July 15, 2026 |
Share on

യുഎസ് സൈനികരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഇറാന്‍ ഹാക്കര്‍മാര്‍

യുഎസ് സൈനികരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി അവരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താന്‍ ഇറാന്‍ മുതിര്‍ന്നേക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു

മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കന്‍ സൈനികരുടെയും ഒപ്പമുള്ളവരുടെയും ഫോണ്‍ വിവരങ്ങളും, അവരുടെ ലൊക്കേഷനും ഇറാന്‍ ചോര്‍ത്തിയതായി പുതിയ വെളിപ്പെടുത്തല്‍. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകളിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്താണ് ഇറാന്റെ ഹാക്കര്‍മാര്‍ ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ‘മൊബൈല്‍ സര്‍വൈലന്‍സ് മോണിറ്റര്‍’ എന്ന ഗവേഷണ കൂട്ടായ്മയാണ് മിഡില്‍ ഈസ്റ്റിലെ വിവിധ നെറ്റ്വര്‍ക്കുകളില്‍ സംശയസ്പദമായ സിഗ്‌നലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സിഗ്‌നലുകള്‍ സജീവമായത്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും വളരെ ആസൂത്രിതമായി നടത്തിയ ഒരു സൈബര്‍ ആക്രമണ പരമ്പരയുടെ ഭാഗമാണെന്നും ഈ ഗവേഷണ കൂട്ടായ്മയുടെ സ്ഥാപകനും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഗാരി മില്ലര്‍ വ്യക്തമാക്കിയതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളിലേക്ക് വലിയ തോതിലാണ് ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സിഗ്‌നലുകള്‍ പ്രവഹിച്ചത്. ലക്ഷക്കണക്കിന് യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് നിലവില്‍ ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ ആദ്യം പുറത്തുവിട്ട ഈ വിവരങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര സൈബര്‍ വിദഗ്ധരും ഇറാന്‍ മൊബൈല്‍ സിഗ്‌നലുകള്‍ വഴി യുഎസ് സൈനികരെ നിരീക്ഷിക്കുന്നുണ്ടെന്ന നിഗമനത്തെ ശരിവെക്കുന്നു. യുഎസ് സൈനികര്‍ പ്രാദേശിക നെറ്റ്വര്‍ക്കുകളിലേക്ക് തങ്ങളുടെ ഫോണുകള്‍ ബന്ധിപ്പിക്കുമ്പോഴാണ് ഹാക്കര്‍മാര്‍ കെണിയൊരുക്കുന്നത്. 1970-കളില്‍ വികസിപ്പിച്ചെടുത്തതും സുരക്ഷാ സംവിധാനങ്ങള്‍ വളരെ കുറവുള്ളതുമായ ‘SS7 പ്രോട്ടോക്കോള്‍’ എന്ന സാങ്കേതികവിദ്യയിലെ പിഴവുകള്‍ വഴിയാണ് ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്താനായി സിഗ്‌നലുകള്‍ അയച്ചത്. ഇറാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുക്കളെ നിരീക്ഷിക്കാന്‍ ഈ കാലപ്പഴക്കം ചെന്ന വിദ്യ കാലങ്ങളായി ഉപയോഗിക്കാറുണ്ട്.

ഇറാന്റെ ഈ പുതിയ സൈബര്‍ നീക്കം അവരുടെ സൈബര്‍ യുദ്ധമുറകളുടെ ശേഷി എത്രത്തോളം അപകടകരമായി വളര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇറാന്റെ മിസൈല്‍ പരിധിയില്‍ തുടരുന്ന യുഎസ് സൈനികര്‍ക്ക് ഇത്തരം ലൊക്കേഷന്‍ ചോര്‍ച്ചകള്‍ വലിയ അപകടം വരുത്തിവെക്കുമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സൈബര്‍ സുരക്ഷാ വിദഗ്ധ നികിത ഷാ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് ഈ യുദ്ധകാലത്തും ഇറാന്‍ സൈബര്‍ യുദ്ധത്തില്‍ കൂടുതല്‍ നൈപുണ്യവും കൃത്യതയും കൈവരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സ്വീഡിഷ് സൈബര്‍ സുരക്ഷാ കമ്പനിയായ ‘എനിയ’ നടത്തിയ പഠനത്തിലും മിഡില്‍ ഈസ്റ്റിലെ ഒരു നിരീക്ഷണ ഏജന്‍സി സമാനമായ രീതിയില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു.

യുഎസ് സൈനികരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി അവരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താന്‍ ഇറാന്‍ മുതിര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടവും ജനപ്രതിനിധികളും നേരത്തെ തന്നെ നല്‍കിയിരുന്നു. ഒറിഗോണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ റോണ്‍ വൈഡനും നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി പാറ്റ് ഹാരിഗനും ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട ഒരു കത്ത് കഴിഞ്ഞ മെയ് മാസത്തില്‍ പെന്റഗണിന് അയച്ചിരുന്നു. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് മതിയായ സൈബര്‍ സുരക്ഷ നല്‍കാന്‍ പ്രതിരോധ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് കത്തില്‍ ഇവര്‍ കുറ്റപ്പെടുത്തി. വാണിജ്യപരമായി ലഭ്യമാകുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ശത്രുക്കള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതായി ഏപ്രിലില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യവും കത്തില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പുതിയ ലൊക്കേഷന്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പ്രതികരിച്ചത്.

റഷ്യയുടെയോ ചൈനയുടെയോ അത്ര അത്യാധുനികമല്ലെങ്കിലും ഇറാന്റെ സൈബര്‍ ഹാക്കര്‍മാര്‍ യുഎസിന് എപ്പോഴും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ഇമെയിലുകളും ഫോട്ടോകളും ചോര്‍ത്തി പുറത്തുവിട്ടത് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള ഹാക്കര്‍മാരായിരുന്നു. ഇതേതുടര്‍ന്ന് ഏപ്രിലില്‍ യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സി (സി ഐ എസ് എ) ഇറാന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കനത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ജല-ഊര്‍ജ്ജ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ ഈ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇറാനില്‍ നടന്ന വന്‍ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഇറാന്റെ സുരക്ഷാ സേന സമാനമായ രീതിയിലാണ് പ്രതിഷേധക്കാരുടെ ഫോണുകള്‍ നിരീക്ഷിച്ചതും അവര്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചതും.

Content Summary; Iranian cyber hacker tracked phones of U.S. personnel in the Middle East. Iran Cyber hackers, Middle East War

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×