‘ഹാറ്റസ് ഓഫ് ഡിക്കി’ ഡിക്കി ബേര്‍ഡ് – വിട

കളിക്കാരും കാണികളും ഒരേപോലെ ബഹുമാനിച്ച അമ്പയര്‍

Dickie Bird was a highly respected umpire in world cricket

ലോകക്രിക്കറ്റിലെ ഏറ്റവും മാന്യനായ, കൃത്യതയുള്ള, കളിക്കാരും കാണികളും ഒരേപോലെ ബഹുമാനിച്ച അമ്പയറായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇംഗ്ലണ്ടിലെ ഡിക്കി ബേര്‍ഡ്.

അമ്പതുവര്‍ഷം മുന്‍പാണ്, 1975 ജൂണ്‍ 21 ലെ സായാഹ്നത്തില്‍ ക്രിക്കറ്റിന്റെ മെക്കയായ ലണ്ടനിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ചൂട് പിടിച്ച് അവസാന നിമിഷങ്ങളിലേക്ക് എത്തി. 1975 ലെ ആദ്യത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് കളി കാണുന്ന കാണികളും ഗ്രൗണ്ടിലെ കളിക്കാരും ഒരേപോലെ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. 17 റണ്‍സ് നേടിയാല്‍ ഓസ്‌ട്രേലിയയ്ക്ക് ക്രിക്കറ്റ് ലോക കിരീടം നേടാം അവസാനത്തെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരായ, വാലറ്റക്കാരായ ലോകത്തിലെ ഏറ്റവും വേഗയാര്‍ന്ന ഫാസ്റ്റ് ബൗളര്‍ ജെഫ് തോംസണും, എക്കാലത്തെയും മികച്ച ബോളറായി അറിയപ്പെടുന്ന ഡെന്നീസ് ലില്ലിയും വിട്ടുകൊടുക്കാതെ പൊരുതി. ആന്‍ഡി റോബര്‍ട്‌സിനെ രണ്ട് ഫോറടിച്ച തോംസണ്‍ ഓസ്‌ട്രേലിയയെ വിജയത്തിനടുത്ത് എത്തിച്ചു.

അതിനിടെ തോംസണ്‍ ഹോള്‍ഡറുടെ പന്ത് ഉയര്‍ത്തി അടിച്ചത് റോയ് ഫെഡറിക്കിന്റെ കയ്യില്‍ ഒരു ക്യാച്ചായി ഒരുങ്ങി. പക്ഷേ, അത് അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നു. ഓസ്ട്രിയ ഓള്‍ ഔട്ടായി, വിന്‍ഡീസ് ജയിച്ചു, കളി അവസാനിച്ചു എന്ന ധാരണയില്‍ ലോഡ്സിലെ കാണികള്‍ മൈതാനത്തേക്ക് പ്രവഹിച്ചു. കളിക്കാര്‍ കാണികളാല്‍ മൂടപ്പെട്ടു.

തൻ്റെ പ്രതിമക്കരികിൽ ഡിക്കി ബേർഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും പ്രഗത്ഭനായ അമ്പയര്‍ എന്നറിയപ്പെട്ട ഡിക്കി ബേര്‍ഡായിരുന്നു ആ കളി നിയന്ത്രിച്ചിരുന്ന ഒരാള്‍. ഹോള്‍ഡറുടെ പന്ത് നോബോള്‍ വിളിച്ചതും ഡിക്കി ബേര്‍ഡായിരുന്നു. അദ്ദേഹം തന്റെ സഹ അമ്പയറായ ടോം സ്‌പെന്‍സറോടൊപ്പം ചേര്‍ന്ന് കളി നിറുത്തി വെയ്പ്പിച്ചു. അതിനിടെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണിനായി ഓടിയിരുന്നു. കാണികള്‍ ഗ്രൗണ്ട് കയറിയതിനാല്‍ എത്ര റണ്‍സ് അവരെടുത്തു എന്നത് വ്യക്തമല്ലായിരുന്നു. ഒടുവില്‍ ഡിക്കി ബേര്‍ഡ് 3 റണ്‍സ് എന്ന് അത് നിശ്ചയിച്ചു.

ഗ്രൗണ്ട് നിയന്ത്രണാധീനമായ ശേഷമാണ് പിന്നീട് കളി വീണ്ടും ആരംഭിച്ചത്. വെര്‍ബര്‍ ഹോള്‍ഡറുടെ ഒരു പന്ത് തട്ടി റണ്ണിനോടാന്‍ ശ്രമിച്ച തോംസണെ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഡെറിക് മറെ പന്ത് പിടിച്ചെടുത്ത് വിക്കറ്റിന് എറിഞ്ഞ് തോംസണെ റണ്‍ ഔട്ടാക്കി. ലെഗില്‍ നിന്നിരുന്ന അമ്പയര്‍ ഡിക്കി ബേര്‍ഡ് ഔട്ട് വിളിച്ചപ്പോള്‍ 8 പന്ത് ബാക്കിയിരിക്കെ 17 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് മത്സരം ജയിച്ചു.! വിന്‍ഡീസ് ലോക കിരീടമണിഞ്ഞ് ജേതാക്കളായി. അപ്പോള്‍ആഹ്ലാദഭരിതരായ വിന്‍ഡീസ് കാണികളടക്കമുള്ള ജനക്കൂട്ടം മൈതാനത്തേക്ക് ഇരച്ചുകയറി.

ജൂണ്‍ 21 ന് ലോഡ്‌സിലെ പവലിയനില്‍ നിന്ന് വെസ്റ്റ് ഇന്ത്യന്‍ നായകന്‍ ക്ലെവ് ലോയ്ഡ് ഫിലിപ്പ് രാജകുമാരന്റെ കൈകളില്‍ നിന്ന് വാങ്ങിയ ആദ്യത്തെ ഏകദിന കിരീടം പ്രെഡഷ്യല്‍ കപ്പ് ഉയര്‍ത്തി. ക്രിക്കറ്റിലെ അപ്രമാദിത്വം വെസ്റ്റ് ഇന്‍ഡീസ് ഉറപ്പിച്ച ഫൈനലായിരുന്നു അത്.

ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ഏറ്റവും മികച്ച കളിക്കാര്‍, മികച്ച ഗെയിം ‘ആദ്യത്തെ ലോക കപ്പ് ഫൈനലിലെ അമ്പയറായ ഡിക്കി ബേര്‍ഡ് പിന്നീട് സ്മരിച്ചു.’ ആ രാത്രി മുഴുവനും എന്റെ മനസ്സ് ആ മത്സരത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു, മഹത്തരമായ ഒരു ക്രിക്കറ്റ് മാച്ചായിരുന്നു അത്. അദ്ദേഹം ഉജ്ജ്വലം എന്ന് വിശേഷിപ്പിച്ച ആ മത്സരത്തില്‍ ഡിക്കി ബേര്‍ഡിനെ ചെറുതായി അസ്വസ്ഥനാക്കിയ ഒരു സംഭവം നടന്നിരുന്നു. പിന്നീട് ഡിക്കി ബേര്‍ഡിന്റെ ഏറ്റവും പ്രശസ്തമായ ഒരു കഥയായി അത് മാറി.

ഫൈനലില്‍ അവസാന ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീണ് കളിയവസാനിച്ചപ്പോഴേക്കും വിന്‍ഡീസ് കാണികളടക്കമുള്ള ജനക്കൂട്ടം മൈതാനത്തേക്ക് ഇരച്ചുകയറി. ആ നിമിഷങ്ങളിലൊന്നില്‍ ഓടിയെത്തിയ ഒരു വിന്‍ഡീസ് ആരാധകന്‍ ഡിക്കി ബോര്‍ഡിന്റെ അടുത്തെത്തി തലയിലണിഞ്ഞ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തൊപ്പി പെട്ടെന്ന് തട്ടിയെടുത്ത് കൈക്കലാക്കി ഓടി ജനക്കൂട്ടത്തില്‍ മറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷം ലണ്ടനിലെ ഒരു ബസ്സില്‍ കയറിയ ഡിക്കി ബേര്‍ഡ് ബസ് കണ്ടക്ടറുടെ തലയില്‍ വെച്ചിരിക്കുന്ന തന്റെ പഴയ തൊപ്പി കണ്ട് അമ്പരന്നു. ഡിക്കി ബേര്‍ഡ് അതിനെക്കുറിച്ച് അയാളോട് ചോദിച്ചപ്പോള്‍, കണ്ടക്ടര്‍ ആവേശത്തോടെ മറുപടി പറഞ്ഞു, ‘എയ് മനുഷ്യാ, ഡിക്കി ബേര്‍ഡിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ഇത് അദ്ദേഹത്തിന്റെ തൊപ്പിയാണ് ‘ ലോകകപ്പ് ഫൈനലില്‍ ഞാന്‍ അത് അദ്ദേഹത്തിന്റെ തലയില്‍ നിന്ന് അടിച്ച് മാറ്റി. എന്നിട്ട് മൈതാനത്തിലെ ജനക്കൂട്ടത്തിനിടയില്‍ ഓടി മറഞ്ഞു’

1974 ലെ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ വിഖ്യാത ടെസ്റ്റ് പരമ്പരയില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടെസ്റ്റില്‍ അമ്പയറിംഗ് ചെയ്യുമ്പോള്‍ നോണ്‍ സ്റ്റെക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡിക്കി ബേര്‍ഡിന്റെ നേര്‍ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കര്‍ പെട്ടെന്ന് ക്രീസില്‍ അദ്ദേഹത്തിനടുത്തേക്ക് നടന്നുവന്നു. ഡിക്കി ആ സംഭവം ഓര്‍ക്കുന്നു.

‘ഒരു കത്രിക വേണം?’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ബാറ്റിംഗിനിടയിലെ ഈ അസാധാരണ ആവശ്യം കേട്ടപ്പോള്‍ ഞാന്‍ ആകാംക്ഷാഭരിതനായി. ഞാന്‍ അതിന്റെ ആവശ്യം ചോദിച്ചപ്പോള്‍ ലജ്ജയോടെ അദ്ദേഹം പറഞ്ഞു ‘ബാറ്റ് ചെയ്യുമ്പോള്‍ തലയിലെ മുന്‍വശത്തെ നീളമുള്ള മുടിച്ചുരുളുകള്‍ പറന്നു വീണ് ശല്യപ്പെടുത്തുന്നു’

പിന്നീട് ഞാന്‍ കത്രിക വരുത്തി അദ്ദേഹത്തിന്റെ ശല്യക്കാരനായ മുടിയിഴകള്‍ മുറിച്ച് നീക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അതോര്‍ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചറി ആ ഇന്നിംഗ്‌സിലായിരുന്നു.

ഡിക്കി ബേര്‍ഡിന്റെ ലോകക്രിക്കറ്റ് ലവന്‍ ടീമില്‍ ഇടം പിടിച്ച ബാറ്റ്‌സ്മാനായിരുന്നു സുനില്‍ ഗവാസ്‌കര്‍.
‘അപാരമായ കാഴ്ചശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ മേല്‍ ഒരിക്കലും ആധിപത്യം നേടാനായില്ല. അതുകൊണ്ടാണ് എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്’ ഡിക്കി ബേര്‍ഡ് തന്റെ ആത്മകഥയില്‍ എഴുതി.

ആത്മകഥ

അദ്ദേഹത്തിന്റെ അവസാനത്തെ ടെസ്റ്റ് മാച്ച് – 1987 ഓഗസ്റ്റില്‍ ലോഡ്‌സില്‍ നടന്ന റെസ്റ്റ് ഓഫ് ദി വേള്‍സും എം.സ്.സി യും തമ്മില്‍ നടന്ന മത്സരമായിരുന്നു. ആ 5 ദിനമാച്ചില്‍ അദ്ദേഹം ഉഗ്രന്‍ ബാറ്റിങ്ങിലൂടെ ഒരു മികച്ച സ്‌കോര്‍ നേടി 188 റണ്‍സ്! ഭാഗ്യവശാല്‍ ആ മത്സരത്തിലെ അമ്പയര്‍ ഞാനായതിനാല്‍ ആ ബാറ്റിംഗ് നേരിട്ട് കാണാന്‍ എനിക്ക് കഴിഞ്ഞു. എന്തൊരു മഹത്തായ വിരമിക്കല്‍!

1973 നും 1996 നും ഇടയില്‍ മൂന്ന് ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകള്‍ ഉള്‍പ്പെടെ 66 ടെസ്റ്റ് മത്സരങ്ങളിലും 69 ഏകദിന മത്സരങ്ങളിലും ഡിക്കി ബേര്‍ഡ് അമ്പയറായിരുന്നു. ഊഷ്മളതയും നര്‍മ്മവും നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കഴിവ് ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ അമ്പയര്‍മാരിലൊരാളാക്കി അദ്ദേഹത്തെ മാറ്റി. അദ്ദേഹത്തിന്റെ പെരുമാറ്റരീതികള്‍, – അദ്ദേഹത്തിന്റെ വെളുത്ത തൊപ്പി, കളിക്കളത്തിലെ സിഗ്‌നലുകള്‍ എന്നിവകളില്‍ വളരെ മതിപ്പുള്ള കാണികള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

1983 ജൂണ്‍ 25 ന് വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന ബാറ്റ്‌സ്മാന്‍ മൈക്കേല്‍ ഹോള്‍ഡിങ്ങ് അമര്‍ നാഥിന്റെ പന്തില്‍ എല്‍.ബി.ഡബ്ലിയു ഔട്ട് വിധിച്ച് ഡിക്കി ബേര്‍ഡിന്റെ കൈവിരല്‍ ഉയര്‍ന്നത് ഏത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയാണ് മറക്കുക ! ആ അമ്പയറെ ആരാണ് മറക്കുക ! ഇന്ത്യന്‍ ക്രിക്കറ്റിന്റെ വസന്തം ആരംഭിച്ച നിമിഷം ! അന്ന് ഇന്ത്യ ഏകദിന ലോക ചാമ്പ്യന്‍മാരായി ലോഡ്‌സില്‍ കപില്‍ പ്രൊഡഷ്യല്‍ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ആ മത്സരം നിയന്ത്രിച്ച ഡിക്കി ബേര്‍ഡിന്റെ മൂന്നാമത്തെ ലോകകപ്പ് ഫൈനലായിരുന്നു അത്. അവസാനത്തെയും.

1996 ല്‍ ലോര്‍ഡ്സില്‍ നടന്ന അദ്ദേഹത്തിന്റെ അവസാന ടെസ്റ്റില്‍, ഇംഗ്ലണ്ട്- ഇന്ത്യ കളിക്കാര്‍ എല്ലാവരും മൈതാനത്ത് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി, കാണികള്‍ അദ്ദേഹത്തിനെ എഴുന്നേറ്റ് നിന്ന് ആദരിച്ചു. ഒരു മികച്ച അമ്പയറിനുള്ള അപൂര്‍വവും ശ്രദ്ധേയവുമായ ആദരം. ആ മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പിന്നീട് മികച്ച ക്രിക്കറ്റ് താരങ്ങളായ രണ്ട് ഇന്ത്യന്‍ കളിക്കാര്‍, സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റവും നടത്തിയത് ഇതേ മാച്ചിലായിരുന്നു.

ആ വെളുത്ത രേഖയില്‍ (ക്രീസ്) എത്തുമ്പോള്‍ ‘മാത്രമേ എനിക്ക് നിയന്ത്രണമുണ്ടെന്ന് തോന്നുന്നുള്ളൂ,” ഡിക്കി ബേര്‍ഡ് ഒരിക്കല്‍ പറഞ്ഞു. തന്റെ കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച അമ്പയറായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു, തീരുമാനങ്ങളുടെ കൃത്യതയില്‍ നിന്നും നേടിയെടുത്ത ഒരു അംഗീകാരം എന്നും ഡിക്കി ബോര്‍ഡിനുണ്ടായിരുന്നു.

1983 ലോക കപ്പ് ഫൈനലിൽ ലോഡ്സിൽ സുനിൽ ഗവാസ്ക്കറും ഡിക്കി ബേർഡും

വിരമിച്ചപ്പോള്‍, ഡിക്കി ബേര്‍ഡിന്റെ ആത്മകഥ ”മൈ ഓട്ടോബയോഗ്രഫി’ (1997) ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട, (10 ലക്ഷം കോപ്പികള്‍) ഒരു ക്രിക്കറ്റ് ഐക്കണിന്റെ ഓര്‍മ്മക്കുറിപ്പായി മാറി. ഡിക്കിയുടെ ജന്മസ്ഥലമായ ബാര്‍ണ്‍സ്ലി ടൗണ്‍ സെന്ററില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചു,

ഡിക്കി ബേര്‍ഡ് അവിവാഹിതനായിരുന്നു. ക്രിക്കറ്റുമായി വിവാഹിതനാണ്, അദ്ദേഹം എപ്പോഴുംപറയും. ‘ക്രിക്കറ്റ് എന്റെ ഭാര്യയാണ്.’ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു തുടങ്ങി’

ഡിക്കി ബേര്‍ഡ് ക്രിക്കറ്റിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സേവനങ്ങള്‍ക്ക് 1986-ല്‍ MBE-യും 2012-ല്‍ OBE-യും നല്‍കി അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടു. 2014-ല്‍, യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ‘ഹരോള്‍ഡ് ഡെന്നീസ് ഡിക്കി ബേര്‍ഡ്, 92-ാം വയസ്സില്‍ വിട പറയുമ്പോള്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാന്യനായ അമ്പയര്‍മാരിലൊരാള്‍ കൂടിയാണ് ലോക ക്രിക്കറ്റിന് നഷ്ടമാവുന്നത്.

Content Summary: Dickie Bird was a highly respected umpire in world cricket

This post was last modified on September 24, 2025 8:25 pm

അമർനാഥ്‌:
Leave a Comment