ധര്‍മ്മസ്ഥല: കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി

ഇതുവരെ 10 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്

കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പുതിയ സ്ഥലത്ത് നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

എസ്‌ഐടിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, താന്‍ ഭീഷണിപ്പെടുത്തപ്പെട്ടുവെന്നും ദക്ഷിണ കന്നഡ ജില്ലയിലെ നഗരത്തിലും പരിസരത്തും നിരവധി മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും ആരോപിക്കുന്ന വിസില്‍ബ്ലോവര്‍ ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെയും മനുഷ്യ അസ്ഥികളുടെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഇതുവരെ എസ്‌ഐടി 10 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ചത്തെ കണ്ടെത്തലോടെ അന്വേഷണത്തിനിടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്.

പശ്ചിമഘട്ടത്തിന്റെ താഴ്വരയിലുള്ള ധര്‍മ്മസ്ഥല, കര്‍ണാടകയിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിന്റെ ആസ്ഥാനമാണ്. നഗരത്തില്‍ രണ്ട് പതിറ്റാണ്ടായി കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്‌കാരം എന്നിവ നടന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. മുന്‍ ശുചീകരണ തൊഴിലാളിയായ ഒരു വിസില്‍ബ്ലോവര്‍, താന്‍ മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലങ്ങളെല്ലാം വനപ്രദേശങ്ങളാണ്.

ജൂലൈ 31-ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ച ആറാമത്തെ സ്ഥലത്ത് നിന്നും ഒരു തലയോട്ടിയുടെ ഭാഗവും അസ്ഥികഷണങ്ങളും സംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മസ്ഥല പട്ടണത്തിന് സമീപം നേത്രാവതി നദിയുടെ തീരത്തായിരുന്നു ഇത്. ജൂലൈ 29 മുതല്‍ വിവിധ സ്ഥലങ്ങളില്‍ എസ്‌ഐടി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയാണ്. കണ്ടെടുത്ത അസ്ഥികൂടങ്ങളുടെയെല്ലാം പ്രായം, ലിംഗഭേദം, മരണകാരണം എന്നിവ നിര്‍ണ്ണയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ദക്ഷിണ കന്നഡ ജില്ലയിലെ ഒരു സാമൂഹിക പ്രവര്‍ത്തകനും താമസക്കാരനുമായ ജയന്ത് ടി, 2002-2003 കാലഘട്ടത്തില്‍ ഒരു യുവതിയുടെ മൃതദേഹം പോലീസ് നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്‌കരിക്കുന്നത് താന്‍ കണ്ടുവെന്ന് ആരോപിച്ച് എസ്‌ഐടിക്ക് മുന്നില്‍ കഴിഞ്ഞദിവസം പരാതി നല്‍കി.

സംസ്ഥാനപാത 37-ലെ വനത്തിന് സമീപം ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും പോലീസിനെ വിവരമറിയിച്ചെന്നും ജയന്ത് പറഞ്ഞു. സംഭവത്തില്‍ കേസോ, പോസ്റ്റുമോര്‍ട്ടമോ നടത്താതെ ഒരാഴ്ചയ്ക്ക് ശേഷം പോലീസ് മൃതദേഹം വനത്തില്‍ സംസ്‌കരിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ജയന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ: ‘ഈ കേസിന് മൂന്ന് നാല് ദൃക്സാക്ഷികളുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നതില്‍ അവരും പങ്കെടുത്തു. കൂടാതെ, മൃതദേഹം കണ്ടെത്തിയ ശേഷം പോലീസിനെ വിവരമറിയിച്ച ഓട്ടോറിക്ഷ ഡ്രൈവറെയും എനിക്കറിയാം,’ അദ്ദേഹം പറഞ്ഞു.

ബെല്‍ത്തങ്ങാടി പോലീസ് രേഖകളില്‍ നിന്ന് തിരുത്തപ്പെട്ടതോ കാണാതായതോ ആയ രേഖകള്‍ വെല്ലുവിളിയായി നില്‍ക്കുമ്പോഴും, 1995-2014 കാലയളവിലെ അസ്വാഭാവിക മരണ റിപ്പോര്‍ട്ടുകള്‍ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. നിര്‍ണ്ണായക തെളിവുകള്‍ സംരക്ഷിക്കാനുള്ള എസ്‌ഐടി മേധാവി പ്രണബ് മൊഹന്തിയുടെ നിര്‍ദ്ദേശം അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

പുതിയ കണ്ടെത്തലുകള്‍ പ്രകാരം, അന്വേഷണം കര്‍ശനമായ രഹസ്യാത്മകതയോടെ തുടരുകയാണ്. കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ എസ്‌ഐടി ഹെല്‍പ്പ് ലൈനും ഒരു ചെറിയ ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ ധര്‍മ്മസ്ഥലയില്‍ നിന്നും കഴിഞ്ഞദിവസം കണ്ടെത്തിയ അസ്ഥി പുരുഷന്റേതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. അധികം പഴക്കമില്ലാത്ത മൃതദേഹമാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. മൃതദേഹത്തിന്റെ അടുത്ത് മുണ്ടും ഷര്‍ട്ടും കയറും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. Dharmasthala: Claim of a girl’s burial emerges

Content Summary: Dharmasthala: Saree remains also found

This post was last modified on August 5, 2025 12:35 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment