വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കുന്നതിനുള്ള ‘പ്രൊജക്റ്റ് ഫ്രീഡം’ (ഹോര്‍മുസില്‍ ട്രംപിന്റെ പ്രൊജക്ട് ഫ്രീഡം; വീണ്ടും യുദ്ധ ഭീതി) അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാവകാശം നല്‍കുന്നതിനാണ് ഈ നീക്കമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ തുറമുഖങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും, ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ കൈവരിച്ച വന്‍ വിജയവും കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സമ്പൂര്‍ണ്ണ സമാധാന കരാറിലേക്ക് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇറാന്റെ മേലുള്ള പ്രാഥമിക സൈനിക നടപടികള്‍ അമേരിക്ക പൂര്‍ത്തിയാക്കിയതായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സൈനിക വക്താക്കളും വ്യക്തമാക്കി. ‘എപിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടിയുടെ ആ ഘട്ടം അവസാനിച്ചതായി റൂബിയോ അറിയിച്ചു.
എന്നാല്‍, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ട്രംപ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കണമെന്നും റൂബിയോ മുന്നറിയിപ്പ് നല്കി. ചൈന സന്ദര്‍ശിക്കാനിരിക്കുന്ന ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോട് ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കാന്‍ ബീജിംഗ് ആവശ്യപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സിനു നേരെ ഇറാന് കഴിഞ്ഞ രണ്ട് ദിവസമായി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വാതക നീക്കം തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ധനവിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന സിവിലിയന്‍ കപ്പലുകളെയും നാവികരെയും സഹായിക്കുക എന്നതായിരുന്നു പ്രോജക്റ്റ് ഫ്രീഡത്തിന്റെ ലക്ഷ്യമെന്ന് റൂബിയോ വിശദീകരിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ സൈന്യം കടലിടുക്കില്‍ ഒരു പാത തുറക്കുകയും സുരക്ഷാ ഭീഷണി ഉയര്‍ത്തിയ ആറ് ഇറാനിയന്‍ ബോട്ടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ രണ്ട് സിവിലിയന്‍ ബോട്ടുകളാണ് തകര്‍ന്നതെന്നും അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നുമാണ് ഇറാന്റെ വാദം.
നിലവിലെ സാഹചര്യം അമേരിക്കയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമാണെന്നും എന്നാല്‍ തങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇറാന്റെ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പ്രതികരിച്ചു. നിലവില്‍ പാകിസ്ഥാന് വഴിയാണ് ഇറാനും അമേരിക്കയും സന്ദേശങ്ങള്‍ കൈമാറുന്നത്. മേഖലയില്‍ ഇറാന്റെ എണ്ണ വരുമാനം തടയുന്നതിനായി ഏപ്രില്‍ 13 മുതല്‍ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ നൂറിലധികം യുഎസ് യുദ്ധവിമാനങ്ങള്‍ ഹോര്‍മുസ് മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. സ്ഥിതിഗതികളില്‍ വ്യക്തത വരാത്തതിനാല്‍ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ലോകത്തെ വലിയ ഷിപ്പിംഗ് കമ്പനികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.
Content Summary: Trump said, he is pausing ‘Project Freedom’, the US effort to guide stranded vessels out of the strait of Hormuz.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.