യുദ്ധം മുറുകുന്നു; ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

കരസേനാ നീക്കം നടത്തുമെന്നും മുന്നറയിപ്പുണ്ട്

Donald Trump Iran threat

ഇറാനെതിരെയുള്ള നിലപാട് വീണ്ടും കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നാണ് പുതിയ ഭീഷണി. കരസേനാ നീക്കം നടത്തുമെന്നും മുന്നറയിപ്പുണ്ട്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതുവരെ യുഎസ് സൈന്യം ശക്തമായ ആക്രമണം തുടരുമെന്നാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. അതേസമയം, സാധാരണ ജനതയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ വളരെ സൂക്ഷ്മതയോടെയാണ് സൈനിക നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് തടയാനാണ് താന്‍ യുദ്ധത്തിന് തീരുമാനിച്ചതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ ആണവായുധ നിര്‍മ്മാണ വാര്‍ത്തകളെ ഇറാന്‍ നിഷേധിച്ച കാര്യം മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ഇറാന്‍ പറയുന്നത് മുഴുവന്‍ കളവാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ചൊവ്വാഴ്ച തന്റെ പ്രതിനിധികള്‍ ഇറാന്‍ അധികൃതരുമായി സംസാരിച്ചുവെന്നും ഉടന്‍ തന്നെ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാന് വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ട്രംപ് വെളിപ്പെടുത്തി. ഈ ആഴ്ച ഇറാനെതിരെ കടുത്ത ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും അടുത്ത ആഴ്ചയോടെ ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. എന്നാല്‍, യുദ്ധകാലത്ത് ഇത്തരം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇറാനെ ‘ശിലായുഗത്തിലേക്ക്’ ആക്കി കളയുമെന്ന് ട്രംപ് നടത്തിയ വിവാദ പ്രസ്താവനകളെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ ഭീഷണികളും.

ഇറാന്റെ വിവിധ ഭാഗങ്ങളില്‍ യുഎസ് വ്യോമാക്രമണം ശക്തമായി തുടരുകയാണ്. തെക്കുകിഴക്കന്‍ ഇറാന്റെ പ്രവിശ്യയായ സിസ്താന്‍-ബലൂചിസ്താനിലെ ബംപൂര്‍ നഗരത്തിലുള്ള സൈനിക ബാരക്കുകള്‍ക്ക് നേരെ യുഎസ് ശക്തമായ ആക്രമണം നടത്തി. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബംപൂരിലെ ഇറാന്‍ ആര്‍മിയുടെ 88-ാം ബ്രിഗേഡിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ‘ഹാല്‍വ്ഷ്-ബലൂചിസ്താന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍’ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള പ്രധാന നഗരമായ ഇറാന്‍ഷഹറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ നയതന്ത്ര നീക്കങ്ങളും അമേരിക്ക സജീവമാക്കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദിയുമായി പെന്റഗണില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ അനുകൂല ഗ്രൂപ്പുകളെ നിരായുധരാക്കാനും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും ഇറാഖ് തയ്യാറാകണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹെഗ്സെത് ആവശ്യപ്പെട്ടു. ഈ വസന്തകാലത്ത് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന അറുന്നൂറിലധികം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സായുധ സംഘങ്ങളാണെന്ന് യുഎസ് ആരോപിക്കുന്നു. ഇറാഖിനെ തങ്ങളുടെ ശക്തമായ ഒരു പങ്കാളിയായാണ് യുഎസ് കാണുന്നതെന്നും പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധത്തിന്റെ അലയൊലികള്‍ പടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വച്ച് സംശയസ്പദമായ ശത്രുലക്ഷ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കുവൈറ്റ് സൈന്യം അറിയിച്ചു. ബഹ്റൈനിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ബഹ്റൈനിലെ യുഎസ് ആയുധശാലകള്‍ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഇതിനിടെ, യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

അതിനിടെ, പടിഞ്ഞാറന്‍ ഇറാനിലെ മുസിയാന്‍ ഗ്രാമത്തിന് സമീപമുള്ള കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റിന് നേരെ മൂന്ന് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്ലാന്റില്‍ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഫാക്ടറിയിലെ യന്ത്രസാമഗ്രികള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സമുദ്രമേഖലയിലും ആക്രമണങ്ങള്‍ രൂക്ഷമാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഇറാന്‍ ഏഴ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായും ഇതില്‍ നിരവധി സാധാരണക്കാരായ ജീവനക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കി. നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇറാന്റെ പ്രകോപനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Summary; Donald Trump threatens to destroy Iran’s civilian infrastructure and refuses to rule out a ground invasion as US airstrikes hit military barracks in Bampur

This post was last modified on July 15, 2026 10:10 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment