്കപ്പുറം ജനവികാരമായിരിക്കണം അവരുടെ പ്രവര്‍ത്തനലക്ഷ്യവും.

 

Share on

മറ്റുവാര്‍ത്തകള്‍