June 26, 2026 |
Share on

‘ക്യൂബ പിടിച്ചടക്കുക’; ട്രംപിന്റെ അടുത്ത ലക്ഷ്യം

‘ക്യൂബയെ കൈക്കലാക്കാന്‍ എനിക്ക് സാധിക്കും’ എന്നാണ് ട്രംപിന്റെ അവകാശവാദം

തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലോകത്തെ വീണ്ടും അസ്വസ്ഥനാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു അവകാശവാദം നടത്തിയത്. ക്യൂബയെ സ്വന്തമാക്കുന്നതിനെക്കുറിച്ചായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍. ‘ക്യൂബയെ കൈക്കലാക്കാനുള്ള ബഹുമതി എനിക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നാണ് ട്രംപ് പറഞ്ഞത്. ഏതെങ്കിലും രൂപത്തില്‍ ക്യൂബയെ പിടിച്ചടക്കുമെന്നാണ് അവകാശവാദം. എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാക്കാമോ എന്നനു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, ‘സത്യം പറയുകയാണെങ്കില്‍, എനിക്ക് വേണമെങ്കില്‍ ക്യൂബയെ മോചിപ്പിക്കാം അല്ലെങ്കില്‍ പിടിച്ചെടുക്കാം, എനിക്ക് ഇഷ്ടമുള്ളത് എന്തും അവിടെ ചെയ്യാം,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ അധികാരപരിധികളെ കുറിച്ച് അദ്ദേഹം വെട്ടിത്തുറന്നു പറയുകയാണ്. ഫിദല്‍ കാസ്ട്രോ അധികാരമേറ്റ ശേഷം 13 അമേരിക്കന്‍ പ്രസിഡന്റുമാര്‍ ക്യൂബയുമായി സങ്കീര്‍ണ്ണമായ ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കിലും, ആ രാജ്യത്തെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ ആരും ഇത്ര പരസ്യമായി സംസാരിച്ചിട്ടില്ല. ഈ വര്‍ഷം വെനസ്വേലയിലും ഇറാനിലും ട്രംപ് നടത്തിയ സൈനിക ഇടപെടലുകള്‍ പരിഗണിക്കുമ്പോള്‍, ഈ പ്രസ്താവന വെറുമൊരു തമാശയായി തള്ളിക്കളയാനുമാവില്ല.

വിദേശ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ട്രംപിന്റെ മൂന്നാമത്തെ ശ്രമമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് സംസാരിക്കവെ, ‘ക്യൂബയ്ക്ക് മുന്‍പ് ഇറാനെ ഞങ്ങള്‍ കൈകാര്യം ചെയ്യും’ എന്ന് അദ്ദേഹം തന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ക്യൂബയ്ക്ക് മേല്‍ അമേരിക്ക ശക്തമായ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനുവരി മുതല്‍ ദ്വീപിലേക്ക് ഇന്ധനവുമായെത്തുന്ന ടാങ്കറുകളെ അമേരിക്ക തടയുന്നുണ്ട്. ഇതോടെ ക്യൂബയില്‍ കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നു. കരിഞ്ചന്തയില്‍ ഗാലന് 35 ഡോളറാണ് പെട്രോള്‍ വില. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുകയും മരുന്നുകള്‍ക്കും ഭക്ഷണത്തിനും ക്ഷാമം നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യം ക്യൂബന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുകയാണെന്നും സമ്പദ്വ്യവസ്ഥ ഉടന്‍ തുറന്നുകൊടുക്കുമെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗുവേല്‍ ഡിയാസ് കാനല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഡിയാസ് കാനല്‍ അധികാരമൊഴിയണമെന്നതാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

അതേസമയം, തങ്ങളുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ക്യൂബയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും, വിദേശത്ത് താമസിക്കുന്ന ക്യൂബക്കാര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്ന നയപരമായ മാറ്റങ്ങള്‍ ക്യൂബന്‍ സാമ്പത്തിക വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വൈദ്യുതി തടസ്സം കാരണം ഈ സുപ്രധാന പ്രഖ്യാപനം ടെലിവിഷന് പകരം റേഡിയോയിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ട്രംപ്, ക്യൂബയിലെ വിനോദസഞ്ചാര സാധ്യതകളെയും ഭൂമിയെയും ഏറെ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. ക്യൂബ ഒരു മനോഹരമായ ദ്വീപാണെന്നും അവിടെ നിക്ഷേപത്തിന് നല്ല അവസരങ്ങളുണ്ടെന്നും അദ്ദേഹം മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്യൂബ ചുഴലിക്കാറ്റ് മേഖലയിലല്ല എന്ന അദ്ദേഹത്തിന്റെ വിചിത്രമായ പരാമര്‍ശം പരിഹാസങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ക്യൂബയെ അമേരിക്കന്‍ സ്വത്തായി കാണുന്ന ട്രംപ്, ‘ഇനി ഓരോ ആഴ്ചയും ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി അവര്‍ക്ക് നമ്മുടെ അടുത്ത് പണം ചോദിക്കേണ്ടി വരില്ല’ എന്നും പരിഹസിച്ചു.

Content Summary: Donald Trump claims he could take Cuba whenever he chooses, Trump signals he may intervene in Cuba following Venezuela and Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×