June 06, 2026 |
Avatar
അമർനാഥ്‌
Share on

007 ന്റെ രക്ഷകനായ Q

ജെയിംസ് ബോണ്ടിന്റെ ടെക്‌നോ മാന്ത്രികനായിരുന്ന Q നെ അനശ്വരനാക്കിയ ഡെസ്മണ്ട് ലെവെലിന്‍ വിട പറഞ്ഞിട്ട് 25 വര്‍ഷം

ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ Q എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഡെസ്മണ്ട് ലെവെലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 19 ന് കാല്‍ നൂറ്റാണ്ട് തികയുന്നു.

007, ജെയിംസ് ബോണ്ടിന്, വയസ് എഴുപത്തൊന്നായെങ്കിലും നോവലിലൂടേയും ചലച്ചിത്രങ്ങളിലൂടേയും ലോകത്തെ ത്രസിപ്പിച്ച ബോണ്ടിന്റെ വീരസാഹസികതയ്ക്ക് ഇന്നും നിത്യയൗവനം. ഇന്റര്‍നെറ്റ് യുഗത്തിലും ഈ വീരനായകന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ബോണ്ട് ചലച്ചിത്രങ്ങളിലെ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് Q. ബോണ്ട് ചിത്രങ്ങളിലെ രസകരമായ, എന്നാല്‍ ഒന്നോ രണ്ടോ മാത്രം രംഗങ്ങളില്‍ പ്രതൃക്ഷപ്പെട്ട് Q വിനെ അനശ്വരമാക്കിയ വെയ്ല്‍സുകാരന്‍ നടന്‍ ഡെസ്മണ്ട് ലെവലിന്‍ ഓര്‍മയായിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്.Desmond Llewellyn, who immortalized the role of Q in the James Bond films

ജെയിംസ് ബോണ്ടിന്റെ ലണ്ടനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ MI-6ലെ ഗവേഷണ ശാലയിലെ സാങ്കേതികവിദ്യകളുടെ ഒരു മാന്ത്രികനാണ് ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച Q എന്നറിയപ്പെടുന്ന മേജര്‍ ബൂത്രോയിഡ്. സാഹസിക പോരാട്ടങ്ങളില്‍ ജെയിംസ് ബോണ്ട് മരണത്തിന് തൊട്ടടുത്തെത്തുമ്പോള്‍, 007 നെ രക്ഷപ്പെടുത്തുന്നത് ക്യു, സൂക്ഷ്മതയോടെ തന്റെ MI6ലെ ഗവേഷണ പരീക്ഷണശാലയില്‍ തയ്യാറാക്കി ബോണ്ടിന് നല്‍കിയ വാച്ചോ, ഒരു ബെല്‍ട്ട് ക്ലിപ്പോ, ഒരു സിഗരറ്റോ ആകാം. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ 007 എന്ന കഥാപാത്രം Q ഇല്ലാതെ പൂര്‍ണ്ണമാവുന്നില്ല.

71വര്‍ഷം മുന്‍പ്, 1953 ഏപ്രില്‍ 13ന് പുറത്തുവന്ന ഇയാന്‍ ഫ്‌ളെമിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ ‘കസിനോ റോയല്‍’ എന്ന നോവലിലാണ് ജെയിംസ് ബോണ്ട് എന്ന സീക്രട്ട് എജന്റ് കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് വന്‍ വിജയമായി. തുടര്‍ന്ന് ജെയിംസ് ബോണ്ട് 007 നായകനായി തുടര്‍ച്ചയായി 14 നോവലുകള്‍ പുറത്തുവന്നു. ലോകം കീഴടക്കിയ, കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ബോണ്ട് കഥകളുടെ ചലച്ചിത്രാവിഷ്‌ക്കരണങ്ങളും വന്‍ വിജയമായിരുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുതല്‍ വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോങ് യുന്‍ വരെ ജെയിംസ് ബോണ്ടിന്റെ ആരാധകരായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി കടുത്ത ബോണ്ട് ആരാധകനായിരുന്നു. വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തലേന്ന് കെന്നഡി കണ്ട സിനിമ ഒരു ബോണ്ട് ചിത്രമാണ് – ‘ഫ്രം റഷ്യ വിത്ത് ലൗ’.

