ധർമസ്ഥല; പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ച് കർണാടക സർക്കാർ

കേസിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് സർക്കാർ

ഇന്ത്യയെ ഞെട്ടിച്ച ധർമസ്ഥലയിലെ കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി)
രൂപീകരിച്ച് കർണാടക സർക്കാർ. പാർട്ടിക്കകത്തും പുറത്തും നിന്നുള്ള വിവിധ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ഡി.​ജി.​പി ഡോ. ​പ്ര​ണ​ബ് മൊ​ഹ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗം ഡി.​ഐ.​ജി എം.​എ​ൻ. അ​നുഛേ​ദ്, സെ​ൻ​ട്ര​ൽ ആം​ഡ് റി​സ​ർ​വ് ഡി.​സി.​പി സൗ​മ്യ ല​ത, ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം എ​സ്.​പി ജി​തേ​ന്ദ്ര കു​മാ​ർ ദ​യാ​മ എ​ന്നി​വ​രാ​ണ് അന്വേഷണ സംഘത്തിലെ അം​ഗങ്ങളെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 17 ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സർക്കാരിനോട് ഒരു എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കേസിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡ, മുൻ ശുചീകരണ തൊഴിലാളിയും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്ന് ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

48 കാ​ര​നാ​യ മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 211 എ ​വ​കു​പ്പു​ചേ​ർ​ത്ത് 39/2025 എ​ന്ന ന​മ്പ​റി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കൂ​ട്ട​ക്കൊ​ല സം​ബ​ന്ധി​ച്ച വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

കേസിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ലൈം​ഗികാത്രിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായെന്ന ധർമസ്ഥല മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെയാണ് ധർമസ്ഥല കേസ് മാധ്യമശ്രദ്ധയാകർഷിച്ചത്. ഈ മാസം ആദ്യമാണ് ശുചീകരണ തൊഴിലാളി ധർമസ്ഥല പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ നിർബന്ധിച്ചുവെന്നും പോലീസിനെ സമീപിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

1995 മുതൽ 2014 വരെ നേത്രാവതി നദിയുടെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. 1998 മുതലാണ് അവിടെ വസ്ത്രമില്ലാത്ത സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം അവർ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് വിവരം സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു. എന്നാൽ സൂപ്പർവൈസർ ഇയാളെ മർദിക്കുകയും മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തതായി യുവാവ് വെളിപ്പെടുത്തിയിരുന്നു.

Content Summary: Dharmasthala burial case; Karnataka govt appoints special investigation team

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment