June 13, 2026 |

കാവല്‍ മാലാഖയോ കള്ളപ്രവാചകനോ?

ചിലര്‍ക്ക്, ട്രംപ് അവരുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണ്; മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പും

”ദൈവമാണ് എന്റെ ജീവന്‍ രക്ഷിച്ചത്, നമ്മുടെ രാജ്യത്തെ രക്ഷിക്കാനും അമേരിക്കയെ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് വേണ്ടിയാണതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്’- വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രിയില്‍ ഫ്ളോറിഡയില്‍, ഒരു കടല്‍ പോലെ പാറിയ അമേരിക്കന്‍ പതാകകള്‍ക്കിടയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഗൗരവവും ആഹ്ലാദവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. ഈയൊരു പ്രസ്താവന ട്രംപിന്റെ രാഷ്ട്രീയംകൊണ്ട് കളിക്കുന്ന ഒരു സുപ്രധാന വിഷയത്തെ മുന്‍നിര്‍ത്തിയാണ്; വിശ്വാസം! ഒരു ദൈവിക ദൗത്യത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് മറ്റുള്ളവരില്‍ പതിപ്പിക്കുന്ന വിശ്വാസം. ഇത്തരം വാചാടോപങ്ങള്‍ ട്രംപിന്റെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളായി മാത്രം കാണരുത്, അമേരിക്കന്‍ രാഷ്ട്രീയം കൂടുതല്‍ ആഴമേറിയതും സങ്കീര്‍ണ്ണവുമായ ഒരു പാതയിലേക്കു മാറുന്നതിന്റെ സൂചനയുമാണ്. മതവും രാഷ്ട്രീയവും ഇഴചേര്‍ന്നു കിടക്കുന്നൊരു രാഷ്ട്രം, അതിന്റെ മതപരമായ ഭൂപ്രകൃതിയിലേക്ക് നടത്തുന്ന നാടകീയമായ മാറ്റത്തിന്റെ സൂചന.

ഇത്തവണത്തെ പ്രചാരണ കാലത്ത് നടന്ന ട്രംപനു നേരെയുണ്ടായ വധശ്രമത്തിന് മുമ്പു തന്നെ, ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍-പ്രത്യേകിച്ച് സുവിശേഷകര്‍-അദ്ദേഹത്തിന് ദൈവികമായി തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന വിശേഷണം നല്‍കിയിരുന്നു. വീണ്ടെടുത്ത രാഷ്ട്രീയ ഉയര്‍ച്ചയും, ഗര്‍ഭച്ഛിദ്രം, മതസ്വാതന്ത്ര്യം, ഇസ്രായേല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പരമ്പരാഗത നിലപാടുകളും ട്രംപിനെ വിശുദ്ധന്മാരുമായി താരതമ്യപ്പെടുത്തുന്നതിന് കാരണമായി, ചിലര്‍ അദ്ദേഹത്തെ ആധുനിക ”രക്ഷകന്‍” എന്നുവരെ വാഴ്ത്തി. എന്നാല്‍ ചോദ്യമിതാണ്, ഈ വിശ്വാസത്തെ നയിക്കുന്നത് എന്താണ്, ഇന്ന് അമേരിക്കയിലെ ക്രിസ്തുമതത്തിന്റെ അവസ്ഥയെന്താണ്?

Trump

ട്രംപിന്റെ സുവിശേഷം: രാഷ്ട്രീയ മിശിഹയോ?
ട്രംപ് ഒരു രക്ഷകനോ ദൈവിക ഉപകരണമോ ആണെന്ന ആശയം പുതിയതല്ല, അദ്ദേഹത്തിന്റെ അനുയായി വൃന്ദത്തില്‍ മാത്രം ഒതുങ്ങുന്ന പരിവേഷവുമല്ലത്. ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ട് നിരവധി സുവിശേഷ നേതാക്കള്‍ ട്രംപിനെ സ്വീകരിച്ചിട്ടുണ്ട്. ഇതിഹാസ സുവിശേഷ പ്രാസംഗികനായ ബില്ലി ഗ്രഹാമിന്റെ മകന്‍ റെവറന്റ് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം ഈ വിവരണത്തിന്റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളാണ്. 2024 ല്‍ നടന്ന കൊലപാതക ശ്രമത്തില്‍ നിന്ന് ട്രംപ് രക്ഷപ്പെട്ടത്, ദൈവിക ഇടപെടല്‍ കൊണ്ടാണെന്നാണ് പറഞ്ഞത്. വലിയ ലക്ഷ്യങ്ങള്‍ക്കായി ദൈവം ട്രംപിനെ മരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതാണെന്നാണ് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം അവകാശപ്പെടുന്നത്. ‘ചെവിയില്‍ തട്ടിയ വെടിയുണ്ട അദ്ദേഹത്തിന്റെ തലച്ചോറില്‍ നിന്ന് ഒരു മില്ലിമീറ്റര്‍ മാത്രം അകലത്തിലുടെയാണ് കടന്നു പോയത്. അവസാന നിമിഷം അദ്ദേഹം തല തിരിക്കുകയായിരുന്നു, ദൈവമാണ് അദ്ദേഹത്തിന്റെ തല തിരിച്ച് ജീവന്‍ രക്ഷിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു” ഗ്രഹാമിന്റെ വിശദീകരണമിതാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നു ഭയപ്പെടുന്ന ഇവാഞ്ചലിക്കല്‍മാരില്‍ ട്രംപിന്റെ ദൈവിക വിധിയക്ക് മേലുള്ള വിശ്വാസം ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അമേരിക്കയുടെ രാഷ്ട്രീയ ശക്തി മാത്രമല്ല, ക്രിസ്ത്യന്‍ ഐഡന്റിറ്റിയും പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു നേതാവിനെയാണ് പലരും ട്രംപില്‍ കണ്ടെത്തുന്നത്. സുപ്രിം കോടതിയില്‍ ഗര്‍ഭച്ഛിദ്ര വിരുദ്ധ ജസ്റ്റിസുമാരെ നിയമിച്ചത്, ബിസിനസ്സുകള്‍ക്കുള്ള മതപരമായ ഇളവുകള്‍ നിയമവിധേയമാക്കിയത്, ഇസ്രയേലിനുള്ള പരസ്യമായ പിന്തുണ എന്നിവയെല്ലാം ക്രിസ്ത്യന്‍ യാഥാസ്ഥിതികര്‍ക്കിടയില്‍ നിന്ന് ട്രംപിന് വിശ്വസ്തരായ അനുയായികളെ നേടിക്കൊടുത്തിട്ടുണ്ട്. ഫ്രാങ്ക്‌ലിന്‍ ഗ്രഹാമിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം, ഈ ‘അത്ഭുത പ്രവര്‍ത്തികള്‍’ ട്രംപിന്റെ വ്യക്തിജീവിതത്തിലെ അധാര്‍മികതകള്‍ വിസ്മരിക്കാന്‍ പോലും കാരണമാകുന്നു.

ട്രംപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍-അദ്ദേഹത്തിന്റെ വിവാഹേതര ബന്ധങ്ങള്‍, ലൈംഗിക ആരോപണങ്ങള്‍, സാമ്പത്തിക ആരോപണങ്ങള്‍ എന്നിവയൊന്നും വിശ്വാസികളായ ക്രിസ്ത്യാനികളുടെ പിന്തുണ കുറയ്ക്കാന്‍ കാരണമാകുന്നില്ല. ഗ്രഹാം ഇതിന് നല്‍കുന്ന ന്യായം, ”പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്നാണ്. ട്രംപ് അനുകൂലികളുടെ മൊത്തത്തിലുള്ള വികാരം ഇതു തന്നെയാണ്. അവരുടെ മൂല്യങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന വലിയ ആത്മീയ പോരാട്ടത്തിന്റെ വെളിച്ചത്തില്‍ പ്രസിഡന്റിന്റെ വ്യക്തിപരമായ പിഴവുകള്‍ അവരെ സംബന്ധിച്ച് അപ്രസക്തമാണ്.

ക്രിസ്ത്യന്‍ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിച്ചു
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ട്രംപ് ഒരു ശരാശരി മതവിശ്വാസി പോലുമല്ല എന്നൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. എന്നിട്ടും വിശ്വാസികളായ വോട്ടര്‍മാരുടെ അടിയുറച്ച പിന്തുണ അദ്ദേഹത്തിന് എങ്ങനെയാണ് കിട്ടുന്നത്? ക്രിസ്ത്യാനികള്‍ക്കിടയില്‍, പ്രത്യേകിച്ച് വെള്ളക്കാരായ സുവിശേഷകര്‍ക്കിടയില്‍, രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തെ പ്രതിയുള്ള നിരാശയാണ് ട്രംപ് മുതലാക്കുന്നതെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പബ്ലിക് റിലീജിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (പിആര്‍ആര്‍ഐ) സ്ഥാപകനായ റോബര്‍ട്ട് ജോണ്‍സ് പറയുന്നത്, ട്രംപ് രാജ്യത്ത് ഉണ്ടായിരിക്കുന്ന ഒരു സാമൂഹിക മാറ്റം തിരിച്ചറിഞ്ഞുവെന്നാണ്. ആ മാറ്റം എന്നു പറയുന്നത്, അമേരിക്കയിലെ ക്രിസ്ത്യന്‍ മതവിശ്വാസം കുറയുന്നുവെന്നതാണ്. പള്ളികള്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം കുറയുന്നതിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. തന്റെ പ്രചാരണങ്ങളില്‍ ട്രംപ് ഈ പ്രതിസന്ധിയുടെ മറുമരുന്നായി തന്നെ അവതരിപ്പിക്കുകയായിരുന്നു.

ട്രംപ് അവസരം മുതലെടുത്തു. വ്യക്തിപരമായ വിശ്വാസത്തെയല്ല അദ്ദേഹം മുന്നില്‍വച്ചത്. മറിച്ച് രാജ്യത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഘടനയെ പ്രധാനമായും ക്രിസത്യന്‍ വിശ്വാസികള്‍ പ്രതിനിധീകരിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന മുദ്രാവാക്യം വോട്ടര്‍മാര്‍ക്കിടയിലേക്ക് അഴിച്ചുവിടുകയായിരുന്നു. നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഞാന്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് അധികാരം പുനഃസ്ഥാപിക്കും,’ എന്ന ട്രംപിന്റെ വാഗ്ദാനം, അദ്ദേഹം ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് വിചാരിക്കാം.

TRump-

ട്രംപ് സംസാരിച്ചത് സാംസ്‌കാരിക സംരക്ഷണത്തെക്കുറിച്ചല്ല, അമേരിക്കയിലെ ക്രിസ്ത്യന്‍ ജീവിതരീതി നേരിടുന്ന അസ്തിത്വപരമായ ഭീഷണിയെക്കുറിച്ചായിരുന്നു. മതസ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, യാഥാസ്ഥിതിക ജസ്റ്റിസുമാരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട്, ഗര്‍ഭച്ഛിദ്രം, എല്‍ജിബിടിക്യു അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലിബറല്‍ നയങ്ങളെ എതിര്‍ത്തുകൊണ്ട്, പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷകനായി ട്രംപ് സ്വയം സ്ഥാപിച്ചു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ നിലപാട്-പ്രത്യേകിച്ചും പുരോഗമനപരമായ സാമൂഹിക നയങ്ങളോടുള്ള എതിര്‍പ്പ്-ഒരു മതേതര ലോകത്ത് അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനായി കാണുന്ന സുവിശേഷകരുടെ അചഞ്ചലമായ വിശ്വസ്തത ട്രംപിന് നേടിക്കൊടുത്തു.

ഭിന്നിപ്പിക്കുന്ന വ്യക്തിത്വം: ട്രംപും വിശ്വസ്തരും
ട്രംപിന്റെ വാക്ചാതുര്യം അമേരിക്കയിലെ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രധാന വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, അതുപോലെ ഒരു വിഭാഗത്തെ അകറ്റുകയും ചെയ്തിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, പ്രസിഡന്റിന്റെ പെരുമാറ്റവും നയങ്ങളും ഒരു ദൈവിക കല്‍പ്പനയായിട്ടല്ല, മറിച്ച് ക്രിസ്ത്യന്‍ തത്ത്വങ്ങളോടുള്ള അവഹേളനമാണ്. അറ്റ്ലാന്റയിലെ ബൈബിള്‍ വേസ് മിനിസ്ട്രിയിലെ പാസ്റ്ററായ റവറന്റ് മോണ്ടെ നോര്‍വുഡ് ഇത്തരത്തിലുള്ള ഒരു വിമര്‍ശകനാണ്. കുടിയേറ്റക്കാര്‍ മുതല്‍ ന്യൂനപക്ഷങ്ങളും സ്ത്രീകളും വരെയുള്ള വിവിധ ഗ്രൂപ്പുകളെ ‘നിന്ദിക്കുകയും തരംതാഴ്ത്തുകയും’ ചെയ്തതിന് ട്രംപിനെ നോര്‍വുഡ് അപലപിക്കുകയാണ്. നോര്‍വുഡിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും, ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍, അനുകമ്പയ്ക്കും വിനയത്തിനും സാമൂഹിക നീതിക്കും ഊന്നല്‍ നല്‍കുന്ന ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

ട്രംപിനോടുള്ള നോര്‍വുഡിന്റെ എതിര്‍പ്പ്, അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള അഗാധമായ ഉത്കണ്ഠയില്‍ നിന്നുണ്ടാകുന്നതാണ്. അദ്ദേഹം പറയുന്നത്, ‘വെളുത്ത യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ ക്രിസ്ത്യാനിറ്റി വെറും കാപട്യമാണ്’ എന്നാണ്. ഇതേ വീക്ഷണം മറ്റ് ക്രിസ്ത്യന്‍ നേതാക്കള്‍ക്കുമുണ്ട്. പ്രത്യേകിച്ച് കറുത്ത പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളുടെ പിന്മുറക്കാരായവര്‍ക്ക്. ധാര്‍മ്മികവും സാമൂഹികവുമായ കാരണങ്ങളാല്‍ അവര്‍ ട്രംപിനെ സ്ഥിരമായി എതിര്‍ത്തു പോരുന്നവരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് അവരുടെ വിശ്വാസം അവരെ പ്രേരിപ്പിക്കുന്നത്. ട്രംപിന്റെ വാക്കുകളും നയങ്ങളും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് ദോഷകരമാണെന്നാണ് അവര്‍ കരുതുന്നത്.

ട്രംപിന്റെ കാര്യത്തില്‍ ക്രിസ്തുമതത്തിനുള്ളില്‍ തന്നെയുള്ള ഈ വിഭജനം അമേരിക്കന്‍ മതരാഷ്ട്രീയത്തിലെ വിശാലമായ ഒരു പ്രവണതയെയാണ് കാണിക്കുന്നത്. വെള്ളക്കാരായ ഇവാഞ്ചലിക്കലുകള്‍ ട്രംപിനെ വന്‍തോതില്‍ പിന്തുണയ്ക്കുന്നു, അതേസമയം കറുത്ത പ്രൊട്ടസ്റ്റന്റുകാര്‍, ലാറ്റിനോ കത്തോലിക്കര്‍, ജൂതന്മാര്‍ എന്നിവരുള്‍പ്പെടെ മറ്റ് മതവിഭാഗങ്ങള്‍ ഡെമോക്രാറ്റിന് വോട്ടു ചെയ്യാന്‍ താത്പര്യപ്പെടുന്നു.

പിആര്‍ആര്‍ഐയുടെ സര്‍വ്വേ പ്രകാരം വെള്ളക്കാരായ ഇവാഞ്ചലിക്കല്‍മാരാണ് ട്രംപിന്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക്. ഇവരില്‍ 72% പേര്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചു, അതേസമയം കറുത്ത പ്രൊട്ടസ്റ്റന്റുകാര്‍ കമലയോടൊപ്പമായിരുന്നു.

ട്രംപും അമേരിക്കയിലെ വിശ്വാസത്തിന്റെ ഭാവിയും
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ ശക്തമായ പിന്തുണ ഉണ്ടെങ്കിലും, അമേരിക്കയുടെ മതവിശ്വാസത്തില്‍ വലിയതോതില്‍ ഉണ്ടാകുന്ന താത്പര്യമില്ലായ്മയ്ക്ക് തടയിടാന്‍ ട്രംപിന് കഴിയില്ല. ക്രിസ്ത്യന്‍ വ്യക്തിത്വം പേറുന്ന അമേരിക്കക്കാരുടെ എണ്ണം പതിറ്റാണ്ടുകളായി ക്രമാനുഗതമായി കുറഞ്ഞുവരികയാണ്, പ്രത്യേകിച്ച് യുവതലമുറകള്‍ക്കിടയില്‍.

നേരെമറിച്ച്, മതപരമായി ബന്ധമില്ലാത്തവരുടെ- നിരീശ്വരവാദി, അജ്ഞേയവാദി, അല്ലെങ്കില്‍ ‘പ്രത്യേകിച്ച് ഒന്നുമില്ല’ എന്ന് പറയുന്നവരുടെ എണ്ണം അതിവേഗം വളരുകയാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, ക്രിസ്ത്യാന്‍ വ്യക്തിത്വം അഭിമാനമായി കണ്ടിരുന്നവര്‍ 1990-കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ ഏകദേശം 90% ആയിരുന്നു. ഇന്നത് 64% ആയി കുറഞ്ഞു. മതപരമായ വിശ്വാസത്തില്‍ വന്നിരിക്കുന്ന ഇടിവ്, അമേരിക്കയുടെ ക്രിസ്ത്യന്‍ സ്വഭാവം തിരിച്ചു കൊണ്ടുവരാനുള്ള ട്രംപിന്റെ കാഴ്ചപ്പാടിന് മാത്രമല്ല, വിശാലമായ രാഷ്ട്രീയ ഭൂപ്രകൃതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു. യുഎസില്‍ വര്‍ദ്ധിച്ചുവരുന്ന മതേതരവല്‍ക്കരണം ഇനി വരുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ട്രംപിന്റെ അതേ അളവില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ കിട്ടുന്നതിന് ബുദ്ധിമുട്ടാക്കിയേക്കാം. അതേ സമയം, മതപരമായി ബന്ധമില്ലാത്ത വോട്ടര്‍മാര്‍ കൂടുകയുമാണ്. അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നില്‍ ഒരു പ്രധാന വെല്ലുവിളിയായി നില്‍ക്കാനും സാധ്യതയുണ്ട്.

there is no god

എന്നിരുന്നാലും, ട്രംപിനെ സംബന്ധിച്ചിടത്തോളം, മതവിശ്വാസത്തില്‍ ഉണ്ടാകുന്ന ഇടിവ് ഒരു സവിശേഷ അവസരമാണ്. പള്ളിയില്‍ പോകുന്നവരുടെയും മതപരമായ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നവരുടെയും എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ്, അമേരിക്കന്‍ സമൂഹത്തിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് അനേകം ക്രിസ്ത്യാനികളെ പേടിപ്പെടുത്തുകയും തങ്ങളുടെ വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നുമുണ്ട്. ഈ ഉത്കണ്ട മുതലെടുത്താണ്, വിശ്വാസികള്‍ക്ക് മുന്നില്‍ അവരുടെ മൂല്യങ്ങളുടെ സംരക്ഷകനായി ട്രംപ് അവതരിച്ചത്. ഈ റോളില്‍ അദ്ദേഹം വിജയിക്കുമോ ഇല്ലയോ എന്നത് സാമൂഹിക മാറ്റത്തിനും സാംസ്‌കാരിക മാനദണ്ഡങ്ങള്‍ക്കുമെതിരെ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ വിശ്വസ്തത നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും.

ഡൊണാള്‍ഡ് ട്രംപ് ഒരു രക്ഷകനാണോ അതോ അമേരിക്കയുടെ അപ്രത്യക്ഷമായ ദര്‍ശനത്തിന്റെ അവസാന പ്രവാചകനാണോ? അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരില്‍ പലര്‍ക്കും, രാജ്യത്തിന്റെ ‘ക്രിസ്ത്യന്‍’ വേരുകള്‍ പുനഃസ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത ഒരു ദൈവിക നിയോഗമായാണ് ട്രംപ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു പഠിപ്പിച്ച ധാര്‍മ്മികതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയം പിന്തുരുന്നൊരാള്‍ മാത്രമാണ് അദ്ദേഹം.

ചുരുക്കത്തില്‍, അമേരിക്കന്‍ ക്രിസ്തുമതത്തില്‍ ട്രംപിന്റെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. അദ്ദേഹത്തെ ഒരു മിശിഹയായോ അല്ലെങ്കില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ ശക്തിയുടെ പ്രതീകമായി കണ്ടാലും, രാഷ്ട്രീയ വേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അമേരിക്കയിലെ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ചിലര്‍ക്ക്, ട്രംപ് അവരുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണ്; മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പും. അമേരിക്കയിലെ വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ചും അതില്‍ ട്രംപിന്റെ പങ്കിനെക്കുറിച്ചും മുന്നിലുള്ളത് അനിശ്ചിതത്വമാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ്: രാഷ്ട്രീയവും മതവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തീവ്രവും സംഘര്‍ഷഭരിതവുമായിരിക്കും.  Donald Trump savior or false prophet

Content Summary; Donald Trump savior or false prophet

Leave a Reply

Your email address will not be published. Required fields are marked *

×