Ian Fleming

ഇയാന്‍ ഫ്‌ളെമിംഗ്, ബോണ്ട് ചിത്രങ്ങളുടെ മുഖമുദ്രയായ , തോക്കിന്‍ കുഴല്‍ സീക്വന്‍സ്

ലോക ജനതയിലെ ഇരുപത് ശതമാനമെങ്കിലും ഒരു ബോണ്ട് ചിത്രമെങ്കിലും കണ്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. തങ്ങളുടെ വീര നായകന്റെ 70ാം ജന്മദിനം ആരാധകര്‍ കഴിഞ്ഞ വര്‍ഷം വന്‍ ആഘോഷമാക്കിയിരുന്നു. ഫ്‌ളെമിംഗിന്റെ നോവലുകളുടെ അവകാശം കയ്യാളുന്ന ഇയാന്‍ ഫ്‌ളെമിംഗ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ ഏപ്രിലില്‍ ബോണ്ടിന്റെ എല്ലാ നോവലുകളും പുനഃപ്രസിദ്ധീകരിച്ചു. വംശീയമായ പരാമര്‍ശങ്ങളും പദങ്ങളും ഒഴിവാക്കിയാണ് നോവലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തു വന്നത്.

1908ല്‍ ലണ്ടനില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ച ഇയാന്‍ ലങ്കാസ്റ്റര്‍ ഫ്‌ളെമിംഗ് എന്ന ഇയാന്‍ ഫ്‌ളെമിംഗ് പഠനത്തിന് ശേഷം റോയിട്ടേഴ്സില്‍ പത്രപ്രവര്‍ത്തകനായും പിന്നീട് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി ബ്രോക്കറായും ജോലി നോക്കി. ആഡംബര ജീവിത ശൈലിക്കാരനായിരുന്ന അയാള്‍ യാത്രകളും സാഹസികതയും എന്നും ഇഷ്ടപ്പെട്ടിരുന്നു.

1939ല്‍ ബ്രിട്ടീഷ് നേവല്‍ ഇന്റലിജെന്‍സിലെ രഹസ്യാന്വേഷകനായ റിയര്‍ അഡ്മിറല്‍ ജോണ്‍ ഗോഡ് ഫ്രൈയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ഫ്‌ളെമിംഗ് ജോലിയില്‍ പ്രവേശിച്ചു. രണ്ടാം മഹാലോക യുദ്ധത്തില്‍ 17 എ എന്ന രഹസ്യ നാമത്തില്‍ ബ്രിട്ടീഷ് ഇന്റലിജെന്‍സിന് വേണ്ടി ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച ഫ്‌ളെമിംഗ് അപ്പോഴേക്കും നേവല്‍ കമാന്‍ഡര്‍ പദവിയിലേക്ക് ഉയര്‍ന്നിരുന്നു.

1944-ല്‍ സുഹൃത്തായ റോബര്‍ട്ട് ഹാര്‍ളിങിനോടൊത്ത് വടക്കന്‍ ഫ്രാന്‍സില്‍ യാത്ര ചെയ്യവേ ഒരു സംഭാഷണമധ്യേയാണ് അത് സംഭവിച്ചത്. ഭാവി പദ്ധതികളെ പറ്റി സംസാരിക്കുകയായിരുന്നു ഇരുവരും. പെട്ടെന്ന് ഫ്‌ളെമിംഗ് പറഞ്ഞു ‘I am going to write the spy story to end all spy stories’. അര നൂറ്റാണ്ടായി ലോകത്തെമ്പാടുമുള്ള ആരാധകരെ രസിപ്പിച്ച ജെയിംസ് ബോണ്ട് എന്ന വീരനായകന്റെ തുടക്കം അതായിരുന്നു.

കരീബിയന്‍ ദ്വീപുകളിലെ കിങ്സ് ലീ പത്ര ഗ്രൂപ്പിന്റെ വിദേശകാര്യ ലേഖകനായി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ ഫ്‌ളെമിംഗ്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മനസ് യുദ്ധകാലത്ത് താന്‍ നടത്തിയ സാഹസികമായ ചാരവൃത്തിയിലെ നിറമാര്‍ന്ന സംഭവങ്ങള്‍ ക്രമത്തിലായി അടക്കിയെടുക്കുകയായിരുന്നു. 1952 ഫെബ്രുവരിയില്‍ ഫ്ളെമിങ് തന്റെ ആദ്യ നോവലായ ‘കസിനോ റോയല്‍’ എഴുതാനാരംഭിച്ചു. ഒറ്റയിരുപ്പിന് എഴുതിയത് 2000 വാക്കുകള്‍! ഒറ്റ മാസം കൊണ്ട് നോവല്‍ പൂര്‍ത്തിയാക്കി.’ അങ്ങനെ അവന്‍ ജനിച്ചു. ബോണ്ട് , ജെയിംസ് ബോണ്ട് – കൊല്ലാന്‍ അനുമതിയുള്ളവന്‍! Licence To Kill.

