ഇന്ത്യ ഉറി ഡാം തുറന്നു വിട്ടതോ? ഝലത്തിലെ വെള്ളപ്പൊക്ക ഭീഷണിയില്‍ പാക് അധിനിവേശ കശ്മീര്‍

ഇന്ത്യ 'ജല ഭീകരത' നടത്തുവെന്ന് പാകിസ്താന്‍ ആരോപണം

പാക് അധിനിവേശ കശ്മീരിനെ അപകടത്തിലാക്കി ഝലം നദിയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ചില പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ യാതൊരുവിധ പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. വെള്ളം തുറന്നു വിട്ടത് സ്ഥിരീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ജമ്മു കശ്മീരില്‍ ഉണ്ടായ കനത്ത മഴ പെയ്തിരുന്നു. അതുമൂലം ഡാമിലെ വെള്ളം തുറന്നു വിടാറുള്ള സാധാരണ നടപടിമാത്രമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

ശനിയാഴ്ച്ചയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഡാം തുറന്നതെന്നാണ് പാക് അധിനിവേശ കശ്മീരിലെ ഭരണകൂടം പറയുന്നത്. അപ്രതീക്ഷിതമായി നദിയില്‍ വെള്ളം ഉയര്‍ന്നതോടെ പാക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഹത്തിയാന്‍ ബാല ജില്ലയിലെ ജനങ്ങള്‍ ഭീതിയിലായി. നദീ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിപ്പോയെന്നാണ് വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വഷളായ ഇന്ത്യ-പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. പാകിസ്താന്‍ ഇന്ത്യക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിന്ധു നദീജല കരാറിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് പാകിസ്താന്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നത്.

26 മനുഷ്യ ജീവനെടുത്ത്, ഏപ്രില്‍ 23 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. നയതന്ത്രബന്ധങ്ങള്‍ ഓരോന്നായി ഇന്ത്യ വിച്ഛേദിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഉറി ഡാം തുറന്നുവെന്ന വാര്‍ത്തയും ഇതുമായി ബന്ധപ്പെട്ടാണ് ആരോപണത്തിന് കാരണമാകുന്നത്.

ഞങ്ങള്‍ക്ക് ആരും മുന്നറിയിപ്പ് തന്നില്ല. വെള്ളം കുതിച്ചെത്തുകയായിരുന്നു. ഞങ്ങളും ജീവനും ആകെയുള്ള സമ്പാദ്യങ്ങളും സംരക്ഷിക്കാന്‍ പാടുപെടുകയാണ്’ നദീതീര ഗ്രാമമായ ധുമെലില്‍ താമസിക്കുന്ന ഒരു പാക് അധിനിവേശ കശ്മീരിയായ മുഹമ്മദ് ആസിഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദിലും ചക്കോട്ടിയിലും അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി അധികൃതര്‍ മുന്നറിയിപ്പുകള്‍ നടത്തുന്നുണ്ട്. ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ച് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. വെള്ളം ഉയരുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെടുന്നത്.

ഇന്ത്യ ഝലം നദിയിലേക്ക് പതിവിലും കൂടുതല്‍ വെള്ളം തുറന്നുവിടുന്നതിനാല്‍, നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. അതിനാല്‍ ഝലം നദിയുടെ തീരത്ത് താമസിക്കുന്നവര്‍ അവിടെ നിന്നും മാറി സുരക്ഷിതമായ സ്ഥലത്തേക്ക് പോകണമെന്നാണ് മുസാഫിര്‍ബാദ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കൊഹാല, ധാല്‍കോട്ടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ കന്നുകാലികള്‍ ഒഴുകി പോവുകയും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിക്കുകയും ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

ഇന്ത്യ ‘ജല ഭീകരത’ യില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് പാക് അധിനിവേശ കശ്മീരിലെ സര്‍ക്കാര്‍ ആരോപിക്കുന്നത്. സിന്ധി നദീജല കരാറിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളെ സുരക്ഷിതരാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് തങ്ങളിപ്പോള്‍ ഉള്ളതെന്നും പിഒകെ ഭരണകൂടം പറയുന്നു. ഹത്തിയാന്‍ ബാലയില്‍ താത്കാലിക ഷെല്‍ട്ടറുകള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോവുകയോ, കന്നുകാലികളെ നദീതീരത്ത് മേയാന്‍ വിടുകയോ ചെയ്യരുതെന്നു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ പ്രതിസന്ധി കൈവിട്ടുപോവുകയാണെന്നും പിഒകെയിലെ ഡിസ്ട്രിക്ക് കമ്മീഷണറെ ഉദ്ധരിച്ചുള്ള വാര്‍ത്തകളും വരുന്നുണ്ട്.  Did India open the Uri Dam? Pakistan-occupied Kashmir struggles with flash floods due to sudden water release

Content Summary; Did India open the Uri Dam? Pakistan-occupied Kashmir struggles with flash floods due to sudden water release

 

This post was last modified on April 28, 2025 12:16 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment