സ്ത്രീകളെ നിശബ്ദരാക്കാനും നിയന്ത്രിക്കാനും ഡിജിറ്റല്‍ ആയുധം; ആഫ്രിക്കയില്‍ വര്‍ദ്ധിക്കുന്ന സൈബര്‍ ആക്രമണം

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയില്‍ കടുത്ത ആശങ്ക, മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യം

Digital violence in africa

ആഫ്രിക്കയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതൊരു അടിയന്തര സാഹചര്യമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും, മുപ്പത് വയസ്സില്‍ താഴെയുള്ളവരുടെ ജനസംഖ്യയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നതാണ് ലിംഗാധിഷ്ഠിത സൈബര്‍ ആക്രമണങ്ങള്‍ കൂടാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കാനും നിയന്ത്രിക്കാനും അക്രമികള്‍ക്ക് പുതിയ ഡിജിറ്റല്‍ ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്.

സബ്-സഹാറന്‍ ആഫ്രിക്കയിലെ 70 ശതമാനത്തിലധികം ജനങ്ങളും യുവാക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാകുന്നതോടെ സൈബര്‍ അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണെന്ന് സെക്ഷ്വല്‍ വയലന്‍സ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ആയിഷ മാഗോ പറയുന്നു. അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് 28 ശതമാനം സ്ത്രീകളും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാമൂഹിക ജീവിതത്തില്‍ നിന്നുള്ള പിന്‍വാങ്ങലിനും കാരണമാകുന്നു. എത്യോപ്യയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് പുരുഷന്മാര്‍ ആശയങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ അവരുടെ രൂപത്തിന്റെയോ സാമൂഹിക പദവിയുടെയോ പേരില്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നു എന്നാണ്. ഭീഷണി ഭയന്ന് നിരവധി സ്ത്രീകള്‍ക്ക് രാജ്യം വിടേണ്ടി വന്ന സാഹചര്യവുമുണ്ട്.

രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് പ്രധാനമായും ലക്ഷ്യം വെക്കപ്പെടുന്നത്. ആഫ്രിക്കയിലെ വനിതാ പാര്‍ലമെന്റംഗങ്ങളില്‍ 46 ശതമാനം പേരും സോഷ്യല്‍ മീഡിയ വഴി ലൈംഗിക അധിക്ഷേപങ്ങള്‍ക്കും വധഭീഷണികള്‍ക്കും ഇരയാകുന്നു. കെനിയയിലും ടുണീഷ്യയിലും വനിതാ രാഷ്ട്രീയ നേതാക്കളെ അപമാനിക്കാനും അവരുടെ വിശ്വാസ്യത തകര്‍ക്കാനും വ്യാപകമായ ഓണ്‍ലൈന്‍ കാമ്പെയ്നുകള്‍ നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരം ഉള്ളടക്കങ്ങള്‍ കാണുന്ന പുരുഷന്മാര്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനും അക്രമം പ്രവര്‍ത്തിക്കാനും രണ്ടര ഇരട്ടി കൂടുതല്‍ സാധ്യതയുണ്ടെന്നാണ്.

നിയമപരമായ പരിരക്ഷയുടെ അഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ആഫ്രിക്കയിലെ 17 ഓളം രാജ്യങ്ങള്‍ സൈബര്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പലതും ലിംഗാധിഷ്ഠിത അതിക്രമങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ഗാര്‍ഹിക പീഡന ഭേദഗതി നിയമം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ അധിക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ സ്ഥിതി മോശമാണ്. 2024-ല്‍ ആഫ്രിക്കന്‍ യൂണിയന്‍ പുറത്തിറക്കിയ കണ്‍വെന്‍ഷന്‍ പോലും അവകാശങ്ങള്‍ വ്യക്തമാക്കുന്നതില്‍ പരാജയമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡിജിറ്റല്‍ സാക്ഷരതയുടെ കുറവും നിയമം നടപ്പിലാക്കുന്നതിലെ വീഴ്ചയും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ലാഭത്തേക്കാള്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രാദേശിക ഭാഷകളിലും സംസ്‌കാരങ്ങളിലും നടക്കുന്ന അധിക്ഷേപങ്ങള്‍ തിരിച്ചറിയാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആയിഷ മാഗോ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വെറും സാങ്കല്‍പ്പികമല്ലെന്നും അവയ്ക്ക് ഗുരുതരമായ യഥാര്‍ത്ഥ ജീവിത പ്രത്യാഘാതങ്ങളുണ്ടെന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Summary: Digital violence in Africa against women and girls urgent action demanded for protection

This post was last modified on March 30, 2026 11:47 am

അഴിമുഖം ഡെസ്‌ക്:
Leave a Comment