ബ്രിട്ടനിലെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് M-16 എന്ന പേരില്‍ അറിയപ്പെടുന്നു. അതിലെ ജെയിംസ് ബോണ്ടിന്റെ രഹസ്യ കോഡാണ് 007. ആദ്യ രണ്ട് പൂജ്യങ്ങള്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് കോഡും 7 എന്നത് ബോണ്ടിന്റെ നമ്പറുമാണ്. ലണ്ടനാണ് ബോണ്ടിന്റെ ആസ്ഥാനം. പക്ഷേ, തന്റെ ദൗത്യം പൂര്‍ത്തിയാക്കാനായി ലോകം മുഴുവന്‍ അയാള്‍ സഞ്ചരിക്കുന്നു. ലക്ഷ്യം നേടാന്‍ ഏത് മാര്‍ഗവും അയാള്‍ സ്വീകരിക്കും. സന്മാര്‍ഗ ജീവിത രീതിയൊന്നും അയാള്‍ക്കില്ല. ‘ലൈസന്‍സ് ടു കില്‍’ ഉള്ള ഒരു ആക്ഷന്‍ ഹീറോയാണയാള്‍.

Q Actors

ക്യു- കഥാപാത്രത്തെ അവതരിപ്പിച്ചവര്‍

Q എന്നത് ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്നതിന്റെ ചുരുക്ക രൂപമാണ്. പട്ടാളത്തില്‍ സപ്ലേ ഓഫീസര്‍ എന്നര്‍ത്ഥം. ബ്രിട്ടനിലെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് M16 ന്റെ ഗവേഷണ വികസന വകുപ്പ് Q ബ്രാഞ്ച് എന്ന അറിയപ്പെടുന്നു. അതിന്റെ തലവനാണ് മേജര്‍ ബൂത്രോയിഡ് അഥവാ Q എന്ന് വിളിക്കുന്ന കഥാപാത്രം.

ആദ്യത്തെ ബോണ്ട് ചിത്രത്തില്‍ പീറ്റര്‍ ബര്‍ട്ടണ്‍ എന്ന നടന്‍ അവതരിപ്പിച്ച Q അഥവാ മേജര്‍ ബുത്രോയിഡ് ഒരു സാധാരണ കഥാപാത്രത്തെ പോലെ സിനിമയില്‍ കടന്നു പോകുന്നു. അടുത്ത ബോണ്ട് ചിത്രമായ ‘ഫ്രം റഷ്യ വിത്ത് ലൗ’ല്‍ ഡെസ്മണ്ട് ലെവെലിന്‍ മേജര്‍ ബുത്രോയിഡ് ആയി വേഷമിട്ടതോടെ Q ശ്രദ്ധ നേടാന്‍ തുടങ്ങി. തുടര്‍ന്ന് ഫ്രം റഷ്യ വിത്ത് ലവ് (1963) മുതല്‍ ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999) വരെയുള്ള (1972 ല്‍ ഇറങ്ങിയ ലീവ് ആന്‍ഡ് ലെറ്റ് ഡൈ ഒഴികെ) 19 ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഡെസ്മണ്ട് ലെവെലിന്‍ തുടര്‍ച്ചയായ് Q ആയി വേഷമിട്ടു. ഡെസ്മണ്ട് ലെവെലിന്‍ ക്യുവിന് പുതിയൊരു മുഖം നല്‍കി. ഗൗരവക്കാരനും അത്ര സമയം നര്‍മ്മബോധം പുലര്‍ത്തുകയും ചെയ്യുന്ന ഒരാളാണ് ക്യു. ജെയിംസ് ബോണ്ടിന്റെ എല്ലാ ദൗത്യവും ആരംഭിക്കുന്നതിന് മുന്‍പ് ജെയിംസ് ബോണ്ട് Q. നെ സന്ദര്‍ശിക്കുന്നു. തനിക്കാവശ്യമുള്ള തോക്കും, ആധുനിക ഉപകരണങ്ങളും ബോണ്ടിന് നല്‍കുക ക്യു ആണ്.

