അമേരിക്കയുടെ തടവിലാക്കപ്പെട്ട വെസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരേ പുതിയൊരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ഡൊണാള്‍ ട്രംപ്. തന്റെ നൃത്തച്ചുവടുകള്‍ മഡുറോ അനുകരിച്ചു എന്നാണ് ട്രംപിന്റെ ആരോപണം.
ഭീകരവാദവും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നേരിടുന്ന മഡുറോ, തന്റെ സിഗ്‌നേച്ചര്‍ നൃത്തമായ ഇടുപ്പ് ആട്ടലും കൈവീശലും അനുകരിച്ചിരുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് ചൊവ്വാഴ്ച ആരോപിച്ചത്. വാഷിംഗ്ടണില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു വെനസ്വേലയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അപമാനിക്കാനെന്നവണ്ണം ട്രംപ് ഇത്തരമൊരു ആരോപണം നടത്തിയത്.
‘അവന്‍ അവിടെ കയറിനിന്ന് എന്റെ നൃത്തം അല്പം അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്,’ ട്രംപ് യോഗത്തില്‍ പരിഹസിച്ചു.
‘യുദ്ധം വേണ്ട, സമാധാനം വേണം’ എന്ന തന്റെ മന്ത്രത്തിന്റെ ടെക്‌നോ റീമിക്‌സിനൊപ്പം മഡുറോ പൊതുവേദികളില്‍ നൃത്തം ചെയ്യാറുണ്ട്. സമീപകാലത്ത് മഡുറോ കാട്ടുന്ന ഇത്തരം ലാഘവത്വം കലര്‍ന്ന പ്രകടനങ്ങളാണ് അദ്ദേഹത്തെ പിടികൂടാനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനത്തിന് പിന്നിലെ ഒരു കാരണമെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
മഡുറോയുടെ മുന്‍ഗാമിയായിരുന്ന ഹ്യൂഗോ ഷാവേസും റാലികളില്‍ നൃത്തം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, യുഎസ് സൈനിക ശക്തിയെയും അധികാരം ഒഴിയണമെന്ന ആവശ്യത്തെയും മഡുറോ പരിഹസിക്കുകയാണെന്ന് ട്രംപിന്റെ സംഘം വിലയിരുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച നടന്ന സൈനിക നീക്കത്തിലൂടെയാണ് യുഎസ് സേന മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയത്. നിരവധി പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണം വെനസ്വേലന്‍ സര്‍ക്കാരിനെ ഞെട്ടിച്ചെങ്കിലും ഭരണം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിട്ടില്ല. മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ മഡുറോയെ കൂടുതല്‍ അപമാനിക്കാനാണ് ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍ ലക്ഷ്യമിടുന്നത്.
വാഷിംഗ്ടണിലെ ട്രംപ്-കെന്നഡി സെന്ററില്‍ സംസാരിക്കവേ, മഡുറോയ്‌ക്കെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങളും ട്രംപ് ഉന്നയിച്ചു. ‘അവന്‍ ഒരു അക്രമാസക്തനാണ്, ദശലക്ഷക്കണക്കിന് ആളുകളെ അവന്‍ കൊന്നു. അവര്‍ക്ക് കാരക്കാസിന്റെ മധ്യത്തില്‍ ഒരു പീഡനമുറിയുണ്ട്, അത് ഞങ്ങള്‍ ഇപ്പോള്‍ പൂട്ടുകയാണ്,’ ട്രംപ് പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തിന് അദ്ദേഹം കൂടുതല്‍ തെളിവുകളൊന്നും നല്‍കിയില്ല.
അതേസമയം, ട്രംപിന്റെ ‘ വൈംഎംസിഎ’ പാട്ടിനൊപ്പമുള്ള നൃത്തം പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അത് ഏറ്റെടുക്കാറുണ്ട്. എന്നാല്‍ തന്റെ നൃത്തം ‘പ്രസിഡന്റിന് യോജിച്ചതല്ല’ എന്ന് ഭാര്യ മെലാനിയ കരുതുന്നതായി ട്രംപ് വെളിപ്പെടുത്തി. ‘ഞാന്‍ നൃത്തം ചെയ്യുന്നത് അവള്‍ക്ക് ഇഷ്ടമല്ല. പക്ഷേ എല്ലാവര്‍ക്കും എന്റെ നൃത്തം കാണണമെന്നാണ് ഞാന്‍ അവളോട് പറഞ്ഞത്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Summary; US President Donald Trump accused, ousted Venezuelan leader Nicolás Maduro copying his famous dance move
This post was last modified on January 7, 2026 8:43 am
Leave a Comment