ഏറ്റവും അടുത്ത സുഹൃത്തായാണ് ബഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിക്കാറ്. മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ ഏറ്റവും ശക്തനായ സഖ്യകക്ഷിയായാണ് ഇസ്രയേലിനെ ട്രംപ് ഉയര്‍ത്തിക്കാണിക്കാറുമുള്ളത്. എന്നാല്‍ ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് താന്‍ അറിഞ്ഞത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്നല്ല, മറിച്ച് അമേരിക്കന്‍ സൈന്യത്തില്‍ നിന്നാണെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.
നേരത്തെ ഇറാനെതിരേ കാര്യമായ മുന്നറിയിപ്പൊന്നും ഇല്ലാതെ തുടങ്ങി ആക്രമണത്തിലും ട്രംപ് തന്റെ ‘ സുഹൃത്തിനോട്’ ആദ്യഘട്ടത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ നീക്കം മേഖലയില്‍ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഭയം യുഎസിനുണ്ടായിരുന്നു. 12 ദിവസത്തോളം നീണ്ടു നിന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പിന്നീട് ട്രംപ് ഇസ്രയേലിനൊപ്പം കക്ഷി ചേരുകയും ഇറാനില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തുവെങ്കിലും, അമേരിക്കയോട് കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു കൊണ്ടായിരുന്നില്ല ഇസ്രയേല്‍ ഇറാനെതിരേയുള്ള ആക്രമണം ആരംഭിച്ചത്. അത് തന്നെയാണ് ഇപ്പോള്‍ ഖത്തറിലും ചെയ്തിരിക്കുന്നത്.
ഖത്തറില്‍ ചൊവ്വാഴ്ച്ച നടത്തിയ ആക്രമണം പോലെ ശത്രുക്കളെ ലക്ഷ്യം വയ്ക്കാന്‍ ട്രംപുമായുള്ള ബന്ധം നെതന്യാഹു ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വാഷിംഗ്ടണിന് കാര്യമായ അറിയിപ്പ് നല്‍കാതെയാണ്, അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അവര്‍ ആക്രമണത്തിന് ഇറങ്ങുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വാഷിംഗ്ടണിനെ നീരസപ്പെടുത്തുന്ന പെരുമാറ്റമാണ് ഇസ്രയേലില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെങ്കിലും, ട്രംപ് അവരോട് ‘ ക്ഷമിക്കുക’യാണ്. ഇസ്രയേലിനെ ശാസിക്കാനോ ശിക്ഷിക്കാനോ ട്രംപ് ഇപ്പോള്‍ താത്പര്യം കാണിക്കുന്നില്ലെന്നും മാധ്യമ വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രയേലികള്‍ അമേരിക്കയെ വീണ്ടും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് ഖത്തര്‍ ആക്രമണത്തിന് ശേഷം ട്രംപ് വിമര്‍ശിച്ചത്. ഞാന്‍ അതില്‍ വളരെ നിരാശനാണ്, എല്ലാത്തരത്തിലും നിരാശനാണ്.ബന്ദികളെ മോചിപ്പിക്കണം, പക്ഷേ അതിന് ഇങ്ങനെയല്ല ചെയ്യേണ്ടതെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. യു.എസിന്റെ നിര്‍ദേശം അനുസരിക്കാതെയാണ് ഇസ്രയേല്‍ പ്രവര്‍ത്തിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഇത് അസ്വീകാര്യവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് അദ്ദേഹം കരുതുന്നു. പ്രത്യേകിച്ച് ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യം കണക്കിലെടുക്കുമ്പോള്‍. ഇസ്രയേലിന്റെ നടപടികള്‍ മോശമായി കൈകാര്യം ചെയ്യപ്പെട്ടുവെന്നും സുതാര്യതയുടെ അഭാവം ബന്ദികളുമായി ബന്ധപ്പെട്ട യുഎസ് താല്‍പ്പര്യങ്ങളെയും ശ്രമങ്ങളെയും ദുര്‍ബലപ്പെടുത്തിയെന്നും പ്രസിഡന്റ് വിശ്വസിക്കുന്നു.
ഖത്തര്‍ ആക്രമണം എങ്ങനെയാണ് താന്‍ അറിഞ്ഞതെന്ന കാര്യം ബുധനാഴ്ച്ച വിശദമായി പറയാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ തന്നിഷ്ടപ്രകാരമുള്ള നീക്കത്തില്‍ അദ്ദേഹം അസ്വസ്ഥനാണെങ്കിലും ആക്രമണത്തെ തള്ളിപ്പറയുന്നില്ല. അതേസമയം ഇക്കാര്യത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് ലോകത്തെ അറിയിക്കാനും ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനമായിരുന്നു, ഞാന്‍ സ്വന്തമായി എടുത്ത തീരുമാനമല്ല,” എന്നാണ് തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ ട്രംപ് എഴുതിയത്. ”പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണമാണ് നടന്നതെന്നാണ് ട്രംപ് എഴുതിയത്. സമാധാനത്തിന്റെ ഇടനിലക്കാരായി,വളരെ കഠിനാധ്വാനം ചെയ്തും ധൈര്യത്തോടെ റിസ്‌ക് എടുത്തും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്ന ഖത്തറില്‍ നെതന്യാഹൂ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ബോംബാക്രമണം ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നും ട്രംപ് ആരോപിക്കുന്നുണ്ട്. ഇസ്രയേലിനും ഹമാസിനും ഇടയില്‍ സമാധാന ചര്‍ച്ച നടത്തുന്ന രാജ്യമാണ് ഖത്തര്‍. അത്തരമൊരു സ്ഥലത്ത് തന്നെ ബോംബിട്ടതിലാണ് ട്രംപിന്റെ ആക്ഷേപം.
ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വളരെ വൈകിപ്പോയെന്നുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ആവകാശവാദം. ‘ഇനി ഇങ്ങനെയൊരു കാര്യം അവരുടെ മണ്ണില്‍ ഇനി സംഭവിക്കില്ലെന്ന്’ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനിക്ക് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു.
എങ്കില്‍ പോലും ഖത്തറിലെ ബോംബാക്രമണത്തിന്റെ പേരില്‍ ഇസ്രയേലിനെ തള്ളിപ്പറയാന്‍ ട്രംപ് തയ്യാറാകുന്നില്ല. തങ്ങളോട് ആലോചിക്കാതെ ചെയ്തതിലെ അസന്തുഷ്ടി മാത്രമാണ്. ഹമാസിനെ ലക്ഷ്യം വച്ചതുകൊണ്ട്, മറ്റൊരു പരമാധികാര രാഷ്ട്രത്തില്‍ കയറി നടത്തിയ അക്രമണം സാധൂകരിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ബാക്കിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാണ്. ‘എന്നിരുന്നാലും, ഗാസയില്‍ താമസിക്കുന്നവരുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്ത ഹമാസിനെ ഇല്ലാതാക്കുക എന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണ്’ എന്നായിരുന്നു ട്രംപ് എഴുതിയത്.
അതേസമയം ഹമാസ് അവകാശപ്പെടുന്നത്, ഇസ്രയേല്‍ ലക്ഷ്യമിട്ട തങ്ങളുടെ പ്രതിനിധി സംഘങ്ങളെ വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ്. പരിക്കുകളോടെ അവരെല്ലാം രക്ഷപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്. Donald Trump claims Israel made a unilateral decision to bomb Qatar.
Content Summary; Donald Trump claims Israel made a unilateral decision to bombing in Qatar.
This post was last modified on September 10, 2025 10:13 am
Leave a Comment