ആവശ്യത്തിന് ഉപകരിച്ചില്ലെന്ന അരിശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറെ തുടര്‍ച്ചയായി പരിഹസിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതില്‍ ഏറ്റവും ചര്‍ച്ചയായത് ട്രംപിന്റെ ചര്‍ച്ചില്‍-സ്റ്റാര്‍മര്‍ താരതമ്യമായിരുന്നു. സ്റ്റാമര്‍ ‘വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെയല്ല’ എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരിഹാസം പക്ഷേ അമേരിക്ക-ബ്രിട്ടന്‍ ബന്ധത്തിലാണ് വിള്ളല്‍ വീഴ്ത്തുന്നത്.
ബ്രിട്ടനുമായുള്ള ബന്ധം പഴയതുപോലെയല്ലെന്നും സ്റ്റാമര്‍ തീരുമാനമെടുക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നുമാണ് ട്രംപിന്റെ ആക്ഷേപം. അമേരിക്കയുടെ സൈനിക നടപടിയുടെ നിയമസാധുതയെക്കുറിച്ച് സ്റ്റാമര്‍ പാര്‍ലമെന്റില്‍ സംശയം പ്രകടിപ്പിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രധാനമന്ത്രിയെ പരിഹസിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്നുമാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സങ്കീര്‍ണ്ണമായ സാഹചര്യത്തെ അതീവ ശാന്തതയോടും വ്യക്തമായ ലക്ഷ്യബോധത്തോടും കൂടിയാണ് സ്റ്റാമര്‍ കൈകാര്യം ചെയ്തതെന്നാണ് ട്രഷറി ചീഫ് സെക്രട്ടറി ജെയിംസ് മുറെ പറഞ്ഞത്.
ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപ് ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സ്റ്റാമര്‍ വൈകിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനെതിരെയുള്ള ആദ്യഘട്ട ആക്രമണങ്ങളില്‍ സഹായിക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതിനെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് ട്രംപ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.
ബ്രിട്ടീഷ് ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു ടൈംസ് റോഡിയോയോട് പ്രതികരിക്കവെ ജെയിംസ് മുറെ വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള ആക്രമണാത്മകമായ നീക്കങ്ങളില്‍ പങ്കുചേരേണ്ടതില്ലെന്ന തീരുമാനം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി എടുത്തതാണ്. എന്നാല്‍ ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കേണ്ട പ്രതിരോധപരമായ സാഹചര്യം വന്നപ്പോള്‍ രാജ്യം അതിനായി മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ നാറ്റോ കമാന്‍ഡര്‍ ജനറല്‍ സര്‍ റിച്ചാര്‍ഡ് ഷിറെഫും കീര്‍ സ്റ്റാമറുടെ നിലപാടിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. വ്യക്തമായ ലക്ഷ്യമോ അവസാനമോ ഇല്ലാത്ത ഒരു യുദ്ധത്തിലേക്ക് ബ്രിട്ടന്‍ എടുത്തുചാടരുത്. മുന്‍പ് ഇറാഖ് യുദ്ധത്തില്‍ സംഭവിച്ചതുപോലെ, കൃത്യമായ ധാരണയില്ലാതെ ഒരു അമേരിക്കന്‍ പ്രസിഡന്റ് തന്റെ താല്‍പ്പര്യപ്രകാരം തുടങ്ങിയ യുദ്ധമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം രാജ്യത്തിന് ശരിയെന്ന് തോന്നുന്ന കാര്യമാണ് ബ്രിട്ടന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യം ബ്രിട്ടനെ മറ്റുതരത്തിലാണ് ആകുലപ്പെടുത്തുന്നത്. ഇന്ധനവില രാജ്യത്തെ ബാധിക്കുമോ എന്നാണ് അവരുടെ പ്രധാന ആശങ്ക. ഗവണ്‍മെന്റ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എന്നാല്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ‘പ്രൈസ് ക്യാപ്’ വഴി ജനങ്ങള്‍ക്ക് ഊര്‍ജ്ജ ബില്ലുകളില്‍ കുറവ് അനുഭവപ്പെടുമെന്നുമാണ് ട്രഷറി സെക്രട്ടറി ജെയിംസ് മുറെ വിശ്വാസം പ്രകടിപ്പിക്കുന്നത്. ഇതിനിടെ, യുദ്ധം മൂലം ആഗോള സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്നും തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും പുതിയ സാമ്പത്തിക പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
ഒരിക്കലും തമ്മില്‍ ചേരാത്ത രണ്ട് പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു ട്രംപും സ്റ്റാര്‍മറും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ വക്തവായിരുന്നു സ്റ്റാര്‍മര്‍ എങ്കില്‍, ട്രംപ് റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നും റിയാലിറ്റി ടിവി ഷോകളിലൂടെയും രാഷ്ട്രീയത്തിലെത്തിയയാളാണ്. എന്നാല്‍ രണ്ടു പേര്‍ക്കുമിടയില്‍ അസാധാരണമായ നയതന്ത്ര ബന്ധം ഉടലെടുത്തിരുന്നു. ആ ബന്ധത്തിന് ഇപ്പോള്‍ വലിയ തോതിലുള്ള വിള്ളലുകള്‍ വീണിരിക്കുകയാണ്. തുടക്കത്തില്‍ പലരും അസാധ്യമെന്ന് കരുതിയ ഈ രാഷ്ട്രീയ കൂട്ടുകെട്ട്, കുറച്ചുകാലമെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായിട്ടാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമായി താരതമ്യം ചെയ്ത് ട്രംപ് പരസ്യമായി പരിഹസിച്ചതോടെ ഈ ബന്ധം അസുഖകരമായി മാറിയിരിക്കുകയാണ്.
ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ് ഹൗസിലെയും ഭരണാധികാരികളുടെ വ്യക്തിത്വത്തിനും രാഷ്ട്രീയത്തിനും അനുസരിച്ച് ബ്രിട്ടന്‍-അമേരിക്ക ബന്ധത്തില്‍ എന്നും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ട്രംപിന്റെ ഇതുപോലുള്ള പരിഹാസങ്ങള്‍ ചരിത്രപരമായ നയതന്ത്രബന്ധത്തെ തന്നെയാണ് പരിഹസിക്കുന്നത്.
ഏകദേശം 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേപോലൊരു മാര്‍ച്ചില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ‘പ്രത്യേക ബന്ധത്തെ’ കുറിച്ച് സംസാരിച്ചതിന്റെ പശ്ചാത്തലം രാഷ്ട്രീയ ചരിത്രകാരന്മാര്‍ ട്രംപിന്റെ ജല്‍പ്പനങ്ങളെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. 1946 മാര്‍ച്ച് അഞ്ചിന് ചര്‍ച്ചില്‍ നടത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗം സോവിയറ്റ് യൂണിയന്റെ ‘ ഇരുമ്പ് മറ’ യൂറോപ്പിനെ മൂടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. ശീതയുദ്ധത്തിന് തുടക്കമായി കണക്കാക്കപ്പെടുന്ന ഈ പ്രസംഗത്തില്‍ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും, അത് ഭാഷ, സംസ്‌കാരം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയാല്‍ കോര്‍ത്തിണക്കപ്പെട്ട സവിശേഷമായ ഒന്നാണെന്നുമായിരുന്നു ചര്‍ച്ചില്‍ അന്ന് പറഞ്ഞത്. ലോകസമാധാനത്തിന് ഈ രണ്ട് രാജ്യങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് തന്റെ വാക്കുകളിലൂടെ ചര്‍ച്ചില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ആ പാരമ്പര്യത്തെയാണ് ട്രംപ് തരംതാഴ്ന്ന വിലയിരുത്തലുകളിലൂടെ തകര്‍ക്കുന്നതെന്നാണ് വിമര്‍ശനം. മിനിറ്റുകള്‍ക്കുള്ളില്‍ നിലപാടുകളും കാഴ്ചപ്പാടുകളും മാറ്റാന്‍ മടിക്കാത്ത ഒരു പ്രസിഡന്റാണ് നിലവില്‍ അമേരിക്ക ഭരിക്കുന്നത് എന്നതുകൊണ്ടുതന്നെ, പതിറ്റാണ്ടുകളായുള്ള അന്താരാഷ്ട്ര ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ട്രംപിന്റെ ഈ പൊട്ടിത്തെറിയെ കാണാനെന്നും വിമര്‍ശകരും നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, അവരുടെ ലോകത്ത് ഈ ബന്ധം ഇപ്പോഴും ‘പ്രത്യേകമായ’ ഒന്നാണ്. ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതി അത്രമേല്‍ ആഴത്തിലുള്ളതാണ്. എന്നാല്‍ രാഷ്ട്രീയ ലോകത്ത് സ്ഥിതി അതല്ല; അവിടെ ബന്ധങ്ങള്‍ വളരുകയും തളരുകയും ചെയ്തുകൊണ്ടിരിക്കും. വിയറ്റ്‌നാം യുദ്ധത്തിലേക്ക് സൈന്യത്തെ അയക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദത്തെ ബ്രിട്ടന്‍ പ്രതിരോധിച്ച ചരിത്രവുമുണ്ട്. അത്തരം വലിയ തര്‍ക്കങ്ങള്‍ പോലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എന്നെന്നേക്കുമായി തകര്‍ത്തിട്ടില്ല എന്നതാണ് ആശ്വാസകരമായി കാണുന്നത്.
എങ്കിലും, ട്രംപിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്നതാണ്. ട്രംപുമായി മികച്ച ബന്ധം കൊണ്ടുപോകാനാണ് ഡൗണിംഗ് സ്ട്രീറ്റ് ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് നിരീക്ഷകര്‍ പറയുന്നു. ആറുമാസം മുന്‍പാണ് ട്രംപ് രണ്ടാമതും ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. ഗംഭീരമായ വിരുന്നുകളും പരസ്പരമുള്ള പുകഴ്ത്തലുകളും കൊണ്ട് നിറഞ്ഞതായിരുന്നു ആ കൂടിക്കാഴ്ച. അവിടെനിന്നാണ് കാര്യങ്ങള്‍ ഇപ്പോള്‍ ഇത്രയും വഷളായിരിക്കുന്നത്.
ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് പരസ്യമായി മറുപടി നല്‍കി തര്‍ക്കം വഷളാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറല്ലെങ്കിലും, അവരുടെ നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയും നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ചുമാണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിമാനപൂര്‍വ്വം പറയുന്നു. അമേരിക്കയുടെ ആദ്യഘട്ട ആക്രമണങ്ങളോട് ബ്രിട്ടീഷ് ജനതയ്ക്ക് താല്പര്യമില്ലെന്ന് തെളിയിക്കുന്ന പോളിംഗ് ഫലങ്ങളും സര്‍ക്കാരിന്റെ നിലപാടിന് കരുത്ത് പകരുന്നുണ്ട്.
മുന്‍കാല അനുഭവങ്ങള്‍ വച്ച് നോക്കിയാല്‍ ട്രംപുമായുള്ള ഈ പിണക്കം വൈകാതെ തന്നെ അവസാനിക്കാം. എങ്കിലും, നല്ല രീതിയില്‍ പോയ ബന്ധം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വലിയൊരു പ്രതിസന്ധിയിലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Content Summary: Donald Trump’s jibe that Keir Starmer is ‘no Winston Churchill’ reflects the current tension in the America-Britain special relationship
This post was last modified on March 5, 2026 7:16 am
Leave a Comment