ഒരു സ്‌കൂള്‍ മാസ്റ്ററെ പോലെ ക്യു ബോണ്ടിനെ തന്റെ ഗാഡ്‌ജെറ്റുകളുടെ സവിശേഷത പഠിപ്പിക്കുന്നു. അതൊരു മിസൈലുകള്‍ ഒളിപ്പിച്ച ഓസ്റ്റിന്‍ മാര്‍ട്ടിന്റെ പുതിയ കാറിനെ കുറിച്ചാകാം. ക്ലാസ് 4 ഗ്രനേഡ് ഉള്ളിലുള്ള ഒരു പേനയാകാം, ലേസര്‍ രശ്മികള്‍ പ്രവഹിക്കുന്ന റിസ്റ്റ് വാച്ചാകാം. എല്ലാം തന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ആധുനിക ഗാഡ്‌ജെറ്റുകളാണ്. ക്യു അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഈ ഗാഡ്‌ജെറ്റുകളെ ലാഘവത്തോടെ കാണുന്ന 007 ന്റെ മനോഭാവത്തില്‍ Q പലപ്പോഴും അസ്വസ്ഥനാണ്. അതിന്റെ പ്രതികരണമാണ് ബോണ്ട് ചിത്രങ്ങളിലെ ഏക്കാലത്തേയും പ്രസിദ്ധമായ ഡയലോഗായ Q പറയുന്ന തന്റെ ജോലിയെ കുറിച്ചുള്ളത്. ‘ I never Joke about my work,007’.

Gold Finger

ഗോള്‍ഡ് ഫിംഗര്‍

ഒരു ഗാഡ്ജെറ്റ് മാസ്റ്ററായും ടെക്‌നോ മാന്ത്രികനായും ക്യു MI6-ല്‍ സേവനമനുഷ്ഠിച്ചു, ബോണ്ടിന് ഉപയോഗിക്കാന്‍ വിലയേറിയ ഉപകരണങ്ങള്‍ സൃഷ്ടിച്ചു നല്‍കി. ബോണ്ടിന്റെ അശ്രദ്ധവും മോശവുമായ പെരുമാറ്റം കണ്ട് പലപ്പോഴും അദ്ദേഹം ഒരു സ്‌കൂള്‍ മാസ്റ്റര്‍, കുട്ടിയെ എന്ന പോലെ ബോണ്ടിനെ പരിഹസിക്കുന്നുണ്ട്, ക്യു ബ്രാഞ്ച് സാധാരണയായി ഒരു പരീക്ഷണശാലയാണ്., ബോണ്ട് അദേഹത്തെ സന്ദര്‍ശിക്കുമ്പോഴെല്ലാം പരീക്ഷണശാലയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിഹാസ്യമായ ഗാഡ്ജെറ്റുകളുടെ വൈവിധ്യവും പ്രവര്‍ത്തനവും കാണാം.

‘ഫ്രം റഷ്യ വിത്ത് ലൗ’ ല്‍ ആദ്യമായി Q ന്റെ വേഷത്തില്‍ പ്രതൃക്ഷപ്പെട്ട ഡെസ്മണ്ട് ലെവെലിന്‍ ബോണ്ടിന് ബ്രീഫ് കേസ് നല്‍കുന്നതാണ് ജെയിംസ് ബോണ്ടുമായുള്ള Qവിന്റെ ആദ്യത്തെ കൂടിക്കാഴ്ച. ബ്രീഫ് കേസില്‍ എറിയുന്ന കത്തി, കാന്ത നിര്‍മ്മിതമായ ടാല്‍ക്കം പൗഡറിന്റെ ടിന്നിന്റെ രൂപത്തില്‍ ഉള്ള ടിയര്‍-ഗ്യാസ് വെടിയുണ്ടകള്‍. ബ്രീഫ് കേസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് Q വിശദീകരിക്കുകയും അതിന്റെ സവിശേഷതകള്‍ ബോണ്ടിന് കാണിച്ചും കൊടുക്കുന്നു. ഇന്‍ഫ്രാറെഡ് സ്‌കോപ്പും .25 തിരകള്‍ ഉള്ള ഒരു Armalite AR-7 സര്‍വൈവല്‍ റൈഫിളും അതിലുണ്ട്.

60 വര്‍ഷം മുന്‍പ് പുറത്ത് വന്ന ‘ഗോള്‍ഡ് ഫിംഗര്‍’ (1964) എന്ന ബോണ്ട് ചിത്രത്തിലാണ് വൈവിധ്യമാര്‍ന്ന ഉയര്‍ന്ന സാങ്കേതിക വിദ്യയുമായി Q വിന്റെ വരവ്. ബോണ്ടും ക്യുവും തമ്മിലുള്ള കൂട്ടുകെട്ട് ശക്തിയാര്‍ജ്ജിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ബോണ്ടിന് പുതിയ കാറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5 നല്‍കുന്നു. ബുള്ളറ്റ് പ്രൂഫ് വിന്‍ഡോകള്‍, റിവോള്‍വിംഗ് നമ്പര്‍ പ്ലേറ്റുകള്‍, സ്‌മോക്ക് സ്‌ക്രീന്‍ പ്രൊജക്ടര്‍, ഇരട്ട ബ്രൗണിംഗ് മെഷീന്‍ ഗണ്ണുകള്‍ എന്നിവ പുതിയ കാറില്‍ DB5ല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആം റെസ്റ്റിന് കീഴില്‍ മറച്ചിരിക്കുന്ന ഒരു കൂട്ടം ട്രിഗര്‍ സ്വിച്ചുകളിലൂടെയാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും മികച്ച സവിശേഷതയും Q വെളിപ്പെടുത്തുന്നു- ഒരു പാസഞ്ചര്‍ എജക്റ്റര്‍ സീറ്റ്, ഗിയര്‍ സ്റ്റിക്കില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സ്വിച്ച് അമര്‍ത്തിയാല്‍ അപകടങ്ങളില്‍ സീറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ച് ബോണ്ടിന് രക്ഷപെടാം. ഇത് കേട്ട ബോണ്ട് പറയുന്നു, നിങ്ങള്‍ തമാശ പറയുകയാണോ?. ഗൗരവത്തോടെ, Q തന്റെ ഏറ്റവും പ്രശസ്തമായ മറുപടി നല്‍കുന്നു ‘ഞാന്‍ എന്റെ ജോലിയെക്കുറിച്ച് ഒരിക്കലും തമാശ പറയാറില്ല, 007.’

Q james bond

ബോണ്ട് ചിത്രമായ ‘ഗോള്‍ഡന്‍ ഐ’ ല്‍ (1995) ല്‍ പുതിയ കാറായ ബി.എം.ഡബ്ല്യു വിന്റെ സവിശേഷത, സ്റ്റിംഗര്‍ മിസൈല്‍ വരെ ഘടിപ്പിച്ച കാറിന്റെ പ്രത്യേകത ബോണ്ടിന് വിശദീകരിച്ച ശേഷം Q ഒരു മുന്നറിയിപ്പു പോലെ ബോണ്ടിനെ ഓര്‍മ്മപെടുത്തുന്നു; ‘ 007, You have licence to kill Not to break the traffic laws’.

Q അഭിനയിച്ച ഇത്തരം രംഗങ്ങള്‍ ബോണ്ട് സിനിമകളെ രസകരമാക്കുന്നതില്‍ നല്ല പങ്കു വഹിച്ചു.

‘ഗോള്‍ഡന്‍ ഐ’യില്‍ പരീക്ഷണ ശാലയില്‍ മേശപ്പുറത്ത് കണ്ട ഒരു വസ്തു എടുത്ത് നോക്കുന്ന ബോണ്ടിന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത് (Q കഴിക്കാന്‍ വെച്ച ഒരു ചീസ് ബര്‍ഗര്‍) Q ബോണ്ടിനോട് പറയുന്നു. .’ Don’t Touch that. Its my lunch ‘. ഏറെ പ്രേക്ഷക അഭിനന്ദനം നേടിയ നേടിയ ഒരു Q ഡയലോഗായിരുന്നു അത്. ‘ടുമാറോ നെവര്‍ ഡൈസ്’ (1997). ഹാംബര്‍ഗില്‍ വെച്ച് Q ഏറ്റവും അഭിമാനത്തോടെയാണ് മൊബൈല്‍ റിമോട്ട് നിയന്ത്രിത BMW 750 കാര്‍ ബോണ്ടിന് കൈമാറുന്നത്.

സാധാരണ Q ബോണ്ട് ചിത്രങ്ങളില്‍ 007നുമായുള്ള കൂടിക്കാഴ്ച രംഗം കഴിഞ്ഞാല്‍ ആ സിനിമയില്‍ പിന്നെ പ്രതൃക്ഷപ്പെടുക കുറവാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഒരിക്കലും മുഖം കാണിക്കാറില്ല. 1983 ല്‍ പുറത്ത് വന്ന ഇന്ത്യയില്‍ വെച്ച് ചിത്രീകരിച്ച എക ബോണ്ട് സിനിമയായ ഒക്ടോപസ്സിയില്‍ ചില രംഗങ്ങളില്‍ Q ആക്ഷനില്‍ മുഖം കാണിക്കുന്നുണ്ട്. അതിലെ അവസാന രംഗങ്ങളില്‍ ബോണ്ടിനെ സഹായിക്കാനെത്തുന്ന Q വലിയ എയര്‍ ബലൂണില്‍ വന്നിറങ്ങുന്നുണ്ട്.

Q -james Bond

1999 ല്‍ ‘ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ്’ല്‍ ബോണ്ടുമായുള്ള തന്റെ അവസാനത്തെ കൂടിക്കാഴ്ചയില്‍ തന്റെ പിന്‍ഗാമിയായ R നെ ബോണ്ടിനു പരിചയപ്പെടുത്തിയ Q തന്റെ വിരമിക്കല്‍ ബോണ്ടിനെ അറിയിച്ച ശേഷം താഴെക്ക് പോകുന്ന ലിഫ്റ്റില്‍ നിന്ന് തന്റെ അവസാന ഡയലോഗ് ബോണ്ടിനോട് പറയുന്നു;

Q; ‘ Now pay attention 007, I was always tried to teach you two things : first never let them see you bleed’.
Bond: ‘ And the second?’
Q: Always have a escape plan’.

36 വര്‍ഷം തുടര്‍ച്ചയായി ബോണ്ട് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായി Q വേഷം അഭിനയിച്ച ഡെസ്മണ്ട് ലെവെലിന്‍ അതോടെ ആ വേഷം അഴിച്ചു വെച്ചു. ‘ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് ‘ല്‍, തന്റെ 17 മത്തെ ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ഫ്രം റഷ്യ വിത്ത് ലവ് ല്‍ ഒരു ഇന്‍ഫ്രാറെഡ് സ്‌കോപ്പ് ബോണ്ടിന് നല്‍കി തുടങ്ങിയ Q പിന്നീട് ജിപിഎസ് ട്രാക്കിങ് ഉള്ള കാര്‍ വരെ തന്റെ പരീക്ഷണശാലയില്‍ നിര്‍മ്മിച്ച് ബോണ്ടിന് നല്‍കി. ലോകത്തില്‍ കണ്ടുപിടിക്കുന്ന, ഏറ്റവും നൂതന ടെക്‌നോളജിയും, ആധുനിക ഗാഡ്‌ജെറ്റുകളും ബോണ്ട് ചിത്രങ്ങളില്‍ Q പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു.

Jame Bond

കാർ നിയന്ത്രിക്കുന്ന മൊബൈൽ ഫോൺ, ലേസർ രശ്മി വരുന്ന ബോണ്ടിൻ്റെ വാച്ച്

വെയ്ല്‍സില്‍ നീ വില്‍ക്കിന്‍സണ്‍-ഐവര്‍ ലെവലിന്‍ ദമ്പതിമാരുടെ മകനായി ജനിച്ച ഡെസ്മണ്ടിന്റെ പിതാവ് കല്‍ക്കരി ഖനന എഞ്ചിനീയറായിരുന്നു, റാഡ്ലി കോളേജിലെ വിദ്യാഭ്യാസകാലത്ത് അദ്ദേഹം നാടകങ്ങളില്‍ അഭിനയിച്ചു. വിദ്യാഭ്യാസകാലത്ത്, ലെവെലിന്‍ ഒരു റഗ്ബി കളിക്കാരനെന്ന നിലയില്‍ പ്രശസ്തി നേടി. തന്റെ പിതാവിന്റെ എതിര്‍പ്പ് അവഗണിച്ച്, ലെവെലിന്‍ അഭിനയ ജീവിതം തുടരാന്‍ തീരുമാനിച്ചു. 1934-ല്‍ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ അംഗമായി. അടുത്ത വര്‍ഷം, ലെവെലിന്‍ തന്റെ ആദ്യ സിനിമ ‘ആസ്‌ക് എ പോലീസ്മാന്‍’ എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.

Tomorrow Never dies

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലെവെലിന്‍ റോയല്‍ വെല്‍ഷ് ഫ്യൂസിലിയേഴ്‌സില്‍ രണ്ടാം ലെഫ്റ്റനന്റായി ചേര്‍ന്നു. യുദ്ധകാലത്ത് തടവിലാക്കപ്പെട്ട അദ്ദേഹം 1945-ല്‍ സഖ്യസേന മോചിപ്പിക്കുന്നതുവരെ കോള്‍ഡിറ്റ്സില്‍ തടവിലായിരുന്നു. യുദ്ധാനന്തരം, ലെവെലിന്‍ ഒരു നടനെന്ന നിലയില്‍ തന്റെ കരിയര്‍ തുടര്‍ന്നു. 1948-ല്‍ ഒലിവിയറുടെ ഹാംലെറ്റ് എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ലോറന്‍സ് ഒലിവിയര്‍, വിവിയന്‍ ലീ എന്നിവരോടൊപ്പം അദ്ദേഹം സ്റ്റേജില്‍ അഭിനയിച്ചു. ലെവെലിന്‍ അല്‍പ്പകാലം ടെലിവിഷനില്‍ ജോലി ചെയ്തപ്പോള്‍ ഡോ. ജെക്കില്‍, മിസ്റ്റര്‍ ഹൈഡ് മിസ്റ്റര്‍ ഹൈഡിനെ അവതരിപ്പിച്ചു, കൂടാതെ ടിവി സീരീസായ മൈ വൈഫ് ജാക്വലിന്‍, ദി അഡ്വഞ്ചേഴ്‌സ് ഓഫ് റോബിന്‍ ഹുഡ്, ദി ഇന്‍വിസിബിള്‍ മാന്‍ എന്നിവയിലെ വേഷങ്ങളും ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. 1950-ല്‍, ടെറന്‍സ് യംഗ് സംവിധാനം ചെയ്ത ദേ വേര്‍ നോട്ട് ഡിവൈഡഡ് എന്ന സിനിമയില്‍ വെല്‍ഷ് ടാങ്ക് കമാന്‍ഡറായ ”77 ജോണ്‍സ്’ എന്ന കഥാപാത്രമായി ലെവെലിന്‍ തന്റെ യുദ്ധാനുഭവവും വെല്‍ഷ് പശ്ചാത്തലവും ഉപയോഗിച്ചു. 1950-കളില്‍, ദ ലാവെന്‍ഡര്‍ ഹില്‍ മോബ്, വാലി ഓഫ് സോംഗ്, എ നൈറ്റ് ടു റിമെമ്പര്‍, നൈറ്റ്‌സ് ഓഫ് ദ റൌണ്ട് ടേബിള്‍, വാള്‍ ഓഫ് ഷെര്‍വുഡ് ഫോറസ്റ്റ്, ദി കഴ്‌സ് ഓഫ് ദ വെര്‍വുള്‍ഫ് ദി 1961-ല്‍ തുടങ്ങിയ സിനിമകളില്‍ ലെവെലിന്‍ നിരവധി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും ബോണ്ട് ചിത്രങ്ങളോടെയാണ് അദ്ദേഹം എക്കാലത്തും പ്രസിദ്ധനായത്.

തന്റെ അവസാന ചിത്രമായ 1999-ല്‍ ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരു കാര്‍ അപകടത്തില്‍ ഡെസ്മണ്ട് ലെവെലിന്‍ മരിച്ചു. അദ്ദേഹത്തിന്റെ അഭാവം ബോണ്ട് ചിത്രങ്ങളില്‍ നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചു, ബോണ്ട് ചിത്രങ്ങളിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം Q വും, അഭിനയിച്ച ഡെസ്മണ്ട് ലെവെലിന്‍ ബോണ്ട് ചിത്രങ്ങളുടെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടനുമായിരുന്നു.  Desmond Llewellyn, who immortalized the role of Q in the James Bond films

Content Summary; Desmond Llewellyn, who immortalized the role of Q in the James Bond films

James Bond films Desmond Llewellyn the adventure of robin hood the invisible man movie news latest news 

Leave a Reply

Your email address will not be published. Required fields are marked *

×